സ്വന്തം പിതാവിനെ വധിക്കാന്‍ വാടകക്കൊലയാളികള്‍ക്ക് രത്‌നമോതിരം ഊരിക്കൊടുത്ത യുവതിയാണ് ഝാര്‍ഖണ്ഡിലെ ഇപ്പോഴത്തെ മുഖ്യ ചര്‍ച്ചാവിഷയം. ആദിത്യപൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകളുടെ പേര് ഉയര്‍ന്നുവന്നത്. കാമുകനുമായി ചേര്‍ന്ന് ഈ യുവതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയും കാമുകനും വാടകക്കൊലയാളികളും അടക്കം 11 പേര്‍ അറസ്റ്റിലായി.

ജൂണ്‍ 29-നാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. മുന്‍ എം.എല്‍.എ അരവിന്ദ് സിംഗിന്റെ സഹോദരി ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ കനയ്യ സിംഗാണ് സ്വന്തം ഫളാറ്റിനു മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മകള്‍ അപര്‍ണ, കാമുകനായ രാജ്‌വീര്‍ സിംഗ്, വാടകക്കൊലയാളി സംഘത്തിന്റെ നേതാവായ നിഖില്‍ ഗുപ്ത, ആയുധം ഏര്‍പ്പാടാക്കി കൊടുത്ത കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചോത്‌റായി കിസ്‌കുവിന്റെ മകന്‍ സൗരഭ് എന്നിവരടക്കാം 11 പേര്‍ പിടിയിലായത്.

നിഖില്‍ ഗുപ്ത

കൊലപാതകം ആസൂത്രണം ചെയ്തത് അപര്‍ണയാണെന്നും കാമുകനായ രാജ്‌വീറാണ് കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്നും സെരായികേല ഖര്‍സ്വാന്‍ എസ് പി വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്. പ്രതികള്‍ ഫോണിലൂടെ നടത്തിയ ആശയവിനിമയങ്ങളും വാട്‌സാപ്പു മെസേജുകളും മറ്റും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

പൊലീസ് പറയുന്നത്: അഞ്ചു വര്‍ഷം മുമ്പാണ് അപര്‍ണയും രാജ്‌വീര്‍ സിംഗും തമ്മില്‍ പ്രണയത്തിലായത്. പ്രദേശത്തെ വമ്പന്‍ പണക്കാരനും വലിയ ബിസിനസുകാരനുമാണ് കനയ്യ സിംഗ്. മകളുടെ പ്രണയവിവരം കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം അറിഞ്ഞത്. പ്രകോപിതനായ കനയ്യ സിംഗ് തുടര്‍ന്ന് രാജ്‌വീറിന്റെ വീട്ടിലെത്തി. തോക്ക് ചൂണ്ടി രാജ്‌വീറിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സിംഗ് അതിനുശേഷവും ഇവരെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ രാജ്‌വീറിന്റെ കുടുംബം തങ്ങളുടെ വീട് വിറ്റ് ദൂരെ മറ്റൊരിടത്ത് ഒരു വാടക വീട്ടില്‍ താമസിക്കുകയാണ് ഇപ്പോള്‍. അതിനുശേഷം, തന്റെ നിലയ്ക്ക് ചേര്‍ന്ന ഒരാള്‍ക്ക് അപര്‍ണയെ വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമങ്ങള്‍ കനയ്യ സിംഗ് ആരംഭിച്ചു. സമ്പന്നനായ ഒരാളെ കണ്ടെത്തുകയും വിവാഹം നടത്താന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

തുടര്‍ന്നാണ് പിതാവിനെ കൊല്ലാന്‍ അപര്‍ണ തീരുമാനിക്കുന്നത്. കാമുകനുമായി ഇക്കാര്യം സംസാരിച്ച അപര്‍ണ ഇതിനായി തന്റെ രത്‌നമോതിരം ഊരിക്കൊടുത്തു. അങ്ങനെ, രാജ്‌വീര്‍ സിംഗ് വാടകക്കൊലയാളിയായ നിഖിലുമായി സംസാരിച്ചു. അയാള്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇതിനായി ശ്രമങ്ങള്‍ ആരംഭിച്ചു. സൗരഭ് വഴി 8500 രൂപയ്ക്ക് നാടന്‍ തോക്ക് വാങ്ങിയ ഇവര്‍ കൊലപാതകത്തിനുള്ള ശ്രമങ്ങള്‍ കുറച്ചുനാളായി നടത്തിവരികയായിരുന്നു. ജൂണ്‍ ആദ്യം പാറ്റ്‌നയില്‍വെച്ച് കനയ്യ സിംഗിനെ കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും അന്നയാള്‍ രക്ഷപ്പെട്ടു.

തുടര്‍ന്നാണ് കനയ്യ താമസിക്കുന്ന ആദിത്യപൂരിലെ ആഡംബര ഫ്‌ളാറ്റിനു മുന്നില്‍വെച്ച് നിഖിലും സംഘവും നിറയൊഴിച്ചത്. ജോലി കഴിഞ്ഞ് പിതാവ് വീട്ടിലേക്ക് വരുന്നതിന്റെ വിവരങ്ങളും ലൊക്കേഷനും മറ്റും അപര്‍ണയാണ് വാട്ട്‌സാപ്പിലൂടെ കൊലയാളി സംഘത്തിന് അയച്ചുകൊടുത്തത്. തുടര്‍ന്നാണ് സംഘം, കനയ്യ വരുന്നതിനു മുമ്പു തന്നെ ഫ്‌ളാറ്റിന്റെ കവാടത്തില്‍ മറഞ്ഞുനിന്ന് അയാളെ വെടിവെച്ചുകൊന്നത്.

കൊലപാതകം നടന്നതിനു പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. പൊലീസിന് ആദ്യഘട്ടത്തില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് സംശയം അപര്‍ണയിലേക്കും കാമുകനിലേക്കും തിരിഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.