കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു.
കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു ഗുരുവായൂരിൽ നിന്നു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.
ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.
അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു തടസ്സമായി.അപകടം നടന്ന ഉടൻ ദൃക്സാക്ഷികളിൽ ചിലർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം 2 കൺട്രോൾ റൂം വാഹനങ്ങൾ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടൻ, അതുവഴി കാറിൽ പോകുകയായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരെ വാഹനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽപെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവർത്തകർ കുഴങ്ങിയത്.
ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയിൽ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വയർലെസിലൂടെ നിർദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചു.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു (94) അന്തരിച്ചു.
തൃശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949ലാണു ജോലിയിൽ പ്രവേശിച്ചത്. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായി സർദാർ വല്ലഭായ് പട്ടേൽ വിവിധ സ്ഥലങ്ങളിൽ പോയപ്പോഴും ശ്രീലങ്കയുമായി കരാർ ഒപ്പുവയ്ക്കാൻ രാജീവ് ഗാന്ധി പോയപ്പോഴും വിമാനം പറത്തിയത് കുഞ്ഞിപ്പാലുവാണ്.
ഇന്ത്യൻ എയർലൈൻസിന്റെ സൗത്ത് ഇന്ത്യ റീജനൽ ഡയറക്ടറായി 1989ൽ വിരമിച്ചു. പിന്നീടാണ് ആലുവയിൽ താമസമാക്കിയത്. സഹോദരൻ ടി.എ.വർഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു.സംസ്കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: പരേതയായ റൂബി. മക്കൾ: ആൻജോ, ജോജോ. മരുമക്കൾ: മനീഷ, ജീന (എല്ലാവരും യുഎസ്).
പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് മുംബൈയ്ക്ക് സമീപമുള്ള വസായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഭർത്താവിനെ താനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.
അവധ് എക്‌സ്‌പ്രസ് ട്രെയിൻ വരുന്നതുകണ്ട് പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങിക്കിടന്ന യുവതിയെ ഭർത്താവ് ഉണർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കുറച്ചുസമയം സംസാരിച്ചുനിന്ന ഭർത്താവ് ട്രെയിൻ അടുക്കുമ്പോൾ ഭാര്യയെ വലിച്ചിഴച്ച് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം മറ്റൊരു ബെഞ്ചിൽ ഉറങ്ങിക്കിടന്ന 2 കുട്ടികളെയും കൊണ്ട് വേഗത്തിൽ അവിടെനിന്ന് പോകുന്നതും വിഡിയോയിലുണ്ട്.
ഞായറാഴ്ച ഉച്ച മുതൽ ഭാര്യയും ഭർത്താവും വസായ് സ്റ്റേഷിനുണ്ടായിരുന്നുവെന്നും സംഭവത്തിനു ശേഷം പ്രതി ദാദറിലേക്കും അവിടെ നിന്ന് കല്യാണിലേക്കും പോയതായി റെയിൽവേ പൊലീസ് അറിയിച്ചു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി താനെയിലെ ഭിവണ്ടി ടൗണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
shocking video has emerged of a woman sleeping on the platform at Vasai railway station being pushed down by her husband. @saamTVnews @SaamanaOnline @ANI @AmhiDombivlikar @zee24taasnews @ pic.twitter.com/q0OrFTlePg
— .ℝ (@Rajmajiofficial) August 22, 2022
അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡെന്‍സിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ഡെന്‍സിയുടെ സംസ്‌കാരം നടത്തിയത്. കുഴിമാടം നാളെ തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.
നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്നു മക്കളുടെ അമ്മയായ ഇവര്‍ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്. മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുന്‍പു മാത്രമാണു കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നു പറയുമ്പോള്‍ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസെത്തി മൊഴിയെടുത്തു.
കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി കിട്ടിയത്. ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനത്തില്‍.
ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഓഗസ്റ്റ് 27 (ശനി) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
24-08-2022: ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ.
25-08-2022: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
26-08-2022: എറണാകുളം, ഇടുക്കി.
27-08-2022: എറണാകുളം, ഇടുക്കി.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കർണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
25-08-2022 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
24-08-2022 മുതൽ 25-08-2022 വരെ: തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
26-08-2022 : കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
26-08-2022: ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു. മാർച്ചിലാണ് ഹരിയാനയിലെ സിർസയിൽനിന്നു വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻഛന്നു നഗരത്തിൽ വീണത്.
സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. പോർമുനയില്ലാതിരുന്ന മിസൈൽ വീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായതായി പാകിസ്ഥാൻ സൈനിക വക്താവ് മേജർ ബാബർ അക്ബർ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മാർച്ച് ഒൻപതിനു വൈകിട്ട് 6.43നു വിക്ഷേപിച്ച മിസൈൽ 6.50നാണ് ലക്ഷ്യം തെറ്റി പാകിസ്ഥാനിൽ വീണത്. അറ്റകുറ്റപ്പണികൾക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ ഖേദിക്കുന്നതായും ആളപായമില്ലാത്തതിൽ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ബിജെപി നേതാവ് സൊനാലി ഫോഗട്ട് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാർക്കൊപ്പം ഗോവ സന്ദർശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ഇവിടെനിന്നു ജയിച്ച കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ് കഴിഞ്ഞമാസം എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നു. സൊനാലിയും കുൽദീപ് ബിഷ്നോയ്‌യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സൊനാലി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്.
ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്‍സും ഉണ്ടായിരുന്നു. 2006ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണു ബിജെപിയിൽ ചേർന്നത്. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സൊനാലി പങ്കെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സൊനാലിയുടെ റീൽസുകൾക്ക് ആരാധകരേറെയാണ്
ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ് ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.
വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
വിഴിഞ്ഞം തുറമുഖ നിമ്മാണ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും. അത്തരം ആവശ്യം അംഗീകരിക്കാനാവില്ല. പദ്ധതി നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും തുറമുഖ മന്ത്രി പറഞ്ഞു. പദ്ധതി കാര്യമായ തീരശോഷണം ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം സമരത്തെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. വിഴിഞ്ഞം സ്വദേശികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ജനവിരുദ്ധവും വികസന വിരുദ്ധവുമാണ്. ആരുടേയും വീടും ജീവനോപാധികളും നഷ്ടപ്പെടില്ല. ക്യാംപുകളില്‍ കഴിയുന്ന 355 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും. വാടക സര്‍ക്കാര്‍ നല്‍കും.
പുനരധിവാസത്തിനായി 2900 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. 276 വീടുകള്‍ പൂര്‍ത്തികരിക്കും. മുട്ടത്തറ, ബീമാപള്ളി, വെസ്റ്റ് ഹില്‍, പൊന്നാനി എന്നിവിടങ്ങളില്ലൊം ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.
മണ്ണെണ്ണ- 36,000 പരമ്പരാഗത മത്സ്യബന്ധനയാനങ്ങളില്‍ 90% എണ്ണവും മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല് ഒരു ലക്ഷം കിലോ ലിറ്ററില്‍ അധികം മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ 25,000 കിലോ ലിറ്റര്‍ മാത്രമാണ് കേന്ദ്രം സബ്‌സിഡിയായി അനുവദിക്കുന്നത്. മണ്ണെണ്ണ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ മുഴുവന്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇന്നലെ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരിസ്ഥിതി ആഘാതം- തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണ നടക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹരിത ്രൈടബ്യൂണലിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. അതെല്ലാം തള്ളിയതാണ്. തീരശോഷണം ഉണ്ടാവില്ലെന്ന് കേന്ദ്രവും വിദഗ്ധ റിപ്പോര്‍ട്ട് നല്‍കിയത്. അതുപ്രകാരമാണ് നിര്‍മ്മാണം ആരംഭിച്ചത്.
നൂനമര്‍ദ്ദവും ചുഴലിക്കാറ്റുമാണ് തീരശോഷണത്തിന് പ്രധാന കാരണം. വലിയതുറ, ശംഖുമുഖം എന്നീ തീരശോഷണങ്ങളുടെ കാരണം തുറമുഖ നിര്‍മ്മാണമാണെന്ന് പറയാന്‍ കഴിയില്ല.
ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്നതാണെന്ന് പറയാനാവില്ല. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണ്. മത്സ്യെത്താഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാക്കാലത്തും മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ഓഖിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. 20 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയത്. അതിനൊപ്പം രണ്ട് ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി നല്‍കി. ദുരിതാശ്വാസമായി ലഭിച്ച മുഴുവന്‍ തുകയും ആ മേഖലയ്ക്ക് നല്‍കി.
തീരദേശ മേഖലയിലെ പട്ടയ അപേക്ഷകളില്‍ ഭൂരിപക്ഷവും സിആര്‍സെഡ് പരിധിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ഇപ്പോള്‍ അത് നല്‍കാനാവില്ല.
മത്സ്യെത്താഴിലാളികളുടെയും കുടുംബങ്ങളുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയിരുന്നു. മത്സ്യബന്ധന യാനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര ബസ് സര്‍വീസ്, മറൈന്‍ ആംബുലന്‍സ് എന്നീ സൗകൗര്യങ്ങളും ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പദ്ധതി ഒച്ചിഴയുന്നപോലെയാണ്. പുനധരിവാസം നടക്കുന്നില്ല. തീരശോഷണം ഉണ്ടാകുന്നില്ലെന്ന സര്‍ക്കാരും അദാനിയും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വസ്തതയുള്ള കമ്പനിയെ പഠനമേല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ കഴിയുന്ന ക്യാംപുകള്‍ വളരെ ശോചനീയാവസ്ഥയിലാണെന്ന് എം.വിന്‍സെന്റ് പറഞ്ഞു. സിമന്റ് ഫാക്ടറിയുടെ ഗോഡൗണിലുമടക്കമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.