മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകന്മാരില് ഒരാളാണ് സലിം കൊടത്തൂര്‍. ഇപ്പോഴിതാ വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സലീം. ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെയാണ് സലീം കൊടത്തൂര്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
താനൊരു മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായത് കൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന് സലീം പറഞ്ഞു. ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടല്ലെന്നും നേരത്തെയുമുണ്ടായിരുന്നുവെന്നും ഗായകന് കൂട്ടിച്ചേര്‍ത്തു.
താന്‍ പലപ്പോഴും കൊച്ചി എയര്‍പ്പോട്ടില്‍ നിന്നാണ് യാത്ര ചെയ്യാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറത്ത് വീടുള്ളപ്പോഴും സമീപത്ത് മറ്റൊരു എയര്‍പോട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൊച്ചിയില്‍ യാത്ര ചെയ്യുന്നതെന്ന ചോദ്യങ്ങള്‍ നേരിടേണ്ടിട്ടുണ്ടെന്നും സലീം കൊടത്തൂര്‍ പറയുന്നു.
കൊച്ചി എയര്‍പോട്ട് തെരഞ്ഞെടുക്കുന്നത് തനിക്ക് വീട്ടിലേക്ക് എത്താന്‍ എളുപ്പത്തിനാണ്. പാസ്പോര്‍ട്ട് നോക്കിയ ശേഷം വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ് അടിവസ്ത്രം വരെ ഊരി പരിശോധിച്ചിട്ടുണ്ടെന്നും മലപ്പുറത്തുള്ള ചിലര്‍ തെറ്റുചെയ്തെന്ന് കരുതി എല്ലാ മലപ്പുറംകാരും അതുപോലെ ചെയ്യണമെന്നുണ്ടോ എന്നും സലീം ചോദിക്കുന്നു.
എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ജോലിയുടെ കാര്യം പറഞ്ഞുകൊടുത്തു, ചെയ്ത വര്‍ക്കുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്നും എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകന് പറയുന്നു. തനിക്ക് തന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
‘ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് . ഞാന്‍ മനസിലാക്കുന്നത്, ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമെന്നാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയിൽ നിന്ന് കൊലപാതകം നടത്തി ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യാക്കാരനായ രാജ്‌വേന്ദ്രർ സിംഗാണ് കുറ്റവാളി. 2018ൽ ആണ് സംഭവം. ബീച്ചിൽ സവാരിക്കിറങ്ങിയ 24കാരിയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇന്നിസ്‌ഫാളിൽ നഴ്സായി ജോലി ചെയ്‌തിരുന്ന രാജ്‌വീന്ദർ കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. ക്വീൻസ്‌ലാൻഡ് പൊലീസാണ് ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് റെക്കോഡ് തുക പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ളവർ തന്നെ തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്വീൻസ്‌ലാൻഡ് പൊലീസ് പറയുന്നു.കൊലപാതകം നടന്നത് ഒക്‌ടോബർ 21നാണ്. പിറ്റേദിവസം തന്നെ രാജ്‌വേന്ദ്രർ സിഡ്‌നിയിൽ എത്തുകയും, തുടർന്ന് ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു. ഇയാൾ ഇന്ത്യയിലേക്കാണ് കടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Anyone with information regarding the case or the whereabouts of Rajwinder Singh is urged to contact Queensland Police through the online portal (https://t.co/dWGfIYaKbX). In addition, anyone in Australia with information can call Crime Stoppers on 1800 333 000. pic.twitter.com/vd3e1W1SM7
— Queensland Police (@QldPolice) November 2, 2022
യുവതിയെയും മക്കളെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് യുവതി അയച്ചിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്ന് സഹോദരന്‍ പറഞ്ഞു. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.
ഇന്നലെ ഭര്‍ത്താവിന്‍റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സഫ്‍വ ആത്മഹത്യ ചെയ്‍തെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സത്യാവസ്ഥ പുറത്തെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. താനിന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പറയുന്നത്. താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വിമാനത്തിന്റെ ചിറക് കെഎസ്‌ആർടിസി ബസിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ബസിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസിന്റെ മുൻവശം പാടേ തകർന്നു. ബുധനാഴ്‌ച പുലർച്ച ബാലരാമപുരം ജംഗ്‌ഷനിലായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറടക്കം അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചുകയക്കുകയായിരുന്നു.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിച്ചിരുന്ന എ-320 വിമാനം ഇനിയും ഉപയോഗിക്കാൻ കഴിയില്ലെന്ന് കണ്ട് നാല് വർഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാംഗർ യൂണിറ്റിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇതിനുമുൻപ് 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.
ആക്രിയായി വിറ്റ വിമാനത്തിനെ 75 ലക്ഷം രൂപയ്‌ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കുകയായിരുന്നു. വിമാനം വിവിധ ഭാഗങ്ങളാക്കി നാലോളം വാഹനങ്ങളിലാണ് ഇത് ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനിടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ ട്രെയിലർ ലോറിയുടെ ഡ്രൈവർ ഉടൻ ഇറങ്ങിയോടി. ഇതോടെ വലിയ ബ്ളോക്കാണ് സ്ഥലത്തുണ്ടായത്. ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങിയ മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് ലോറി സ്ഥലത്തുനിന്നും മാറ്റുന്നത്.
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മലിനെയും റിമാൻഡ് ചെയ്തു. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോൾ കുടിച്ചതെന്ന ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. ഗ്രീഷ്മയെയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ വിലയിരുത്തൽ. ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ കളനാശിനിയുടെ കുപ്പി ഉൾപ്പെടെ ഇരുവരുടെയും കൊണ്ടുള്ള തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. ഇതിനപ്പുറം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലടക്കം ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുകയാണ്.
പോലീസ് കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും നിർമൽ കുമാറിനെ നെയ്യാറ്റിൻകര കോടതിയിലുമാണ് നിലവിലുള്ളത്. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വ്യക്തമായേക്കും.
പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദ്ദനമേറ്റ യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി സഹദാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപം വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കവെ മൂന്ന് പേർ ചേർന്ന് സഹദിനെ മർദ്ദിക്കുകയായിരുന്നു. വാക്കുതർക്കം മർദ്ദനത്തിലേക്ക് മാറുകയായിരുന്നു. തലക്ക് പരുക്കേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശല്യം ചെയ്യുന്നവര്‍ ഉണ്ടാക്കുന്ന ഭയത്തെ കുറിച്ച് നടി പാര്‍വതി തിരുവോത്ത്. സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ടെന്നും പന്ത്രണ്ട് വര്‍ഷത്തോളമയി പലരേയും ഭയന്ന് ദീവിക്കുകയാണെന്നം താരം വെളിപ്പെടുത്തി.
ന്യൂസ് മിനിറ്റിനോട് പ്രതികരിക്കുകയായിരുന്നു താരം. അഭിനയം ആരംഭിച്ച കാലം തൊട്ട് വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ട്. മുന്‍പ് ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ജീവിച്ചത്. അക്കാലത്ത് രണ്ട് പുരുഷന്‍മാര്‍ എന്റെ അഡ്രസ് തപ്പി വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തും. പോലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
ഇന്ന് അത് ആലോചിക്കുമ്പോള്‍ തോന്നുന്നു അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു എന്ന്. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെന്നാണ് പാര്‍വതി ഇതേകുറിച്ച് പറഞ്ഞത്.
എന്റെ കുടുംബത്തെക്കുറിച്ച് മോശം പറയുക, എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ എഴുതുക. വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നുവെന്നും എവിടെ പോയാലും അവിടെ എത്തുമായിരുന്നു എന്നും താരം വെളിപ്പെടുത്തി.
ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. സിസിടിവി ഉണ്ടായിരുന്നു അവിടെ. ആ ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ടു. കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി.
എന്നാല്‍, പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.
ഒരാള്‍ നമ്മളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെങ്കില്‍ ഒരിക്കലും പരാതി നല്‍കാന്‍ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. എന്നിരുന്നാലും ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും സ്ത്രീകളോടായി പാര്‍വതി പറയുന്നു.
ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് കഴുത്തില്‍ കുരുക്കിട്ട മരിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് മരണപ്പെട്ടു. ഭാര്യയോട് സംസാരിച്ചുകൊണ്ട് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. തൊടുപുഴ ഡയറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്‌സണ്‍ (25) ആണ് മരിച്ചത്.
കഴുത്തില്‍ കുരുക്ക് മുറുക്കിയാണ് ഇയാള്‍ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചത്. താന്‍ തൂങ്ങിമരിക്കാന്‍ പോകുകയാണെന്നു പറഞ്ഞതോടെ ഭയന്ന ഭാര്യ ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞ് മറ്റുസുഹൃത്തുക്കളും ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു.
വിവിധയിടങ്ങളിലുണ്ടായിരുന്ന ജെയ്‌സന്റെ സുഹൃത്തുക്കള്‍ ഫോണില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഹെദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്‌ഐ ബൈജു പി ബാബുവിനെ വിവരമറിയിച്ചു.
പോലീസ് സംഘം ഇരച്ചെത്തി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്‌സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു.
അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘവും ഫയര്‍ഫോഴ്സും ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴേക്കും ജയ്സണ്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. കെട്ടഴിച്ച് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
നിയന്ത്രണം വിട്ട കാർ കിണറിലേയ്ക്ക് പതിച്ച് രണ്ട് മരണം. അച്ഛനും മകനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയും (58) മകൻ ബിൻസും (18) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
മാർ അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഇന്നലെ രാത്രിയാണ് കുടുംബം തിരിച്ച് വീട്ടിലെത്തിയത്. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാർ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
മകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഉച്ചയോടെ മകനും മരണപ്പെടുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരേതരായ ലൂക്കോസ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കൾ: ആൻസ്, ലിസ്, ജിസ്.
വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും ,മലയാളിയുമായ വൈദീകന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.
വൈദീകര്‍ താമസിക്കുന്ന വസതിയില്‍ എത്തിയാണ് മലയാളി വൈദീകനായ ഫാ. ബോബിറ്റ് തോമസിന് നേരെ അതിക്രമം നടത്തിയത്.ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദീകന് കുത്തേല്‍ക്കുകയും ചെയ്തു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് .
വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദീകര്‍ താമസിക്കുന്ന വീട്ടിലെത്തിയ അക്രമിയാണ് വൈദീകനെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇതേ വീട്ടില്‍ താമസിക്കുന്ന മറ്റ് രണ്ട് വൈദീകരും സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.
വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അല്‍ഫോന്‍സസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ വൃത്തങ്ങള്‍ വെളിപ്പെടുത്തി