India

ഓണാസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ലന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ച് എക്കാലത്തും വാര്‍ത്തകളെത്താറുണ്ട്. ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് ഏറെ തവണ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്ട്രീയത്തോട് ഒരിക്കലും താല്‍പ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നുമാണ് താരം പറയുന്നത്. ഏത് പാര്‍ട്ടിയായാലും അതിന്റെ നല്ല ആശയങ്ങളോട് സഹകരിക്കുമെന്നും അവയിലൂടെ സഞ്ചരിക്കുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

‘എനിക്ക് രാഷ്ട്രീയം ഒരിക്കലും എക്‌സൈന്റ്‌മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ല അത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്കും പോകാന്‍ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുക ആണെങ്കില്‍, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാര്‍ട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോള്‍, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേര്‍ ആ ധാരണകള്‍ ഇല്ലാതെയാണ് സംസാരിക്കുന്നത്.’ ഒരു പാര്‍ട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാന്‍ സാധിക്കൂവെന്നും മോഹന്‍ലാല്‍ പറയുന്നു.

അതേസമയം, നടന്‍ മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുകയാണെന്നും വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ പേരും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് താരം തന്റെ രാഷ്ട്രീയ നിലപാട് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയിലടക്കം തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും താരം പ്രതികരിച്ചു. തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് തോന്നണമെന്നും വിമര്‍ശനങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ലെന്നും താരം പറയുന്നു.

മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ നടനാണ് ബാല. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് ജനങ്ങളോട് പറയുകയാണ് ബാല. ഓണാശംസകൾ അറിയിച്ച് കൊണ്ട് നടൻ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

തനിക്ക് തിരുവോണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിലായി പോയെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ ഓണത്തിന് തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി താൻ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. സ്നേഹത്തിന് വില സ്നേഹം മാത്രമാണ്. നമുക്ക് സ്നേഹം നേടണമെങ്കിൽ അത് കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം ഒരിക്കലും നേടാൻ കഴിയില്ലെന്നാണ് ഒന്നാമത്തെ പോയിൻ്‍റായി അദ്ദേഹം പറയുന്നത്.

സെക്കന്റ് പോയിന്റ്, താൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യാണ്, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണെന്നും അദ്ദേഹം പറയുന്നു.

പിന്നെ താൻ പഠിച്ച മറ്റൊരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി കൊടുക്കുക. അതിനേക്കാൾ വലിയ കാര്യം വേറെ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലമത്തെ പോയിന്റ് എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട് എന്നതാണ്.

അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനമാണോന്നും. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനമാണെന്നും അദ്ദേഹം പറയുന്നു.

1997ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞി കൊച്ചിയിലും എത്തിയിരുന്നു. തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. 1997 ഒക്ടോബര്‍ 17നായിരുന്നു അത്. അന്ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണം രാഞ്ജിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് താജ് മലബാര്‍ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈല്‍ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്.

അന്നത്തെ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശന വേളയില്‍ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു.

അന്ന് കൊച്ചിയിലെ പരദേശി സിനഗോഗും രാഞ്ജി സന്ദര്‍ശിച്ചിരുന്നു. സിനഗോഗ് വാര്‍ഡന്‍ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേര്‍ന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും ഇവര്‍ സന്ദര്‍ശിച്ചു.

മാന്നാറിൽ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ വിജയികളായ പോലീസ് ടീമിന് എതിരെ ആരോപണം. പോലീസേ ടീം തുഴഞ്ഞ നിരണം ചുണ്ടന്റെ വിജയം എതിരാളികളായ ടീമിനെ വെള്ളത്തിൽ മുക്കിയാണെന്നാണ് ആരോപണം. നിരണം ചുണ്ടൻ തുഴഞ്ഞ പോലീസുകാർ, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെയാണ് ചതിപ്രയോഗത്തെ കുറിച്ച് ആരോപണം ശക്തമായത്.

ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ നിരണം ചുണ്ടന് കപ്പും പാരിതോഷികവും നൽകരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്നലെ വൈകിട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടൻ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടൻ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളി വെള്ളത്തിലേക്ക് ഇടുകയായിരുന്നു.

ഇതോടെ ചെറുതന ചുണ്ടൻ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. മത്സരത്തിന് പിന്നാലെ പോലീസുകാർക്ക് ട്രോഫിയും പാരിതോഷികവും നൽകരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികൾ സംഘടിച്ച് പ്രതിഷേധിച്ചപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ഉത്തരവിട്ടിട്ടുണ്ട്.

ബോളിവുഡ് നടൻ റൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ വെച്ചാണ് താരദമ്പതികളെ പ്രവർത്തകർ തടഞ്ഞത്. ബീഫ് ഇഷ്ടമാണെന്ന റൺബീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്.

ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റൺബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. അതേസമയം, പ്രതിഷേധക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റൺബീർ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൈബറിടത്ത് നിറഞ്ഞത്.

ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റൺബീർ പറഞ്ഞിരുന്നു. ശേഷം, അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.

ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്‌കരണാഹ്വാനം തകൃതിയായി നടക്കുന്നത്. 11 വർഷങ്ങൾക്ക് മുമ്പ് റോക്ക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റർവ്യൂ ആയിരുന്നു ഇത്. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ബജ്രംഗ്ദർ പ്രവർത്തകർ താരദമ്പതികളെ തടഞ്ഞത്.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ‘ഭാരത് ജോഡോ’ എന്ന പേരില്‍ നടത്തുന്ന പദയാത്ര ഇന്ന് ആരംഭിക്കും. രാജീവ് ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരില്‍ ഇന്ന് രാവിലെ ആദ്യം എത്തി രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തി. പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കന്യാകുമാരിയിലേക്ക് അദ്ദേഹം പോകും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ 118 സ്ഥിരം അംഗങ്ങളാണുള്ളത്.

കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ വൈകുന്നേരം 5 മണിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോവും. 150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും.

ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 9 അംഗങ്ങളാണുള്ളത്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, അസംഘടിത തൊഴിലാളി കോൺഗ്രസ്സ് നാഷണൽ കോഡിനേറ്റർ അനിൽ ബോസ്, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍.

11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

വീട്ടിൽ അതിക്രമിച്ച് കടന്ന് 14കാരനെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിക്കൊണ്ട് പോയി. കൊല്ലം കൊട്ടിയത്താണ് സംഭവം. കിഴവൂർ സ്വദേശി ആഷിഖിനെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച സഹോദരിയെയും അയൽവാസിയെയും സംഘാംഗങ്ങൾ അടിച്ച് വീഴ്ത്തി.
പൊലീസിൽ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലൂടെ രാത്രി പതിനൊന്നരയോടെ പാറശാലയിൽ വച്ച് സംഘത്തെ തടഞ്ഞ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.

തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയതായി കൊല്ലം പൊലീസിൽ നിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. രാത്രി 8.36 ആയതോടെ കാർ കഴക്കൂട്ടം കടന്നു. 8.53: കാർ പൂവാർ സ്റ്റേഷൻ പരിധിയിലെത്തി. രാത്രി 10 മണി ആയപ്പോൾ പെ‍ാലീസ് ജീപ്പ് പിന്തുടരുന്നത് കണ്ട് ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.

11.30: പാറശാല കോഴിവിളക്കു സമീപം പെ‍ാലീസ് ഒ‍ാട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും 2 പേരും. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒ‍ാട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിഖിനെ പൊലീസ് രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ടു നിന്ന ഭയാശങ്കയ്ക്ക് അതോടെ അവസാനമായി. ഇരു ജില്ലകളിലെയും പൊലീസുകാരുടെ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് ആഷിഖിന്റെ മോചനത്തിന് വഴി തെളിച്ചത്.

ബന്ധു നിയോഗിച്ച ക്വട്ടേഷന്‍ സംഘം തന്നെയെന്ന് പൊലീസ്. പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണെന്നും തെളിഞ്ഞു.കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഘം തട്ടിക്കൊണ്ടുപോകല്‍ ഏറ്റെടുത്തത് ഒരു ലക്ഷം രൂപയ്ക്കാണ്. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ ലക്ഷ്യം.

തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്‌നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട പെരുനാട്ടിൽ പേ വിഷബാധയേറ്റു മരിച്ച 12 വയസുകാരി അഭിരാമിയുടെ സംസ്കാരം ഇന്ന് . രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് ചടങ്ങുകൾ . ഓഗസ്റ്റ് 13 ന് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്ക കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. അഭിരാമി മരിച്ച ദിവസം തന്നെ കുഴഞ്ഞു വീണ് മരിച്ച ബന്ധുവിന്റെ സംസ്കാരം ഉച്ചയ്ക്ക് ശേഷം നടത്തും.

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് മതിയായ പരിചരണം ആദ്യഘട്ടത്തിൽ ലഭിച്ചില്ലെന്നും നഴ്സും അറ്റൻഡറുമടക്കം മോശമായാണ് പെരുമാറിയതെന്നും അഭിരാമിയുടെ അമ്മ പറയുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. നായ കടിച്ചിട്ട് വന്നതാണെന്ന് പറഞ്ഞിട്ടും മുറിവ് കഴുകി വൃത്തിയാക്കാൻ ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ലെന്നും അമ്മ രജനി പറയുന്നു.

അലക്കു സോപ്പ് കടയിൽ നിന്ന് വാങ്ങി നൽകിയപ്പോൾ ഡോക്ടർ നഴ്സിനോടു മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. എന്നാൽ, നഴ്സ് അറ്റൻഡറോടും അറ്റൻഡർ ഞങ്ങളോടും മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളാണ് ഒടുവിൽ അതു ചെയ്തത്. കണ്ണിന്റെ താഴെയുള്ള മുറിവ് എങ്ങനെ കഴുകണമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇവിടെ മതിയായ ചികിത്സ ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.

ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ അവിടെനിന്നു വിട്ടയച്ചു. എന്നാൽ ഒന്നാം തീയതി വീണ്ടും പ്രശ്നങ്ങളുണ്ടായപ്പോൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ല. തിരികെ വീട്ടിലെത്തിയപ്പോൾ വഷളായി. പിറ്റേദിവസം വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോയി. അന്നാണ് കോട്ടയത്തേക്കു റഫർ ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും അഭിരാമി തീർത്തും അവശയായിരുന്നു’. കടിയേറ്റ അന്നു തന്നെ ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്തിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ടാകുമായിരുന്നെന്ന് കോട്ടയത്തെ ഡോക്ടർമാർ പറഞ്ഞുവെന്നും അമ്മ കൂട്ടിച്ചേർക്കുന്നു.

വർക്കലയിലെ നവ വധുവിന്റെ കൊലപാതകം ആസൂത്രിതം. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് വെളിപ്പെടുത്തി. പ്രതി അനീഷ് ആദ്യം കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയുമായിരുന്നു.

മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. അതിന് ശേഷം ശേഷം ഫാനിൽ കെട്ടി തൂക്കാനും പ്രതി ശ്രമം നടത്തി. പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കണ്ടത്.

നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് ആക്രമിച്ചത്. ജൂലൈ 8 നാണ് ഇരുവരും വിവാഹിതരായത്. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറി. ശേഷം, പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയോടുള്ള അനീഷിൻറെ സംശയമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അനീഷ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്.

RECENT POSTS
Copyright © . All rights reserved