പണിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്‌താംകുളം സ്വദേശി വിജയൻറെ ഭാര്യ രതിമോൾ എന്ന് വിളിക്കുന്ന ഷീബ (49), ഒണംതുരുത്ത് സ്വദേശി മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം സ്വദേശി ധൻസ് (39) എന്നിവരാണ് അറസ്റ്റിലായത്. രതിമോളുടെ ബന്ധുവായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ പെടുത്താനുള്ള ശ്രമം നടത്തിയത്.

വീടിന്റെ റൂഫ് വർക്കുകൾ ചെയ്യുന്ന ഇയാളെ വീടിന് സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് രതിമോൾ വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ മധ്യവയസ്കനെ രതിമോൾ ഒരു മുറിയിൽ ഇരുത്തി വീട്ടുകാർ പുറത്ത് പോയിരിക്കുകയാണെന്നും അവർ വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് മുറിയിൽ നിന്നും പുറത്ത് പോയി. കുറച്ച് നേരം കഴിഞ്ഞ് രതിമോൾ പൂർണ നഗ്നയായി മുറിയിലേക്ക് കയറി ചെല്ലുകയും മധ്യവയ്സകനെ പിടിച്ച് കട്ടിൽ കിടത്തി മുകളിൽ കയറി കിടക്കുകയുമായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതിയായ ധൻസ് മുറിയിലെത്തുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

രതിമോളെ തട്ടിമാറ്റി ഓടാൻ ശ്രമിച്ച മധ്യവയസ്കനെ തടഞ്ഞ് നിർത്തിയ രതിമോൾ ധൻസ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ആരും അറിയാതെ ഒത്ത് തീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് രതിമോൾ ധൻസുമായി സംസാരിക്കുന്നത് പോലെ അഭിനയിച്ച് 50 ലക്ഷം എന്നുള്ളത് ആറു ലക്ഷം ആക്കിയിട്ടുണ്ടെന്നും പണം താൻ നൽകാമെന്നും പിന്നീട് തനിക്ക് തിരിച്ച് തരണമെന്നും രതിമോൾ മധ്യവയസ്കനോട് പറഞ്ഞു.

ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ രതിമോളും,ധൻസും ചേർന്ന് പണം തട്ടിയതായി മധ്യവയസ്‌കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണം തട്ടൽ തുടർന്നതോടെയാണ് ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.