India

കൊച്ചിയിൽ ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയിൽ അനാഥയായത് പിഞ്ച് കുഞ്ഞ്. റോങ് സൈഡിലൂടെ ഓവർടേക്ക് ചെയ്ത ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

അപകടത്തിൽ കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍വെച്ചാണ് അപകടം നടന്നത്. പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കവെയാണ് അപകടത്തിന് കാരണമായത്.

ഈ സമയത്ത് ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

അതേസമയം തന്നെ അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം ഉടനെ തന്നെ നിര്‍ത്താതെ പോവുകയായിരുന്നു. മാത്രമല്ല കാവ്യയ്ക്ക് ഒരു പിഞ്ചു കുഞ്ഞ് ഉള്ളതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്.

ട്യൂഷനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യാത്രാമധ്യേ മോശമായ വാക്കുകൾ ഉപയോഗിച്ച ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് ഭയന്നുപോയ പെൺകുട്ടി രക്ഷപ്പെടാനായി അമിത വേഗതയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ വിട്ടുപോവുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷനുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

‘കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറിന്‍റെ തുടര്‍ച്ചയായി ഇന്ന് യുകെ യങ് പ്രൊഫഷനല്‍ സ്‌ക്രീം യഥാര്‍ഥ്യമാക്കിയിരുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും’ എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.

കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

തകഴിയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച ഡിവൈ.എസ്.പി.യുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സാബുവിനെതിരെയാണ് നടപടി. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഡിവൈ.എസ്.പിക്കെതിരേ കേസെടുത്തിരുന്നു.

നവംബര്‍ 11-ാം തീയതി അര്‍ധരാത്രി 12 മണിക്കാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘവും കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

പറഞ്ഞു പറഞ്ഞു മടുത്ത, എന്നാൽ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയമാണ് ജയയുടെ ജീവിതകഥ. പക്ഷേ, കഥപറച്ചിൽ രീതിയിലും ട്രീറ്റ്മെ​ന്റിലും കൊണ്ടുവന്ന വ്യത്യസ്തതയാണ് ചിത്രത്തെ ജനപ്രീയമാക്കുന്നത്. ചേട്ടൻ ഇട്ടുപഴകിയ ടി ഷർട്ട്, ചേട്ടൻ പഠിച്ചു പഴകിയ പാഠപുസ്തകം, കളിയ്ക്കാൻ ചേട്ട​ന്റെ കളിപ്പാട്ടം.. ഒന്നും തന്റേതല്ലാത്ത അവസ്ഥയിലൂടെയാണ് ജയ നീങ്ങുന്നത്. പഠനവും വിവാഹവുമെല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് തന്നെ. ഒടുവിൽ കലുഷിതമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന അതേ വീട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.. “നിനക്ക് എന്തി​ന്റെ കുറവാണ്. നി​ന്റെ ഇഷ്ടത്തിനല്ലേ നിന്നെ ഞങ്ങൾ ഇതുവരെ വളർത്തിയതെന്ന്..!”

പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബ വ്യവസ്ഥയുടെ നെഞ്ചിലേക്കുള്ള ചവിട്ടാണ് ജയ ജയ ജയ ജയ ഹേ. എന്നാൽ അത് മാത്രമല്ല. ടോക്സിക് ആയ പേരന്റിം​ഗിനെയും മതത്തെയും ചിത്രം പ്രശ്നവത്കരിക്കുന്നു. രാജ്ഭവനിലേക്കുള്ള ജയയുടെ വരവ് മുതലാണ് കോൺഫ്ലിക്ടുകളുടെ തുടക്കമെന്ന് പ്രേക്ഷകന് നേരത്തെ മനസ്സിലാകും. എന്നാൽ ജയ സ്വന്തം ജീവിതത്തിൽ ജനനം തൊട്ടേ കോൺഫ്ലിക്ടുകൾ നേരിടുന്നവളാണ്. അതിനെ സധൈര്യം നേരിടാനുള്ള കരുത്ത് രാജ്ഭവനിലെ ‘ഇടിയപ്പ’ത്തിലൂടെ അവൾക്ക് ലഭിക്കുന്നുവെന്ന് മാത്രം.

വിവാഹമെന്നാൽ ജീവിതപങ്കാളിയെ തല്ലാനുള്ള അവകാശം കൂടിയാണെന്ന ധാരണയുള്ളവർക്കുള്ള ‘കിക്ക്’ ഷൈജു ​ദാമോദര​ന്റെ കമ​ന്ററിയിൽ നിന്ന് ലഭിക്കും. അത്തരക്കാർ തിയേറ്ററിലിരുന്ന് ചിരിക്കാൻ അല്പം പാടുപെടും. ആണഹന്തയുടെ പര്യായമാകുന്ന രാജേഷ് കോമഡി കഥാപാത്രമല്ല. പൊതുവേയുള്ള പുരുഷസ്വഭാവത്തി​ന്റെ ആകെതുകയാണ് രാജേഷിലും. അമ്മയെക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും ജയയെ മനസിലാക്കാൻ കഴിയുന്ന നാത്തൂനും കുറ്റബോധത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സഹോ​ദരനും ജയയുടെ ജീവിതത്തിൽ കൃത്യമായ പങ്ക് വഹിക്കുന്നു.

കഥാപാത്രനിർമിതി, കഥപറച്ചിൽ രീതി, ക്ലോസ്-അപ്പ് ദൃശ്യങ്ങൾ എന്നിവയെല്ലാം ചിത്രത്തിനുതകുന്ന രീതിയിലുള്ളതാണ്. ദർശനയുടെ ​ഗംഭീര പ്രകടനം ജയ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നു. ജയയുടെ പരിണാമം മുതലങ്ങോട്ട് കാണികളിൽ ചിരി നിറയ്ക്കുന്നതിൽ വിപിൻ ദാസ് വിജയിച്ചിട്ടുണ്ട്. ബേസിൽ ഉൾപ്പെടെ മറ്റെല്ലാ താരങ്ങളും പ്രകടനത്തിൽ മികച്ചുനിൽക്കുന്നു. പശ്ചാത്തലസം​ഗീത മികവ് ചിത്രത്തെ കൂടുതൽ എൻഗേജിങാക്കുന്നുണ്ട്. “ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ..” എന്ന ​ഗാനത്തിലുണ്ട് സിനിമ പകരുന്ന സന്ദേശം. ചിത്രത്തി​ന്റെ ഫൈനൽ ആക്ട് നേരത്തെ ഊഹിക്കാൻ കഴിയുന്നതാണ്.

✨️Bottom Line – ജീവിതയാഥാർത്ഥ്യത്തെ അക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് രസകരമായി പറയുകയാണ് വിപിൻ ദാസ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ഈ സറ്റയർ ദൃശ്യമാണ്. ഗാർഹികപീഢനത്തിൽ തുടങ്ങി, സ്ത്രീകൾ സ്വന്തമായി ആർജിക്കേണ്ട കായികക്ഷമതയെയും കരുത്തിനെപറ്റിയും പറയുന്നുണ്ട് ജയ. ജയയുടെ ജയവും ജീവിതവും ഒട്ടുമിക്ക പേർക്കും റിലേറ്റബിളാണ് ഹേ!

റിയാദിൽ മലയാളി ട്രെയിലർ ഇടിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് – ദമ്മാം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

അബൂഹൈതം പെട്രോള്‍ പമ്പിലെ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിവരുമ്പോള്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവും. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കറാണ് സംഭവത്തില്‍ ലൗ ജിഹാദും സംശയിക്കുന്നതായി പ്രതികരിച്ചത്. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഞാൻ ലവ് ജിഹാദാണ് സംഭവം എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നൽകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ദില്ലി പോലീസിനെ ഞാൻ വിശ്വസിക്കുന്നു, അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്.

ശ്രദ്ധ അവളുടെ അമ്മാവനുമായിട്ടായിരുന്നു കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരുന്നത്, എന്നോട് അധികം സംസാരിച്ചിരുന്നില്ല. ഞാൻ ഒരിക്കലും അഫ്താബുമായി സംസാരിച്ചിരുന്നില്ല. മുംബൈയിലെ വസായിലാണ് ഞാൻ ആദ്യമായി ശ്രദ്ധയെ കാണാനില്ലെന്ന് പരാതി നൽകിയത്” എന്നും പിതാവ് വ്യക്തമാക്കി.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി. പിന്നാലെ ഒരു കൊലപാതകം ചെയ്താല്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്നും എങ്ങനെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കാമെന്നും ഗൂഗിളില്‍ തിരഞ്ഞു.

മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. ഇതിനിടെ ശ്രദ്ധയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലും ഉപേക്ഷിച്ചു. മൂന്നു വർഷം മുൻപ്, ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്. കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കിയ അതേ വീട്ടില്‍ അതേ മുറിയിലായിരുന്നു പിന്നീടും യുവാവ് കഴിഞ്ഞിരുന്നത്.

ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ച ഫ്രിജിൽത്തന്നെ അഫ്താബ് ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ഫ്രിഡ്ജില്‍ കാമുകിയുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കെ തന്നെ മറ്റൊരു യുവതിയെ പലതവണ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചിരുന്നു.

ഇതും ഡേറ്റിംഗ് ആപ്പിലൂടെ തന്നെ പരിചയപ്പെട്ട പെണ്‍കുട്ടി. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. ഇതുവരെ 12 മൃതദേഹ ഭാഗങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവയെല്ലാം ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ശ്രദ്ധയെ പരിചയപ്പെടുന്നതിനു മുൻപും അഫ്താബിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകത്തിനു മുൻപ് അഫ്താബ് നിരവധി ക്രൈം സിനിമകളും അമേരിക്കൻ ക്രൈം സീരിസായ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി വെബ് സീരിസുകൾ കണ്ടിരുന്നു.

ദില്ലിയിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. ബിരുദം പൂർത്തിയാക്കിയ അഫ്താബ് കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, 18 ദിവസങ്ങളില്‍ പുലർച്ചെ 2 മണിക്ക് ശരീരഭാഗങ്ങൾ ദില്ലിയിലെ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചെന്നാണ് അഫ്താബ് പറഞ്ഞത്.

കേരളത്തിലും വിദേശത്തുമായി സ്‌റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ കേരളാ ഹൈക്കോടതിയിൽ ഹർജി നൽകി നടി സണ്ണി ലിയോൺ. കേസ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് ആണ് താരത്തിനെതിരെ പരാതി നൽകിയത്.

2018-19 കാലത്ത് തട്ടിപ്പ് നടത്തിയെന്നാണ് സൂപ്പർ താരത്തിനെതിരെയുള്ള കേസ്. എന്നാൽ ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണും തന്റെ ഹർജിയിൽ ആരോപിക്കുന്നു. 2018 മേയ് 11-നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകർ ഇതിന് 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചെന്നും ഹർജിയിൽ പറയുന്നു. 15 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.

പിന്നീട് ഷോ 2018 ഏപ്രിൽ 27-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26-ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു. ഈ സമയത്ത് ഷോയുടെ ബഹ്‌റൈനിലെയും തിരുവനന്തപുരത്തെയും കോ-ഓർഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് എത്തി. പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീടു പല തവണ ഈ പരിപാടി നീണ്ടു പോയി.

ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ ദിനത്തിൽ ഷോ നടത്താൻ സംഘാടകർ തയ്യാറായി. ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനെ തുടർന്നാണ് ഷോ നടത്താതിരുന്നതെന്നും സണ്ണി ലിയോൺ ഹർജിയിൽ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷം 18 വയസുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടിയുടെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധയ്ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫുട്ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായിരുന്നു.

തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്‍ പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു.

സര്‍ജറി വിജയകരമായിരുന്നു. എന്നാല്‍ കാലില്‍ ചുറ്റിയ കംപ്രഷന്‍ ബാന്‍ഡേജ് വളരെ മുറുക്കം ഉണ്ടാകുകയും കാലിലെ രക്തയോട്ടം ഇല്ലാതാക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതായും രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തതായും ആരോഗ്യ മന്ത്രി മാ സുബ്രഹ്‌മണ്യം പറഞ്ഞു.

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു. അതോടൊപ്പം തന്ന്നെ അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍ ശിവ പ്രശാന്ത്. സംസ്‌കാരം നാട്ടില്‍ നടക്കും.അതേസമയം, യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.

കൂടാതെ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിതാവും മകനും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും സംഭവസ്ഥലത്ത് തന്നെ പിതാവും മകനും മരിക്കുകയുമാണ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതാണ്.

കൂടാതെ 53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് 23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായതെന്ന് മരണപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കി. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായ വിവരം ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വേണം വാഹനമോടിക്കാനെന്ന് ഫുജൈറ പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെടുകയുണ്ടായി.

RECENT POSTS
Copyright © . All rights reserved