ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് സ്വയം പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ചു. ഒഡിൽ സ്വദേശികളായ ഗുല്ലി- ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്.
തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെന്നെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഒടുവിൽ വീട്ടിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ച് കുഞ്ഞിൻ്റെ പൊക്കിൾക്കൊടി മുറിച്ച് മാറ്റിയതും യുവതി ഒറ്റയ്ക്കായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം.
സംഭവം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തി ഗർഭിണിയായ വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും ചികിത്സ തേടാൻ ഉപദേശിച്ചിരുന്നതായും ആശ വർക്കർ പറഞ്ഞു. ആശ വർക്കർ നിർദ്ദേശിച്ചിട്ടും യുവതി ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.
ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിനാ(29)ണ് പിടിയിലായത്. ചോദ്യംചെയ്യലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നടത്തിയ വാഹനമോഷണങ്ങളുടെ ചുരുളഴിഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കിൽനിന്ന് കാർ മോഷണം പോയത്. കടയ്ക്കലിൽ വർക്ക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന് ഇളക്കിയ നമ്പർ പ്ലേറ്റ് മോഷ്ടിച്ച കാറിൽ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തിൽനിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു.
അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറിൽ എത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവർന്ന 400 കിലോയിലധികം റബ്ബർഷീറ്റ് പൊൻകുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്നേഹിതയെ കാണാൻ പോകുംവഴി പാലായ്ക്കുസമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച് അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കാർ ഉപേക്ഷിച്ച് ബസിൽ തിരുവനന്തപുരത്തേക്കു പോയി. മോട്ടോർ സൈക്കിളിൽ വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്‌ഷനിൽ ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.
ഒട്ടേറെ ഇടങ്ങളിൽ സമാനമായി ഇയാൾ വാഹനമോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ൽ കല്ലമ്പലത്ത് കാർ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിൻ കഴിഞ്ഞ ജൂലായിലാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്.
ഓഗസ്റ്റിൽ നെടുമങ്ങാട്ടുനിന്ന് കാർ മോഷ്ടിച്ചതായും പാലക്കാട് കുഴൽമന്ദം തേങ്കുറിശ്ശിയിൽ പെയിന്റുകടയിൽ മോഷണം നടത്തിയതായും പോലീസ് പറഞ്ഞു. സെപ്റ്റംബറിൽ ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂം, കാസർകോട്ടെ യൂസ്ഡ് കാർ ഷോറൂം എന്നിവിടങ്ങളിൽനിന്ന് കാറും ഷൊർണൂരിൽ വാഹന ഷോറൂമിൽനിന്നു പിക്കപ്പ് വാനും പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
ഇതുൾപ്പെടെ പ്രതി ഉൾപ്പെട്ട എട്ട് മോഷണക്കേസുകൾ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോൺ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളിൽ വലയിലാക്കിയത്. കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ, എസ്.ഐ.മാരായ എ.ആർ.അഭിലാഷ്, രജനീഷ്, വാസുദേവൻ, രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജു ഡി.തോമസ്, സി.പി.ഒ.മാരായ എൻ.രാജേഷ്, ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, ഡി.ദീപക്, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മൂന്ന് കൊല്ലത്തിനിടെ നൂറ് പെരുമ്പാമ്പുകളെ വലയിലാക്കിയ അപൂർവ നേട്ടവുമായി വനം വകുപ്പിലെ രോഷ്നി ജി.എസ്. ചൊവ്വാഴ്ച രാത്രി ആര്യനാട്, പുതുക്കുളങ്ങരയിലെ ഒരു വീട്ടിൽ നിന്ന് പിടികൂടിയതാണ് രോഷ്നിയുടെ പാമ്പ് പിടിത്ത കാലയളവിനിടയിലെ നൂറാമത്തെ പെരുമ്പാമ്പ്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും (ബി.എഫ്.ഒ) റാപ്പിഡ് റസ്പോൺസ് ടീം (ആർ.ആർ.ടി) അംഗവുമാണ് രോഷ്നി.
പരിശീലനവും ലൈസൻസും നേടി 2019 അവസാനം മുതലാണ് പാമ്പ് പിടിത്തം രോഷ്നി ആരംഭിച്ചത്. പരിശീലനശേഷം രോഷ്നി ആദ്യമായി എടുത്തതും പെരുമ്പാമ്പ് ആയിരുന്നു. പാമ്പുകളെ ഉപദ്രവി ക്കുന്നതും കൊല്ലുന്നതും വ്യാപകമായതോടെയാണ് ശാസ്ത്രീയമായി പാമ്പുകളെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥക്ക് അനുസരിച്ച് തുറന്ന് വിടാൻ വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. അതിന്റെ ഭാഗമാണ് ഇപ്പോൾ രോഷ്നിയും.
ഏറെപ്രതികൂലവും ദുഷ്കരവുമായ സാഹചര്യങ്ങളിൽ പോലും ധൈര്യമായി ഇറങ്ങി ചെന്ന് അതി സാഹ സികമായി പാമ്പുകളെ പിടികൂടാൻ രോഷ്നി കാട്ടുന്ന മിടുക്ക് ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം പുലർച്ചെ 4.30 ന് വന്ന ഫോൺ സന്ദേശം അനുസരിച്ച്, ഉറക്കം കളഞ്ഞാണ് രോഷ്നി തന്റെ 99ാ മത്തെ പെരുമ്പാമ്പിനെ പിടിക്കാൻ ഇറങ്ങിയത്. കഴിഞ്ഞമാസം രാത്രിയിൽ വിതുര, കളീക്കലിൽ തോട്ടിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വെള്ളത്തിൽ വീണുപോയ സംഭവവും ഉണ്ടായി. പെരുമ്പാമ്പിനെ പിടികൂടുന്ന സാഹചര്യങ്ങളില്ലൊം വലിയ പ്രതിബന്ധങ്ങളെ തരണം ചെയ്തഅനുഭവങ്ങളുമുണ്ട്.
പാമ്പുപിടിത്തം ഹരമാക്കിയ രേഷ്നി ആർ.ആർ.ടിയിൽ എത്തിയ ശേഷം പെരുമ്പാമ്പുകളെ കൂടാതെ, മൂർഖൻ, അണലി, ശംഖുവരയൻ, ചേര, കാട്ടുപാമ്പ്, ചുരുട്ട തുടങ്ങി നാന്നൂറോളം എണ്ണത്തെ ഇതിനകം പിടികൂടിയിട്ടുണ്ട്. കൂടാതെ മരപ്പട്ടി, മുള്ളൻപന്നി, മൂങ്ങ തുങ്ങിയവയെയും സാഹസികമായി വലയിലാക്കി യിട്ടുണ്ട്. പരസഹായം തേടാൻ കഴിയാത്ത രക്ഷാദൗത്യമാണ് പാമ്പ് പിടിത്തമെന്നും അതിനുസൃതമായി ഓരോസ്ഥലത്തെയും നാട്ടുകാരും സഹകരിക്കുന്നതാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും രോഷ്നി പറയുന്നു.
ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമായ ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി.
ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതിൽ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് പറയുകയായിരുന്നു. എന്നാൽ ഭർത്താവ് യുവതിയെ പിന്തിരിപ്പിച്ചു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസിൽ നൽകുകയായിരുന്നു.
വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെംഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നൽകിയത്. ഉടനെ പോലീസ് ബെംഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യസഭാധ്യക്ഷൻ എന്നനിലയിൽ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ച് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിനെ നീക്കാൻ ഇന്ത്യസഖ്യത്തിന്റെ രാഷ്ട്രീയ നീക്കം.
ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. ഉപരാഷ്ട്രപതിയെ നീക്കാൻ നോട്ടീസ് നൽകുന്നത് ചരിത്രത്തിലാദ്യമായാണ്. പ്രമേയത്തിന് രാജ്യസഭയുടെയും ലോക്‌സഭയുടെയും അനുമതി വേണമെന്നിരിക്കേ നിലവിലെ പ്രതിപക്ഷ അംഗബലമുപയോഗിച്ച് ഉപരാഷ്ട്രപതിയെ നീക്കൽ അസാധ്യമാണ്.
ഉപരാഷ്ട്രപതിയെ നീക്കുന്ന പ്രമേയത്തിന് 14 ദിവസംമുൻപ് നോട്ടീസ് നൽകണമെന്നിരിക്കേ ഈമാസം 20-ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തിൽ ഇതുവരില്ലെന്നുറപ്പായി. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അസ്വാരസ്യങ്ങൾക്കിടെ ‘ഇന്ത്യസഖ്യ’ത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയാണ് നോട്ടീസിലൂടെ ലക്ഷ്യമിട്ടത്.
അറുപതോളം രാജ്യസഭാംഗങ്ങൾ ഒപ്പുവെച്ച നോട്ടീസാണ് കോൺഗ്രസ് നേതാക്കളായ ജയറാം രമേഷും നാസീർ ഹുസൈനും രാജ്യസഭാ സെക്രട്ടറിജനറൽ പി.സി. മോദിക്ക് നൽകിയത്. കോൺഗ്രസിനുപുറമേ തൃണമൂൽ കോൺഗ്രസ്, എ.എ.പി., ഡി.എം.കെ., ആർ.ജെ.ഡി., സി.പി.എം., ജെ.എം.എം., സി.പി.ഐ. അംഗങ്ങളാണ് ഒപ്പുവെച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ സഭയിലെ കക്ഷിനേതാക്കളും ഒഴികെയുള്ളവരാണ് ഒപ്പിട്ടത്.
ഉപരാഷ്ട്രപതിയെ നീക്കുന്നതിനെക്കുറിച്ച് ഭരണഘടനയുടെ 67-ബി അനുച്ഛേദത്തിലാണ് പറയുന്നത്. രാജ്യസഭയിലെ ആകെ അംഗങ്ങളിലെ ഭൂരിപക്ഷവും ലോക്‌സഭയിൽ അപ്പോഴുള്ള അംഗങ്ങളിലെ ഭൂരിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കണം. പ്രമേയാവതരണത്തിനുള്ള നോട്ടീസ് 14 ദിവസംമുൻപ് നൽകണം. അതേസമയം, എന്തെല്ലാം കാരണത്താൽ ഉപരാഷ്ട്രപതിയെ നീക്കാമെന്ന് ഭരണഘടനയിലില്ല. രാജ്യസഭാധ്യക്ഷൻ എന്നല്ല, ഉപരാഷ്ട്രപതി എന്നാണ് അനുച്ഛേദത്തിൽ പറയുന്നത്. അവിശ്വാസം എന്നോ ഇംപീച്ച്‌മെന്റ് എന്നോ അല്ല, ‘നീക്കംചെയ്യൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
പാർലമെന്റിൽ വിവിധ പ്രമേയങ്ങൾക്കുംമറ്റും അനുമതിതേടുന്ന നോട്ടീസുകളുടെ കാലാവധി അതത് സമ്മേളനങ്ങൾ കഴിയുന്നതോടെ ഇല്ലാതാവും. എന്നാൽ, ഉപരാഷ്ട്രപതിയെ നീക്കുന്ന വിഷയത്തിൽ ഇത് ബാധകമാണോ എന്നതിൽ അവ്യക്തതയുണ്ട്. ഉപരാഷ്ട്രപതിയെ നീക്കാനുള്ള നടപടികൾ സഭാചട്ടത്തിലല്ല, ഭരണഘടനയിലാണ് പറയുന്നത് എന്നതിനാൽ സഭാധ്യക്ഷന് ഏതുതരത്തിലും വ്യാഖ്യാനിക്കാനാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, നോട്ടീസിന് അടുത്ത സമ്മേളനത്തിലും സാധുതയുണ്ടാകുമെന്ന് എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, പി. സന്തോഷ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. വേദനയോടെയാണെങ്കിലും ഇന്ത്യസഖ്യത്തിന് ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് പ്രതികരിച്ചു.
ജില്ലകളിലെ പ്രധാന നഗരത്തില്‍ ഒരു സ്റ്റോപ്പ് എന്ന വിധത്തില്‍ ചുരുക്കം സ്റ്റോപ്പുകള്‍ മാത്രമാണ് കെഎസ്‌ആർടിസി മിന്നല്‍ ബസ് സർവീസുകള്‍ക്കുള്ളത്. ദീർഘദൂര യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്.
തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്കായി മിന്നല്‍ ബസുകള്‍ സർവീസ് നടത്തുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരം- കട്ടപ്പന കെഎസ്‌ആർടിസി മിന്നല്‍. തിരുവനന്തപുരത്ത് നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ കട്ടപ്പനയിലേക്കും തിരികെയും വരേണ്ടവർക്ക് ഈ ബസിനെ ആശ്രയിക്കാം. മുൻകൂട്ടി നിശ്ചയിച്ച ചുരുക്കം ചില ബസ് സ്റ്റേഷനുകളിലല്ലാതെ കയറുകയില്ലെന്നതിനാല്‍ അനാവശ്യമായി സമയം പോവുകയുമില്ല.
തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 11.55 ന് പുറപ്പെടുന്ന കട്ടപ്പന- തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2355TVMKTP)രാവിലെ ആറ് മണിക്ക് കട്ടപ്പനയില്‍ എത്തും. വെറും ആറ് മണിക്കൂറും ആറ് മിനിറ്റുമാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. തിരുവനന്തപുരം, കൊട്ടാരക്കര,, കോട്ടയം, തൊടുപുഴ, ചെറുതോണി വഴിയാണ് ബസ് പോകുന്നത്. ₹431 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങള്‍, വാരാന്ത്യങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍ നിരക്കില്‍ വർധനവ് ഉണ്ടായേക്കാം.
തിരുവനന്തപുരത്ത് നിന്ന് ബസ് എടുത്താല്‍ നാലാമത്തെ സ്റ്റോപ്പാണ് കട്ടപ്പന. അതായത്, ഇരു നഗരങ്ങള്‍ക്കും ഇടയില്‍ വെറും മൂന്ന് സ്റ്റോപ്പ് മാത്രമാണുള്ളത്. കൊട്ടാരക്കര, കോട്ടയം, തൊടുപുഴ എന്നിവയാണവ.
തിരുവനന്തപുരം -23:55 PM
കൊട്ടാരക്കര – 01:05 AM
കോട്ടയം -02:40 AM
തൊടുപുഴ -03:50 AM
കട്ടപ്പന -06:00 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.
കട്ടപ്പന -തിരുവനന്തപുരം കെഎസ്‌ആർടിസി മിന്നല്‍
കട്ടപ്പനയില്‍ നിന്ന് എന്നാ ദിവസവും രാത്രി 10.30 ന് പുറപ്പെടുന്ന കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2230KTPTVM)പിറ്റേന്ന് രാവിലെ 4.15 ന് തിരുവനന്തപുരത്ത് എത്തും. കട്ടപ്പന – തൊടുപുഴ – കോട്ടയം – കൊട്ടാരക്കര – തിരുവനന്തപുരം റൂട്ടിലാണ് യാത്ര.
കട്ടപ്പന -10:30 PM
തൊടുപുഴ – 112:45 AM
കോട്ടയം – 101:55 AM
കൊട്ടാരക്കര – 1 03:20 AM
തിരുവനന്തപുരം – 1 04:45 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.
കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.
പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന് വിചാരിച്ച് ആദ്യം മത്സ്യത്തൊഴിലാളികള്‍ ഇത് ഗൗരവമായി കണ്ടില്ലെങ്കിലും പിന്നീട് സംശയം തോന്നി അടുത്തേക്ക് ചെന്നപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തുള്ള ആശുപത്രികളില്‍ ഇന്നലെ പ്രസവം നടന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്.
പോത്തൻകോട് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധിക കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. 69കാരി പീഡനത്തിനിരയായതായാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നു. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് വിവരം. ഭിന്നശേഷിക്കാരിയായ വയോധികയും പ്രതി പോത്തൻകോട് സ്വദേശി തൗഫീക്കും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇവരുടെ വീടിനടുത്തുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ തൗഫീഖ് മുൻപ് പോക്‌സോ കേസിലുൾപ്പെടെ പ്രതിയാണ്. വയോധികയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങൾ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു.
രാവിലെ പൂജയ്ക്കായി പൂവ് പറിക്കാൻ പോകുന്ന പതിവ് വയോധികയ്‌ക്കുണ്ടായിരുന്നു.ഇവർ ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലാണ്. കമ്മൽ നഷ്ടപ്പെട്ടു. കൂടാതെ അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ടായിരുന്നു.
മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുക്കാട് സെന്ററിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശി കൂളവീട്ടിൽ ലെസ്റ്റിനാണ് (36) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പുതുക്കാട് ബസാർ റോഡിലാണ് സംഭവം.
കൊട്ടേക്കാട് ഒളമ്പിക്കൽ വീട്ടിൽ ബിബിതക്കാണ് (28) കുത്തേറ്റത്. പുതുക്കാട് ബസാർ റോഡിലെ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ബിബിത ബസിറങ്ങി ബാങ്കിലേക്ക് നടന്നുപോകുന്നതിനിടെ ലെസ്റ്റിൻ ആക്രമിക്കുകയായിരുന്നു.
റോഡിലേക്ക് വലിച്ചിഴച്ചിട്ട് ഒമ്പത് തവണ ഇയാൾ കത്തികൊണ്ട് ബിബിതയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ബസാർ റോഡിലൂടെ നടന്നുപോയ ഇയാളെ പുതുക്കാട് പൊലീസ് പിടികൂടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബിബിത തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.