India

ചങ്ങനാശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ചു.ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി സ്കൂൾ ഹോസ്റ്റലിൽ ആണ്‌ സംഭവം.വയനാട് മാനന്തവാടി സ്വദേശി അനുവിന്ദ് (16) ആണ്‌ മരിച്ചത്.ക്രിസ്തു ജ്യോതി സ്കൂളിൽ എൻട്രൻസ് കൊച്ചിങ്ങിനായി എത്തിയതായിരുന്നു വിദ്യാർത്ഥി. രാവിലെ ഹോസ്റ്റൽ അധികൃതരും മറ്റ് കുട്ടികളുമാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്.

സ്കൂൾ അധികൃതർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ അസി.എഞ്ചിനീയര്‍ പായോട് വാകയില്‍ ബിനു ആണ് പിതാവ്. മാതാവ്: ഡോ.ജിപിനി (ഗവ.അയുര്‍വേദ ആശുപത്രി, യവനാര്‍കുളം). സഹോദരി: സോനാലി. സംസ്‌കാരം മാനന്തവാടി അമലോത്ഭവമാതാ പള്ളി സെമിത്തേരിയില്‍ നടന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു വർഷത്തിനു ശേഷം തന്റെ അമ്മ സാവിത്രിദേവിയെ കാണാൻ നാളെയെത്തും. മൂന്നു ദിവസത്തെ പര്യടനത്തിന് എത്തുമ്പോഴാണ് തന്റെ അമ്മയെയും കാണാൻ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. മേയ് മൂന്നിന് യാമകേശ്വരിലെത്തുന്ന യോഗി പരിപാടികൾക്ക് ശേഷം തന്റെ ഗ്രാമമായ പഞ്ചൂരിലേക്ക് പോകും.

മകനെ കാണാൻ ആഗ്രഹമുണ്ടെന്ന് 84 കാരിയായ സാവിത്രിദേവി അടുത്തിടെ പറഞ്ഞിരുന്നു. ഈ വാക്കുകൾ ഉൾക്കൊണ്ട് ആണ് യോഗി എത്തുന്നത്. ചായ കട നടത്തുന്ന യോഗിയുടെ സഹോദരി ശശിയുടെ ഒരേയൊരു ആഗ്രഹവും സഹോദരൻ അമ്മയെ കാണാൻ വരണം എന്നതാണ്.

അഞ്ച് വർഷം മുമ്പ് 2017 ഫെബ്രുവരിയിലാണ് യോഗി തന്റെ അമ്മയെ അവസാനമായി കാണുന്നത്. യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് 2020-ൽ അന്തരിച്ചു. കൊറോണ പ്രോട്ടോക്കോൾ കാരണം അച്ഛൻ മരിച്ചിട്ടും യോഗിയ്ക്ക് വീട്ടിൽ എത്താനായില്ല. 2022 ൽ യോഗി ഒരു തെരഞ്ഞെടുപ്പ് റാലിക്കായി ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ പോയിരുന്നുവെങ്കിലും അമ്മയെ കാണാൻ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല.

പഠനത്തിൽ മിടുക്കിയും എല്ലാവരുടേയും പ്രിയപ്പെട്ടവളുമായിരുന്നു എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി ദേവനന്ദ(17). ഭക്ഷ്യവിഷബാധയെ തുടർന്ന് ദേവനന്ദ ജീവൻ വെടിഞ്ഞത് കരിവെള്ളൂർ ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

മൂന്നുമാസം മുൻപാണ് ദേവനന്ദയുടെ അച്ഛൻ മരിച്ചത്. അതിനുശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് വിദ്യാർത്ഥിനി താമസിച്ചിരുന്നത്. പഠനത്തോടൊപ്പം ബാലസംഘത്തിന്റെ പ്രവർത്തകയുമായിരുന്നു. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ദേവനന്ദ ട്യൂഷന് ചേർന്നത്. ഇവിടെ സമീപത്തുള്ള കടയിൽ നിന്നാണ് കൂട്ടുകാരിക്കൊപ്പം ഷവർമ കഴിച്ചതും ഭക്ഷ്യവിഷബാധയ്ക്ക് ഇരയായതും.

ദേവനന്ദയുടെ മരണവിവരം അറിഞ്ഞ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളും പരിഭ്രാന്തരായി. മക്കളെ ചേർത്തുപിടിച്ച് വീട്ടുകാർ കരഞ്ഞു. നാട്ടുകാരുടെ കണ്ണുകളും നിറഞ്ഞു. അവധി പോലും റദ്ദാക്കി ഡോക്ടർമാരും ഓടിയെത്തി. എന്നാൽ മറ്റു കുട്ടികൾക്കൊന്നും ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞതോടെ നിരവധി പേർക്കാണ് ആശങ്കയകന്നത്.

ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആസ്പത്രിയിലെത്തിയവരെ ആശ്വസിപ്പിക്കാൻ ജനപ്രതിനിധികളും നാട്ടുകാരുമെല്ലാമെത്തിയിരുന്നു. മരിച്ച ദേവനന്ദയ്ക്കൊപ്പം ഷവർമ കഴിച്ച അർഷ (15) ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേർ പ്രത്യേക വാർഡിലും ചികിത്സയിലാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള അർഷ അധികം കഴിയും മുൻപേ അസ്വസ്ഥതയിൽനിന്ന് മുക്തിനേടി.

കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ ആർഎംഒ ഡോ. ശ്രീജിത്ത് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ടീം എത്തി. ദേവനന്ദയെ വെന്റിലേറ്ററിലാക്കി രക്ഷപ്പെടുത്താനുള്ള പരിശ്രമവും നടത്തിയിരുന്നു.

വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പ്രെട്രോളൊഴിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു. പൂനെയിലെ മുളമുത നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കൈലാഷ് ശ്മശാനത്തില്‍ ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം.

ചിത പെട്ടെന്ന് ദഹിക്കാനായി ശ്മശാനത്തിലുണ്ടായിരുന്ന ഒരാള്‍ എരിയുന്ന ചിതയിലേക്ക് പെട്രോള്‍ ഒഴിയ്ക്കുകയായിരുന്നു. ഇയാളുള്‍പ്പടെ അടുത്ത് നിന്ന പതിനൊന്നോളം പേരിലേക്ക് തീ കയറിപ്പിടിച്ചു. സാരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന ദീപക് കാംബ്ലെ എന്നയാളുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കിടെയാണ് സംഭവം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാന ജീവനക്കാരുമായി എണ്‍പതോളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാന്‍ഡിങ്ങിനിടെ ആകാശച്ചുഴിയില്‍പ്പെട്ട് സ്‌പൈസ് ജെറ്റിന്റെ മുംബൈ-ദുര്‍ഗാപൂര്‍ വിമാനം. ഞായറാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് ജീവനക്കാരുള്‍പ്പടെ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു.

സ്‌പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണ് ചുഴിയില്‍പ്പെട്ടത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആടിയുലഞ്ഞ വിമാനത്തിനുള്ളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ ബാഗുകളും ഓക്‌സിജന്‍ മാസ്‌കുകളും മറ്റും നിലത്ത് വീണ് കിടക്കുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും കാണാം. ബാഗുകള്‍ തലയിലേക്ക് വീണാണ് മിക്കവര്‍ക്കും പരിക്ക്. ഒരു യാത്രക്കാരന് നട്ടെല്ലിന് സാരമായ പരിക്കുള്ളതായാണ് വിവരം.

സംഭവത്തില്‍ ഖദം പ്രകടിപ്പിച്ച സ്‌പൈസ് ജെറ്റ് ദുര്‍ഗാപൂരില്‍ എത്തിയ ഉടനെ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കിയതായി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഉത്തരവിട്ടിട്ടുണ്ട്.

 

ഷെറിൻ പി യോഹന്നാൻ

ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട്, രാഷ്ട്രത്തിന്റെ സമകാല അവസ്ഥയോട്, നീതിപീഠത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സിനിമ ഒരു ആയുധമാക്കുന്നു. ഇത്തരം സിനിമകൾ നിർമ്മിക്കാനും അതിലഭിനയിക്കാനും പ്രിത്വിരാജ് എന്ന നടൻ തയ്യാറാകുന്നു – അഭിനന്ദനാർഹമായ കാര്യം. ഡിജോ ജോസിന്റെ ‘ജന ഗണ മന’ ഒരു പൊളിറ്റിക്കൽ – കോർട്ട് റൂം ഡ്രാമയാണ്. നമ്മൾ എന്നെങ്കിലുമൊക്കെ ചോദിച്ച, സ്വയം മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമ സധൈര്യം മുൻപോട്ട് വെക്കുന്നത്. അത് വെറുതെ അവതരിപ്പിക്കുകയല്ല. മറിച്ച് ശക്തമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്.

രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയുടെ മരണത്തെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ പെട്ടെന്നു തന്നെ രാജ്യമൊട്ടാകെ വ്യാപിക്കുന്നു. എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണ ചുമതല എസിപി സജൻ കുമാറിനാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത് – ആദ്യ പകുതി വരെ. രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ഡ്രാമയായി ചിത്രം രൂപം മാറുന്നു.

അന്വേഷണത്തിൽ ഭരണകൂടത്തിന്റെ കൈകടത്തൽ ഉണ്ടാവുമ്പോൾ, ഏവരും പ്രതികളെന്ന് വിധിയെഴുതിയവർക്ക് ശിക്ഷ നടപ്പാക്കാൻ കഴിയാതെ വരുമ്പോൾ നീതിയാണോ നിയമമാണോ നോക്കേണ്ടത്? ജനങ്ങളുടെ പൊതുവികാരത്തോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോൾ അതിനെ റദ്ദ് ചെയ്യുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ. ആ കാഴ്ചകളാണ് ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. അവിടെ തെളിയുന്ന കാഴ്ചയും ഉയരുന്ന സത്യങ്ങളും കാഴ്ചക്കാരനെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

എസിപി സജൻ കുമാറായുള്ള സുരാജിന്റെ മികവുറ്റ പ്രകടനമാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. കൂടുതൽ തീവ്രമായി കഥ പറയാൻ ഒരു നിലമൊരുക്കുന്നു എന്നതിലുപരി ഒന്നാം പകുതിയിൽ താല്പര്യമുണർത്തുന്ന കാഴ്ചകൾ കുറവാണ്. “In the matters of conscience the law of the majority has no place” – ഗാന്ധിജിയുടെ ഈ വാചകങ്ങളാണ് രണ്ടാം പകുതിയിലേക്ക് വഴി തുറക്കുന്നത്. അവിടെ നമ്മൾ അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലിനെ കാണുന്നു. രണ്ടാം പകുതിയിലെ കോർട്ട് റൂം സീൻ റിയലിസ്റ്റിക് ആക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. അത് സിനിമാറ്റിക് ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ശക്തമായ സംഭാഷണങ്ങളും മികവുറ്റ കാഴ്ചകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കടന്നുവരുന്നു.

പ്രിത്വിരാജ്, സുരാജ്, വിൻസി, മംമ്ത, ശാരി, പശുപതി രാജ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ, ജെക്സ് ബിജോയിയുടെ ഗംഭീരമായ പശ്ചാത്തലസംഗീതം, ഷാരിസ് മുഹമ്മദിന്റെ ബോൾഡായ സ്ക്രിപ്റ്റ്, രണ്ടാം ഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ എന്നിവയൊക്കെ സിനിമയെ എൻഗേജിങ്‌ ആയി നിലനിർത്തുന്നു. രണ്ടാം ഭാഗത്താണ് ചിത്രം കൂടുതൽ കാര്യങ്ങൾ പറയുക എന്ന് തോന്നുന്നു. അത്തരമൊരു ക്ലൈമാക്സ്‌ നൽകി നമ്മുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.

Last Word – ‘ജന ഗണ മന’ വളരെ ബോൾഡ് ആയ അറ്റംപറ്റ് ആണ്. ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും സിനിമകാഴ്ചയിൽ നമ്മുടെ മനസ്സിലേക്ക് തികട്ടി വരും. പല യാഥാർഥ്യങ്ങളെ കൂടി സ്‌ക്രീനിൽ എത്തിച്ച്, കാലികപ്രസക്തിയുള്ള സിനിമ ഒരുക്കിയെടുത്തത്തിൽ സംവിധായകനും കൂട്ടർക്കും അഭിമാനിക്കാം. തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രം.

ഉടുത്തിരിക്കുന്ന വേഷങ്ങൾ കൊണ്ട് മനുഷ്യരെ വിധിക്കുന്ന, മുൻവിധികളോടെ സമീപിക്കുന്ന, ഭൂരിപക്ഷത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന, ജാതിക്കൊലപാതകങ്ങളും പീഡനവും നിത്യവാർത്തയാകുന്ന ഒരു രാജ്യത്താണ് ഈ ചിത്രം ജനങ്ങളിലേക്ക് ആളിപടരുന്നത്. ഇന്നും ജനങ്ങൾ കയ്യടിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെ (Police Encounter) പ്രതികൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നുണ്ട് ചിത്രം. അത്തരം കൊലപാതകങ്ങൾക്ക് നമ്മൾ കയ്യടിക്കുമ്പോൾ വിളവ് കൊയ്യുന്നത് ആരാണെന്ന് കൂടിയോർക്കണം.

സിനിമയിൽ ഒരധ്യാപകൻ പറയുന്ന ആശയത്തോട് വ്യക്തിപരമായ എതിർപ്പുണ്ട്. ‘അവർ ചുംബന സമരത്തിന്‌ പോയതിനല്ല തല്ല്‌ കൊണ്ടത്‌’ എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടാൻ അദ്ദേഹം പറയുന്നത്. ആ സമരരീതിയോട് വിയോജിക്കാമെങ്കിലും സമരത്തെയും സമര പശ്ചാത്തലത്തെയും പാടെ തിരസ്കരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

Institutional Murder ചർച്ച ചെയ്യാൻ സിനിമ തയ്യാറായെന്നതും പ്രശംസനീയമായ കാര്യമാണ്. ദളിത്‌ വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ച സംഭവവും രോഹിത്‌ വെന്മുലയും ഫാത്തിമ ലത്തീഫുമൊക്കെ ചോദ്യചിഹ്നങ്ങളായി നിൽക്കുന്നത് അവിടെയാണ്. ഇതൊന്നും ‘ഒറ്റപ്പെട്ട’ സംഭവങ്ങൾ അല്ലെന്ന് സിനിമ സധൈര്യം വിളിച്ചുപറയുന്നു.

പ്രശസ്തയായ യൂട്യൂബർ റിഫ മെഹ്നുവിന്റെ മരണത്തെ സംബന്ധിച്ച് ഉയർന്ന ദുരൂഹത നീക്കാൻ പോലീസ് നീക്കം. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി അന്വേഷണസംഘം ആർഡിഒയ്ക്ക് അപേക്ഷ നൽകി. ആർഡിഒയുടെ അനുമതി ലഭിച്ചാൽ ഉടൻ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ദുബായിൽവെച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്നായിരുന്നു ഭർത്താവും സുഹൃത്തുക്കളും റിറയുടെ കുടുംബത്തോട് പറഞ്ഞിരുന്നതെന്ന് വ്യക്തമായി. മെഹ്നു കബളിപ്പിച്ചതായി കുടുംബം പോലീസിൽ നൽകിയ പരാതിയിലും സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മെഹ്നു എന്തിന് കള്ളം പറഞ്ഞെന്ന് കണ്ടെത്താൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

മാർച്ച് ഒന്നാം തീയതിയാണ് റിഫയെ ഭർത്താവ് മെഹ്നാസിനൊപ്പം താമസിക്കുന്ന ദുബായിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വ്ളോഗറും ഭർത്താവുമായ കാസർകോട് സ്വദേശി മെഹ്നാസിനെതിരേ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്തത്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നിട്ടും മോഹന്‍ലാലും ഇടവേള ബാബുവും അടക്കമുളളവര്‍ പ്രതികരിക്കാത്തതിനെതിരെ ബൈജു കൊട്ടാരക്കര

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍

‘വിജയ് ബാബു ചെയ്തത് രണ്ട് തെറ്റുകളാണ്. അതില്‍ ഏറ്റവും വലിയ തെറ്റ് ആ ഇരയുടെ പേര് വെളിപ്പെടുത്തിയതും അതിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതുമാണ്. കഴിഞ്ഞ രണ്ട് മാസമായി നാലഞ്ച് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മദ്യവും രാസലഹരി നല്‍കിയെന്നും അടക്കമുളളത് അവര്‍ തന്നെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ എന്നത് വലിയൊരു ഗ്ലാമര്‍ ലോകമാണ്. സിനിമയിലേക്ക് കയറിപ്പറ്റാന്‍ ആരും എന്തും വഴിവിട്ട് ചെയ്യുന്ന കാലമാണ് ഇന്ന് സിനിമയില്‍. അതിനൊക്കെ പെണ്‍കുട്ടികള്‍ വശംവദരാകരുത്. ആദ്യമൊക്കെ വിജയ് ബാബു വിളിച്ചപ്പോള്‍ ഈ കുട്ടി പോയിട്ടുണ്ടാകാം,

വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടുകയും തല്ലാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത വേറെ കേസുണ്ട്. ആ കേസ് ഒത്തുതീര്‍പ്പാക്കിയതാണ്. വിജയ് ബാബു ഈ കേസില്‍ ഒളിച്ച് നില്‍ക്കുന്നത് ശരിയല്ല.

ആ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് ഇത്ര പ്രയാസം. സ്വന്തക്കാരുണ്ടായത് കൊണ്ടാണ്. ബിനീഷ് കോടിയേരിയുടെ കേസ് വന്നപ്പോള്‍ എന്തുകൊണ്ടാണ് അമ്മയില്‍ നിന്ന് പുറത്താക്കാത്തത്. സംഘടനകള്‍ മുഖം തിരിച്ച് നില്‍ക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം. ഇന്നേ വരെ അമ്മയിലെ ആരെങ്കിലും മിണ്ടിയോ. മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ. ഇവരുടെയൊക്കെ വായില്‍ പഴം തിരുകി വെച്ചിരിക്കുകയാണോ. ചങ്കൂറ്റത്തോടെ തുറന്ന് പറയേണ്ടേ?

ബിജെപി കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ചുവടുറപ്പിക്കാന്‍ പുതിയ നീക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ കേരളത്തിലെ ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാരുമായി നിരന്തര കൂടികാഴ്ച്ചയ്ക്ക് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ആര്‍എസ്എസ് ദേശീയ സമ്പര്‍ക്ക് പ്രമുഖ് രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ശേഷമായിരിക്കും നേതൃതലത്തിലെ മുതിര്‍ന്ന പ്രചാരകരില്‍ ഒരാളായ രാംലാല്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ കാണുക.

ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി രാംലാല്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പാര്‍ട്ടി രണ്ട് തവണയും അധികാരത്തിലെത്തിയത്. ആര്‍എസ്എസ് ഏറ്റവും കൂടുതല്‍ ബിജെപിയിലേക്ക് നിയോഗിച്ച നേതാവ് കൂടിയാണ് രാംലാല്‍. തങ്ങള്‍ക്കൊപ്പമില്ലാത്ത സംഘടനകളേയും വ്യക്തികളേയും നേരില്‍കണ്ട് അനുനയിപ്പിക്കുകയെന്നാണ് രാംലാലിനെ സംഘടന ഏല്‍പ്പിച്ചിരിക്കുന്ന ചുമതല.

കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായുള്ള നിരന്തര കൂടികാഴ്ച്ചയിലൂടെ അഭിപ്രായ ഏകീകരണത്തിനായിരിക്കും ശ്രമിക്കുക. കഴിഞ്ഞ ദിവസം ബിജെപി കേരള പ്രഭാരി സിപി രാധാകൃഷ്ണനും കേന്ദ്ര പിന്നാക്ക ക്ഷേമ മന്ത്രി ജോണ്‍ ബിര്‍ലയും കേരളത്തിലെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാേെവയ സന്ദര്‍ശിച്ചിരുന്നു.

ബി ജെ പി പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ മുന്‍ എം എല്‍ എ കൂടിയായ കേരള രാഷ്ട്രീയത്തിലെ വിവാദ നേതാവിന്റെ കാര്‍മികത്വത്തില്‍ ബി ജെ പി യുടെ കേന്ദ്ര നേതാക്കളും ക്രൈസ്തവ സഭകളിലെ പ്രമുഖരായ ചില ബിഷപ്പുമാരുമായി ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നുള്ള അമ്പരിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസിലെ എം എല്‍ എ മാരായിരുന്ന രണ്ട് പ്രമുഖരും, ഒരു വിരമിച്ച ബിഷപ്പുമാണ് ഇതിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്. ബി ജെ പിയിലെ ക്രിസ്ത്യന്‍ നേതാക്കളില്‍ പ്രമുഖനും പശ്ചിമ ബംഗാളിലെ ആലിപ്പൂര്‍ദ്വാറില്‍ നിന്നുള്ള എം പിയും കേന്ദ്ര ന്യുനപക്ഷ കാര്യ സഹമന്ത്രിയുമായ ജോണ്‍ ബര്‍ല കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സന്ദര്‍ശിക്കുകയും ഇവിടുത്തെ ബിഷപ്പുമാരുമായി ചര്ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബി ജെ പി പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി എന്ന ആശയം ഉരുത്തിരിഞ്ഞ് വന്നത്.

 

വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസ്. പരമാവധി തെളിവ് ശേഖരണം നടത്തിയ ശേഷം ജാമ്യ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കൃത്യമായ നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അപ്പീല്‍ നല്‍കുക.

പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കോടതി നടപടികളില്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാത്തില്‍ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ശക്തമാണ്.

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജ് വിവാദ പരാമര്‍ശം നടത്തിയത്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, വിവാദ പരാമര്‍ശം പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കീഴ്‌ക്കോടതി വിധിക്കെതിരെ പൊലീസ് അപ്പീല്‍ പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പ്രസംഗം നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥലത്തിന്റെ വിവരം, സംഘടന വിവരം എന്നിവ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുണ്ട്.

പി സി ജോര്‍ജിന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതെന്ന് ബോധ്യമായതിനാല്‍ സ്വമേധയ കേസ് എടുക്കുകയായിരുന്നുവെന്നാണ് എഫ്. ഐ. ആറില്‍ പറഞ്ഞിരുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved