India

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി.

കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്.

എന്നാല്‍ മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചു.

സന്ദീപ് വാര്യര്‍ക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി. പാര്‍ട്ടിയുടെ പേരില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് ജില്ലാ അദ്ധ്യക്ഷന്മാര്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി വരുന്നത്.

സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും നീക്കിയേക്കും. ഇന്ന് കോട്ടയത്ത് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി, ഭാരവാഹി യോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തേക്കും. അച്ചടക്ക ലംഘനം നടത്തിയ വിവിധ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും.

പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി സംസ്ഥാന അദ്ധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണം തേടിയിരുന്നു.

മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കൊലപാതകം നടന്ന രമേശിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി സുരേഷിനെ റിമാ‍ന്‍റു ചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീര്‍ത്തമല കുടിയിലെ രമേശ് കൊല്ലപ്പെടുന്നത്. വാർപ്പ് ജോലിക്കുപയോഗിക്കുന്ന കമ്പി തലയില്‍ കുത്തിയിറക്കിയായിരുന്നു കൊലപാതകം. കൂടെ താമസിച്ചിരുന്ന പിതൃസഹോദരി പുത്രന്‍ സുരേഷ് പിന്നാലെ പിടിയിലായി. രമേശിനെ കൊലപ്പെടുത്തിയ വിവരം

പിതാവിനോടും വനംവാച്ചറോടും സുരേഷ് പറഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒളിവില്‍ പോയ ഇയാളെ ചനന്ദകാടിനുള്ളില്‍ വെച്ചാണ് പിടികൂടുന്നത്. കൊലപാതകം നടന്ന തീര്‍ത്തമല കുടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് മൊഴി നല്‍കി. കൊലപാതകത്തിനുപയോഗിച്ച കമ്പി കഷ്ണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.

കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി.

സമീപത്തുനിന്നു ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡല്‍ പോളി വിദ്യാര്‍ഥിനിയാണ് ദീപ്തി. സഹോദരൻ ദീപക്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളില്‍ കുരുങ്ങി ഹര്‍ഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. അഞ്ച് വര്‍ഷമാണ് ശാരീരിക അസ്വസ്ഥതകളും കഠിനമായ വേദനയും ഹര്‍ഷിന അനുഭവിച്ചത്. ഒടുവില്‍ മൂത്രത്തില്‍ പഴുപ്പിനെ തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് ബ്ലാഡറില്‍ തട്ടിനില്‍ക്കുന്ന നിലയില്‍ സര്‍ജിക്കല്‍ കത്രിക കണ്ടെത്തിയത്.

”ഇനി മറ്റൊരാള്‍ക്കും ഇത്തരം ദുര്‍ഗതിയുണ്ടാവരുത്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ ദുരിതമാണ് അനുഭവിച്ചത്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഞാന്‍ നേരിട്ട പ്രയാസത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം”-എന്നാണ് നോവ് മാറാത്ത ഹര്‍ഷിന പറയുന്നത്.

കോഴിക്കോട്അടിവാരം മുപ്പതേക്ര കണ്ണന്‍കുന്നുമ്മല്‍ കാസിം-റാബിയ ദമ്പതിമാരുടെ മകളും പന്തീരാങ്കാവ് മലയില്‍കുളങ്ങര അഷ്റഫിന്റെ ഭാര്യയുമാണ് മുപ്പതുകാരി ഹര്‍ഷിന. 2012 നവംബര്‍ 23-നും 2016 മാര്‍ച്ച് 15-നും താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ വെച്ചായിരുന്നു ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയകള്‍ നടന്നത്.

മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചുനടത്തി. പിന്നീട് നിരന്തരം ഹര്‍ഷിനയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ആയിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ സിടി സ്‌കാന്‍ പരിശോധനയാണ് യൂറിനറി ബ്ലാഡറിലെ തടസത്തെ തുറന്നുകാണിച്ചത്. വിശദപരിശോധനയില്‍ ബ്ലാഡറിനോട് ചേര്‍ന്ന് 6.1 സെന്റീമീറ്റര്‍ നീളമുള്ള ലോഹഭാഗം കുത്തിനില്‍ക്കുന്നതായി കണ്ടെത്തി.

ഇതോടെ ശസ്ത്രക്രിയക്കിടെ സംഭവിച്ചതാവാമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കുതന്നെ റഫര്‍ചെയ്യുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 17-ന് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റിലുണ്ടായിരുന്നത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന അറ്റംവളഞ്ഞ കത്രികയാണെന്ന് വ്യക്തമായത്. അപകടകരമായ നിലയില്‍ കുത്തിനില്‍ക്കുന്ന സ്ഥിയിലായിരുന്നു ആ കത്രിക.

സെപ്റ്റംബര്‍ 28-ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ തന്നെ ഉടന്‍തന്നെ ആരോഗ്യമന്ത്രിക്കും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് പോലീസിലും പരാതിനല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണത്തിനായി മൂന്നംഗ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇവി ഗോപി പറഞ്ഞു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി, പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി, സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുക. അന്വേഷണറിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വാഹനത്തിന് കുറുകെ പശു ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിലാണ് സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

അപകടത്തില്‍പ്പെട്ട പശുവും ചത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറിയതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചത്. വീട്ടാമ്പാറ- പനമണ്ണ റോഡിലായിരുന്നു അപകടം.

പ്രജിത്തിന്റെ ബൈക്ക്, ഉടമകള്‍ മേച്ചു കൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിടിച്ച പശുവും വീണു. തെറിച്ചുവീണ യുവാവിന്റെ നൈഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറുകയായിരുന്നു.

കൃഷ്ണപ്രജിത്തിനെ ഉടന്‍ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വളളുവനാട് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ശ്രീരാജാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കായംകുളം താലൂക്ക് ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ആണ് ശ്രീരാജ് കായംകുളം ചിറക്കടവം സ്വദേശിയാണ് ഇദ്ദേഹം.

ശ്രീരാജിന്റെ അമ്മ ഈ അടുത്തിടെയാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ശ്രീരാജ് ജീവനൊടുക്കിയതെന്ന് വിവരം.

നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നു. വിഘ്‌നേഷ് ശിവനാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട ആണ്‍ കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.

നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വിവാഹം.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

 

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ഏഴ് മാസമായി പെട്ടി ഓട്ടോയിലും കടത്തിണ്ണയിലും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും തലചായ്ക്കാനായി തെരഞ്ഞെടുക്കേണ്ട ഗതികേടിലാണ് നസീറും പറക്കമുറ്റാത്ത മൂന്ന് കുട്ടികളും. കഴിഞ്ഞദിവസവും രാത്രി ഇവര്‍ കഴിച്ചു കൂട്ടിയത് ഓട്ടോയുടെ പിന്നിലെ തകരഭാഗത്ത് ഷീറ്റ് വിരിച്ചാണ്.

എട്ടുവയസ്സുകാരി മകളും അഞ്ചും പതിനൊന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് നസീറിനൊപ്പം തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. കൊല്ലം ശങ്കേഴ്സ് ജങ്ഷനു സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന പഴയൊരു പെട്ടി ഓട്ടോയിലാണ് ഇവരുടെ ഉറക്കവും പഠിത്തവുമൊക്കെ,

തിരുവനന്തപുരം സ്വദേശി നസീറും മക്കളുമാണ് പെട്ടിഓട്ടോയ്ക്ക് പിന്നില്‍ പാത്രങ്ങളും പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ച് കിടപ്പും ഇവിടെയാക്കിയിരിക്കുന്നത്. വീടുകളില്‍നിന്ന് പഴയ പാത്രങ്ങളും ഇരുമ്പും പ്ലാസ്റ്റിക്കും വാങ്ങി ആക്രിക്കടയിലെത്തിക്കുന്ന ജോലിയാണ് നസീറിന്. തുച്ഛമായ ഈ വരുമാനത്തിലാണ് നാലുപേരുടേയും ജീവിതം. ഇതിനിടയ്ക്ക് വാടകയ്ക്ക് ഒരു വീടെടുക്കാനൊന്നും ഇവര്‍ക്ക് സാധിക്കുന്നില്ല. അന്നന്നത്തെ ഭക്ഷണം മാത്രമാണ് ജോലിക്ക് ലഭിക്കുന്ന കൂലിയില്‍ നിന്നും സ്വന്തമാക്കാനാകുന്നത്.

രാത്രിയില്‍ ഓട്ടോയില്‍ ഉറങ്ങുന്ന കുടുംബം പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനടുത്തുള്ള ശൗചാലയം ഉപയോഗിക്കും.പിന്നീട് മക്കളെ ഒരുക്കി ഒന്‍പതരയോടെ സ്‌കൂളിലാക്കി നസീര്‍ ആക്രി പെറുക്കാന്‍ പോകും. സ്‌കൂള്‍ വിടുന്ന സമയത്ത് തിരികെയെത്തി മക്കളെ കൊണ്ടുപോകും.

തുടര്‍ന്ന് വണ്ടി റോഡരികില്‍ നിര്‍ത്തി റോഡിന്റെ വശത്തുതന്നെ അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കും. അല്ലെങ്കില്‍ കടകളില്‍നിന്നു വാങ്ങും. തെരുവിലേയും എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തിലാണ് കുട്ടികളുടെ പഠനം.

മറ്റൊരു മതത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതോടെ നസീറിനെ കുടുംബത്തില്‍നിന്ന് പുറത്താക്കിയതാണ്. ഇവരാകട്ടെ മാസങ്ങള്‍ക്കുമുമ്പ് പിണങ്ങിപ്പോയി. കൊല്ലം പുള്ളിക്കടയിലെ പൊളിഞ്ഞുവീഴാറായ വീട്ടില്‍താമസിക്കുന്നതിനിടെ ലോക്ക്ഡൗണ്‍ എത്തിയത്. ഈ കാലത്ത് പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ട് ക്യാമ്പിലാക്കി. ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ക്യാമ്പില്‍നിന്ന് തിരിച്ചുപോന്നു.

പിന്നീട് റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ പൊളിഞ്ഞ ഒരു മുറിയിലായി പിന്നീട് താമസം. എന്നാല്‍ ഈ ക്വാര്‍ട്ടേഴ്സ് പൊളിച്ചുപണിയാന്‍ തുടങ്ങിയതോടെയാണ് കൈവശമുള്ള പെട്ടി ഓട്ടോ തന്നെ വീടാക്കിയത്. മഴവന്നാല്‍ നസീര്‍ ഓട്ടോയുടെ മുകളിലൊരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് മേല്‍ക്കൂര ഒരുക്കുന്നത്. എന്നാലും വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം നനയും.

പഠിക്കാന്‍ മിടുക്കരായ മൂവരുടേയും ഭാവിയാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.. മൂത്തമകനെ ചില സംഘടനകള്‍ ഇടപെട്ട് ചങ്ങനാശ്ശേരിയിലെ ഒരു സ്‌കൂളിലാക്കിയിരുന്നു. എന്നാല്‍ അവധിക്ക് വന്ന മകനെ തിരികെ കൊണ്ടുവിടാന്‍ നസീറിന് സാധിച്ചിട്ടില്ല.

നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച കോർപറേഷന്റെ നടപടി വിവാദത്തിൽ. പ്രതിമാസം 5,000 രൂപ വാടക ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്ക് നൽകിയത്. എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വച്ചു.

റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി. മുൻപ് പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാൻ തുടങ്ങിയത് വാക്കുതർക്കത്തിനു വഴിവച്ചിരുന്നു. കോർപറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ അറിയിച്ചു. മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാത്തത് കരാർ ലംഘനമാണെന്നും പരാതികൾ പരിശോധിക്കുമെന്നും കോർപറേഷൻ പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved