മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയതോടെ യുവാവ് കാണാതായ കേസില്‍ വഴിത്തിരിവ്. അര്‍ജന്റീനയിലാണ് 32കാരന്‍ ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.

അര്‍ജന്റീനയുടെ തെക്കന്‍ തീരമായ ചുബുട് പ്രവിശ്യയില്‍ നിന്നും മത്സത്തൊഴിലാളികള്‍ക്ക് കിട്ടിയ സ്രാവുകളില്‍ ഒന്നിനെ മുറിച്ച് നോക്കിയപ്പോഴാണ് അതിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയത്. ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു.

 തുടര്‍ന്ന് ബാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയേല മില്ലട്രൂസും കുടുംബവും സ്ഥലത്തെത്തി പരിശോധിക്കുകയും ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തു. ഇയാളെ ഫെബ്രുവരി 18 മുതല്‍ കാണാതായതായി കുടുംബം പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ശരീരാവശിഷ്ടത്തില്‍ കണ്ടെത്തിയ ടാറ്റൂ ബാരിയുടെതാണെന്ന് കുടുംബം അറിയിച്ചതോടെയാണ് മരിച്ചത് ബാരിയാണെന്ന് ഉറപ്പിച്ചത്. എന്നാല്‍ ഡിഎന്‍എ പരിശോധന കൂടി നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീരത്ത് കൂടി സഞ്ചരിക്കുന്നതിനിടെ ബാരിയ തിരമാലയില്‍ പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.