ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47,000 രൂപയുമാണ് ഇയാള്‍ ആര്‍ഡിഒ കോടതിയില്‍ നിന്ന് മോഷ്ടിച്ചത്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണം പണയം വെച്ചതായി സൂചനയുണ്ട്. അതേസമയം, ഒറ്റയ്ക്ക് ഇത്തരം കവര്‍ച്ച നടത്താന്‍ സാധ്യത കുറവാണെന്ന നിരീക്ഷണമാണ് അന്വേഷണ സംഘത്തിനുള്ളത്. പുറമേനിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം.