സ്‌കൂളില്‍ രണ്ടുദിവസമായി വിദ്യാര്‍ത്ഥികളുടെ ആഘോഷവും സന്തോഷവും കളിയാടുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തല്ലി കെടുത്തി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തയാണ ്‌തേടിയെത്തിയത്.
ശാസ്ത്ര സാങ്കേതിക മേളയുടെ ഭാഗമായി നല്‍കിയ അവധി ദിനം ആഘോഷമാക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റിലെ കയങ്ങളില്‍ മുങ്ങി മരിച്ചത്. സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റൂബൈന്‍ പി ബിജുവും മുഹമ്മദ് റോഷനുമാണ് മരണപ്പെട്ടത്.
മേളയുടെ സമാപനത്തെ തുടര്‍ന്ന് ഇന്നലെ ശുചീകരണത്തിനായി ഹൈസ്‌കൂളിന് അവധി നല്‍കിയിരുന്നു. ഈ അവധിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കാന്‍ ഇറങ്ങിയത്. കല്ലടയാറ്റില്‍ കുളിക്കാനായി പോയ എട്ടംഗ വിദ്യാര്‍ത്ഥികളുടെ സംഘത്തിലായിരുന്നു റൂബൈനും മുഹമ്മദ് റോഷനും ഉണ്ടായിരുന്നത്.
കുളിക്കാന്‍ ഇറങ്ങിയ 4 പേരും കയത്തില്‍പ്പെടുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ഒപ്പുമുള്ളവര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ അപകടമറിഞ്ഞത്.
ആറ്റിലേക്കു ചാടി 2 പേരെ കരയ്‌ക്കെത്തിച്ചെങ്കിലും റൂബൈനും റോഷനും കയങ്ങളില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കല്ലടയാറ്റിലെ കയങ്ങള്‍ പരിചിതര്‍ക്കു പോലും പിടികൊടുക്കാറില്ല. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കയങ്ങള്‍ പലതും മണ്ണടിഞ്ഞു നികന്നിരുന്നെങ്കിലും ആഴമില്ലെന്നു തോന്നുന്ന പലയിടവും കയങ്ങളായി അപകടക്കെണി ഒരുക്കുകയണ്.
പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.
ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.
ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്.
കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.
സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയിൽ പറഞ്ഞു.
മക്കളുടെയും മരുമക്കളുടെയും പരിപൂർണ്ണ സമ്മതത്തോടെ 78-ാം വയസിൽ വീണ്ടുമൊരു വിവാഹം ചെയ്ത് തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ. തലവടി തുടങ്ങിയിൽ 59കാരിയായ ബിനാകുമാരിയാണ് സോമൻനായർക്ക് വധുവായത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും മക്കളും കൊച്ചുമക്കളും സന്നിഹിതരായി.
റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സോമൻനായർ. പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപാണ് സോമൻനായരുടെ ഭാര്യ മരിച്ചത്. മൂന്ന് മക്കളാണുള്ളത്. ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപാണ് ലോകത്തോട് വിടപറഞ്ഞത്. ബിനാകുമാരിയുടെ വിവാഹത്തിനായി മുൻകൈ എടുത്തത് സഹോദരൻ ടിഡി പ്രവീണും.
ഒരു മകൾ മാത്രമാണ് ഉള്ളത്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മൂന്ന് മക്കളും സമ്മതം മൂളിയ ശേഷമാണ് ഇരുവരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ഡല്‍ഹി. അതിനിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച്. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പോലീസ് വെളിച്ചത്തുകൊണ്ടുവന്നത്.
കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരിയായ പൂനം എന്ന സ്ത്രീയാണ് ഭര്‍ത്താവ് അഞ്ജന്‍ ദാസിനെ മകന്‍ ദീപക്കിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്. കൊലയ്ക്കു ശേഷം അഞ്ജന്റെ മൃതദേഹം പത്തുകഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൂനത്തെയും ദീപക്കിനെയും ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ദാസ് വില്‍ക്കുകയും ആ പണം അദ്ദേഹത്തിന്റെ ആദ്യഭാര്യയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എട്ടുമക്കള്‍ക്കൊപ്പം ബിഹാറിലാണ് അഞ്ജന്റെ ആദ്യഭാര്യ താമസിക്കുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഞ്ജനെ കൊലപ്പെടുത്താന്‍ പൂനം ദീപക്കുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ആദ്യഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 2017-ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. തന്റെ ഭാര്യയോട് അഞ്ജന്‍ മോശമായി പെരുമാറിയിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്താനുള്ള പൂനത്തിന്റെ പദ്ധതിയില്‍ പങ്കാളിയായതെന്നും ദീപക് പോലീസിനോടു പറഞ്ഞു.
ജൂണ്‍മാസത്തിലാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികള്‍ അഞ്ജന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ബോധരഹിതനായതിന് പിന്നാലെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം പ്രതികള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ആറെണ്ണം ഇതുവരെ കണ്ടെത്തിയതായി
പോലീസ് പറഞ്ഞു.
ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ അഴുകിയിരുന്നതിനാല്‍ അന്വേഷണം ഏറെയൊന്നും മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ ആദ്യം ശ്രദ്ധയുടെ കൊലപാതകം പുറത്തുവന്നതോടെ പാണ്ഡവ് നഗറില്‍നിന്ന് ലഭിച്ച മൃതദേഹഭാഗം ശ്രദ്ധയുടേതാണോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവ ഒരു പുരുഷന്റേതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത പാണ്ഡവ്‌നഗറിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അപ്പോഴാണ് പൂനവും ദീപക്കും പലരാത്രികളില്‍ പ്രദേശത്ത് വന്ന കാര്യം വ്യക്തമായത്. ദീപക്ക് ബാഗുമായി പോകുന്നതും പൂനം പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രദേശവാസിയായ അഞ്ജന്‍ദാസിനെ ഏകദേശം ആറുമാസമായി കാണാനില്ലെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. ഇതിനു പിന്നാലെ ദീപക്കിനെയും പൂനത്തെയും പോലീസ് ചോദ്യം ചെയ്യുകയും ഇവര്‍ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പൂനം മാധ്യമങ്ങളോടു പ്രതികരിച്ചു. ദീപക്കാണ് കത്തികൊണ്ട് അഞ്ജനെ കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. പൃഥ്വിരാജ് ലിസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ കൂടുതല്‍ വട്ടുള്ള ഒരാളെ താന്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെ പരിചയപ്പെട്ടപ്പോഴാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘കടുവ’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ”ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തില്‍ എടുത്തുപറയണം, ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിന്‍ ഒപ്പമുണ്ടായിരുന്നു.”
”കെജിഎഫ് 2, ചാര്‍ലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിന്‍ ഉണ്ടായിരുന്നു. ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്.”
”അങ്ങനെ കൂടെ കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നുവെങ്കില്‍ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും ലാഭമുള്ള നിര്‍മ്മാണക്കമ്പനി ആകില്ലായിരുന്നു” എന്നാണ് പൃഥ്വിരാജ് പറയുന്നത്.
അതേസമയം, കടുവ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. ”കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:
ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെയില്ലാത്തതു കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്റ്റേഷനിലേക്ക് പോരാന്‍ പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ‘പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.
മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേര് എന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്നു റിലീസ് ചെയ്തിട്ട് വേണം ഗോള്‍ഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.
മാമോദീസ ചടങ്ങില്‍ കേടായ ബീഫ് ബിരിയാണി വിളമ്പിയതിന് കേറ്ററിങ്ങ് ഉടമയ്‌ക്കെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പില്‍ സ്വദേശിയുടെ മകന്റെ മാമോദീസ ചടങ്ങിലാണ് സംഭവം.പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചൊറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു. പലരും ചികിത്സ തേടി. മാമോദീസ ചടങ്ങിനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി മട്ടാഞ്ചേരി സ്വദേശി ഹാരിസിനായിരുന്നു കേറ്ററിങ് നല്‍കിയിരുന്നത്.
ഏതാണ്ട് നൂറ്റിമുപ്പത് പേര്‍ക്കുള്ള ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ചടങ്ങിന് ആളുകളെത്തി തുടങ്ങിയപ്പോള്‍ കേറ്ററിങ്ങുകാര്‍ കൊണ്ട് വച്ച ചെമ്പ് തുറന്നു. അപ്പോള്‍ തന്നെ അസ്വാഭാവികമായ മണം പരന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെട്ടിരുന്നു.
പലരും പരാതിപ്പെട്ടപ്പോള്‍ അസ്വാഭാവികത തോന്നിയ വീട്ടുടമ കേറ്ററിങ്ങ് ഏറ്റെടുത്ത ഹാരിസിനെ വിളിച്ച് പരാതി പറഞ്ഞു. ഇതിനിടെ ഭക്ഷണം വിളമ്പിയിരുന്ന കേറ്ററിങ്ങ് തൊഴിലാളികള്‍ സ്ഥലം വിട്ടതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ മുപ്പതോളം പേര്‍ ഭക്ഷണം കഴിച്ചിരുന്നു. കഴിച്ചവരില്‍ പലരും ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതോടെ വീട്ടുടമ പോലീസില്‍ പരാതി നല്‍കി.
ഇതനുസരിച്ച് സ്ഥലത്തെത്തിയ തോപ്പുംപടി പോലീസ്, കേറ്ററിങ്ങ് ഉടമ ഹാരിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്ക് വേറെ ഭക്ഷണം വരുത്തി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് അറിയിച്ചത് അനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പ്രഥമിക പരിശോധനയില്‍ മോശമായ ഇറച്ചി ഉപയോഗിച്ചാണ് ബിരിയാണി പാചകം ചെയ്തതെന്ന് കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേറ്ററിങ്ങ് ഉടമ ഹാരിസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എംഎന്‍ ഷംസിയ പറഞ്ഞു.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഹൃദയം െതാടുന്ന കുറിപ്പ് പങ്കിട്ട് മകൻ ബിനീഷ് കോടിയേരി. കോടിയേരി എന്ന സഖാവിനെ കുറിച്ചും അച്ഛനെ കുറിച്ചും പാർട്ടി നോക്കാതെയുള്ള സൗഹൃദങ്ങളെ കുറിച്ചും ഫെയ്സ്ബുക് കുറിപ്പിൽ വിശദമായി പറയുന്നു. മരണസമയത്തും ശേഷവും വീട്ടിലെത്തി ആശ്വസിപ്പിച്ച നേതാക്കളുടെ വാക്കുകളും എടുത്തു പറഞ്ഞാണ് ബിനീഷ് അച്ഛനെ ഓർക്കുന്നത്.
കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി വിജയൻ ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്. ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. അന്ന് വീട്ടിൽ വന്നപ്പോൾ സ്‌പീക്കർ ഷംസീർ, അങ്കിളിനോട് പറഞ്ഞു: ‘സർ ഈ സമയത്തും ഇവിടെ വരും എന്ന് ഞങ്ങൾ കരുതിയില്ല, എനിക്ക് അറിയാം സാറും ബാലകൃഷ്‌ണേട്ടനുമായുള്ള ബന്ധം’. അപ്പോൾ അങ്കിൾ പറഞ്ഞത്: ‘ഇത് എന്റെ കൂടി കുടുംബമാണ്, ഇവിടെ വരാതെയിരിക്കാൻ എനിക്കാവില്ലല്ലോ’ എന്നാണ്- ബിനീഷ് പറയുന്നു.
ബിനീഷിന്റെ കുറിപ്പിൽനിന്ന്:
ഞങ്ങളെ ആശ്വസിപ്പിച്ച, ആശ്വസിപ്പിക്കുന്ന, അച്ഛനെ അറിയുന്ന, അച്ഛനെ സ്നേഹിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും ആദ്യമേ പറയട്ടെ. എന്ത് എഴുതണം, എങ്ങനെ പറയണം എന്നൊന്നും മനസ്സിലാവുന്നില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനെ കുറിച്ചു നമ്മൾ ആലോചിക്കാറില്ലല്ലോ. കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസ്സിലാവുന്നത്. അത്രയേറെ ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങളോട് ചേർന്നു നിന്നിരുന്നു അച്ഛൻ.
കോടിയേരിയെ പറ്റി നിരവധിയായ ആളുകൾ എഴുതുകയും പറയുകയും ചെയ്യുന്നു ഇപ്പോഴും. അതിൽ തന്നെ, ഞാൻ ഏറ്റവും ശ്രദ്ധിച്ച ഒന്ന് എല്ലാവരും എഴുതുന്നത് കേട്ടറിഞ്ഞ കോടിയേരിയെ പറ്റിയല്ല, അവരുടെയൊക്കെ ജീവിതത്തിൽ നേരിട്ട് കോടിയേരിയിൽ നിന്നുണ്ടായ അനുഭവങ്ങളാണ്. ഇത്രയും സഖാക്കളോട് അല്ലെങ്കിൽ ജനങ്ങളോട് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകുക എങ്ങനെയാണ് എന്നുള്ളത് ചിന്തിക്കുമ്പോൾ, യഥാർഥത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്തായിരിക്കണം എന്നതിന്റെതന്നെ പാഠപുസ്തകമാകുകയായിരുന്നു സ്വജീവിതം കൊണ്ട് അച്ഛൻ എന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ ജീവിതത്തിൽ അച്ഛൻ എന്തായിരുന്നു എന്നുള്ളത് ഒരു കുറിപ്പിലൂടെ മാത്രം എഴുതി തീർക്കാവുന്ന ഒന്നല്ല, അത് എഴുതിത്തന്നെ തീർക്കാനാവുമോ എന്നും എനിക്കറിയില്ല.
മകൻ എന്ന രീതിയിലും സഖാവ് എന്ന നിലയിലും നോക്കിക്കാണുമ്പോൾ ഞാൻ കണ്ട കോടിയേരി, അല്ലെങ്കിൽ അച്ഛനെ അറിയുന്ന ആളുകൾ പറഞ്ഞ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നത്. അച്ഛനെക്കുറിച്ചിങ്ങനെ എഴുതുമ്പോൾ പ്രധാനമായും ചിന്തയിൽ വരുന്ന ഒരു കാര്യം ജീവിതത്തിൽ ഇന്നേവരെ ഇന്നതാവണം, ഇന്ന നിലയിൽ ഉള്ളവരോടെ സംസാരിക്കാവൂ, ഇന്നനിലയിൽ ഉള്ളവരോടെ ബന്ധപ്പെടാവൂ എന്നൊന്നും ഒരിക്കലും ഞങ്ങളുടെ അടുത്ത് അച്ഛൻ പറഞ്ഞിട്ടില്ല എന്നതാണ്. സ്വന്തമായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛൻ ഏതേതെല്ലാം തരത്തിൽ സ്വാധീനം ചെലുത്തിയിരുന്നു എന്ന് ഞങ്ങൾ അറിയുന്നു.
സാധാരണ പല നേതാക്കൾക്കും ഒരു സ്ഥലത്ത് ചെന്ന് കഴിഞ്ഞാൽ അവിടെയുള്ള എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല. അച്ഛനെ സംബന്ധിച്ച് അച്ഛൻ ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു അനുഭവം, അല്ലെങ്കിൽ ഓർത്തുവയ്ക്കാനാവുന്ന ഒരു സംഭവം സമ്മാനിച്ചേ മടങ്ങിയിരുന്നുള്ളു എന്നുള്ളത് മരണശേഷമാണ് ഇത്രയേറെ ആഴത്തിലറിയുന്നത്. അച്ഛനെക്കുറിച്ചുള്ള ചിന്തകൾ, എന്റെ അച്ഛൻ എന്ന കാഴ്ചപ്പാടിലേക്കത് മാറിയേക്കാം എങ്കിലും അങ്ങനെ മാത്രമല്ല നോക്കിക്കാണേണ്ടത് എന്ന ശക്തമായ തിരിച്ചറിവ് നൽകുന്ന അനുഭവങ്ങളാണ് അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് ഉണ്ടായത്. ഇന്നിപ്പോൾ അച്ഛൻ മടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും ഞങ്ങളെ കാണാനെത്തിക്കൊണ്ടിരിക്കുന്നവർ അത്രയേറെയാണ്.
മരണശേഷം അച്ഛനെ കാണാൻ വന്ന ആളുകൾ, ഞങ്ങളെ കാണാൻ വന്ന ആളുകൾ, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകൾ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകൾ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നൽകുന്നത്. ദൂരെ ദിക്കിൽ നിന്നുമുള്ള അവശത അനുഭവിക്കുന്ന ആളുകൾ പോലും വന്നുകൊണ്ടിരിക്കുന്നു. അത്രയും അവശത അനുഭവിക്കുന്ന ആളുകൾക്ക് ഇത്രയും ബുദ്ധിമുട്ട് സഹിച്ചുവന്ന് ഞങ്ങളെ കാണേണ്ട ആവശ്യം ഇല്ലല്ലോ, എന്നിട്ടും അവർ വരുന്നു. ഒന്നിനും വേണ്ടി അല്ല പയ്യാമ്പലത്ത് ആ സ്ഥലം ഒന്നു കാണാൻ, അച്ഛനെ കാണാനായി അവർ പോകുന്നു. അവർക്ക് അച്ഛനാരായിരുന്നു എന്ന്, എന്തായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുകയാണ്. അവരുടെയൊക്കെ ജീവിതത്തിൽ എത്രമാത്രം ആണ് അച്ഛൻ സ്നേഹ സാന്ത്വനങ്ങൾ കൊടുത്തിട്ടുള്ളത് എന്നറിയുകയാണ്. രണ്ടും മൂന്നും പേർ താങ്ങിയെടുത്തുകൊണ്ടുതന്നെ വന്നവർ നിരവധിയാണ്, തീരെ വയ്യാത്ത ആളുകൾ. സഖാക്കൾക്കും ജനങ്ങൾക്കും മറ്റു രാഷ്ട്രീയ പ്രവർത്തകർക്കും ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അച്ഛൻ.
കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻ ചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്, ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. സഖാവ് കാനം പറഞ്ഞത് ഏകദേശം 42 വർഷത്തോളമായുള്ള കോടിയേരിയുമായുള്ള ബന്ധത്തെ പറ്റിയാണ്. ഏതു കാര്യവും കൃത്യമായി കേൾക്കുകയും മുന്നണി ബന്ധത്തെ ഇത്രയേറെ ഊട്ടിയുറപ്പിക്കുകയും ചെയ്ത മറ്റൊരു സെക്രട്ടറി ഇല്ലായിരുന്നു എന്നും. കുഞ്ഞാലിക്കുട്ടി സാഹിബ് അച്ഛനുമായുള്ള ബന്ധത്തെയോർത്തെടുത്തതും ഓർമയിൽ വരുന്നു. എം.എ.യൂസഫലി മരണശേഷവും ഞങ്ങളുടെ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നു. കേരളത്തിൽ ആദ്യമായി ഒരു മാൾ തുടങ്ങണം എന്നും അതിനായി അച്ഛൻ ഇടപെട്ടിരുന്ന കാലത്തെ കുറിച്ചുമെല്ലാം യൂസഫലിക്ക പറഞ്ഞു. ഒരിക്കലും തീരാത്ത ബന്ധമാണ് ബാലേട്ടനോട് എനിക്കുള്ളത് എന്നാണദ്ദേഹം പറഞ്ഞത്
ആരവങ്ങൾക്കിടയിൽ വേറിട്ട ശബ്ദമായി, ഒറ്റപ്പെടലിൽ സ്നേഹകാഹളമായി അച്ഛൻ ജീവിതത്തിന്റെ ഓരോ പരമാണുവിലും സ്വാധീനിച്ചിരുന്നു എന്ന് എകെജി സെന്ററിൽനിന്നു പുറത്തിറങ്ങുമ്പോൾ ഞാൻ അനുഭവിക്കുന്നു. അച്ഛനില്ലാത്ത വർത്തമാനകാലത്തിൽ ആണ് ഇനി ജീവിക്കേണ്ടത്. ഒരു പുതിയ തുടക്കമാവാം എന്ന തിരിച്ചറിവിന്റെ മുറിവും വേദനയും ശരിയായി വരാൻ സമയമെടുത്തേക്കാം. എങ്കിലും അച്ഛൻ തന്ന കരുത്തോടെ തന്നെ മരണം വരെയും ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കും. സഖാവ് കോടിയേരി–എന്റെ അച്ഛൻ അത്രയും നിറഞ്ഞ ഒരു സ്നേഹപെയ്ത്തായിരുന്നു.
യൂടോക്ക് ഡിജിറ്റല്‍ ന്യൂസില്‍ നിന്നും രാജിവെച്ച മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍ 24 ന്യൂസ് ചാനലില്‍. ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ മോണിങ് ഷോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ വേണു ബാലകൃഷ്ണന്‍ 24 വാര്‍ത്താ സംഘത്തിന്റെ ഭാഗമാണെന്ന് അദേഹം വ്യക്തമാക്കി. ഈ ശുഭദിനത്തില്‍ പ്രേക്ഷകരോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ഇന്ന് മുതല്‍ 24 ന്റെ ആര്‍മിയില്‍ ഒരു വാര്‍ത്താ അവതാരകന്‍ കൂടി ചേരുകയാണ്, വേണു ബാലകൃഷ്ണന്‍. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ വലിയ സംവാദങ്ങളിലൊക്കെ സജീവ സാന്നിധ്യമാണ് വേണു. അദ്ദേഹം ഇന്ന് ഔദ്യോഗികമായി 24 ല്‍ ജോയിന്‍ ചെയ്യും. ചാനലിന്റെ വാര്‍ത്താ പ്രക്ഷേപണത്തില്‍ വേണുവും ഇനി അണമുറിയാത്ത കണ്ണിയാവുമെന്നും അദേഹം പറഞ്ഞു. ഇന്നു രാവിലെ മുതല്‍ വേണു ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്നുണ്ട്.
ഡെപ്യൂട്ടി എഡിറ്ററായിരുന്ന വേണു ബാലകൃഷ്ണനെ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് മാതൃഭൂമി ന്യൂസ് പിരിച്ചുവിട്ടത്. തുടര്‍ന്ന് പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വില്‍ ആരംഭിച്ച യൂടോക്ക് ഡിജിറ്റലില്‍ അദേഹം സജീവമായിരുന്നു. എന്നാല്‍, ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് സഹോദരനായ ഉണ്ണി ബാലകൃഷ്ണനോടൊപ്പം അദേഹവും രാജിവെച്ച് ഇറങ്ങിയിരുന്നു. തുടര്‍ന്നാണ് 24 ചാനലില്‍ ജോലിയില്‍ പ്രവേശിച്ചത്. രാത്രിയിലുള്ള ചര്‍ച്ചകള്‍ ഇനി വേണുവായിരിക്കും നയിക്കുക.
യൂടോക്ക് ഡിജിറ്റലില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മീഡിയ വണ്ണിലേക്കാണ് ചേക്കേറുന്നത്. മീഡിയ വണ്‍ നിരോധനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി അടുത്ത മാസം വരും. വിധി അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ ഉണ്ണി ബാലകൃഷ്ണന്‍ ജോലിയില്‍ പ്രവേശിക്കും. ഇതു സംബന്ധിച്ച് മീഡിയ വണ്‍ ചാനലും ഉണ്ണി ബാലകൃഷ്ണനും തമ്മില്‍ ധാരണയായിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിന്റെ സംപ്രേക്ഷണം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍, ഈ നടപടി ഏകപക്ഷീയമാണെന്നും മാധ്യമ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കാട്ടി ചാനല്‍ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു.ഈ കേസിലെ വാദം സുപ്രീംകോടതി പൂര്‍ത്തിയാക്കിയിരുന്നു.
മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം രാജിവെച്ചാണ് ഉണ്ണി ബാലകൃഷ്ണന്‍ യൂടോക്കില്‍ എത്തുന്നത്. പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വിലാണ് യൂടോക്ക് ആരംഭിച്ചത്. ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഉണ്ണി അവിടെ നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്നാണ് മീഡിയ വണ്ണുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
മാതൃഭൂമി ന്യൂസില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ മീഡിയാവണ്‍ ചാനലിന്റെ എഡിറ്ററായിരുന്ന രാജീവ് ദേവരാജാണ് ആ ചുമതലയിലേക്ക് എത്തിയത്. മാതൃഭൂമി ന്യൂസ് ആരംഭിച്ചത് മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല ഉണ്ണി ബാലകൃഷ്ണനായിരുന്നു. വി എസ് അച്യുതാനന്ദന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലൂടെ മാതൃഭൂമിക്ക് ബിഗ് ബ്രേക്കിങ് നല്‍കിയതും ഉണ്ണി ബാലകൃഷ്ണനാണ്. മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് തൊട്ടു താഴെയുള്ള സ്ഥാനത്തേക്കാണ് ഉണ്ണി ബാലകൃഷ്ണനെ ചാനല്‍ പരിഗണിക്കുന്നത്.