നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്ന സ്ഥാനം സ്വന്തമാക്കി പ്രവാസി മലയാളി. 19-ാം വയസില്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡയില്‍ നിന്ന് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ റേറ്റിംഗ് ലൈസന്‍സ് കരസ്ഥമാക്കിയാണ് കാനഡ കാല്‍ഗറിയില്‍ നിന്നുമുള്ള മലയാളി ഗോഡ്‌ലി മേബിള്‍ തന്റെ സ്വപ്‌നത്തിലേക്ക് കുതിച്ചുര്‍ന്നത്.
2022 മാര്‍ച്ചില്‍ കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിത, ഇന്ത്യന്‍ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്നീ റെക്കോര്‍ഡുകള്‍ മേബിളിന് സ്വന്തമാണ്.
എയര്‍ ലൈന്‍ ക്യാപ്റ്റന്‍ ആകാനുള്ള തന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നേട്ടത്തോടുകൂടി മേബിള്‍ പിന്നിട്ടിരിക്കുന്നത്. എന്നാല്‍ എയര്‍ലൈന്‍ പൈലറ്റ് ആകണമെങ്കില്‍ 21 വയസ് ആയിരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ നിബന്ധനയുള്ളതിനാല്‍ കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹവുമായി ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കണം.
കാല്‍ഗറി ബിഷപ്പ് മക്‌നാലി ഹൈസ്‌കൂളിന്‍ നിന്ന് ഹൈസ്‌കൂള്‍ ഡിപ്ലോമ കഴിഞ്ഞതിനുശേഷം സ്പ്രിംഗ് ബാങ്ക് എയര്‍ ട്രൈനിംഗ് കോളേജില്‍ നിന്ന് പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, കാല്‍ഗറി ഫ്‌ളയിംഗ് ക്ലബില്‍ നിന്ന് കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സും, മള്‍ട്ടി-എന്‍ജിന്‍ ഐഎഫ്ആര്‍ റേറ്റിംഗ്, കാണാട്ട ഏവിയേഷന്‍ കോളേജില്‍ നിന്ന് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ ലൈസന്‍സും കരസ്ഥമാക്കിയ മേബിള്‍ എയര്‍ ലൈന്‍ പൈലറ്റ് അകാനുള്ള തന്റെ സ്വപ്‌നത്തിന് തൊട്ട് അരികെയാണിപ്പോള്‍.
ലൈസന്‍സ് ലഭിച്ച ഉടന്‍ തന്നെ മേബിളിന് കാല്‍ഗറിയിലും പരിസര നഗരങ്ങളില്‍ നിന്നുമുള്ള നിരവധി ഫ്‌ളയിംഗ് സ്‌കൂളുകളില്‍ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ആകുവാന്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. 2017 ല്‍ കാനഡയിലേക്ക് ചേക്കേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡ്‌ലി മേബിള്‍. സഹോദരന്‍ റയാന്‍ അബി.
ഷെറിൻ പി യോഹന്നാൻ
രാത്രി മാത്രം പുറത്തിറങ്ങുകയും ഇരപിടിക്കുകയും ചെയ്യുന്ന, മൂങ്ങ വിഭാഗത്തിൽ പെട്ട പക്ഷിയാണ് കൂമൻ. ‘കൂമൻ ദി നൈറ്റ് റൈഡർ’ എന്ന പേരിൽ ആസിഫ് അലിയെ നായകനായി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പറയുന്നതും രാത്രിയിൽ ഇര പിടിക്കാനിറങ്ങുന്ന വേട്ടക്കാരുടെ കഥയാണ്. അതിൽ പല സമകാലിക സംഭവങ്ങളുടെയും അനുരണനം പ്രകടമാവുന്നതോടെ കൂമൻ ഇന്നിന്റെ ചിത്രമാകുന്നു. സംവിധായകന്റെ പതിവ് ശൈലിയിൽ കഥ പറയുമ്പോഴും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ കൂമൻ വിജയിക്കുന്നു.
കേരളം – തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തന്റെ ഈഗോയ്ക്ക് മുറിവേറ്റാൽ, കഴിവിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അത് മറക്കാനാവാതെ വൈരാഗ്യം സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് സിപിഒ ആയ ഗിരിശങ്കർ. എന്നാൽ കുറ്റാന്വേഷണത്തിൽ അതീവ തല്പരനും കേസുകൾ അതിവേഗം പരിഹരിക്കാൻ കഴിയുന്ന ആളുമാണ് ഗിരിയെന്ന് ആദ്യ സീനിൽ തന്നെ ജീത്തു പറയുന്നു. സ്റ്റേഷനിൽ പുതിയ സിഐ ചാർജ് എടുക്കുന്നതോടെ ഗിരിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
ആദ്യ പകുതിയിൽ ഗിരിയുടെ കഥ പറയുന്ന ചിത്രം പതുക്കെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് രൂപം മാറുന്നു. ആസിഫ് അലിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. മെമ്മറീസിലെ സാം അലക്സിനെ പോലെ മാനസിക സംഘർഷം നേരിടുന്ന കഥാപാത്രത്തെ പെർഫെക്ട് ആയി സ്ക്രീനിലെത്തിക്കുന്നുണ്ട് ആസിഫ്. നോട്ടത്തിലും ചിരിയിലുമുൾപ്പെടെ പുലർത്തിയ സൂക്ഷ്മത ഗിരിശങ്കർ എന്ന കഥാപാത്രത്തെ പ്രേക്ഷകനോട് കൂടുതൽ അടുപ്പിക്കുന്നു. ജാഫർ ഇടുക്കിയുടെ കള്ളൻ മണിയനും മനസ്സിൽ ഇടം നേടും.
വിഷ്ണു ശ്യാമിന്റെ പശ്ചാത്തലസംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്നു. ചേസിങ് സീനും ക്ലൈമാക്സിലെ സംഘട്ടനവും മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്. സ്ലോ പേസിൽ കഥ പറയുമ്പോഴും കൂമൻ പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ഫൈനൽ ആക്ടിലെ ട്വിസ്റ്റും നന്നായിരുന്നു.
ജീത്തുവിന്റെ പതിവ് കഥാപരിസരങ്ങളായ പൊലീസ് സ്റ്റേഷനും ചായക്കടയുമൊക്കെ ഇവിടെയും വിശാലമായി കാണാം. സിനിമയുടെ തുടക്കത്തിൽ ചില സംഭാഷണങ്ങളിൽ കടന്നുവന്ന നാടകീയത, പ്രേക്ഷകന് ഊഹിച്ചെടുക്കാൻ പറ്റുന്ന സംഭവങ്ങൾ എന്നിവ പോരായ്മകളാണെങ്കിലും അവ മറന്നുകളയാൻ സാധിക്കുന്ന ഔട്ട്പുട് ആണ് അവസാനം ലഭിക്കുക. കെ. കൃഷ്ണകുമാറിന്റെ തിരക്കഥ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അതാണ് കൂമന്റെ വിജയകാരണങ്ങളിൽ ഒന്ന്. കൂമൻ പെർഫെക്ട് അല്ല. എന്നാൽ നിരാശപ്പെടുത്തുന്ന കാഴ്ചാനുഭവവുമല്ല.
Bottom Line – ഗിരിശങ്കറിന്റെ ജീവിതത്തിലൂടെ കഥപറയുന്ന ചിത്രം ട്രാക്ക് മാറ്റുന്നിടത് കൂടുതൽ എൻഗേജിങായ അനുഭവമാകുന്നു. ഇന്നിന്റെ സാമൂഹിക പശ്ചാത്തലം കൂടി കഥയിൽ ഉൾപ്പെടുന്നത് പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നുണ്ട്. മനുഷ്യന്റെ അന്ധമായ വിശ്വാസങ്ങൾക്ക് മുകളിലൂടെ കൂമൻ ചിറകുവിരിച്ച് പറക്കുന്നു.
അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയതായി ആരോപണം. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ആശുപത്രിയിലാക്കിയ രണ്ടാനച്ഛന്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് കടന്നുകളയുകയും ചെയ്തു.
ഒന്നിലേറെ തവണ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. 15 വര്‍ഷം മുമ്പാണ് ആരോപണ വിധേയന്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസമാക്കിയത്. ഇതിനിടയില്‍ പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.
ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍, പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് രണ്ടാനച്ഛന്‍ ചൂഷണംചെയ്ത കാര്യം വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് ഇതിനിടെ മുങ്ങുകയും ചെയ്തു. പാലക്കാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിലായത് ഫോൺ സംഭാഷണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ ചെയ്ത സംഭവത്തിൽ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. മരണ ദിവസം രാവിലെ തൃഷ്ണയും ബിനുകുമാറിന്റെ സുഹൃത്തായ ശ്രീകാന്തും ഫോണിൽ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തൃഷ്ണ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നെന്നു പൊലീസ് പറയുന്നു.
ഓഗസ്റ്റ് 30നാണ് തൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുകുമാറും ശ്രീകാന്തും ബിജെപി പ്രവർത്തകരും സുഹൃത്തുക്കളുമാണ്. തൃഷ്ണയും ശ്രീകാന്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തൃഷ്ണയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു.
തൃഷ്ണയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ശ്രീകാന്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
12 വയസുകാരനെ പിതാവ് അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാവേലിക്കരയിൽ ചെട്ടിക്കുളങ്ങരയ്ക്കു സമീപമുള്ള വീട്ടിൽ നിന്നുള്ളതാണ് നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ. മദ്യപിച്ചെത്തുന്ന പിതാവ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് ക്രൂരത പുറത്ത് കൊണ്ടുവന്നത്.
കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെ തുടർന്ന് രണ്ടു മാസം മുൻപ് സംഭവത്തിൽ കേസെടുത്തതായും, പോലീസ് ഇടപെടലിനു ശേഷം പിന്നീട് പ്രശ്‌നങ്ങളുണ്ടായതായി അറിവില്ല. പുതിയതായി പരാതി ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞതുപ്രകാരം സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
പിതാവിന്റെ സഹോദരന്റെ വാക്കുകൾ;
നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. തടയാൻ പോയാൽ അറയ്ക്കുന്ന ഭാഷയിൽ ചേട്ടൻ തെറിവിളിക്കും. ചൈൽഡ് ലൈൻ അധികൃതരുടെയും മറ്റും ഇടപെടലുണ്ടാകേണ്ട സാഹചര്യമുണ്ട്. പൊലീസും മറ്റു സംവിധാനങ്ങളും ഇതിൽ ഇടപെടണമെന്ന ആവശ്യമാണുള്ളത്. മാസങ്ങൾക്ക് മുൻപ് മാവേലിക്കര സ്റ്റേഷനിൽ ഇതു,സംബന്ധിച്ച് പരാതി നൽകിയിരുന്നു.കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ചേച്ചി (ഏട്ടത്തിയമ്മ)യും ചേട്ടനും വേർപിരിഞ്ഞു.
കുഞ്ഞ് ചേച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി മറ്റൊരാളെ വിവാഹം ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് അച്ഛനെ കാണണമെന്നായി. കഴിഞ്ഞ വർഷമാണ് അവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മാനസിക വെല്ലുവിളി നേടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തുടക്കത്തിൽ പ്രശ്‌നമൊന്നും ഉണ്ടായില്ല. പിന്നീട് സ്ഥിരം മദ്യപിച്ചെത്തി അവനോട് ദേഷ്യപ്പെടുകയും മർദിക്കുകയുമായിരുന്നു. അവനെ പലപ്പോഴും ഉറങ്ങാൻ പോലും സമ്മതിക്കില്ല.
പലപ്പോഴും എന്താണ് തനിക്കെതിരെ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടി അന്ധാളിച്ചു നിൽക്കുന്നത് കാണാം. കുട്ടിയെ മർദിക്കുന്നത് കണ്ട് തടയാൻ പോയാൽ തെറിയഭിഷേകമാണ്. അതിക്രമം അമ്മയുൾപ്പെടെയുള്ളവർക്കു നേരെ തിരിഞ്ഞതോടെ മാവേലിക്കര പൊലീസിനെ സമീപിക്കുകയായിരുന്നു. ശിശുസംരക്ഷണ നിയമം അനുസരിച്ച് ചേട്ടനെതിരെ കേസെടുത്തു. ഇടയ്ക്ക് പൊലീസ് വീട്ടിൽ പരിശോധനയ്ക്കും വന്നു. എന്നാൽ അതിനു ശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതിൽ മാറ്റമുണ്ടായില്ല.
എട്ടുവര്‍ഷമായി മകന്‍റെ മരണത്തിന്‍റെ സത്യമറിയാനുള്ള പോരാട്ടത്തിലാണ് പത്തനംതിട്ട കുഴിക്കാല സ്വദേശി അഭിഭാഷകനായ എം.എസ്.രാധാകൃഷ്ണന്‍. രണ്ടായിരത്തി പതിനാലില്‍ മംഗളൂരുവിലാണ് രാധാകൃഷ്ണന്‍റെ മകനായ എംബിബിസ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറി.
മംഗളൂരു എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു രോഹിത് രാധാകൃഷ്ണന്‍. 2014 മാര്‍ച്ച് 22ന് ആണ് രോഹിത് അപകടത്തില്‍പ്പെട്ടതായി കുടുംബത്തെ അറിയിക്കുന്നത്. അവിടെയെത്തിയപ്പോഴാണ് രോഹിത് മരിച്ചെന്ന വിവരം അറിയുന്നത്. അമിതവേഗത്തില്‍ ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ അപകടത്തില്‍പ്പെട്ട് മരിച്ചെന്നാണ് പൊലീസും കോളജുമായി ബന്ധപ്പെട്ടവരും പറഞ്ഞത്. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. മരത്തിലിടിച്ചാണ് തല വേര്‍പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.. കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഒരു അധ്യാപകന്‍ മുന്‍പ് രോഹിത്തിനെ മര്‍ദിച്ചിട്ടുണ്ടെന്നും സ്ഥിരമായി ദ്രോഹിച്ചിരുന്നതായും കുടുംബം പറയുന്നു.
കുടുംബത്തിന്‍റെ എതിര്‍പ്പവഗണിച്ച് എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം എംബാം ചെയ്തു. പൊലീസും പിന്നീട് കേസന്വേഷിച്ച സിബിസിഐഡിയും ഗുരുതരമായ അനാസ്ഥയാണ് അന്വേഷണത്തില്‍ കാണിച്ചത്. കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകനും ഗുരുതരമായ അനാസ്ഥ കാണിച്ചു. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയം സമീപിച്ചത്. രോഹിത്തിന്‍റേത് കൊലപാതകമാണെന്നാണ് സംശയം. സിബിഐ അന്വേഷണത്തിലാണ് പ്രതീക്ഷ. രോഹിത്തിന്‍റെ സഹപാഠികളുടേയും ചില അധ്യാപകരുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും പിതാവ് പറയുന്നു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് ലേസര്‍ ശസ്ത്രക്രിയ. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലാണ് ഉമ്മന്‍ചാണ്ടി.
അദ്ദേഹത്തിനൊപ്പം ജര്‍മനിയിലുള്ള മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്.
ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അപ്പയുടെ ചികിത്സ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ ആരംഭിച്ചിരിക്കുകയാണ്.. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അപ്പയെ ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂര്‍ത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്.നിങ്ങള്‍ നല്‍കിയ പിന്തുണകള്‍ക്ക് നന്ദി..
ഈ മാസം ആറിനാണ് ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് തിരിച്ചത്. മകന്‍ ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയ, ബെന്നി ബഹനാന്‍ എംപി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015ല്‍ വന്നപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല്‍ വന്നപ്പോള്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി പോയിരുന്നതായും ചാണ്ടി ഉമ്മന്‍
അകാലത്തില്‍ നഷ്ടപ്പെട്ട സഹോദരന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരുന്ന
ഇരുചക്രവാഹനം മോഷണം പോയതിന്റെ വേദനയില്‍ യുവാവ്. മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷാണ് നഷ്ടപ്പെട്ട വാഹനം കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുന്നത്. കട്ടെടുത്തവര്‍ മടക്കി നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നാണ് സുജീഷിന്റെ വാക്ക്.
അര്‍ബുദ ബാധയേറ്റാണ് സുജീഷിന്റെ സഹോദരന്‍ പ്രതീഷ് അകാലത്തില്‍ പൊലിഞ്ഞത്. നഷ്ടപ്പെടലിന്റെ വേദന ഇന്നും നൊമ്പരമായി സുജീഷിന്റെയും ബന്ധുക്കളുടെയും ഉള്ളിലുണ്ട്. സഹോദരന്റെ സന്തത സഹചാരിയായിരുന്ന ബൈക്കായിരുന്നു ആകെയുള്ള ഓര്‍മയും ആശ്വാസവും. ഇതാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്.
കട്ടെടുത്തവര്‍ തന്റെ ചങ്കാണ് പറിച്ചെടുത്തത്. അനിയന്‍കുട്ടിയുടെ വാഹനവുമായി അത്രയേറെ ആത്മബന്ധമുണ്ട്. തിരികെ നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നും സുജീഷ് പറയുന്നു.
കെഎല്‍ 55 എല്‍ 5809 എന്ന പാഷന്‍ പ്രോ ബൈക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ചോമേരിയില്‍ നിന്നാണ് നഷ്ടപ്പെട്ടത്. ബൈക്ക് വീണ്ടെടുക്കാന്‍ സുജീഷ് മണ്ണാര്‍ക്കാട് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. വാഹനം തിരികെ നല്‍കണമെന്ന് കള്ളന്‍ ആഗ്രഹിച്ചാല്‍ പരാതി പിന്‍വലിക്കാനും തയ്യാറാണെന്നും സുജീഷ് പറയുന്നു.
യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിഒപിയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ഓമ്‌നി വാൻ ലൈഫിലൂടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത്.
പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി ഇവർ യാത്രകൾ നടത്തിവരികയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ പിടിച്ചെടുത്ത വാഹനം ഒക്‌ടോബർ 28നാണ് ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് മോഡിഫിക്കേഷനുകൾ ഒഴിവാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
നിലവിൽ 2.08 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്.
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം. യുവാവിന്റെ ദേഹത്തും തലക്കും പരുക്കേറ്റിട്ടുണ്ട്. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ബസിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.ജൂബിലി റോഡിൽ അര മണിക്കൂറോളം യുവാവ് അതിക്രമം നടത്തി. തലക്ക് പരുക്കേറ്റ രാജേഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.
നടുറോഡിൽ ബസ് വരുന്നതിന് എതിരെ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റ ശേഷം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത് അസ്വാഭാവികമായ പെരുമാറ്റമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ ഡ്രെെവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് ചില അംഗവിക്ഷേപങ്ങൾ യുവാവ് ചെയ്തതായും ദൃശ്യങ്ങളിൽ കാണാം.