കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി കാവ്യ മാധവന് വീണ്ടും നോട്ടീസ് സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്യല്‍. ഇന്നു 11 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.
നേരത്തെ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയപ്പോള്‍ ആദ്യം അസൗകര്യം അറിയിക്കുകയായിരുന്നു. രണ്ടാമത് വീട്ടില്‍ എത്തി മൊഴിയെടുക്കാമെന്ന് കാവ്യ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റേതെങ്കിലും സ്ഥലമാണ് ഉചിതമെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാന്‍ എത്തിയിരുന്നില്ല. ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇത്തവണയും അറിയിച്ചിരിക്കുന്നത്. സാക്ഷി എന്ന നിലയില്‍ മൊഴി നല്‍കാന്‍ ഉചിതമായ സ്ഥലം നിശ്ചയിക്കാന്‍ കാവ്യക്കും അവകാശമുണ്ട്. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് കാവ്യ നിര്‍ദേശിച്ച സ്ഥലത്ത് എത്തുമെന്നാണ് കരുതുന്നത്.
ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ട്. പ്രതികളുടെ ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത സംഭാഷണത്തില്‍ കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ട്. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും കാവ്യയ്ക്ക് അറിയാമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശാമള എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദേഹത്ത് സ്വയം വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചതെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
തമിഴ്നാട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ച് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.
സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽനിന്ന് കണ്ടെടുത്തു.
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.
എന്നാല്‍ വിജയ് ബാബു യുഎഇയില്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഇത് കണ്ടെത്താനാണ് അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയിരുന്നത്. ഇനി യുഎഇ പൊലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാന്‍ തയ്യാറായിരുന്നില്ല.
പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നേരത്തെ കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വഴിവച്ച് അലഹബാദ് ഹൈക്കോടതില്‍ ഹര്‍ജി. തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണ് താജ്മഹല്‍ ആയതെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്. താജ്മഹലില്‍ അടച്ചിട്ടിരിക്കുന്ന 22 ഓളം മുറികളുടെ വാതിലുകള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ലഖ്നൗ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ബി.ജെ.പി അയോധ്യ യൂണിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്നു ഡോ. രജനീഷ് സിങാണ് ഹരജി സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളില്‍ ഒളിപ്പിച്ചുവച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത് ചരിത്ര സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ വസ്തുതാന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ അടച്ചിട്ടിരിക്കുന്നിടങ്ങളില്‍ ഉണ്ടെന്നാണ് വാദം.
അഭിഭാഷകനായ രുദ്ര വിക്രം സിംഗ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, താജ്മഹല്‍ തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണെന്ന് പല ഹിന്ദു ഗ്രൂപ്പുകളും അവകാശപ്പെടുന്നുണ്ടെന്നും ഇത് നിരവധി ചരിത്രകാരന്മാരും പിന്തുണയ്ക്കുന്നുവെന്നും വാദിച്ചു. ഈ അവകാശവാദങ്ങള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചുവെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
‘ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ പേരിലാണ് താജ്മഹലിന് പേര് നല്‍കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാജ് മഹല്‍ എന്നല്ല മുംതാസ്-ഉല്‍-സമാനി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ശവകുടീരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 22 വര്‍ഷമെടുക്കുന്നു എന്നത് യാഥാര്‍ത്ഥ്യത്തിന് അതീതവും തികച്ചും അസംബന്ധവുമാണ്,” ഹര്‍ജിയില്‍ പറയുന്നു.
എ.ഡി 1212ല്‍ ക്ഷേത്രം രാജാ പരമര്‍ദി ദേവ് നിര്‍മ്മിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. ക്ഷേത്രം പിന്നീട് ജയ്പൂര്‍ മഹാരാജാവായിരുന്ന രാജ മാന്‍ സിങ്ങിന് അവകാശമായി ലഭിച്ചു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ല്‍ ഷാജഹാന്‍ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായാണ് ഹരജിയില്‍ പറയുന്നത്.
താജ്മഹലിന്റെ നാല് നില കെട്ടിടത്തിന്റെ മുകളിലും താഴെയുമായി 22 മുറികള്‍ പൂട്ടിയിരിക്കുകയാണെന്നും പിഎന്‍ ഓക്കിനെപ്പോലുള്ള ചരിത്രകാരന്മാരും നിരവധി ഹിന്ദു ആരാധകരും ആ മുറികളില്‍ ശിവക്ഷേത്രമുണ്ടെന്ന് വിശ്വസിക്കുന്നതായും സിങ് പറഞ്ഞു.
താജ്മഹല്‍ പുരാതന സ്മാരകമായതിനാലും സ്മാരകത്തിന്റെ സംരക്ഷണത്തിനായി കോടിക്കണക്കിന് പണം മുടക്കുന്നതിനാലും, ശരിയായതും സമ്പൂര്‍ണ്ണവുമായ ചരിത്ര വസ്തുതകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ചയാണ് റിഫയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. ആ കാഴ്ച കണ്ടുനില്‍ക്കാനാവാതെ പിതാവും സഹോദരനും.കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു റിഫയെ അടക്കം ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പിതാവ് റാഷിദ് ഈറനണിഞ്ഞ കണ്ണുകളുമായി പിന്നിലോട്ട് നടന്നത്.
രാവിലെ മകന്‍ റിജുവിനൊപ്പമാണ് റാഷിദ് ഖബര്‍സ്ഥാനിലെത്തിയത്. നിത്യവും മകള്‍ക്ക് വേണ്ടി ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട് റാഷിദ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പോസ്റ്റുമോര്‍ട്ടം അനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.
അതേസമയം, ഖബറടക്കം കഴിഞ്ഞ് ഞൊടിയിടക്കുള്ളില്‍ തന്നെ റിഫയുടെ പെട്ടിയും ഫോണും വസ്ത്രങ്ങളുമായി പോയ മെഹനാസ് പിന്നീട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും റിഫയുടെ ബന്ധുക്കള്‍ പറയുന്നു.
റിഫ മെഹ്നുവിന്റെ കഴുത്തില്‍ കണ്ട അടയാളം കേസന്വേഷണത്തില്‍ വഴിത്തിരിവായേക്കും. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. മരണത്തിലെ ദുരൂഹത നീക്കുകയായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ലക്ഷ്യം.
നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം തന്നെയായിരുന്നു മുന്നിലെ കച്ചിത്തുരുമ്പ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
പ്രതീക്ഷയായിരുന്ന മകള്‍ റിഫാ മെഹ്നുവിന്റെ ദാരുണമരണത്തിന്റെ കാരണം എന്തെന്നറിയാതെ കഴിയുകയായിരുന്നു കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മരണത്തിന്റെ വസ്തുതകളും അതിലേക്കു നയിച്ച കാര്യങ്ങളും അറിയാന്‍ മാതാവ് ഷെറീനയും സഹോദരന്‍ റിജുനും റിഫയുടെ രണ്ടുവയസ്സുകാരന്‍ മകനുമടങ്ങുന്ന കുടുംബത്തിന് കഴിയുമെന്നാണ് റാഷിദ് കരുതുന്നത്.
തമിഴ്നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബിജെപി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബിജെപി സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു.
ഈയടുത്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടത്.
ഏതാനും ദിവസം മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ലുലു മാള്‍ മാനേജ്മെന്റും എംഓയു ഓപ്പുവച്ചിരുന്നു. കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. പ്രാഥമിക പരിശോധനയിൽ തന്നെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. റിഫയുടെ കഴുത്തിൽ ആഴത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ മൃതദേഹം കബറിടത്തിൽനിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോൾതന്നെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
റിഫയെ ശ്വാസം മുട്ടിച്ചിരുന്നോ, തലയോട്ടിയ്ക്ക് ഉൾപ്പടെ ശരീരത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.
മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നുപറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. നാട്ടിലെത്തിച്ച് തിടുക്കപ്പെട്ട് മൃതദേഹം കബറടക്കിയത് സംശയത്തിനിടയാക്കിയിരുന്നു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇൻക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.
കോഴിക്കോട് സബ്കളക്ടർ വി ചെൽസാ സിനി, മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിഎം ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കോയ ഹാജി, സെക്രട്ടറി എൻകെ നൗഫൽ, എം അബ്ദുറഹ്‌മാൻ, ഷെരീഫ് മന്ദലത്തിൽ, റിഫയുടെ സഹോദരൻ റിജുൻ, ബന്ധു ഉബൈദ് എന്നിവർ മൃതദേഹം പുറത്തെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.
‘‘ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് തീപടർന്ന ഒരു ശരീരം മരണവെപ്രാളത്തിൽ മതിലുചാടി കിണറിന്റെ ഭാഗത്തുകൂടി ഓടുന്നതാണ്. തീയാളിക്കത്തുന്ന വാഹനത്തിൽ നിന്ന് തുടർച്ചയായി സ്ഫോടന ശബ്ദങ്ങളും കേട്ടതോടെ അടുക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതോടെ 50 മിനിറ്റോളം രക്ഷാപ്രവർത്തനം വൈകി’’ കൊണ്ടിപറമ്പിലെ ദാരുണസംഭവം അറിഞ്ഞ് ആദ്യം ഓടിയെത്തിയ സമീപവാസി ആഷിഖിന്റെ വാക്കുകൾ. ആരാണ് ഓടുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആദ്യം മനസ്സിലായിരുന്നില്ലെന്ന് ആഷിഖ് പറയുന്നു.
വാഹനത്തിന്റെ ഇടതുവശത്തെ വാതിൽ അടഞ്ഞും വലതുവശത്തേത് തുറന്നും കിടക്കുന്ന നിലയിലായിരുന്നു. മുഹമ്മദാണ് ഓടിയതെന്നും കിണറ്റിൽ ചാടിയെന്നും വ്യക്തമായതോടെ രക്ഷിക്കാനായി അങ്ങോട്ട് ചെന്നു. വാഹനത്തിലെ തീയണയ്ക്കാൻ പൈപ്പുമായി ചെന്നപ്പോൾ സ്ഫോടനം കേട്ട് പിന്മാറി. 15 മിനിറ്റിനു ശേഷം വീണ്ടും ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. വാഹനത്തിൽനിന്ന് തെറിച്ചുവീണ ചെറിയ കുട്ടിയെ ചിലർ മണ്ണിലൂടെ ഉരുട്ടിയും മറ്റും രക്ഷപ്പെടുത്തിയെന്നും അറിഞ്ഞു.
നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട്ടേയ്ക്കുള്ള വഴിയിൽ 11 കിലോമീറ്റർ അകലെ കീഴാറ്റൂർ പഞ്ചായത്തിലാണ് കൊണ്ടിപറമ്പ്. അൽപം അകത്തേക്കുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേനയും പൊലീസുമൊക്കെ വൈകിയാണ് എത്തിയത്. മറ്റൊരു വാഹനത്തിലെ ഫയർ എക്സ്റ്റിങ്ഗ്യുഷറെടുത്താണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. ബക്കറ്റും വെള്ളവുമായി ആളുകളും കൂടി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ഭാര്യയെയും മക്കളെയും തീകൊളുത്തിയ ശേഷം കിണറ്റിൽ ചാടിയ ടി.മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൊടക്കാടൻ സൽമാൻ പറഞ്ഞു. ‘സംഭവമറിഞ്ഞ് ഞങ്ങൾ എത്തിയപ്പോൾ ഓട്ടോ ആളിക്കത്തുന്നതാണു കണ്ടത്. തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായിരുന്നതിനാൽ അടുത്തേക്കു ചെല്ലാനായില്ല.
വൈദ്യുത ലൈൻ മുട്ടി തീ ജ്വാലകൾ ഉയർന്നതിനാൽ കെഎസ്ഇബിയിൽ വിളിച്ചുപറഞ്ഞ് വൈദ്യുതി വിഛേദിച്ചു. അപ്പോഴേക്കും ഓട്ടോയിലെ അനക്കം ഏതാണ്ടു നിലച്ചിരുന്നു. അതുകൊണ്ട് കിണറ്റിലേക്കു ചാടിയയാളെ രക്ഷിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ആഴമുള്ള കിണറ്റിൽ പുക നിറഞ്ഞു. എങ്കിലും കിണറ്റിലെ റിങ്ങിൽ പിടിച്ച്, ആൾ നിൽക്കുന്നതായാണ് തോന്നിയത്. എന്റെ പിതാവ് കൊടക്കാടൻ സുലൈമാനാണ് കിണറ്റിലിറങ്ങിയത്.
വെള്ളം കോരാനുപയോഗിക്കുന്ന തൊട്ടിയുടെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുറത്തെടുത്തശേഷം ഞാനാണ് കുരുക്കഴിച്ചത്. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളലേറ്റ് അടർന്നിരുന്നു. കിണറിന്റെ പടവിനരികെ നിന്ന് ഒരു കത്തിയും കുറച്ചു ചില്ലറ പൈസയും കിട്ടി. കിണറ്റിൽ നിന്ന് കിട്ടിയ ബെൽറ്റിലെ പഴ്സിൽ ഒരു നല്ല സംഖ്യയും ഉണ്ടായിരുന്നെന്ന് സൽമാൻ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടം വന്നാൽ മാത്രമേ അറിയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമ്പോൾ യുവതിയുടെ യുഎഇയിലെ സുഹൃത്തുക്കൾക്ക് സങ്കടമടക്കാനാകുന്നില്ല. ഇത്തരമൊരു അന്ത്യമല്ല റിഫയ്ക്ക് ഉണ്ടാകേണ്ടിയിരുന്നത് എന്ന് പേര് വെളിപ്പെടുത്താത്ത ദുബായിലെ സുഹൃത്തുക്കളും യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നവരും പറയുന്നു.
മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയ്യയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ നാട്ടിലേക്ക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ പരാതി നൽകിയത്. ഭർത്താവോ സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കിൽ ദുബായിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
വൈകി വീട്ടിലെത്തിയതിനാൽ താൻ റിഫയോട് ദേഷ്യപ്പെട്ടിരുന്നുവെന്നായിരുന്നു മെഹ്നാസിന്റെ മൊഴി. മെഹ്നാസിന്റെയും സഹോദരന്റെയും പൂർണ സമ്മതത്തോടെയായിരുന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ദുബായ് പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മരണത്തിൽ നേരിയ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിൽ പോലും പൊലീസ് അനന്തര നടപടികളിലേക്കു കടക്കുമായിരുന്നു. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടായാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന കാര്യം മനസിലായതിനാൽ മെഹ്നാസും റിഫയുടെ സഹോദരനും മരണത്തിൽ സംശയമില്ലെന്ന് രേഖാമൂലം അറിയിച്ചതിനാൽ സ്വയം ജീവനൊടുക്കിയതാണെന്ന റിപ്പോർട്ട് തയാറാക്കി പൊലീസ് മൃതദേഹം വിട്ടുകൊടുക്കുകയയാരുന്നു. പിന്നീട്, മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടത്. ബന്ധുക്കൾ നല്‍കിയ പരാതിയിന്മേലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേർന്നത്.
സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന് പുറമെ, ദുബായ് ഖിസൈസിലെ ഒരു മാളിലെ കടയിലും കരാമയിലും റിഫ ജോലി ചെയ്തിരുന്നു. സംഭവ ദിവസം രാത്രി ഖിസൈസിലെ തൊഴിലുടമ നൽകിയ ഒരു വിരുന്നിൽ പങ്കെടുത്തതിനാൽ റിഫ വീട്ടിലെത്താൻ വൈകി. ഇതിൽ താൻ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് മെഹ്നാസ് പറഞ്ഞത്. പുലർച്ചെ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതായിരുന്നു മെഹ്നാസ് ദുബായ് പൊലീസിന് നൽകിയ മൊഴി. സഹോദരി ജീവനൊടുക്കിയതാണെന്ന് റിഫയുടെ സഹോദരനും മൊഴി നൽകി.
ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാര്‍ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുൻപാണ് ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്. മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിർത്തിയിരുന്നത്. ഇരുവരും ചേർന്ന് വിഡിയോ, സംഗീത ആൽബ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പകർത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്ന് മെഹ്നുവിന്റെ സുഹൃത്ത് കോഴിക്കോട് സ്വദേശി ജംഷീദ് പറഞ്ഞു.
മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
രണ്ടു പേരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപ് വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററന്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയിൽ പകർത്തിയിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബ നിർമാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.
ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഇൗ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.
ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇൗ സമൂഹ മാധ്യമത്തില്‍ കൂടുതൽ സജീവമായി. പ്രത്യേകിച്ച് സ്ത്രീകളാണ് ടിക് ടോക്കിൽ നിറഞ്ഞുനിൽക്കുന്നത്. പലർക്കും ആയിരങ്ങൾ ഫോളോവേഴ്സായി വരികയും ഇത്തരം താരങ്ങൾ മായിക ലോകത്തെത്തപ്പെടുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ മായാപ്രപഞ്ചത്തെത്തി സ്വന്തം കുടുംബത്തെ പോലും മറന്നുപോകുകയും അത് പിന്നീട് വിവാഹമോചനം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ഗൾഫിൽ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിരവധി കൗമാരക്കാര്‍ സ്വയം ജീവനൊടുക്കിയിരുന്നു. പുറം ലോകം ഇതറിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങൾക്ക് അടിമയായതാണ് എല്ലാത്തിനും കാരണമാകുന്നതെന്ന് നസീർ വാടാനപ്പള്ളി പറയുന്നു.