ഹരിയാനയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കെയ്‌സില്‍ യുവതിയുടെ മൃതദേഹം. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി യുവതിയെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം. യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
ഗുരുഗ്രാമില്‍ തിങ്കളാഴ്ചയാണ് 20-25 വയസ് തോന്നിക്കുന്ന യുവതിയുടെ നഗ്‌നശരീരം കണ്ടെത്തിയത്. യുവതി പീഡിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊള്ളലേറ്റതിന് സമാനമായ മുറിവുകള്‍ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു.
ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നു. റോഡിനരികിലെ കുറ്റിക്കാട്ടില്‍ വൈകുന്നേരം നാലുമണിയോടെയാണ് സംശയാസ്പദപരമായ സാഹചര്യത്തില്‍ സ്യൂട്ട്കേസ് കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.
അതേസമയം, മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം. കൊച്ചി ചിലവന്നൂര്‍ കായല്‍ കൈയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തിയെന്നാണ് കേസ്സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആറ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരേയും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടന്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇത് കണ്ടെത്തുകയും കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമാണ് പരാതി.
ജയസൂര്യയും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. 2013ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. സംഭവം നടന്നത് എറണാകുളം ജില്ലയില്‍ ആയതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.
ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച കേസില്‍ മുപ്പത്തിയഞ്ചുകാരനെതിരെ കേസെടുത്ത് പോലീസ്. മലയിന്‍കീഴ് കടുക്കറ ഗിരിജാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപിനെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ മര്‍ദനമേറ്റ് ഭാര്യ ആതിര ചികിത്സയിലാണ്.
ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. മദ്യപാന ശീലമുള്ള ഇലക്ട്രീഷ്യനായ ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി ആസ്വദിക്കുകയും പതിവായിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ആതിരയുടെയും ദിലീപിന്റെയും വിവാഹം.
പ്രണയവിവാഹമായിരുന്നു. ദിലീപ് വിവിധ ഇടങ്ങളില്‍ ഭാര്യയ്‌ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നു. എന്നാല്‍ ആതിരയെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ പല വീട്ടുടമകളും ഇവരെ ഒഴിപ്പിച്ചു. അതിനിടെ ബന്ധുളുടെ ഇടപെടലില്‍ ദിലീപ്
റിഹാബിലിറ്റേഷന്‍ സെന്ററില്‍ മദ്യപാനം നിറുത്താനുള്ള ചികിത്സ തേടിയിരുന്നു.
പക്ഷേ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടര്‍ന്നു. ജീവിക്കാന്‍ വഴിയില്ലാതെ കുളക്കോട് വളവിലുള്ള സ്വകാര്യ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ ജോലിക്ക് പോയിരുന്ന അതിരയോട് ഇനി ജോലിക്ക് പോകരുതെന്നും നിര്‍ത്തണമെന്നും ദിലീപ് പറഞ്ഞിരുന്നു.
എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ആതിര തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. ആതിരയെ മര്‍ദ്ദിക്കുന്നത് ദിലീപ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് പൊലീസ് കണ്ടെത്തി. മര്‍ദ്ദനത്തിനൊടുവില്‍, ജോലിക്ക് ഇനി പോകില്ലെന്ന് യുവതി പറയുന്ന ദൃശ്യങ്ങളും ഫോണിലുണ്ട്.
യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെങ്കിലും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ദിലീപ് അതിക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ക്ക് മൂന്നും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്.
അടുത്ത വീട്ടില്‍ കേസ് അന്വേഷിക്കാന്‍ വന്ന പോലീസിനെ കണ്ട് ഭയന്ന് നിലവിളിച്ചോടി 3 വയസ്സുകാരന്‍. പേടി അകറ്റാന്‍ കുട്ടിയെ പിന്നീട് സ്റ്റേഷനിലെത്തിച്ച് മിഠായി നല്‍കി കേരള പോലീസിന്റെ മാതൃക.
പോലീസുകാര്‍ കുട്ടിയെ സ്‌നേഹത്തോടെ ലാളിച്ചും മിഠായി നല്‍കിയുമാണ് പേടി മാറ്റിയത്. അടുത്ത വീട്ടില്‍ കേസ് അന്വേഷിക്കാന്‍ എസ്‌ഐ അരുണ്‍ തോമസും സംഘവും എത്തിയതു കണ്ടാണ്, വിഴിക്കിത്തോട് ചെറുവള്ളിയില്‍ അനില്‍കുമാറിന്റെ നയനയുടെയും ഇളയമകന്‍ ദേവജിത്ത് ഭയന്നോടിയത്.
ഭയം മാറാതെ രാത്രിയും കരച്ചില്‍ നിര്‍ത്താതെ വന്നതോടെ അനില്‍കുമാര്‍ എസ്‌ഐയെ വിവിരം അറിയിച്ചു. തുടര്‍ന്ന് എസ്‌ഐ പറഞ്ഞതനുസരിച്ച് പിറ്റേന്ന് കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്നു.
പോലീസുകാര്‍ എടുത്തും മടിയിലിരുത്തിയും മിഠായി നല്‍കിയും ഒരു മണിക്കൂറോളം സമയം സ്റ്റേഷനില്‍ ചെലവിട്ടപ്പോഴേക്കും ദേവജിത്തിന്റെ ‘പോലീസ്’ പേടി മാറി പോലീസുമായി ചങ്ങാത്തത്തിലായി. എസ്‌ഐ അരുണ്‍ തോമസ് ദേവജിത്തിനെ മടിയിലിരുത്തി ലാളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അധോലോക ഭീകരരായ ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സെയ്ദിനെയും ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പാകിസ്ഥാന്‍. ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്‌ളിയില്‍ മാദ്ധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സിയായ എഫ് ഐ എയുടെ മേധാവി മൊഹിസിന്‍ ഭട്ടിന് ഈ ചോദ്യം നേരിടേണ്ടി വന്നത്.
നിശബ്ദനായി ഇരിക്കുക എന്ന ചേഷ്ട കാണിച്ച് അസ്വസ്ഥനാവുകയാണ് മൊഹിസിന്‍ ചെയ്തത്. 95 ഇന്റര്‍പോള്‍ അംഗരാജ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍,പൊലീസ് മേധാവികള്‍,ദേശീയ സെന്‍ട്രല്‍ ബ്യൂറോ മേധാവികള്‍,പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രതിനിധികളാണ് ഇന്റര്‍പോള്‍ ജനരല്‍ അസംബ്‌ളിയില്‍ പങ്കെടുക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ജനറല്‍ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം ഇന്റര്‍പോള്‍ പൊതുസഭ അംഗീകരിച്ചിരുന്നു.ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ പ്രത്യേകതകള്‍ ലോകത്തെ അറിയിക്കാനുള്ള അവസരമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
#WATCH | Pakistan’s director-general of the Federal Investigation Agency (FIA) Mohsin Butt, attending the Interpol conference in Delhi, refuses to answer when asked if they will handover underworld don Dawood Ibrahim & Lashkar-e-Taiba chief Hafiz Saeed to India. pic.twitter.com/GRKQWvPNA1
— ANI (@ANI) October 18, 2022
ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച് സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ തെമ്മാടി ആണെന്നായിരുന്നു എംഎം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയില്‍ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ മുഖേന ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം പാടെ അവഗണിച്ച സബ് കളക്ടര്‍ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാല്‍ മതിയെന്ന് ആക്ഷേപിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം.
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേത്യത്വത്തില്‍ ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് നേതാക്കള്‍ ബഹുജന മാര്‍ച്ച് സംഘടിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എംഎം മണി സബ്കളക്ടര്‍ക്കെതിരെ രംഗത്തെത്തിയത്.
യുപിയില്‍ ദളിതര്‍ ഉള്‍പ്പടെയുള്ള യുവതികളെ ബലാല്‍കാരം ചെയ്ത് കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത്. അവിടുന്ന് വന്ന സബ് കളക്ടര്‍ ഭൂവിഷയങ്ങളില്‍ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുമെന്നും എംഎം മണി പറഞ്ഞു. ദേവികുളം ഇറച്ചിപ്പാറയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ആര്‍ഡിഒ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരസഭ അനുവദിച്ച വീട് നിര്‍മ്മാണത്തിന് എത്തിച്ച ടൈല്‍ ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടതോടെ ടൈല്‍സ് പാക്കറ്റുകളുടെ ലോഡ് ഒറ്റയ്ക്ക് ഇറക്കി വീട്ടമ്മ.
ബിഎംഎസ് യൂണിയന്‍ തൊഴിലാളികള്‍ പതിനായിരം രൂപയാണ് കൂലി ആവശ്യപ്പെട്ടത്. അതേസമയം, പണം നല്‍കാനില്ലാത്തതിനാല്‍ വീട്ടമ്മ തന്നെ ഒറ്റയ്ക്ക് ലോഡ് ഇറക്കേണ്ടി വന്നു.
തിരുവനന്തപുരം കഴക്കൂട്ടം പൗഡിക്കോണം പാണന്‍ വിളയില്‍ ആണ് സംഭവം. നഗരസഭ അനുവദിച്ച വീട് നിര്‍മ്മാണത്തിന് എത്തിച്ച ടൈല്‍ ഇറക്കാനാണ് വീട്ടമ്മയോടാണ് ബിഎംഎസ് യൂണിയന്‍ പ്രവര്‍ത്തകര്‍ പതിനായിരം രൂപ കൂലി ആവശ്യപ്പെട്ടത്.
കാശ് നല്‍കാനില്ലാത്തതിനാല്‍ വീട്ടമ്മ ഒറ്റയ്ക്ക് ലോഡിറക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ദിവ്യയെ സഹായിക്കാന്‍ സഹോദരനെ പോലും ബിഎംഎസ് യൂണിയന്‍കാര്‍ അനുവദിച്ചില്ലെന്ന് സഹോദരന്റെ ഭാര്യ പറയുന്നു
ദിവ്യയുടെ ഭര്‍ത്താവ് 5 വര്‍ഷം മുന്‍പെ മരണപ്പെട്ടു. നിര്‍ധനയായ യുവതിയില്‍ നിന്ന് അമിത കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ബിഎംഎസ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
നാല് വര്‍ഷം മുമ്പ് തുടങ്ങിയ വീടുപണി സാമ്പത്തിക പ്രയാസം മൂലം പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം നഗരസഭയില്‍ നിന്നുള്ള സഹായം കൂടി പ്രയോജനപ്പെടുത്തിയാണ് വീട് പണിയുന്നത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കേശവദാസപുരത്തെ കണ്ണാശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്താണ് ദിവ്യ കുടുംബം പുലര്‍ത്തുന്നത്.
വാഹനത്തില്‍ നിന്ന് ഏതാനും പാക്കറ്റുകള്‍ സഹോദരന്‍ ഇറക്കി വെച്ചതിന് പിന്നാലെയായിരുന്നു ബിഎംഎസ് യൂണിയനില്‍ പെട്ട പത്തോളം ചുമട്ടുതൊഴിലാളികള്‍ വന്നത്. അവര്‍ക്ക് കൂടി കൊടുക്കാന്‍ കാശില്ലെന്ന് സഹോദരന്‍ അറിയിച്ചു. ഇതോടെ ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്ന് തൊഴിലാളികള്‍ ശഠിക്കുകയായിരുന്നു. വീട്ടുടമയേ ലോഡ് ഇറക്കാവൂ എന്ന് ഇവര്‍ പറഞ്ഞതായും ആരോപണമുണ്ട്.
കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതി ലൈലയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
ഷാഫി തന്നോട് ഈ കൊലപാതകത്തെക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവമെന്നും ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞതെന്നും ലൈല പറഞ്ഞു.
എറണാകുളത്താണ് കൊലപതാകം നടത്തിയത്, കൃത്യത്തിന് ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞുവെന്നും ആ സമയത്ത് തങ്ങള്‍ നരബലിയെപ്പറ്റി ആലോചിക്കുകയായിരുന്നുവെന്നും ലൈല പോലീസിനോട് പറഞ്ഞു.
ഇലന്തൂരിലെ വീടിന്റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു. അതേസമയം, ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെ പതിനൊന്നുകാരന്‍ മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.
ആസിഡ് അടങ്ങിയ ശീതളപാനീയമാണ് കുട്ടി കുടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയില്‍ കഴിയവെയാണ് 11കാരന്‍ മരിച്ചത്. അതേസമയം, കുട്ടിക്ക് ആരാണ് പാനീയം നല്‍കിയതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മൂന്നാഴ്ചയായി ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അശ്വിന്‍. കൊല്ലങ്കോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍. കഴിഞ്ഞ മാസം 24നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങവെയാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി അശ്വിന് പാനീയം കുടിക്കാന്‍ കൊടുത്തത്.
‘കോള’ എന്ന പേരിലാണ് പാനീയം കുടിക്കാന്‍ നല്‍കിയെന്നായിരുന്നു ആശുപത്രിയില്‍ കഴിയവെ കുട്ടി നല്‍കിയ മൊഴി. പാനീയം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയുണ്ടാകുകയായിരുന്നു. ജ്വരബാധിതനായി അവശനിലയിലായ കുട്ടിയെ പിറ്റേന്നു നന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും കടുത്ത ശ്വാസം മുട്ടലിനെയും തുടര്‍ന്ന് 27ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. അന്നനാളത്തിനും കുടലിനും പൊള്ളലേറ്റതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.
ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. ഇതിനിടെ പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തുപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തു. അവിടെ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന്റെ ഭാഗമായാണ് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.
ഇതിനിടെ എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ, തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല.