സോഷ്യൽ മീഡിയയിൽ എവിടെയും കണ്ണൂർക്കാരിയായ മീശക്കാരി ഷൈജയെ കുറിച്ചുള്ള വിശേഷങ്ങളാണ്. മീശയ്ക്ക് പുറത്ത് കാലാകാലങ്ങളായി പുരുഷന്മാർക്കുള്ള കുത്തകയാണ് കട്ടി മീശ വച്ച് ഹൃദയം തുറന്ന് ഷൈജ ചിരിക്കുമ്പോൾ തകർന്നുവീഴുന്നത്. ബിബിസി ന്യൂസിൽ ‘ഷൈജയുടെ മീശ’ വാർത്തയായതോടെ കണ്ണൂർ കണ്ണവം സ്വദേശിയായ ഷൈജയും ഷൈജയുടെ മീശപ്പെരുമയും കേരളത്തിനു പുറത്തേക്കും ഖ്യാതി നേടുകയാണ്.

ആരെന്ത് കളിയാക്കിയാലും എത്ര രൂപ തരാമെന്നു പറഞ്ഞാലും മീശ വടിച്ചിട്ട് ഒന്നിനുമില്ലെന്നാണ് ഷൈജ പറയുന്നത്. വർഷങ്ങളായി ഷീജയ്ക്ക് മീശയുണ്ട്. പിസിഒഡി പോലുള്ള അസുഖങ്ങളുടെയോ ഹോർമോൺ പ്രശ്നങ്ങളുടെയോ അനന്തരഫലമാണോ ഈ മീശയെന്നു ചോദിച്ചാൽ അല്ലെന്ന് ഷൈജ പറയും.

“വർഷങ്ങളായി മീശ എന്റെ കൂടെയുണ്ട്. പിസിഒഡി പോലുള്ള പ്രശ്നങ്ങൾ വല്ലതുമുണ്ടോ എന്നൊക്കെ ആളുകൾ തിരക്കും. എനിക്കതുപോലുള്ള പ്രശ്നങ്ങളൊന്നുമില്ല. മുൻപേ മീശ ഉണ്ടെങ്കിലും അഞ്ചാറുവർഷമായിട്ടാണ് ഇത്രയും കട്ടിവച്ചത്. ‘മീശയുണ്ടല്ലോ വടിച്ചുകള’ എന്നൊക്കെ ആദ്യം കാണുന്നവർ പോലും കമന്റ് പറയും. എന്റെ മുഖത്തല്ലേ, അതവിടെ ഇരിക്കട്ടെ എന്നാണ് എന്റെ മറുപടി,” ഷൈജ  പറഞ്ഞു.

“അന്നുമിന്നുമൊക്കെ മീശ കാരണം ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്. നെഗറ്റീവ് കമന്റുകളൊക്കെ എനിക്ക് ശീലമാണ്. അതൊന്നും എന്നെ ബാധിക്കുന്നേയില്ല. പറയുന്നവർക്ക് എന്തുമാവാമല്ലോ, നാളെ വേറെയൊരു ന്യൂസ് കിട്ടിയാൽ അവരതിനു പിറകെ പോവും. ഇന്ന് എന്റെ മീശയാണെങ്കിൽ നാളെ മറ്റെന്തെങ്കിലും ആയിരിക്കും അവരുടെ പ്രശ്നം, മനുഷ്യരുടെ പ്രകൃതമാണത്.”

“എനിക്കെന്നെ ഭയങ്കര ഇഷ്ടമാണ്. ആ മീശ എന്റെ മുഖത്തിരിക്കുന്നതും.
ഞാനത് മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ല ഒരിക്കലും. മാസ്ക് വെക്കേണ്ടി വരുമ്പോഴുള്ള സങ്കടം എന്റെ മീശ മറഞ്ഞുപോവുമല്ലോ എന്നതാണ്. ഒരിക്കലും ഞാനത് കളയാൻ ശ്രമിച്ചിട്ടില്ല. കളയണം എന്നുണ്ടെങ്കിൽ എളുപ്പമല്ലേ, എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. പക്ഷേ എനിക്കതു വേണ്ട, അതവിടെ കിടക്കട്ടെ. അതും കൂടിയാണ് ഞാൻ. എന്റെ ഭർത്താവിനോ മകൾക്കോ കുടുംബത്തിനോ ഒന്നും പ്രശ്നവുമില്ല.”

“എന്റെ കാഴ്ചപ്പാടിൽ സൗന്ദര്യമെന്നത് തൊലി വെളുപ്പോ മുഖസൗന്ദര്യമോ അല്ല. ആളുകളുടെ മനസ്സിന്റെ സൗന്ദര്യത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. നമ്മളോട് എങ്ങനെയാണോ അവർ പെരുമാറുന്നത് അതാണ് അവരുടെ സൗന്ദര്യത്തെ നിർവചിക്കുന്നത്. പുറംകാഴ്ചയിലുള്ള സൗന്ദര്യത്തിൽ വലിയ കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

“മീശയ്ക്ക് വേണ്ടി താൻ പ്രത്യേകം ഒന്നും ചെയ്യുന്നില്ലെന്നും, രണ്ടറ്റവും ഇറങ്ങിവരുന്ന സമയത്ത് ഒന്ന് ചെറുതായി കട്ട് ചെയ്ത് സുന്ദരമാക്കുക മാത്രമാണ് മീശ പരിചരണം,” ഷൈജ കൂട്ടിച്ചേർത്തു.