India

സംസ്ഥാനത്ത് ഇത്തവണ കാലവർഷം സാധാരണയിലും നേരത്തെ എത്തിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ അതിതീവ്ര മഴയും ആരംഭിച്ച് കഴിഞ്ഞു. ഡ്രൈവിങ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമായേക്കും.

അതിതീവ്ര മഴയുടെ സമയത്ത് കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് നല്ലതെങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകും. ഇത്തരം ഘട്ടങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് മാത്രം വാഹനം ഓടിക്കണം. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിങ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് വാഹനം ഓടിക്കണം, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകും. ഇത് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല.

മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 11 പ്രധാന കാര്യങ്ങൾ

1 . വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

2 . ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിങ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

3 . മഴക്കാലത്ത് സഡൻ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കാൻ സഹായിക്കും.

4 . മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

5 . തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

6 . ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

7 . വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

8 . മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടുമെന്നതിനാൽ വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

9 . പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവീസ് സെൻ്ററിൽ അറിയിക്കുകയാണ് ഇത്തരം ഘട്ടങ്ങളിൽ ചെയ്യേണ്ടത്.

10 . മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

11 . വാഹനത്തിൻ്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തണം.

മകളെ അതിക്രൂരമായി മര്‍ദ്ദിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലിലാണ് സംഭവം. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്.

എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മാറിത്താമസിക്കുന്ന ഭാര്യയെ തിരികെ കൊണ്ടുവാരാനുള്ള പ്രാങ്ക് വീഡിയോയാണിതെന്നാണ് ജോസ് നല്‍കിയ വിശദീകരണം. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ വൈകിയത്.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോയായി കരുതാന്‍ സാധിക്കില്ലെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കി. തല്ലരുതെന്ന് എട്ട് വയസുകാരിയായ കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.

സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.

താലികെട്ടിനു തൊട്ടുമുന്‍പ് യുവതിക്ക് ആണ്‍സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നതോടെ കല്യാണം മുടങ്ങി. ഇതോടെ വിവാഹമണ്ഡപത്തില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വെള്ളിയാഴ്ച രാവിലെ ഹാസന്‍ ജില്ലയിലെ ആദിപുഞ്ചനഗരി കല്യാണമണ്ഡപത്തിലാണ് നാടകീയസംഭവം.

ഹാസനിലെ ബുവനഹള്ളിയില്‍നിന്നുള്ള യുവതിയുടെയും ആളൂര്‍ താലൂക്കിലെ ഈശ്വരഹള്ളി ഗ്രാമത്തിലെ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പ് വിവാഹവേദിയിലിരിക്കുമ്പോള്‍ യുവതിക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചു.

വധു പെട്ടെന്ന് എഴുന്നേറ്റ് വിവാഹത്തില്‍ താത്പര്യമില്ലെന്നു പറഞ്ഞ് ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമില്‍ച്ചെന്ന് കതകടച്ചു. മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുവതി മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല. ആണ്‍സുഹൃത്തില്‍നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് വരന്റെ കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറി. ഇതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ലായി. തുടര്‍ന്ന് പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.

മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്.

യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം.

മൃതദേഹം നാട്ടില്‍ എത്തിച്ച്‌ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ – പ്രീത (മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ റിട്ട. അധ്യാപിക). സഹോദരി – അനഘ.

പ്ലസ് ടു ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥി മരിച്ചു. ചന്തക്കവലയിൽ കാറിടിച്ച് പെൺകുട്ടി മരിച്ചു. തോട്ടയ്ക്കാട് സ്വദേശിനിയായ അബിത (18) ആണ് മരിച്ചത്. അബിതയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 7 മണിയോടെ അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. ഇന്നലെ പുറത്ത് വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അച്ചടക്ക നടപടികള്‍ ഇതിനകം സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. സര്‍വീസില്‍ നിന്നും ഒന്‍പത് പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്‌സോ പ്രകാരം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (രണ്ട് അധ്യാപകരും, 1 ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും ഏഴ് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തി ഇരുപത്തി നാല്-ഇരുപത്തിയഞ്ച് അക്കാഡമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് രണ്ട് അധ്യാപകരുമാണ് ഉള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനം വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. 30,145 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വിജയ ശതമാനത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 39,242 പേർ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു.

വിജയ ശതമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. ജില്ലയിൽ 83.09 ആണ് വിജയം. ഇക്കൊല്ലം കേരളത്തിൽ ഏറ്റവും കുറവ് വിജയം കാസർഗോഡ് ജില്ലയിലാണ്. 71.09 മാത്രമാണ് വിജയം.

സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് 69.16 ശതമാനവും കൊമേഴ്സ് 74.21 ശതമാനവും. എയ്ഡഡ് വിഭാഗത്തിൽ – 82.16 ശതമാനം, അൺ എയ്ഡഡ്-75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ- 86.40 ശതമാനം എന്നിങ്ങനെയാണ് വിജയം.

ഉപരി പഠനത്തിന് യോഗ്യത നേടാത്തവർക്ക് ആശങ്ക വേണ്ടെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം.

ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം.

വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേര്‍ന്നുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ ഒരാളാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇയാളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്നാണ് വിളിപ്പിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നാണ് വിവരം.

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറ‍ഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കാതെ റോഡ് ഉപരോധിച്ചതോടെ തളിപ്പറമ്പ് ആർഡിഒ സ്ഥലത്തെത്തി ചർച്ച നടത്തി. എൻഎച്ച് ഐ പ്രൊജക്റ്റ് മാനേജറും പരിശോധനയ്ക്കായുളള വിദഗ്ധ സംഘവും സ്ഥലത്ത് ഉടൻ എത്തുമെന്ന് ഉറപ്പിന്മേൽ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിലുള്ളത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റർ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ തലപ്പാറയിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഇന്ന് തൃശ്ശൂർ -ചാവക്കാട് ദേശീയപാതയിൽ 50 മീറ്ററിലേറെ വിള്ളൽ രൂപപ്പെട്ടു.

RECENT POSTS
Copyright © . All rights reserved