India

കൊവിഡ് വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഛർദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തിൽ ഹൃദയാഘാതമല്ല മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ അനിൽകുമാർ അജിത ദമ്പതികളുടെ മകൾ ദേവി അനിൽകുമാർ (12) ആണ് മരിച്ചത്. ഹൃദയഭിത്തികളിൽ രക്തസ്രാവമുണ്ടായിരുന്നു. വാക്സിന്റെ അലർജി കാണാൻ സാധിച്ചില്ല. പതോളജി, കെമിക്കൽ റിപ്പോർട്ട് വന്നേ ശേഷമേ കൂടുതൽ വിവരം നൽകാൻ കഴിയൂവെന്ന് ഫോറൻസിക് വിഭാഗം ഡോക്ടർ അറിയിച്ചു.

ശനിയാഴ്ച അതിരമ്പുഴ പി.എച്ച്.സിയിൽ നിന്നാണ് വാക്സിൻ എടുത്തത്. രാത്രിയിൽ രണ്ട് തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കടുത്ത പനിയും, ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണം സംഭവിച്ചു. ശനിയാഴ്ച 174 പേർക്ക് കോർബീ വാക്സിൻ നൽകിയിട്ടുണ്ടെന്നും മറ്റാർക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പി.എച്ച്.സി അധികൃതർ പറഞ്ഞു. മൃതദേഹം എസ്.എച്ച് മൗണ്ട് സെന്റ് മെർസലിനാസ് ഹൈസ്‌കൂളിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരി: ദുർഗ.

മൂഴിയാറിൽ നിന്ന് കാണാതായ പത്താംക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കിൽഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിൻ(33)നെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കും.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷിബിൻ ഇന്നലെ പുലർച്ചെ നാലിനാണ് പെൺകുട്ടിയുമായി നാടുവിട്ടത്. കൊച്ചുകോയിക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് ഷിബിൻ. മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിംഗ് ഓപ്ഷൻ ഇട്ടിരുന്നു. നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു.

പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെ പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.മകളെ കാണാനില്ലെന്ന് അറിതോടെ ഷിബിന്റെ ഫോണിലേക്ക് മാതാവ് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്തു. മൂഴിയാർ ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

എറണാകുളംകലൂരിൽ നടുറോഡിൽ ഇന്നലെയാണ് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിക്കൊണ്ട് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ കത്തി കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആയിരുന്നു ഇത് . ആക്രമിക്കപ്പെട്ട യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ ഡിക്രൂസ്. ഇന്നലെയും ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു. ക്രിസ്റ്റഫർ ആക്രമിച്ചു എന്ന് പൊലീസ് പറയുന്ന സച്ചിൻ ക്രിസ്റ്റഫറിന്‍റെ ഉറ്റ സുഹൃത്ത് ആണ്. സംഭവത്തക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ പറഞ്ഞു.

കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ക്രിസ്റ്റഫർ. ഒപ്പമുണ്ടായ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൃത്ത് മരിച്ചു എന്ന് കരുതിയാകാം ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് കരുതുന്നു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവർക്കുമിടയിലെ തർക്കമെന്തെന്ന് വ്യക്തമല്ല.

ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കഴുത്തിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മഹിള മോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും. ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ പ്രജീവ് ഒളിവിലാണ്. ശരണ്യയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ.

ബി.ജെ.പിയുടെ ജില്ലാ നേതാവും ശരണ്യയും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരണ്യയെ ഭീഷണിപെടുത്തനായി പ്രജീവ് കാണിച്ച വീഡിയോ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആറ് പേജുകളാണ് കുറിപ്പിലുള്ളത്, ശരണ്യയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.

പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ ശരണ്യ വ്യക്തമാക്കുന്നു. പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതി ചേര്‍ത്തു. നരുവാമുട് മൊട്ടമൂട് വള്ളോട്ടുകോണം വീട്ടില്‍ മധുവിന്റെയും മിനിയുടെയും മകന്‍ കിരണിനെ(25)യാണ് കാണാതായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് കിരണിനെ കാണാതായത്. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോയപ്പോള്‍ രണ്ട് സുഹൃത്തുക്കളും കിരണിന് ഒപ്പം ഉണ്ടായിരുന്നു. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞിരുന്നു.അതേസമയം ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കിരണ്‍ കടലില്‍ വീണിരിക്കാമെന്നും പൊലീസ് നിഗമനമുണ്ട്. അന്വേഷണം പുരോഗമിച്ചതോടെ കിരണിനെ കാണാതായതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞുവെന്നാണ് കണ്ടെത്തല്‍.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന ബന്ധുക്കളെ ഉടന്‍ സ്റ്റഷനില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി.

2023ൽ ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2022 നവംബർ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബർ 15-ന് ആഗോള ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന് യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്‌സ്, പോപ്പുലേഷൻ ഡിവിഷൻ, ദി വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്‌സ് 2022 റിപ്പോർട്ടിൽ പറഞ്ഞു. ആഗോള ജനസംഖ്യ 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളരുന്നുത്. 2020 ൽ ഒരു ശതമാനത്തിൽ താഴെയായിരുന്നു വളർച്ച.

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകജനസംഖ്യ 2030ൽ 8.5 ബില്യണിലേക്കും 2050-ൽ 9.7 ബില്യണിലേക്കും ഉയരും. 2080ൽ ലോക ജനസംഖ്യ 1000 കോടി കടക്കും. 2100 വരെ ആ നിലയിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ഇന്ത്യയുടെ ജനസംഖ്യ 1.412 ബില്യൺ (100.41 കോടി). ചൈനയുടേത് 1.426 ബില്ല്യൺ (100.42 കോടി. 2023-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ മാറും. 2050-ൽ ഇന്ത്യയിലെ ജനസംഖ്യ 1.668 ബില്യൺ ആയി ഉയരും.

ലോക ജനസംഖ്യാ ദിനത്തിൽ ലോക ജനസംഖ്യ എട്ട് ബില്യൺ തികയുന്ന വർഷത്തിലാണ്. ആയുസ്സ് വർദ്ധിപ്പിക്കുകയും മാതൃ-ശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്തു- യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അതേസമയം, ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളിൽ മാത്രമായിരിക്കും 2050 വരെയുള്ള ആഗോള ജനസംഖ്യാ വർദ്ധനവിന്റെ പകുതിയിലധികവും കേന്ദ്രീകരിച്ചിരിക്കുന്നത്.

ആഗോള ആയുർദൈർഘ്യം 2019-ൽ 72.8 വയസ്സിലെത്തി. 1990 മുതൽ ഏകദേശം 9 വർഷത്തെ പുരോഗതിയാണ് ആയുർദൈർഘ്യത്തിലുണ്ടായത്. 2050-ൽ ഏകദേശം 77.2 വർഷത്തെ ശരാശരി ആഗോള ആയുർദൈർഘ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. 2021-ൽ വികസിത രാജ്യങ്ങളുടെ ആയുർദൈർഘ്യം ആഗോള ശരാശരിയേക്കാൾ 7 വർഷം പിന്നിലാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്.

റിപ്പോര്‍ട്ടര്‍ ടി.വിയാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വിട്ടത്. പുതിയ യൂട്യുബ് ചാനല്‍ തുടങ്ങുന്ന വിവരം ശ്രീലേഖ ദിലീപിനെ അറിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.

‘എന്റെ യൂട്യുബ് ചാനലാണ് സമയം കിട്ടുമ്പോള്‍ കണ്ടു നോക്കു, ഞാന്‍ ഒറ്റക്ക് ആരുടെയും സഹായമില്ലാതെയാണ് ചെയ്യുന്നത്’ എന്നും ശ്രീലേഖ ചാറ്റില്‍ പറയുന്നു. ‘ഓകെ ഷുവര്‍’ എന്നാണ് ദിലീപ് മറുപടി നല്‍കിയിരിക്കുന്നത്.

2021 ജൂലൈ ഒന്നിന് നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റുകള്‍.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവുമില്ലാതിരിക്കെയാണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നുവന്നതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷയത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴിയെടുക്കുമെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ശ്രീലേഖയുടെ അഭിപ്രായ പ്രകടനങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക.

ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശം.

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നടന്നുകൊണ്ടിരിക്കെ, കേസിലെ പ്രതിയെക്കുറിച്ച് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും എന്നാണ് നിയമവിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.

നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം കലൂര്‍ റോഡിലാണ് സംഭവം. കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇയാളെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവിൻ്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് അഞ്ചേ കാലോടെയാണ് കലൂരിലെ ജനങ്ങളെ ഞെട്ടിച്ച സംഭവം. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് റോഡിലേക്ക് എത്തുന്നതും. ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കള്ളക്കഥകള്‍ മെനയാന്‍ വിദഗ്ധയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. എഎസ്പി ആയിരിക്കെ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിക്കാന്‍ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്ന് ജോമോന്‍ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍വ്വീസില്‍ ഇരിക്കെ ഒരുകേസിലും അന്വേഷണിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രം ശ്രീലേഖയ്ക്കില്ല. ഇത്തരം തോന്നിവാസങ്ങള്‍ പറയാനാണ് അവര്‍ മെനക്കെടുന്നത്. ചാനലിലും പത്രത്തിലുമെല്ലാം വീരവാദം മുഴക്കും. പ്രശസ്തി ലഭിക്കാന്‍ എന്തും പറയുന്ന ആളാണ് അവര്‍. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കള്ളക്കഥകള്‍ മെനയാന്‍ ശ്രീലേഖ വിദഗ്ധയാണെന്ന് ഓരോ ഘട്ടത്തിലും തെളിഞ്ഞുകൊണ്ടരിക്കുകയാണെന്നും ജോമോന്‍ വ്യക്തമാക്കി.

അതിനിടെ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പാണെന്ന ശ്രീലേഖയുടെ വാദം തള്ളി ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറും രംഗത്തെത്തി. ചിത്രം യഥാര്‍ത്ഥമാണെന്നും യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ ബിദില്‍ വ്യക്തമാക്കി.

വിവാദമായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ആര്‍. ശ്രീലേഖ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്‍. ശ്രീലേഖ.

 

തെലുങ്കാനയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആളുകള്‍ കണ്ടത് ഇതുവരെ കാണാത്ത ഒരു പ്രതിഭാസമായിരുന്നു. ആകാശത്തില്‍ നിന്ന് വീണത് തവളകള്‍, ഞണ്ടുകള്‍ എന്നിവയായിരുന്നു. ഒപ്പം ആകാശത്തുനിന്ന് മത്സ്യങ്ങളും വീണു.

ജഗ്തിയാല്‍ പട്ടണത്തിലെ സായ് നഗറിലാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാശത്ത് നിന്ന് ജലജീവികള്‍ മഴയായി വര്‍ഷിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ആളുകള്‍ വിരണ്ടു പോയി. പ്രദേശത്ത് ആ ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് കുറവാണെങ്കിലും, ലോകത്തിന്റെ പല ഭാഗത്തും ഇത് സംഭവിക്കാറുണ്ട്. ഇതിന് കാരണമെന്ന് പറയപ്പെടുന്നത് ഒരു അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമാണ്. ഞണ്ട്, ചെറിയ മത്സ്യങ്ങള്‍, തവളകള്‍ തുടങ്ങിയ ചെറിയ ജലജീവികളെ വാട്ടര്‍ സ്പൗട്ടുകള്‍ വലിച്ചെടുക്കുകയും, പിന്നീട്, വാട്ടര്‍ സ്പൗട്ടിന് ശക്തി നഷ്ടപ്പെടുമ്പോള്‍, ജീവികള്‍ മഴയായി വര്‍ഷിക്കുകയും ചെയ്യുന്നതാണ് അത്.

എ ഡി ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ പ്രകൃതിശാസ്ത്രജ്ഞനായ പ്ലിനി ദി എല്‍ഡറാണ് ഈ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ചിറകുകളില്ലാത്ത, പറക്കാനാവാത്ത മൃഗങ്ങളാണ് ഇത്തരം പ്രതിഭാസത്തിന് ഇരകളാകുന്നത്. 2005-ല്‍, വടക്കുപടിഞ്ഞാറന്‍ സെര്‍ബിയയിലെ ഒഡ്‌സാസി നഗരത്തില്‍ പെയ്ത മഴയില്‍ ആയിരക്കണക്കിന് തവളകള്‍ മഴയോടൊപ്പം താഴെ പതിച്ചതായി പറയപ്പെടുന്നു. അതുപോലെ, 2009-ല്‍ ജപ്പാനിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് തവളകള്‍ക്ക് പകരം വാല്‍മാക്രികളാണ് ഭൂമിയില്‍ പതിച്ചത്.

നമ്മുടെ രാജ്യത്തും കഴിഞ്ഞ വര്‍ഷം മത്സ്യങ്ങള്‍ മഴയായി പെയ്ത ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലായിരുന്നു അത്.

ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ വീഴാന്‍ തുടങ്ങിയതും ആളുകള്‍ പരിഭ്രമിച്ചു പോയി. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഒപ്പം കടല്‍ ജീവികളും മണ്ണില്‍ പതിച്ചു. പ്രദേശം മുഴുവന്‍ ചെറിയ മത്സ്യങ്ങളെ കൊണ്ട് മൂടി. ഈ പ്രതിഭാസത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ വീണു കിടക്കുന്ന മത്സ്യങ്ങളെ ശേഖരിക്കാനായി അവിടെ ഓടി കൂടി.

മേല്‍ക്കൂരകളില്‍ നിന്നും, വയലുകളില്‍ നിന്നും, പറമ്പുകളില്‍ നിന്നും ഒക്കെയായി 50 കിലോഗ്രാം മത്സ്യം നാട്ടുകാര്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം വിഷാംശം കലര്‍ന്ന മീനുകളായിരിക്കുമോ ഇതെന്ന് ഭയന്ന് ചില ആളുകള്‍ അത് ഉപയോഗിക്കാതെ, കുളങ്ങളിലും, അരുവികളിലും കൊണ്ട് പോയി തള്ളിയെന്നും പറയപ്പെടുന്നു.

Copyright © . All rights reserved