മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
ഇതിന് മുമ്പ് കണ്ണൂരില്‍ നടന്ന സി പിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ ഐ ഐ സി സി വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കേണ്ടതില്ല എന്നായിരുന്നു അന്നെടുത്ത തിരുമാനം.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം തൃക്കാക്കരയിലെ കണ്‍വന്‍ഷനില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രസംഗിക്കുകയും, പിണറായിയെ വാനോളം പുകഴ്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തിരുമാനിച്ചത്്. കണ്‍വന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ തന്നെ അദ്ദേഹത്തെ പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സൂചന നല്‍കിയിരുന്നു.
കേരളത്തിന്റെ ഗതാഗതരംഗത്തുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കെ-റെയില്‍ മാത്രമല്ല, എല്ലാ വിധത്തിലുമുള്ള അതിവേഗ യാത്രാസംവിധാനങ്ങളും വേണം. നെടുമ്പാശ്ശേരി വിമാനത്താവളം, വൈപ്പിന്‍-എറണാകുളം പാലങ്ങള്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം വന്നപ്പോള്‍ സ്വാഭാവികമായ എതിര്‍പ്പുണ്ടാകും. കൊച്ചി മെട്രോ എത്ര പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അത്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂ, അത് പിണറായി വിജയന് കഴിയും.
പി.ടി തോമസ് വളരെ അടുത്ത സുഹൃത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.ടിക്കൊപ്പം നിരവധി തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് പി.ടിയില്ല. പി.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ അഛന്‍ മരിച്ചാല്‍ മകന്‍ അവരാണോ അധികാരത്തിലേക്ക് കടന്ന് വരേണ്ടതെന്നാണ് പി ടി ചോദിക്കാറുണ്ടായിരുന്നത്്. ഉമ തോമസിനെ ഇഷ്ടപ്പെടുന്നയാളാണ് താന്‍, എന്നാല്‍ പി ടി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കേണ്ടേ എന്നും കെ വി തോമസ് ചോദിച്ചു.
യുവതിയും യുവാവും ഫ്‌ളാറ്റില്‍ തീ കൊളുത്തി മരിച്ചു, ആറ് വയസുള്ള കുട്ടി രക്ഷപെട്ടു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. നിയമപരമായി വിവാഹതരല്ലാത്ത ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഈ ഫ്ളാറ്റില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ ആറു വയസുകാരനായ മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകീട്ടാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി.
ഉടനെതന്നെ മുറിയില്‍ തീപടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഫ്ളാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന ദിവസം കേരളത്തിൽ കോണ്‍ഗ്രസ് തകരുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. സംസ്ഥാനത്തെ ജനാധിപത്യാനുഭവം തുടര്‍ഭരണത്തിലൂടെ സാധ്യമായി. ഇത് ജൂണ്‍ മൂന്നിനും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജോസ് കെ. മാണി. ഒരുപാട് രോഗികള്‍ എന്നെ വിശ്വസിപ്പിച്ച് അവരുടെ ഹൃദയം ഏല്‍പ്പിച്ചിട്ടുണ്ടെന്നും അതുപോലെ തന്നെ തൃക്കാക്കരയും എന്നില്‍ ഭദ്രമായിരിക്കുമെന്നും ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും പറഞ്ഞു.
കുമാരമംഗലത്ത് നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതി അരുണ്‍ ആനന്ദി(36)ന് 21 വര്‍ഷം തടവും 3.8 ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ കേസിലെ വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ കഠിനതടവും രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തൊടുപുഴ പോക്‌സോ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ അരുണ്‍ ആനന്ദ്. പോക്‌സോ കേസില്‍ അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്‌ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.
ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്‌സോ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ചൂണ്ടിക്കാട്ടി.കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.
സ്വകാര്യ കോളേജിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സൗത്ത് നന്ദനത്തില്‍ പദ്മനാഭന്റെ മകള്‍ സാന്ദ്ര (20)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച ക്ലാസില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മരണത്തിനുമുന്‍പ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികള്‍ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു.
വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു.
കർമഫലം എന്ന് തീർത്തുപറയാൻ കഴിയുന്ന ഒരു സംഭവം. കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അമേരിക്കൻ പൗരൻ അവളുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്ന് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു.
സൗത്ത് കരോലിനയിലെ എഡ്ജ്ഫീൽഡ് കൗണ്ടി പൊലീസ് ശനിയാഴ്ച ട്രെന്റൺ ടൗണിലെ തന്റെ വീടിന്റെ മുറ്റത്ത് 60 കാരനായ ജോസഫ് മക്കിന്നനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ, പുതുതായി കുഴിച്ച കുഴിയിൽ കുഴിച്ചിട്ട നിലയിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഇയാളുടെ കാമുകിയായ പട്രീഷ്യ ഡെന്റ് (65) ന്റെ മൃതദേഹമായിരുന്നു ഇത്. കൃത്യമായ പരിശോധനകൾക്കൊടുവിലാണ് ഇയാൾ കാമുകിയെ കൊന്നതാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ജോസഫ് ഡെന്റിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുന്നതിനിടെ ജോസഫിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
പട്രീഷ്യ ഡെന്റിന്റെ ഇരട്ട സഹോദരി പമേല ബ്രിഗ്‌സിനെ ബന്ധപ്പെട്ടതിനെത്തുടർന്ന് പൂന്തോട്ടത്തിൽ പുതുതായി നികത്തിയ കുഴി പരിശോധിക്കാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. ഡെന്റ് ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒരു സഹപ്രവർത്തകൻ ബ്രിഗ്സിനെ വിളിച്ചിരുന്നു.
ആശങ്കാകുലനായ ബ്രിഗ്‌സ് 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുകയും കാണാതായ തന്റെ സഹോദരിയെക്കുറിച്ച് പൊലീസുകാരോട് പറയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് മക്കിന്നന്റെ മുറ്റത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച, കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കിണറ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാനായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
ഉച്ചയോടെ ആയിരുന്നു അപകടം. കിണറില്‍ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീര്‍ അടക്കമുള്ള തൊഴിലാളികള്‍. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.
രാത്രിയില്‍ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയര്‍ഫോഴ്‌സും നടത്തിയത്. ആദ്യം എത്തിച്ച വലിയ ജെ.സി.ബി. കുഴിയിലേക്ക് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും കരാര്‍ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കിയിരുന്നു.
പൂരപ്പറമ്പിൽ വിതരണം ചെയ്യാൻവെച്ച വിഡി സവർക്കറുടെ ചിത്രമുളള എയർ ബലൂണുകളും മാസ്ക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ കിഷൻ സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചു. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവർക്കറുടെ ഫോട്ടോ പതിച്ച കുടകൾ വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദം.
ഹിന്ദു മഹാസഭയുടെ തൃശൂർ കാര്യാലയത്തിൽ നിന്നാണ് സവർക്കറുടെ പടമുളള എയർബലൂണുകളും മാസ്കും പൊലീസ് കണ്ടെടുത്തത്. പൂരപ്പറമ്പിൽ സവർക്കർ ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാൻ ഒരുങ്ങി എന്നാരോപിച്ചാണ് പൊലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.
കഴിഞ്ഞ ദിവസം തൃശൂർ പൂരം കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവർക്കറിന്റെ ചിത്രമുള്ള കുടകൾ വിവാദമായതിന് പിന്നാലെ പിൻവലിച്ചിരുന്നു. സവർക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്പെഷ്യൽ കുടകൾ പാറമേക്കാവ് ദേവസ്വം ഉൾപ്പെടുത്തിയതിതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സർക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് കുടകൾ പിൻവലിച്ചത്.
പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദർശനത്തിലാണ് കുടകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. സവർക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നിൽകുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയിൽ എംഎൽഎ പി ബാലചന്ദ്രനും ഉണ്ടായിരുന്നു.
ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറേയും ഉൾപ്പെടുത്തിയത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖർ ആസദിനുമൊപ്പമാണ് സവർക്കറേയും ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.
9 എം.എം എന്ന സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞതെന്നും, അതില്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
സിനിമ ഒരു ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്.ഞാന്‍ മഞ്ജു ചേച്ചിയോട് ആദ്യം നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചേച്ചിക്ക് അതായിരിക്കും താല്‍പര്യം എന്ന് തോന്നിയിട്ടാണ് ആ കഥ പറഞ്ഞത്.
എന്നാല്‍, ‘എനിക്ക് ഇതുപോലുള്ള കഥകള്‍ കേട്ട് മടുത്തു ധ്യാന്‍, പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഈ കഥ ചെയ്താല്‍ സ്റ്റീരിയോടൈപ്പ്ഡാവും. അതുകൊണ്ട് ഇതുപോലുള്ള കഥകള്‍ എനിക്ക് ചെയ്യണ്ട. പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാം,’ എന്ന് ചേച്ചി എന്നോട് പറഞ്ഞു. അങ്ങനെയാണ് 9 എം.എം സിനിമയുടെ കഥ ഞാന്‍ ചേച്ചിയോട് പറയുന്നത്.
”ഇത് വലിയ ഒരു സിനിമയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് നമ്മള്‍ ഇത് ചെയ്യുന്നത്. തമിഴില്‍ നിന്നും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ സമയം എടുക്കുന്നത്.
ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ സമയത്ത് ഷൂട്ടിംഗ് തുടങ്ങും എന്ന് വിചാരിക്കുന്നു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് 9 എം.എം നിര്‍മിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.
സാം സി.എസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗാനരചയിതാവ് മനു മഞ്ജിത്, എഡിറ്റര്‍ സംജിത് മുഹമ്മദ്. യാനിക് ബെന്നാണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.
അതേസമയം, രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാവുന്ന ‘ഉടല്‍’ എന്ന ചിത്രം മെയ് 20ന് റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവ പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാനായി മഞ്ജുവിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം മഞ്ജു വാര്യര്‍ സ്ഥിരീകരിച്ചാല്‍ അത് കേസ് അന്വേഷമത്തില്‍ വലിയ വഴിത്തിരിവാകും.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നും ഇവ കണ്ട മഞ്ജു വാര്യര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയില്‍ പറയുന്നു. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.