ആലപ്പുഴയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ശ്രീരാജാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കായംകുളം താലൂക്ക് ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ആണ് ശ്രീരാജ് കായംകുളം ചിറക്കടവം സ്വദേശിയാണ് ഇദ്ദേഹം.
ശ്രീരാജിന്റെ അമ്മ ഈ അടുത്തിടെയാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ശ്രീരാജ് ജീവനൊടുക്കിയതെന്ന് വിവരം.
നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നു. വിഘ്‌നേഷ് ശിവനാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട ആണ്‍ കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.
നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വിവാഹം.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
View this post on Instagram
ഏഴ് മാസമായി പെട്ടി ഓട്ടോയിലും കടത്തിണ്ണയിലും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും തലചായ്ക്കാനായി തെരഞ്ഞെടുക്കേണ്ട ഗതികേടിലാണ് നസീറും പറക്കമുറ്റാത്ത മൂന്ന് കുട്ടികളും. കഴിഞ്ഞദിവസവും രാത്രി ഇവര്‍ കഴിച്ചു കൂട്ടിയത് ഓട്ടോയുടെ പിന്നിലെ തകരഭാഗത്ത് ഷീറ്റ് വിരിച്ചാണ്.
എട്ടുവയസ്സുകാരി മകളും അഞ്ചും പതിനൊന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് നസീറിനൊപ്പം തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. കൊല്ലം ശങ്കേഴ്സ് ജങ്ഷനു സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന പഴയൊരു പെട്ടി ഓട്ടോയിലാണ് ഇവരുടെ ഉറക്കവും പഠിത്തവുമൊക്കെ,
തിരുവനന്തപുരം സ്വദേശി നസീറും മക്കളുമാണ് പെട്ടിഓട്ടോയ്ക്ക് പിന്നില്‍ പാത്രങ്ങളും പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ച് കിടപ്പും ഇവിടെയാക്കിയിരിക്കുന്നത്. വീടുകളില്‍നിന്ന് പഴയ പാത്രങ്ങളും ഇരുമ്പും പ്ലാസ്റ്റിക്കും വാങ്ങി ആക്രിക്കടയിലെത്തിക്കുന്ന ജോലിയാണ് നസീറിന്. തുച്ഛമായ ഈ വരുമാനത്തിലാണ് നാലുപേരുടേയും ജീവിതം. ഇതിനിടയ്ക്ക് വാടകയ്ക്ക് ഒരു വീടെടുക്കാനൊന്നും ഇവര്‍ക്ക് സാധിക്കുന്നില്ല. അന്നന്നത്തെ ഭക്ഷണം മാത്രമാണ് ജോലിക്ക് ലഭിക്കുന്ന കൂലിയില്‍ നിന്നും സ്വന്തമാക്കാനാകുന്നത്.
രാത്രിയില്‍ ഓട്ടോയില്‍ ഉറങ്ങുന്ന കുടുംബം പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനടുത്തുള്ള ശൗചാലയം ഉപയോഗിക്കും.പിന്നീട് മക്കളെ ഒരുക്കി ഒന്‍പതരയോടെ സ്‌കൂളിലാക്കി നസീര്‍ ആക്രി പെറുക്കാന്‍ പോകും. സ്‌കൂള്‍ വിടുന്ന സമയത്ത് തിരികെയെത്തി മക്കളെ കൊണ്ടുപോകും.
തുടര്‍ന്ന് വണ്ടി റോഡരികില്‍ നിര്‍ത്തി റോഡിന്റെ വശത്തുതന്നെ അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കും. അല്ലെങ്കില്‍ കടകളില്‍നിന്നു വാങ്ങും. തെരുവിലേയും എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തിലാണ് കുട്ടികളുടെ പഠനം.
മറ്റൊരു മതത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതോടെ നസീറിനെ കുടുംബത്തില്‍നിന്ന് പുറത്താക്കിയതാണ്. ഇവരാകട്ടെ മാസങ്ങള്‍ക്കുമുമ്പ് പിണങ്ങിപ്പോയി. കൊല്ലം പുള്ളിക്കടയിലെ പൊളിഞ്ഞുവീഴാറായ വീട്ടില്‍താമസിക്കുന്നതിനിടെ ലോക്ക്ഡൗണ്‍ എത്തിയത്. ഈ കാലത്ത് പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ട് ക്യാമ്പിലാക്കി. ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ക്യാമ്പില്‍നിന്ന് തിരിച്ചുപോന്നു.
പിന്നീട് റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ പൊളിഞ്ഞ ഒരു മുറിയിലായി പിന്നീട് താമസം. എന്നാല്‍ ഈ ക്വാര്‍ട്ടേഴ്സ് പൊളിച്ചുപണിയാന്‍ തുടങ്ങിയതോടെയാണ് കൈവശമുള്ള പെട്ടി ഓട്ടോ തന്നെ വീടാക്കിയത്. മഴവന്നാല്‍ നസീര്‍ ഓട്ടോയുടെ മുകളിലൊരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് മേല്‍ക്കൂര ഒരുക്കുന്നത്. എന്നാലും വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം നനയും.
പഠിക്കാന്‍ മിടുക്കരായ മൂവരുടേയും ഭാവിയാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.. മൂത്തമകനെ ചില സംഘടനകള്‍ ഇടപെട്ട് ചങ്ങനാശ്ശേരിയിലെ ഒരു സ്‌കൂളിലാക്കിയിരുന്നു. എന്നാല്‍ അവധിക്ക് വന്ന മകനെ തിരികെ കൊണ്ടുവിടാന്‍ നസീറിന് സാധിച്ചിട്ടില്ല.
നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച കോർപറേഷന്റെ നടപടി വിവാദത്തിൽ. പ്രതിമാസം 5,000 രൂപ വാടക ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്ക് നൽകിയത്. എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വച്ചു.
റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി. മുൻപ് പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാൻ തുടങ്ങിയത് വാക്കുതർക്കത്തിനു വഴിവച്ചിരുന്നു. കോർപറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ അറിയിച്ചു. മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാത്തത് കരാർ ലംഘനമാണെന്നും പരാതികൾ പരിശോധിക്കുമെന്നും കോർപറേഷൻ പ്രതികരിച്ചു.
കോട്ടയം∙ പാലക്കാട് വടക്കഞ്ചേരിയിൽ 5 വിദ്യാർഥികൾ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ദീർഘദൂര യാത്രയിലെ ഞെട്ടിപ്പിക്കുന്ന അനുഭവവുമായി യുവതിയുടെ കുറിപ്പ്. ജീവനും കയ്യിൽ പിടിച്ച് ബെംഗളുരുവിലേക്ക് യാത്ര ചെയ്ത അനുഭവമാണ് ദീപ സൈറ എന്ന യുവതി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. രാത്രി യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങുകയായിരുന്നുവെന്നും ബസ് ചാഞ്ഞും ചരിഞ്ഞുമാണ് പോയതെന്നും യുവതി പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഡ്രൈവർ ജോമോൻ! ഇയാളെ കാണുമ്പോൾ എനിക്കോർമ വരുന്നത് ജീവനും കയ്യിൽ പിടിച്ച് ഉറക്കമില്ലാതെയിരുന്ന ഒരു ബെംഗളൂരു യാത്രയാണ്. കുറെ വർഷം മുൻപാണ്. കല്ലട ബസിലാണ്. സാധാരണ മുൻവശത്തെ സീറ്റ് ഞാൻ തിരഞ്ഞെടുക്കാറില്ല. പക്ഷേ സീറ്റ്ക്ഷാമം കൊണ്ട് എനിക്കന്ന് കിട്ടിയത് ഡ്രൈവർക്ക് പിന്നിലുള്ള സീറ്റാണ്. അതും ജനൽവശത്തെതല്ല. നല്ലത് പോലെ ഒന്ന് പിടിച്ചിരിക്കാൻ പോലും പറ്റുന്നില്ല. ഒട്ടും സ്വസ്ഥമായ ഇരിപ്പായിരുന്നില്ല അത്.
ഡ്രൈവറും ക്ലീനറും ഇരിക്കുന്ന ഭാഗം കർട്ടൻ ഇട്ട് മറയ്ക്കാത്ത ബസ് ആയിരുന്നു അത്. അതുകൊണ്ട് ബസ് പോകുന്ന മുന്നിലത്തെ റോഡ് ബസിന്റെ മുൻവശത്തെ ചില്ലിലൂടെ മുഴുവനായി കണ്ട് കിട്ടിയ സീറ്റിൽ സംതൃപ്തയാവൻ ശ്രമിച്ച്, ഞാൻ മെല്ലെ ഹെഡ്ഫോണിൽ പാട്ട് ഓൺ ആക്കി. യാത്രകൾ അന്നും ഇന്നത്തെ പോലെ ഹരമായത് കൊണ്ടു മാത്രം.
ഒരുപാട് ഇരുട്ടിയപ്പോൾ എല്ലാവരും ഉറക്കമായി. പാട്ടിന്റെ ഓളത്തിലും മുന്നിലെ കാഴ്ചയിലും എനിക്കുറക്കം വന്നില്ല. അറിയാതെയാണ്, വെറുതെയാണ് ഡ്രൈവറെ ഒന്ന് നോക്കിയത്. ഇനിയൊരിക്കലും എന്റെ യാത്ര ബസിലില്ല എന്ന് ഞാൻ തീരുമാനിക്കുന്ന നിമിഷമായിരുന്നു അതെന്ന് ഞാൻ അറിഞ്ഞില്ല. അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്. ഞാൻ നോക്കിയ നേരത്ത് അയാൾ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു. ബസ് അതിവേഗത്തിൽ എന്ന് മാത്രമല്ല, വല്ലാതെ ചാഞ്ഞും ചരിഞ്ഞും പോകുന്നത് പോലെ എനിക്ക് തോന്നി.
എന്റെ പാട്ട് നിന്നു. ഒന്ന് പിടിച്ചു എണീറ്റ് നിൽക്കാൻ പോലും എന്റെ സീറ്റിന് സൗകര്യമില്ല എന്ന് മാത്രമല്ല, എഴുന്നേറ്റ് നിന്നാൽ മുന്നോട്ട് തെറിച്ചു വീഴത്തക്ക സ്പീഡിലാണ് ആ വണ്ടി പോകുന്നത്. ക്ലീനറോടോ ഡ്രൈവറോടോ സംസാരിക്കണമെങ്കിൽ എഴുന്നേൽക്കണം. മുന്നിലെ വലിയ ചില്ലിലൂടെ കാണുന്ന റോഡും, അതിവേഗം പായുന്ന ബസും, ഇരുട്ടും. ആ കാഴ്ച ഞാൻ മറക്കില്ല. ഒടുവിൽ ഞാനെന്റെ അടുത്തിരിക്കുന്നയാളെ വിളിച്ചെഴുന്നേൽപ്പിച്ചു ‘ഡ്രൈവർ ഉറങ്ങുന്നുണ്ട്’ എന്ന് മെല്ലെ പറഞ്ഞു. ആ ചേട്ടൻ എഴുന്നേൽക്കുമ്പോഴേക്കും ദൈവം സഹായിച്ചു ബസ് ഒരു പമ്പിൽ നിർത്തി.
ശുചിമുറിയിൽ പോകാൻ ഞാനും ഇറങ്ങി. തിരികെ ബസിൽ കയറുന്നതിന് മുൻപ് സിഗററ്റ് പുകച്ചു വെളിയിൽ നിൽക്കുന്ന ഡ്രൈവറോട് ‘ഇത്രയും പേരുടെ ജീവനാണ്, ഉറങ്ങല്ലേ ചേട്ടാ’ എന്ന് മാത്രം പറഞ്ഞു. അയാളുടെ മുഖം മാറുന്നത് ഞാൻ കണ്ടു. പിന്നീട് ഉറങ്ങുന്നുണ്ടോ എന്ന് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല എന്നതാണ് സത്യം. പിന്നീട് കേട്ടു കല്ലട ബസുകൾ അപകടത്തിൽ പെടുന്ന നിരവധി വാർത്തകൾ. ഒരു സ്ത്രീയുടെ മരണം. അന്നൊക്കെ ഞാനോർത്തു ഒരുപക്ഷേ ഞാനും അന്ന്.
ടൂർ ഓപ്പറേറ്റർസ് അസോസിയേഷനോടും ബസ് മുതലാളിമാരോടും മത്സരയോട്ടവുമായി റോഡിൽ ട്രാപ്പീസ് കളിക്കുന്ന ഡ്രൈവർമാരോടുമാണ്, ദയവ് ചെയ്ത് ഒരു കാര്യമോർക്കണം. ഒരാളുടെ ശമ്പളം കുറയ്ക്കാൻ വേണ്ടിയാവും ഉറക്കം പോലും കൊടുക്കാതെ നിങ്ങൾ ഡ്രൈവർമാരെ നിരത്തിലിറക്കുന്നത്. അതിൽ പൊലിയുന്ന ജീവനുകൾ ആരുടെയൊക്കെയോ പ്രതീക്ഷകളാണ്. ആരുടെയൊക്കെയോ സ്വപ്നങ്ങളാണ്. ആരുടെയൊക്കെയോ ജീവന്റെ അംശംങ്ങളാണ്.
ഈ അപകടത്തിൽ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളെയോർത്താണ് ഏറെ വേദന. തെറ്റ് ആരുടേതാണ്? ഡ്രൈവറുടെയോ ബസിന്റെയോ ട്രാക്ക് റെക്കോർഡും അവസ്ഥയും നോക്കാതെ വിനോദയാത്രയ്ക്ക് ഈ ബസ് തിരഞ്ഞെടുത്ത സ്കൂൾ അധികൃതർ സമാധാനം പറഞ്ഞേ തീരൂ. ഇത്രയും കേസുകൾ ഉള്ള ഈ ബസ് ഇപ്പോഴും നിരത്തിലിങ്ങാൻ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിൽ, ഉത്തരം പറയേണ്ടത് മോട്ടോർ വാഹനവകുപ്പാണ്.
കേസുള്ള ബസ് നിരത്തിൽ ഇറക്കിയതിനും, വേളാങ്കണ്ണി യാത്ര കഴിഞ്ഞു വന്ന ഡ്രൈവറെ വണ്ടിയിൽ അയച്ചതിനും ലുമിനസ് എന്ന ടൂർ കമ്പനിയുടെ പേരിൽ കേസ് എടുക്കണം.. 9 ജീവനുകൾ നഷ്ടമാക്കിയ ശേഷം കൊല്ലത്ത് പോയി ഒളിച്ചിരിക്കുകയായിരുന്നു ഡ്രൈവർ ജോമോൻ, പിടികൂടിയിട്ടുണ്ട്. റോഡിലെ സ്പീഡ് നിയന്ത്രണ സംവിധാനങ്ങൾ ഒന്നും രാത്രി പ്രവർത്തികമാവുന്നില്ലെങ്കിൽ സർക്കാരും സമാധാനം പറയണം. പോയ ജീവനുകൾ തിരികെ ലഭിക്കില്ല. പക്ഷേ ഇനിയൊന്ന് നഷ്ടപ്പെടാതെ നോക്കണം.
മാതാപിതാക്കളുടെ പണവും സ്വര്‍ണവും മോഷ്ടിച്ചു റമ്മി കളിച്ചതു പിടിക്കപ്പെട്ടതിനു പിറകെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓടുന്ന ട്രെയിനില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറ റയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച പുലര്‍ച്ചെയാണു സംഭവം. മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി സ്വദേശി ആത്മഹത്യയെ കുറിച്ചു വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനുശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടി മരിച്ചത്.
മണപ്പാറയിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി മലയാണ്ടിപ്പെട്ടി സ്വദേശി ആര്‍. സന്തോഷിനെ ഇന്നലെ രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി–മധുര റയില്‍വേ ലൈനില്‍ മണപ്പാറ സ്റ്റേഷനു സമീപമാണു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്നു റയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്. ആറുമാസങ്ങളായി സന്തോഷ് ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നു. വീട്ടില്‍ നിന്നു മോഷ്ടിച്ചായിരുന്നു ഇയാള്‍ കളിക്കാന്‍ പൈസ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ അമ്മയുടെ സ്വര്‍ണമോതിരം കാണാതായി. പണം മോഷ്ടിച്ചു റമ്മി കളിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാതാപിതാക്കള്‍ സന്തോഷിനെ ഫോണില്‍ വിളിച്ച് കാര്യം തിരക്കി. മോതിരം കൈവശമുണ്ടെന്നും ഉടന്‍ വീട്ടിലേക്കു വരുമെന്നും ഇയാള്‍ അറിയിച്ചു. ഇതിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പൊലീസില്‍ പരാതി നല്‍കി തിരച്ചില്‍ നടത്തുന്നതിനിടെയാണു മണപ്പാറ റയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്തിയത്. മരിക്കാന്‍ പോകുകായണെന്നു ബുധനാഴ്ച രാത്രി ഇയാള്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. മരണത്തിന് ഉത്തരവാദി ഓണ്‍ലൈന്‍ റമ്മിയാണന്നും ധാരാളം പണം റമ്മി കളിച്ചു നഷ്ടമായെന്നും ആയിരുന്നു സ്റ്റാറ്റസ്. ഇതിനു ശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടിയെന്നാണു സൂചന. മണപ്പാറ റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യഗോളിനായുള്ള കാത്തിരിപ്പി് കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ 72-ാം മിനിറ്റിലായിരന്നു അവസാനമായത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ ഓവര്‍ ഹെഡ് പാസില്‍ നിന്ന് മഞ്ഞപ്പടയുടെ വിശ്വസ്തനായ അഡ്രിയാന്‍ ലൂണ ഈസ്റ്റ് ബംഗാള്‍ വല കുലുക്കിയപ്പോള്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍ ആദ്യഗോളിന്‍റെ ആവേശ പ്രകടനമായിരുന്നില്ല ആരാധകര്‍ ലൂണയുടെ മുഖത്ത് കണ്ടത്. കൈയില്‍ പച്ചകുത്തിയിട്ടുള്ള മകള്‍ ജൂലിയേറ്റയുടെ ചിത്രത്തിന് നേരെ വിരല്‍ചൂണ്ടി കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി കരയുന്ന അഡ്രിയാന്‍ ലൂണയെന്ന പിതാവിനെയായിരുന്നു. സീസണിലെ ആദ്യ ഗോള്‍ ലൂണ സമര്‍പ്പിച്ചതും മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആറു വയസുകാരി മകള്‍ ജൂലിയേറ്റക്കായിരുന്നു.
ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് സമൂഹമധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലൂണ കുറിച്ചിരുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ലൂണയായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി തുടങ്ങിവെച്ചതും ലൂണ തന്നെയായിരുന്നു. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നിയുടെ ഇരട്ട ഗോളുകളാണ് ആധികാരിക ജയം സമ്മാനിച്ചത്.
പകരക്കാരനായി ഇറങ്ങി 82ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡുയര്‍ത്തിയ കലിയുസ്‌നി രണ്ട് മിനിറ്റിനകം യുക്രൈന്‍ മിസൈലിനെ അനുസ്മരിപ്പിക്കുന്ന ലോംഗ് റേഞ്ചറിലൂടെ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്‍റെ ജയമുറപ്പിച്ചു. 87-ാം മിനിറ്റില്‍ അലക്സി ലിമയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ആശ്വാസ ഗോള്‍ നേടിയത്.
For Julieta #HeroISL #KBFCEBFC #LetsFootball #KeralaBlasters #EastBengalFC pic.twitter.com/TrG9yEDqXM
— Indian Super League (@IndSuperLeague) October 7, 2022
കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (45)യെ കൊലപ്പെടുത്തി തീ കൊളുത്തി മരിച്ചത്. അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ മകന്‍ ആര്‍ജിത്ത് (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് എന്‍ഐ.ിയിലെ ജി-29 എ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ അമ്മയുടെ കരച്ചിലും ഞെരക്കവും കേട്ട് ഉണര്‍ന്നപ്പോള്‍ അച്ഛന്‍ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുന്നതാണ് കണ്ടതെന്ന് ആര്‍ജിത്ത് പോലീസിന് മൊഴി നല്‍കി.
മകന്‍ ഉണര്‍ന്നതോടെ അജയകുമാര്‍ സമാനരീതിയില്‍ മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശ്വാസം പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ മരിച്ചെന്നു കരുതി അജയകുമാര്‍ അടുക്കളയില്‍ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ മകന്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി.ഈ ശബ്ദം കേട്ട് ഉണര്‍ന്ന സമീപത്തെ താമസക്കാരാണ് വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.
മുക്കത്ത് നിന്നും അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിലെത്തിയ സംഘം ഏറെ പരിശ്രമത്തിന് ഒടുവില്‍ വീട്ടിലെ തീയണച്ച് അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടയത്ത് ബിആര്‍ക്കിന് പഠിക്കുകയാണ് ഇവരുടെ മകള്‍ അഞ്ജന. പൂജ അവധികഴിഞ്ഞ് ബുധനാഴ്ചയാണ് പെണ്‍കുട്ടി കോളേജിലേക്ക് മടങ്ങിയത്.
22 വര്‍ഷമായി ഇവര്‍ ഈ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം.അസി. കമ്മിഷണര്‍ സുദര്‍ശന്‍, കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മല്‍, എസ്.ഐമാരായ അഷ്റഫ്, വിപിന്‍ ഫ്രെഡി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹപരിശോധനയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെയാണ് ശാലിനി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.
പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികള്‍ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.
ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിനായി അലക്‌സ് ഒരു ഗോള്‍ മടക്കി.
മത്സരത്തിന്റെ 72ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും മികച്ച മുന്നേറ്റം നടത്തിയ ബ്ലാസ്റ്റേഴ്സിനായി 82ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി വലകുലുക്കി. 88ാം മിനുറ്റി്ല്‍ അലകസ് ഈസ്റ്റ് ബംഗ്ലാളിനായി ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തു. 89ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി ബ്ലാസ്റ്റേഴ്സിനായി മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കി.
ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ കേരളം 3 ഈസ്റ്റ് ബംഗാള്‍ 1. മത്സരത്തില്‍ 22 ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് തൊടുത്തപ്പോള്‍ 10 എണ്ണം ഗോള്‍ ലക്ഷ്യമാക്കാന്‍ മഞ്ഞപ്പടക്കായി. കളിയില്‍ 54 ശതമാനം പന്തടക്കം കേരളത്തിനായിരുന്നു. വിജയത്തോടെ സീസണ് മികച്ച തുടക്കമിടാന്‍ കേരളത്തിനായി. ഈ മാസം 16ന് എടികെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.