ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറുകയാണ്. മഞ്ജു വാര്യർ- ദിലീപ് വിഷയത്തെ ചുറ്റിപ്പറ്റിയാണ് വെളിപ്പെടുത്തലുകൾ ഒട്ടുമിക്കതും. ഇപ്പോഴിതാ തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സങ്കടമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുകയാണ്.
കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച് ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത ദിലീപിന് കാവ്യയുമായുളള ബന്ധത്തെക്കുറിച്ച് പറയുന്നത് എന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. ഇക്കാര്യത്തില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നോ എന്നറിയാന്‍ മഞ്ജുവിന് താല്‍പര്യമുണ്ടായിരുന്നു. അത് ഉറപ്പിക്കാന്‍ വേണ്ടിയാണ് മഞ്ജു അതിജീവിതയോട് ഇക്കാര്യങ്ങൾ ചോദിച്ചതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. റിപ്പോർട്ടർ ചാനലിൽ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;
മഞ്ജുവിനോട് പല കാര്യങ്ങളും ഞാൻ ചോദിച്ചിട്ടില്ല. ആകെ ചോദിച്ചത് കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം എപ്പോഴാണ് അറിഞ്ഞത് എന്നതാണ്. അതല്ലാതെ വീടിനുള്ളിൽ ഉണ്ടായ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ട്. മകളുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്.
മകൾക്ക് എപ്പോൾ വേണമെങ്കിലും എന്റയടുത്തേക്ക് വരാം. ഞാൻ കാത്ത് നിൽക്കുകയാണ് എന്ന് അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട്. മഞ്ജു പലരും കണ്ടുപഠിക്കേണ്ട ഡിഗ്നിറ്റിയുള്ള വ്യക്തിയാണ് മഞ്ജു വാര്യർ.
മഞ്ജു അഭിനയം വേണ്ടെന്ന് വെച്ചത് അയാളുടെ താത്പര്യ പ്രകാരമാണോ മഞ്ജുവിന്റെ താത്പര്യ പ്രകാരമാണോയെന്നൊന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ദിലീപിന്റെ വീട്ടിൽ ഉള്ളവർ എല്ലാവരും തന്നെ ദിലീപിനെ ആശ്രയിച്ച് കഴിയുന്നവരാണ്. പഴയ കൂട്ടുകുടുംബ രീതിയിലാണ് ദിലീപ് ജീവിക്കുന്നത്. ഞാനാണ് വീടിന്റെ കാരണവർ എന്നും തനിക്ക് കീഴിൽ എല്ലാവരും നിൽക്കണമെന്നും ചിന്തിക്കുന്നൊരാളാണ് ദിലീപ്.
അവിടെ നിന്നാണ് ഡാൻസ് എന്ന് പറഞ്ഞ് ഒരു പെൺകുട്ടി പുറത്തേക്ക് പോകുന്നത്. അവൾ ഒരു പടി മുന്നോട്ട് വെയ്ക്കുകയാണോയെന്ന ഭയം അയാളിൽ ഉണ്ടായിക്കാണും. എനിക്ക് പല ബന്ധങ്ങളും ഉണ്ടാകും. പക്ഷേ നീ എനിക്ക് കീഴെ അടിമപ്പെട്ട് ജീവിക്കേണ്ട ഭാര്യയാണെന്ന ചിന്തയുള്ളയാളാണ് അദ്ദേഹം. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം അറിഞ്ഞത് കൊണ്ട് മാത്രമായിരിക്കാം മഞ്ജു ആ ബന്ധത്തിൽ നിന്നും പുറത്തുവന്നത്. ഇല്ലേങ്കിൽ അവൾ ഇപ്പോഴും ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നിരിക്കാം.
അച്ഛന്റേയും അമ്മയുടേയും എതിർപ്പ് തള്ളിയാണ് മഞ്ജു വീട് വിട്ട് ദിലീപിനൊപ്പം പോയത്. അതുകൊണ്ട് തന്നെ ഒരു മടക്കം അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇനിയെന്ത് എന്ന ആശങ്ക വളരെ അധികം ഉണ്ടായിരുന്നു അവർക്ക്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം വിശ്വസിക്കാത്ത ഒരാളാണ് മഞ്ജു. എല്ലാം അറിഞ്ഞിട്ടും തന്റെ സുഹൃത്തായ അതിജീവിത അവളോട് ഒന്നും പറഞ്ഞില്ലെന്നായിരുന്നു മഞ്ജുവിന്റെ വിഷമം.
ഇവരെല്ലാവരും ഒരു ദിവസം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് മഞ്ജു ചോദിച്ചത് നിനക്ക് ഇതിനെ കുറിച്ചെല്ലാം അറിയാമായിരുന്നുവോ എന്ന്. അപ്പോഴാണ് അതിജീവിത ദിലീപ് -കാവ്യ ബന്ധത്തെ കുറിച്ച് പറയുന്നത്. മഞ്ജുവിന് കാര്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടണമായിരുന്നുവെന്നത് കൊണ്ടാണ് അതിജീവിതയോട് കാര്യങ്ങൾ ചോദിച്ചത്.
അതിജീവിതയ്ക്കെതിരെ മാത്രമേ അയാൾക്ക് ക്വട്ടേഷൻ കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഒന്നുകിൽ മഞ്ജുവിന് അല്ലേങ്കിൽ അതിജീവിതയ്ക്ക് ക്വട്ടേഷൻ കൊടുക്കണം. കാവ്യയുടെ അമ്മയ്ക്കും കാവ്യയ്ക്കും ക്വട്ടേഷൻ കൊടുക്കാൻ അയാൾക്ക് സാധിക്കില്ല. തന്റെ ജീവിതം ഇല്ലാതാക്കി എന്നാണ് അയാളുടെ വാദം മുഴുവനും.
ഒരു ഭാര്യയെ നിലനിർത്തിക്കൊണ്ട് മറ്റൊരു പെണ്ണുമായി ബന്ധം പുലർത്താൻ അനുവദിക്കാതിരുന്നതായിരുന്നു ദിലീപിന്റെ സങ്കടം. അതില്ലാതാക്കിയതിന്റെ വൈരാഗ്യമാണ് ദിലീപിന്. അതിന്റെ ക്വട്ടേഷൻ കാവ്യയുടെ അമ്മയ്ക്കെതിരെ കൊടുക്കാൻ കഴിയില്ല. അത് നടിക്കെതിരേയെ കൊടുക്കാൻ പറ്റൂ. മഞ്ജു വാര്യരും അതിജീവിതയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ തീര്‍ച്ചയായും പൊലീസിനോട് പറയും’, എന്നും ചർച്ചയിൽ ഭാഗ്യലക്ഷ്നി പറഞ്ഞു.
കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റിലിടിച്ചുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.
കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനി അനുപമ (21) ആണു മരിച്ചത്. രാമങ്കരി പഞ്ചായത്ത് 3ാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും മകളാണ്.
ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കല്‍ ഓലിക്കപാറയില്‍ അമീറിനെ (21) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടം സംഭവിച്ചത്.
രണ്ടുപേരും സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നു.
ജഹാംഖിർപുരിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ രാമനവമിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളിൽ പ്രതികരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന് രൂക്ഷമായ മറുപടിയുമായി മേജർ രവി. താങ്കളെയോർത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജർ രവി ഇർഫാന് മറുപടി നൽകിയത്.
“എന്‍റെ രാജ്യം, എന്‍റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്.. പക്ഷേ…” എന്നാണ് പത്താൻ ട്വിറ്ററിൽ കുറിച്ചത്.
What’s that But !!!? I am a fauji and praying for my batchmate Col jawed Hussain’s sons speedy recovery. That is what we are my country…shame on u man .. love u as a player,nothing more.jaihind
— Major Ravi (@ravi_major) April 22, 2022
ട്വീറ്റിന് മേജർ രവി നൽകിയ മറുപടി ഇങ്ങനെയായിരുന്നു “എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്‍റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകൻ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്‍റെ രാജ്യം.. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയിൽ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്”
ഇർഫാൻ പത്താന്റെ ട്വീറ്റിന് മുൻ ഇന്ത്യൻ താരമായ അമിത് മിശ്ര മറുപടി നൽകിയത് ഇങ്ങനെ “നമ്മുടെ രാജ്യത്തിന് ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്. രാജ്യത്തെ ചിലയാളുകൾക്ക് ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യ പുസ്തകം എന്ന് ബോധ്യമാവുന്നത് മുതല്‍”
My country, my beautiful country, has the potential to be the greatest country on earth…..only if some people realise that our constitution is the first book to be followed.
— Amit Mishra (@MishiAmit) April 22, 2022
കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയെ വെട്ടിലാക്കി യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ മുൻ ചെയർമാൻ റാണാ കപൂറിന്റെ വെളിപ്പെടുത്തൽ. പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺഗ്രസ് നേതാവായ മുരളി ദേവ്റ നിർബന്ധിച്ചെന്ന് റാണാ കപൂർ ഇഡിയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു. പത്മ പുരസ്കാരം കിട്ടാൻ ഇത് സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പ് നൽകി. ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെയും മുരളി ദേവ്റക്കുമെതിരെയുള്ള മൊഴികളുള്ളത്.
മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് നൽകി. പെയിന്റ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മിലിന്ദ് ദേവ്റ (അന്തരിച്ച മുരളി ദേവ്‌റയുടെ മകൻ) പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വെളിപ്പെടുത്തി.
സോണിയയുടെ ചികിത്സക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സഹായിച്ചെന്നും തന്നെ വേണ്ടരീതിയിൽ പരിഗണിക്കുമെന്നും സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായി കപൂർ ഇഡിയോട് പറഞ്ഞു. മിലിന്ദ് ദേവ്റയാണ് ചിത്രം വാങ്ങാൻ തന്നെ നിരന്തരം പ്രേരിപ്പിച്ചത്. ഇതിനായി വീട്ടിലും ഓഫിസിലും എത്തി. ചിത്രം വാങ്ങാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ നിർബന്ധത്തെ തുടർന്നാണ് രണ്ട് കോടി നൽകി ചിത്രം വാങ്ങിയതെന്നും റാണ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
പ്രണയ വിവാഹത്തെയും സാമൂഹ മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു പാസ്റ്ററുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമാകുന്നത്. അപ്പനേയും അമ്മയേയും നാണം കെടുത്തുന്ന ധിക്കാരികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കൊന്നുകളയണമെന്നാണ് പാസ്റ്റര്‍ പറയുന്നത്.
പ്രസംഗഭാഗം ഇതിനോടകം വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം സംസാരിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും കുടുബത്തിനും മാതാപിതാക്കള്‍ക്കും നാണക്കേടുണ്ടാക്കുന്നവരാണ്. അവരെ കൊല്ലണമെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്നും പാസ്റ്റര്‍ പ്രസംഗിച്ചു.
‘വളര്‍ത്തി വലുതാക്കി പാട്ടും പ്രാര്‍ത്ഥനയും സണ്‍ഡേ സ്‌കൂളടക്കം സകല കാര്യങ്ങളും പഠിപ്പിച്ച് വന്നു, അവള്‍ ഏതാണ്ടൊക്കെയോ പാകമായപ്പോള്‍ ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ്, ഗുഡ് ഈവനിംഗ് എന്നൊക്കെ അയച്ച ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
ഗുഡ് മോണിംഗും ഗുഡ് ഈവനിങ്ങൊക്കെ പറഞ്ഞ് തുടങ്ങിയതാ, പിന്നെ കഴിച്ചോ കുടിച്ചോ എന്നൊക്കെയായി, പിന്നെ നീളമുള്ള വാക്കുകളായി, അവസാനം അവന്‍ വിളിച്ചു ഞാന്‍ കഞ്ഞിക്കുഴിയിലുണ്ട്, ഇറങ്ങിപോരാന്‍ പറഞ്ഞു, അവളിറങ്ങിയങ്ങ് പോയി.
ഇങ്ങനെയൊരു സൈസ് നമ്മുടെ വീട്ടിലുണ്ടെങ്കില്‍ എന്ത് ചെയ്യണം അവളെ? അവളെ പുരോഹിതന്മാരുടെ കയ്യില്‍ കൊണ്ടുകൊടുക്കണം, അവര്‍ അവളെ പാളയത്തിന് പുറത്തുകൊണ്ടുപോയി ചുട്ടുകളയും, അവളെ വെച്ചേക്കരുത്. അന്യ പുരുഷന് വിധേയപ്പെട്ട, അപ്പനേയും അമ്മയേയും ആക്ഷേപം വരുത്തിയവളെ വീട്ടില്‍ വെക്കരുത് ചുട്ട് കളയണം.
പിഴച്ച പെണ്‍കുട്ടിയെ ചുട്ട് കളയുകയാണെങ്കില്‍ ധിക്കാരിയായ മകനെ പിടിച്ചുകെട്ടി മൂപ്പന്മാരുടെയും പുരോഹിതന്മാരുടെയും അടുത്ത് കൊണ്ടുപോകണം. അവനെ ഉന്തിതള്ളി പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം’ എന്നുമാണ് പാസ്റ്റര്‍ പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കമന്റുകളിട്ടിട്ടുണ്ട്.
യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകര്‍ വിദേശ യാത്രയ്ക്കൊരുങ്ങുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു പ്രഭാകറിന്റെ യാത്ര. ബസുകളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്ന അദ്ദേഹം നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലും പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. അതേസമയം വിദേശയാത്രയ്ക്ക് വേണ്ടി ബിജു പ്രഭാകറിന് യാത്രാ ചെലവിനായി ദിവസേന 100 ഡോളര്‍ നല്‍കണമെന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത് വലിയ സമരത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സിഎംഡിയുടെ വിദേശയാത്ര.
ഇതാദ്യമായല്ല കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
തോമസ് ചാക്കോ
ഹിമാചൽപ്രദേശ് : ഇന്ത്യ മുഴുവനിലും ശക്തമായ സംഘടന സംവിധാനങ്ങൾ ഒരുക്കികൊണ്ട് വളരെ വേഗത്തിൽ വളരുന്ന ആം ആദ്മി പാർട്ടിയുടെ വളർച്ചയിൽ പരിഭ്രാന്തരായ ബി ജെ പി നേതൃത്വം ആം ആദ്മി പാർട്ടിയെ പേടിച്ച് ഗുജറാത്തിലേയും ഹിമാചൽപ്രദേശിലേയും ഇലക്ഷൻ നേരത്തെ നടത്താൻ ഒരുങ്ങുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ജനലക്ഷങ്ങൾ ഒഴുകിയെത്തിയ ഹിമാചൽപ്രദേശിലെ കാങ്കട മൈതാനത്ത് ഇന്ന് നടത്തിയ പ്രസംഗത്തിലാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇലക്ഷൻ നേരത്തെ നടത്താൻ ബി ജെ പി ഒരുങ്ങുന്നു എന്ന വ്യക്തമായ വിവരം തനിക്ക് ലഭിച്ചിരിക്കുന്നുവെന്നും, ആം ആദ്മി പാർട്ടിക്ക് ഇലക്ഷൻ പ്രചരണത്തിനായി കൂടുതൽ സമയം നല്കാതിരിക്കാനുള്ള ബി ജെ പി യുടെ അടവാണ് ഇതെന്നും കെജ്‌രിവാൾ പറഞ്ഞു. എന്തൊക്കെ കാപട്യങ്ങൾ നടത്തിയാലും ഇപ്രാവശ്യം ഹിമാചൽപ്രദേശ് ആം ആദ്മി ഭരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു.
ബി ജെ പി യും കോൺഗ്രസ്സും മീറ്റിംഗ് നടത്തിയാൽ ആളെ കിട്ടാത്ത ഹിമാൽപ്രദേശിലെ കാങ്കടയിലെ മൈതാനത്ത് ഇന്ന് കെജ്‌രിവാളിനെ കാണാൻ തിങ്ങി നിറഞ്ഞത് ജനലക്ഷങ്ങൾ ആയിരുന്നു. ഈ രീതിയിൽ ഇലക്ഷൻ പ്രചരണം നടത്താൻ ആം ആദ്മി പാർട്ടിക്ക് സമയം നൽകിയാൽ ഹിമാചൽപ്രദേശിനോടൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ആം ആദ്മി പാർട്ടി ഭരണത്തിലെത്താൻ സാധ്യതയുണ്ടെന്ന് ബി ജെ പി ഭയപ്പെടുന്നു. ഡെൽഹി ആരോഗ്യമന്ത്രി സതീന്ദർ ജെയിൻ കഴിഞ്ഞ ഒരു മാസം ഹിമാചൽപ്രദേശിൽ തമ്പടിച്ച് നടത്തിയ പ്രചരണത്തിലൂടെ തന്നെ ഇത്രയധികം ആളുകൾ ആം ആദ്മി പാർട്ടിയിൽ അംഗമെടുത്തെങ്കിൽ കൂടുതൽ സമയം നൽകിയാൽ കാര്യങ്ങൾ തങ്ങളുടെ കൈയിൽ നിന്ന് പൂർണ്ണമായും നഷ്‌ടപ്പെടും എന്നും ബി ജെ പി ഭയക്കുന്നു.
കെജ്രിവാളിനെ ഡെൽഹിയിൽ തളച്ചിടുവാനും , ഇലക്ഷൻ പ്രചരണത്തിനായി ഡെൽഹിക്ക് പുറത്തേയ്ക്ക് പോകുന്നത് തടയുവാനും വേണ്ടി പതിവ് രീതിയിൽ വർഗ്ഗീയ കലാപങ്ങൾ നടത്തി ശ്രദ്ധ തിരിക്കുവാൻ ശ്രമിച്ച ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് കെജ്രിവാൾ നൽകിയത്. ഡൽഹിയിലും രാജ്യമുഴുവനിലും ബി ജെ പി നടത്തിയിട്ടുള്ള വർഗ്ഗീയ കലാപങ്ങളെ തുറന്ന് കാട്ടിയ കെജ്രിവാളും മറ്റ് നേതാക്കളും ആം ആദ്മി പാർട്ടിയുടെ മുൻപിൽ പൂർണ്ണമായും പരാജയപ്പെടുന്ന അവസ്ഥയാണ് ഡെൽഹിയിൽ ഉണ്ടായത്. അതോടൊപ്പം രാജ്യവ്യാപകമായി ബി ജെ പി നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ പിന്നാമ്പുറ കഥകളുടെ സത്യാവസ്ഥ ജനത്തിന് മുന്നിൽ തുറന്ന് കാട്ടുവാനും ആം ആദ്മി പാർട്ടി നേതാക്കൾക്ക് അവസരവും ലഭിച്ചു. ബി ജെ പി യുടെ അജണ്ടകൾക്ക് പിന്നെ പോകാതെ ആം ആദ്മി പാർട്ടിയുടെ അജണ്ടയിലേയ്ക്ക് ബി ജെ പി യെ എത്തിക്കുവാനും പാർട്ടിക്ക് കഴിഞ്ഞു.
പതിവിൽ നിന്ന് വിപരീതമായി ആം ആദ്മി പാർട്ടിയിലെ പ്രഗത്ഭരായ രണ്ടാം നിര നേതാക്കളായ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, രാഘവ് ചദ്ദ, ആതിഷി സിംഗ് എന്നിവരാണ് ബി ജെ പി യുടെ കപട രാഷ്രീയത്തെ തുറന്ന് കാട്ടുവാൻ മുന്നിട്ടിറങ്ങിയത്. കർണ്ണാടകയിലെ പാർട്ടി പരിപാടികളിൽ ഏർപ്പെട്ടിരുന്ന കെജ്രിവാൾ ഡെൽഹിയിൽ ഇല്ലാതിരുന്ന സമയത്ത് ബി ജെ പി നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെ സംഘടിപ്പിച്ച ഈ വർഗ്ഗീയ ലഹളയെ കെജ്രിവാളിന്റെ നേരിട്ടുള്ള പ്രതികരണമില്ലാതെ തന്നെ നേരിടാൻ ഈ യുവ നേതാക്കൾക്ക് കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ടതാണ്. ഏത് തരം പ്രശ്നങ്ങളേയും സധൈര്യം നേരിടാൻ കഴിവുള്ള കെജ്രിവാൾ അല്ലാത്ത അനേകം കഴിവുറ്റ നേതാക്കൾ ഇന്ന് ആം ആദ്മി പാർട്ടിക്കുണ്ട് എന്ന് തെളിയിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ആം ആദ്മി പാർട്ടിക്ക് ഈ വർഗ്ഗീയ കലാപങ്ങളിലൂടെ ബി ജെ പി ഉണ്ടാക്കി കൊടുത്തത്.
അതോടൊപ്പം ബി ജെ പി യുടെ എല്ലാ കപടതന്ത്രങ്ങളെയും തകിടംമറിക്കുന്ന രീതിയിലുള്ള വൻ പദ്ധതികളാണ് ആം ആദ്മി പാർട്ടിയുടെ ബൗദ്ധിക സംഘം രാജ്യവാപകമായി പാർട്ടിക്കായി ഒരുക്കികൊണ്ടിരിക്കുന്നത്. ജനങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുവാനും , സംഘടന സംവിധാനം പെട്ടെന്ന് വളർത്തിയെടുക്കുവാനും നിരവധി നേതാക്കളെ രാജ്യവാപകമായി ഇതിനോടകം നിയമിച്ചു കഴിഞ്ഞു. ഒരിക്കലും ഇല്ലാത്ത രീതിയിൽ കോൺഗ്രസ്സ് അടക്കമുള്ള മറ്റെല്ലാ പാർട്ടികളിൽ നിന്നും പതിനായിരങ്ങളാണ് ദിനംപ്രതി ആം ആദ്മി പാർട്ടിയിൽ അംഗത്വം എടുത്തുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ വരുന്ന മൂന്ന് നാല് മാസങ്ങൾ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പ്രചരണം നടത്തിയാൽ വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയുടെ മുൻപിൽ ബി ജെ പി വലിയ രീതിയിൽ പരാജയപ്പെടുവാനുള്ള എല്ലാ സാധ്യതയുമാണ് ഇപ്പോൾ തെളിയുന്നത്.
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ സംഘത്തലവനെ മാറ്റിയ സര്‍ക്കാരിന്റെ നടപടി പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കെ കെ രമ എംഎല്‍എ. കേസന്വേഷണത്തിന്റെ സമയപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം. സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നതെന്നും കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്. കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഈ കേസില്‍ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം.
സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് അരങ്ങില്‍ അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്.
കെ.കെ.രമ
സിപിഎം പ്രവർത്തകനെ കൊലപ്പെടുുത്തിയ കേസിലെ പ്രതിയും ബിജെപി പ്രവർത്തകനുമായ പുന്നോലിലെ പാറക്കണ്ടി നിജിൽദാസി(38)ന് ഒളിത്താവളം ഒരുക്കിയ അധ്യാപിക അറസ്റ്റിൽ. പുന്നോൽ താഴെവയലിൽ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് നിജിൽ ദാസ്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ അറസ്റ്റിലായത്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിന്നാണ് നിജിൽ അറസ്റ്റിലായത്.
ഇയാൾക്ക് ഒളിവിൽ കഴിയാൻ വീട് നൽകിയ കേസിലാണ് പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂർ ശ്രീനന്ദനത്തിൽ പിഎം രേഷ്മ(42) അറസ്റ്റിലായത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വീട് നൽകിയതെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറസ്റ്റിലാകുന്ന ആദ്യ വനിതയാണ് രേഷ്മ. അണ്ടലൂർ കാവിനു സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭർത്താവ് വിദേശത്താണ്. രണ്ടുവർഷം മുൻപാണ് പാണ്ട്യാലമുക്കിൽ വീട് നിർമിച്ചത്.
രേഷ്മ സഞ്ചരിച്ചിരുന്നത് നിജിൽ ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു. ഈ പരിചയമാണ് ഒളിച്ചുതാമസിക്കാൻ ഇടം ഒരുക്കുന്നതിലേക്ക് എത്തിയത്. വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്. തുടർന്ന് 17മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസ് താമസം തുടങ്ങിയത്. ഭക്ഷണം ഇവിടെ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇവർ വാട്‌സ്ആസാപ്പ് കോളിലൂടെയായിരുന്നു സംസാരം.
തുടർന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ ഫോൺ സംഭാഷണത്തിലെ വിവരമുൾപ്പെടെ പരിശോധിച്ചാണ് രേഷ്മയെ അറസ്റ്റുചെയ്തത്. അതേസമയം, ഹരിദാസൻ വധത്തിനുശേഷം ഒളിവിൽ പോയ നിജിൽദാസ് താമസിച്ച സ്ഥലങ്ങളുടെ വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. ഇയാൾ പ്രധാനമായും ഭാര്യയുമായി നടത്തിയ ഫോൺവിളി പിന്തുടർന്നാണ് അന്വേഷണസംഘം പിണറായിയിലെത്തിയത്.
ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ 16 പേരാണ് പ്രതികളായിട്ടുള്ളത്. 14 പേർ ഇതിനോടകം അറസ്റ്റിലായി. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ന്യൂമാഹി പ്രിൻസിപ്പൽ എസ്‌ഐ ടിഎം വിപിൻ, എസ്‌ഐ അനിൽകുമാർ, സിപിഒമാരായ റിജീഷ്, അനുഷ എന്നിവരടങ്ങിയ സംഘമാണ് നിജിലിനെ അറസ്റ്റുചെയ്തത്.
എണ്‍പതുകളില്‍ മലയാള സിനിമക്ക് പുത്തന്‍ ഭാവുകത്വം പകര്‍ന്ന് നല്‍കിയ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ജോണ്‍ പോള്‍. ഒരു കാലത്ത് മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ല് എന്നത് തന്നെ ജോണ്‍ പോളിന്റെ തിരക്കഥകളായിരുന്നു. ഭരതന്‍ – മോഹന്‍- ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ എല്ലാം നമുക്ക് നല്‍കിയത് പുതിയ അനുഭവങ്ങളും, കാഴ്ചകളുമായിരുന്നു. മനുഷ്യജീവിതത്തിലെ ചെറിയ ഏടുകള്‍ പോലും സിനിമയ്ക്ക് വിഷയീഭവിക്കുമ്പോള്‍ അത് എത്ര ഉദാത്തവും അഗാധവുമായ സൃഷ്ടികളായി മാറുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത് ജോണ്‍ പോളിന്റെ തിരക്കഥകളിലൂടെയായിരുന്നു.
ഒരു ചെറുകഥ പോലും എഴുതാതെയാണ് ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത്, എല്ലാ അര്‍ത്ഥത്തിലും ഒരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യ ജീവിതങ്ങളുടെ സംത്രാസങ്ങള്‍, പരീക്ഷണങ്ങള്‍, കാമം, വെറുപ്പ് , പക, സ്‌നേഹം ഇതെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നിറഞ്ഞു നിന്നു. കൊച്ചു ജീവിതങ്ങളിലൂടെ വലിയ ലോകത്തിന്റെ സഞ്ചാരപഥങ്ങളെ അദ്ദേഹം നമുക്ക് അനാദൃശ്യമാക്കി.
വിധിയുടെ ചാവുനിലങ്ങളില്‍ എന്നും പകച്ച് നില്‍ക്കുന്ന മനുഷ്യര്‍, തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിജയങ്ങളും അവര്‍ ഭൂമിയിലെ ഏറ്റവും മഹത്തായ അനുഭവം പോലെ ആഘോഷിച്ചു. ജോണ്‍പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ ഇത്തരം മനുഷ്യരുടെ അവസാനിക്കാത്ത കഥകൾ അടങ്ങിയതായിരുന്നു.
അദ്ദേഹം കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ തനിക്ക് മുന്നിലെത്തിയ മനുഷ്യരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയതായിരുന്നു. നമുക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനും കഥകള്‍ പറയാനുണ്ടാകും. ആ മനുഷ്യര്‍ ഒരിക്കലും സ്വന്തം ജീവിതകഥകളെ മഹത്തരമായി പരിഗണിക്കുന്നുണ്ടായിരിക്കില്ല. എന്നാല്‍ ജോണ്‍ പോളിന്റെ മുമ്പില്‍ അവരെത്തുമ്പോള്‍, അവരില്‍ നിന്ന് ആ കഥകളെ അദ്ദേഹം കടഞ്ഞെടുക്കുമ്പോള്‍, തന്റെ അത്യഗാധമായ ഭാവനയുടെ വര്‍ണ്ണോപഹാരങ്ങള്‍ അവയില്‍ അണിയിക്കുമ്പോള്‍ അത് കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടികളാകുമെന്ന് ജോണ്‍ പോളിന് തന്നെ അറിയാമായിരുന്നു.
അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ മുഴകി നില്‍ക്കാന്‍ എക്കാലവും അദമ്യമായ ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിയെയും എറണാകുളത്തെയും കുറിച്ച് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നൂറുക്കണക്കിന് കഥകള്‍ ഒരു ചരിത്രകാരന്റെ മനസോടെ അദ്ദേഹം സ്വരൂക്കൂട്ടി വെച്ചു. ഒരു എറണാകുളത്തുകാരനായിരിക്കുക എന്നതില്‍ എപ്പോഴും അഭിമാനം കൊണ്ട മനസായിരുന്നു ജോണ്‍ പോളിന്റേത്.
ജോണ്‍ പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ മലയാള സിനിമയുടെ ഭാവുകത്വത്തെ അഴിച്ച് പണിതവയാണ്. നിരന്തരം പരാജയപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പറയാന്‍ ഏറെയുണ്ടെന്നും വിജയിച്ചവരുടെ ജീവിതത്തെക്കാള്‍ ആഴമുണ്ട് പരാജിതരുടെ ജീവിതങ്ങള്‍ക്കെന്നും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം കാണിച്ചു തന്നു.
ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) അങ്ങിനെ എത്ര എത്ര സിനിമകള്‍.
ഇവയെല്ലാം മലയാള സിനിമയുടെ രണ്ട് ദശാബ്ദങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവയാണ്. ജോണ്‍ പോളിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ 1980 മുതല്‍ 2000 വരെയുള്ള മലയാളി സിനിമാ ലോകം ഏതാണ്ടൊക്കെ ശൂന്യമായിരിക്കും. മേല്‍പ്പറഞ്ഞ സിനിമകളില്‍ പലതും വാണിജ്യപരമായി സൂപ്പര്‍ ഹിറ്റുകളാണ്. നെടുമുടി വേണുവിനെയും, ശാരദെയെയുമൊക്കെ വെച്ചു കൊണ്ട് വമ്പന്‍ കൊമഴ്‌സ്യല്‍ ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് ജോണ്‍ പോളിന്റെ തൂലിക നമുക്ക് കാണിച്ചു തന്നു.
മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനം വഹിച്ചു കൊണ്ട് സംഘടനക്ക് സുഭദ്രമായ അടിത്തറയിട്ടു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി ‘ എന്ന സിനിമയുടെ നിര്‍മ്മാതാവും ജോണ്‍പോളായിരുന്നു. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് മികച്ച സിനിമാ ഗ്രന്ഥരചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുംചെയ്തു. സഫാരി ചാനലിലെ അ്‌ദ്ദേഹത്തിന്റെ ഓര്‍മ്മ പറച്ചില്‍ ജോണ്‍ പോള്‍ ഉപയോഗിക്കുന്ന അനുപമമായ ഭാഷയുടെ സൗന്ദര്യം കൊണ്ട് അനേകായിരം ആരാധകരെ നേടിക്കൊടുത്തിരുന്നു.
ജോണ്‍ പോള്‍ വിടപറഞ്ഞ് അകലുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സമയതീരത്തിന്റെ മറുകരയിലേക്ക് മറയുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് വലിയൊരു ചരിത്രമാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ഒരു അതുല്യ പ്രതിഭയുടെ ജീവിതചരിത്രം. ജോണ്‍ ജീവിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുസ്തകങ്ങളിലൂടെ വാക്കുകളിലൂടെ…