India

ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം. പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

കേരള സ്വദേശിയായ ഡോക്ടര്‍ കെവി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അഥോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം. രക്തസമ്മര്‍ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലൂക്കോമ, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ വിറ്റഴിച്ചിരുന്നത്. ഈ മരുന്നുകള്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും നിര്‍മാണ വിവരങ്ങള്‍ അഥോറിറ്റി അംഗീകരിച്ചാല്‍ തുടര്‍ന്നും ഇവയുടെ ഉത്പാദനം നടത്താമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യ ഫാര്‍മസി പുറത്തിറക്കുന്ന മരുന്നുകള്‍ നിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും. ഇതു പരിശോധിക്കണമെന്നും ഡോക്ടര്‍ കെവി ബാബു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അദേഹം നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് പതഞ്ജലിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

കൊല്ലത്ത് ആഴക്കടലിലെ ‘നിധി’ ശേഖരം കണ്ടെത്താന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊല്ലത്ത് കടലിലെ ഇന്ധന സാന്നിദ്ധ്യം കണ്ടെത്താന്‍ ആഴക്കടലില്‍ അയ്യായിരം മീറ്റര്‍ ആഴത്തില്‍ കിണറുകള്‍ നിര്‍മ്മിച്ചാണ് പര്യവേക്ഷണം.

ഈ കിണറുകളുടെ രൂപരേഖ സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി തുടങ്ങി. കിണറുകളില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കടത്തിവിട്ടാണ് ഇന്ധന സാദ്ധ്യത പരിശോധിക്കുക. രൂപരേഖ തയ്യാറായിത്തുടങ്ങിയെങ്കിലും പര്യവേക്ഷണം ആരംഭിക്കുന്നത് ഒരു വര്‍ഷം വരെ നീളാനും സാദ്ധ്യതയുണ്ട്.

ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ആറ് മാസത്തിനകം ഖനനം ആരംഭിക്കും. കന്യാകുമാരി മുതല്‍ എറുണാകുളം വരെയുള്ള തീരഭാഗത്ത് ഇന്ധനസാദ്ധ്യതയുള്ള 17 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിനാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഡയറക്ടര്‍ ജനറല്‍ ഒഫ് കാര്‍ബണില്‍ നിന്ന് കരാറെടുത്തിരിക്കുന്നത്.

പര്യവേക്ഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഒഫ് ഹൈഡ്രോ കാര്‍ബണില്‍ നിന്ന് കരാറെടുത്ത ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെയും ഇവരുടെ ഉപകരാറുകാരുടെയും പ്രതിനിധി സംഘം ഏതാനും ദിവസം മുന്‍പ് കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു.

ആഴക്കടലില്‍ ഇരുമ്പ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്‌ഫോം സ്ഥാപിച്ചാകും കിണര്‍ നിര്‍മ്മാണം നടക്കുക. അത്യാധുനിക സംവിധാനങ്ങളുള്ള വലിയ കപ്പല്‍ ഈ ഭാഗത്ത് നങ്കൂരമിട്ടായിരിക്കും നിരീക്ഷണവും മേല്‍നോട്ടവും. ഈ കപ്പലില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും അകറ്റിനിര്‍ത്താനും കപ്പലിന് ഇന്ധനവും ജീവനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും ചുറ്റും ടഗുകള്‍ ഉണ്ടാകും.

പര്യവേക്ഷണ സമയത്ത് ടഗുകള്‍ വഴി കപ്പലില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കൂറ്റന്‍ പൈപ്പ് ലൈനുകള്‍ സംഭരിക്കുന്നതും കൊല്ലം പോര്‍ട്ടിലായിരിക്കും. വലിയ തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തുന്നത്.

അതേസമയം, കൊച്ചി പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം എസ്.ഡബ്ല്യു കുക്ക് എന്ന വിദേശ പര്യവേക്ഷണ കപ്പല്‍ എത്തിയിരുന്നു. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിനാണ് ഈ കപ്പലെത്തിയതെന്നാണ് സൂചന.

മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്.

ആക്രമണത്തിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ചികില്‍സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.

അതേസമയം കൊടുമണ്ണില്‍ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയില്‍ ജോസ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് മദ്യപിച്ചെത്തിയ ജോസ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.

ഇയാളെ തടയുന്നതിനിടയില്‍ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു. ഓമന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോസ് മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണെന്നാണ് സമീപവാസികള്‍ പോലീസിന് നല്‍കിയ മൊഴി.

മരിച്ചുപോയ തന്റെ പിതാവിനെ പുനർജനിപ്പിക്കുന്നതിനായി നരബലിക്ക് ശ്രമിച്ച യുവതി പിടിയിൽ. സൗത്ത് ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുവന്നാണ് ബലി കൊടുക്കാൻ ഒരുക്കങ്ങൾ നടത്തിയത്. പോലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചത്.

25കാരിയായ ശ്വേതയാണ് അറസ്റ്റിലായത്. മരിച്ചുപോയ സ്വന്തം അച്ഛനെ നരബലിയിലൂടെ തിരികെ കൊണ്ടുവരാനാകുമെന്ന് യുവതി അന്ധമായി വിശ്വസിച്ചിരുന്നു. തുടർന്ന് ആഭിചാര കൊല നടത്താൻ വേണ്ടി ഒരു ദിവസം മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോരുകയായിരുന്നു. ശേഷം, പോലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് യുവതിയെ കുടുക്കിയത്.

ആശുപത്രിയിൽ വെച്ച് സന്നദ്ധ സംഘടന പ്രവർത്തകയാണെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിന്റെ കുടുംബവുമായി അടുത്തത്. തുടർന്ന് കുഞ്ഞിനെ പരിശോധിക്കണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ യുവതിയോടൊപ്പം പോയി. അതേ ദിവസമാണ് കുഞ്ഞിനെ കാണാതായത്. പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

പ്രണയ വലയിൽ ആദ്യ കാമുകനെ താൻ കുടുങ്ങിയത് പത്താം ക്ളാസിൽ പഠിക്കുമ്പോഴാണെന്ന് വെളിപ്പെടുത്തി ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ. ഡി വൈ എസ് പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിലാണ് ഗ്രീഷ്മയുടെ നിർണായക വെളിപ്പെടുത്തൽ. എപ്പോഴും ഒരു കാമുകൻ വേണമെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉൾപ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നല്കി. ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെയും പ്രണയിക്കാൻ താൻ തന്നെയാണ് മുൻ കൈ എടുത്തത്.

ഗ്രീഷ്മ വർഷങ്ങളോളം പ്രണയിക്കുകയും പിന്നീട് ഗ്രീഷ്മയുടെ ചില മോശം കാര്യങ്ങൾ മനസ്സിലായതിനെ തുടർന്ന് പ്രണയത്തിൽ നിന്ന് കാമുകൻ പിന്മാറുകയും ചെയ്തു. ഗ്രീഷ്മ ഗർഭിണി ആണെന്ന് പറഞ്ഞു കാമുകനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി 10 ലക്ഷം കൈക്കലാക്കിയതായി നാട്ടുകാർ പറഞ്ഞിരുന്നു .

ഇതിൽ ഷാരോണിന് മുൻപ് പ്രണിയച്ചിരുന്ന ഒരാളോടൊപ്പം ബൈക്കിൽ പോയപ്പോഴാണ് ആക്സിഡന്റ് ഉണ്ടായതും മുൻ പല്ലിന് ക്ഷതമുണ്ടായതെന്നും ഗ്രീഷ്മ പറഞ്ഞു. കാമുകന്മാരിൽ നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു. ഇയാളുടെ പേര് വിവരങ്ങൾ ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും ഷാരോൺ ഒഴികെ മറ്റു രണ്ടു പേരുടെ വിശാദാംശങ്ങൾ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾക്ക് ഇടവച്ചിട്ടുണ്ട്. ഇവരെല്ലാം ജീവിച്ചിരിക്കുന്നുവെന്ന് അന്വേഷണത്തിലൂടെ പോലീസ് ഉറപ്പിക്കും. ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്തി ഇവരിൽ നിന്ന് പോലീസ് മൊഴി എടുക്കും. ഇതിൽ നാട്ടുകാരനായ കാമുകനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. ഗ്രീഷ്മയുടെ അറസ്റ്റ് ഉൾക്കൊണ്ടാകുന്ന മാനസികാവസ്ഥയിലല്ല ഇയാളെന്നാണ് സൂചനകൾ.

ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിലിലെ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷമാകും കാമുകന്മാരുടെ കാര്യത്തിൽ വ്യക്തത വരുത്തുക. ഇതിനായി നാട്ടിലെ കാമുകനെ റൂറൽ എസ് പി ഓഫീസിൽ വിളിച്ചു വരുത്തും. ഗ്രീഷ്മയ്ക്ക് വെറും നാലു കാമുകന്മാരാണ് ഉണ്ടായിരുന്നത് എന്ന കാര്യം അന്വേഷണ സംഘം മുഖ വിലക്ക് എടുത്തിട്ടില്ല. പ്രതിയുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോൾ ഗ്രീഷ്മയുമായി പ്രണയത്തിലായവർ ഇനിയും ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നു.

പത്ത് തവണയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഗ്രീഷ്മ പോലീസിന് മൊഴി നല്കിരിക്കുന്നത്. ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്‌ഐ മെഡിക്കൽ കോളജിലേക്ക് ഗ്രീഷ്മയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഇവിടെവച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു. കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്. അമ്പത് ഗുളികകൾ തലേന്ന് കുതിർത്ത് ഗ്രീഷ്മ കയ്യിൽ കരുതി. തുടർന്ന് കോളേജിനുള്ളിൽ വച്ച് ഷാരോണുമായി ജ്യൂസ് ചലഞ്ച് നാടകം നടത്തുകയായിരുന്നു.

ജ്യൂസ് കുടിച്ച ഷാരോൺ ഇത് തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ മൊഴി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷം ഷാരോൺ പഠിച്ച കോളേജിലും ഇവർ ഒരുമിച്ച് താമസിച്ച ഹോട്ടലിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

വെട്ടുകാട് പള്ളിയിലും, വേളി ബോട്ട് ക്ലബിലും തെളിവെടുപ്പ് നടക്കുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ശ്രീനിലയത്തെ വീട്ടിൽ ആദ്യ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സദാസമയവും തലകുനിച്ച് അതീവ ദുഖിതയായി നിൽക്കുന്ന കാഴ്ചയായിരുന്നെങ്കിൽ ഇവിടെ എത്തിച്ചപ്പോൾ ചിരിച്ച് കളിച്ച് ആത്മവിശ്വാസം നേടിയെടുത്ത് പ്രതികരിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു.

ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് അല്ലേ എന്ന് വെട്ടുകാട് പള്ളിക്കുള്ളിൽ നിന്ന് ഡിവൈഎസ്പി ചോദിച്ചപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി’എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മയുടെ മറുപടി. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ ലാഘവത്തോടെയായിരുന്നു മറുപടി. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടുപോയി. തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു തെളിവെടുപ്പ്. വെട്ടുകാട് പള്ളിയിൽ വച്ചാണ് തന്റെ നെറ്റിയിൽ ഷാരോൺ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങൾ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലും പൊലീസിന് കാണിച്ചുകൊടുത്തു.

വേളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് ഗ്രീഷ്മ വളരെ നിസാരമായി പറഞ്ഞു നിർത്തി. ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുന്നു.രണ്ട് ഇടങ്ങളിലുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ സഹകരിക്കുന്ന കാഴ്ചയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗ്രീഷ്മ ശരിവച്ചുകൊണ്ടാണ് തെളിവെടുപ്പിൽ ഗ്രീഷ്മ പ്രതികരിച്ചത്. പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ റിമാന്റ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ചു റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

 

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സ്വാമി സന്ദീപാനനന്ദ ഗിരി. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു വിമര്‍ശനം. ഉള്ളി കെട്ടപോലെ സുരേന്ദ്രന്റെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു.

ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കെണ്ടുപോകുന്ന പൊലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി രംഗത്തുവന്നത്.

ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്. ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം പരാമര്‍ശിച്ച് കൊണ്ട് സന്ദീപാനന്ദ ഗിരി ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്! സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചത്?ആരൊക്കെ ചേര്‍ന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?

സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും. atleast മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് അവശയായി കഴിയുന്നു എന്നൊരോര്‍മയങ്കിലും

സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ഒരു യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുന്നു. മോഷണമാണെന്ന് കരുതി നാട്ടുകാരും യുവതിയുടെ പിറകെ പാഞ്ഞു. കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷന്‍-അഴൂര്‍ റോഡിനെ പൂര്‍ണമായും സ്തംഭിപ്പിച്ചു.

ഇതിനിടയിലാണ് നഗരത്തില്‍ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് എത്തി. പോലീസും പാഞ്ഞു യുവതിക്ക് പിന്നാലെ. ഒടുവില്‍ തടഞ്ഞുനിര്‍ത്തി. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോള്‍ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. നാട്ടുകാരുംകൂടി ഇടപെട്ടുതുടങ്ങിയപ്പോള്‍ പോലീസ് അവരെ പിരിച്ചുവിടാന്‍ ശ്രമിച്ചു.

പോലീസ് വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ യുവതി കാര്യം തുറന്നുപറഞ്ഞു. ഭര്‍ത്താവുമായി ബൈക്കില്‍ പത്തനംതിട്ടയില്‍ എത്തിയതാണ്. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭര്‍ത്താവ് വണ്ടിയുമായിപ്പോവുകയായിരുന്നു. സത്യത്തില്‍ ഭര്‍ത്താവിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്.

പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു.

ജയിലില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും പ്രതികള്‍ കൂട്ടിച്ചര്‍ത്തു. ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ തുടരുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്നും ഇരുവരും പറഞ്ഞു.

നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി തളളിയിരുന്നു. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചത്.

തെളിവുകള്‍ നശിപ്പിച്ചതിനാണ് സിന്ധുവിനേയും, നിര്‍മ്മല്‍ കുമാരനേയും പോലീസ് പ്രതി ചേര്‍ത്തത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനിയില്‍ പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. 92% മാര്‍ക്കോടെ പ്ലസ്ടു പാസായിട്ടും പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ തുടര്‍പഠനമാണ് കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയില്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്.

‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ പഠനച്ചെലവ് ഏറ്റെടുത്തത്. തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായനമഭ്യര്‍ഥിച്ചുകൊണ്ട് തന്റെ മാതാവിനും സഹോദരനുമൊപ്പം കളക്ടറെ കണാനെത്തിയിരുന്നു. കുട്ടിയുടെ പിതാവ് കഴിഞ്ഞവര്‍ഷം കൊവിഡ് ബാധിച്ചാണ് മരിച്ചത്.

നഴ്‌സാകണം എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹ. എന്നാല്‍ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റില്‍ തുടര്‍പഠനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. കറ്റാനം സെന്റ് തോമസ് നഴ്‌സിങ് കോളജില്‍ സീറ്റ് ലഭിച്ചെങ്കിലും പഠനത്തിനായി പണമില്ലായിരുന്നു.

തുടര്‍ന്ന് സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് കളക്ടറുടെ ഇടപെടല്‍. നടന്‍ അല്ലു അര്‍ജുനെ വിളിച്ച് കളക്ടര്‍ പഠനച്ചെലവ് ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും അല്ലു അര്‍ജുന്‍ ഏറ്റെടുക്കുകയായിരുന്നു.

പഠനം മുടങ്ങില്ലെന്ന സന്തോഷത്തിലാണ് വിദ്യാര്‍ത്ഥിനിയും കുടുംബവും ഇപ്പോള്‍. കളക്ടര്‍ നേരിട്ട് എത്തി കഴിഞ്ഞ ദിവസമാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്.

ദന്തഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബദിയടുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. ക്ലിനിക്കിലെത്തിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഇതിന് ബദിയടുക്ക പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബൈക്കുമെടുത്ത് ക്ലിനിക്കില്‍ നിന്നും പോകുകയായിരുന്നു.

പിന്നീട് ബൈക്ക് നഗരത്തില്‍ നിന്നും കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപമര്യാദയായി പെരുമാറി എന്നാരോപിച്ച് പരാതി നല്കിയ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഡോക്ടറെ ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

Copyright © . All rights reserved