India

കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്ത് പോലീസുകാരന്‍, കൈയ്യോടെ സസ്‌പെന്‍ഡ് ചെയ്ത് നടപടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഗുണ്ടാസംഘത്തോടൊപ്പമായിരുന്നു ജിഹാന്റെ മദ്യസത്കാരം.

അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം.

ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.

ജിഹാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു.

യുക്രൈന്‍ രക്ഷാദൗത്യത്തില്‍ 800ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ
സുരക്ഷിതമായെത്തിച്ച് കൈയ്യടി നേടി 24കാരിയായ വനിത പൈലറ്റ്. കൊല്‍ക്കത്ത സ്വദേശിയായ മഹാശ്വേത ചക്രവര്‍ത്തിയാണ് യുക്രൈന്‍ ദൗത്യത്തില്‍ ചേര്‍ന്ന് താരമാകുന്നത്.

നാല് വര്‍ഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റാണ് മഹാശ്വേത. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ശ്വേത യുക്രെയ്നില്‍ കുടുങ്ങിയ 800-ലധികം വിദ്യാര്‍ത്ഥികളെ ആണ് നാട്ടിലെത്തിച്ചത്. തന്റെ ചെറിയ പ്രായത്തില്‍ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്നാണ് മഹാശ്വേത പറയുന്നു.

എയര്‍ലൈനില്‍ നിന്നും രാത്രി വൈകിയാണ് തനിക്ക് ഒരു കോള്‍ വരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്ത് കൊണ്ടുള്ള ഫോണ്‍ കോളായിരുന്നു അത്. കോവിഡ് മഹാമാരിയുടെ കാലത്ത് വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായും ശ്വേത പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും വാക്സിനുകളും കൊല്‍ക്കത്തിയിലും മറ്റ് വിമാനത്താവളങ്ങളിലേക്കും പൂനെയിലേക്കും എത്തിച്ചതില്‍ ശ്വേതയും ഉണ്ടായിരുന്നു.

യുക്രെയ്നില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കിടെ 21 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് സമ്മര്‍ദ്ദം കാരണം ഫിറ്റ്‌സ് ബാധിച്ച സംഭവവും ശ്വേത ഓര്‍ത്തെടുത്തു. അബോധാവസ്ഥയില്‍ തന്റെ കൈകളില്‍ മുറുകെപ്പിടിച്ച അവള്‍ അമ്മയുടെ അടുത്തേക്ക് എത്രയും വേഗം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട നിമിഷവും വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെട്ട നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ശ്വേത പറഞ്ഞു.

ബിജെപിയുടെ മഹിള മോര്‍ച്ചയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ശ്വേതയെ അഭിനന്ദിച്ച് കുറിപ്പുള്ളത്. മഹിള മോര്‍ച്ച വൈസ് പ്രസിഡന്റ് പ്രിയങ്ക ശര്‍മയും മഹാശ്വേതയുടെ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും അയല്‍രാജ്യങ്ങളായ പോളണ്ട്, ഹങ്കറി എന്നിവിടങ്ങളില്‍ നിന്നുമായി 800 വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനായി ഇവര്‍ വിമാനം പറത്തിയതായി ട്വീറ്റില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ മഹിള മോര്‍ച്ചയുടെ പ്രസിഡന്റ് തനുജ ചക്രവര്‍ത്തിയുടെ മകളാണ് മഹാശ്വേതയെന്നും ട്വീറ്റില്‍ പറയുന്നു.

ഇതുവരെ 20000 ത്തിലധികം ഇന്ത്യക്കാരെയാണ് 80ല്‍ കൂടുതല്‍ പ്രത്യേക വിമാന സര്‍വീസുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ട ഈ രക്ഷാദൗത്യത്തിലൂടെ ബംഗ്ലാദേശ് നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ പൗരന്‍മാരെയും ഇന്ത്യ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ബസുകളിലൂം ട്രൈനുകളിലും കാല്‍നടയായുമൊക്കെ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ എത്തിച്ച ശേഷമാണ് ഇവരെ വിമാനത്തില്‍ നാടുകളിലേക്ക് എത്തിച്ചത്.

യുദ്ധം ആരംഭിച്ചതു മുതല്‍ യുക്രൈന്റെ വ്യോമപാതകള്‍ അടച്ചിരുന്നു. തുടര്‍ന്ന് രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ഇന്ത്യ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് കേന്ദ്ര മന്ത്രിമാരെ അയക്കുകയുണ്ടായി. നേരത്തെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 24 ന് റഷ്യന്‍ കടന്നുകയറ്റത്തോടെ ആരംഭിച്ച യുദ്ധം മൂന്നാമത്തെ ആഴ്ചയും തുടരുകയാണ്.

 

നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൈംബ്രാഞ്ചിന് ദിലീപ് കൈമാറിയ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 12 നമ്പറിലേക്കുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് നീക്കം ചെയ്തതെന്നാണ് വിവരം.

നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫോറൻസിക് സയൻസ് ലാബിനെ ആശ്രയിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.

നേരത്തെ, മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ വെച്ചാണ് ദിലീപ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിച്ചത്.

ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി. വിൻസെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് മുൻ അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാൾ.

അഭിഭാഷകൻ ആവശ്യപ്പെട്ടതുപ്രകാരമാണ് ലാബിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന് വിൻസെന്റ് പറഞ്ഞു. തന്റെയും ദിലീപിന്റെയും അഭിഭാഷകൻ ഒരാളാണ്. മുംബൈയിലെ ഏറ്റവും നല്ല ഫോറൻസിക് ലാബ് ഏതാണെന്ന് അഭിഭാഷകൻ ചോദിച്ചതു പ്രകാരമാണ് താൻ അന്വേഷിച്ച് മറുപടി നൽകിയതെന്നും ഇയാൾ പ്രതികരിച്ചു.

കൊറിയർ മുഖേനയാണ് ആദ്യം ഫോണുകൾ ലാബിലേക്ക് അയച്ചത്. പിന്നീട് അഭിഭാഷകരും ലാബ് ഡയറക്ടറുമാണ് നേരിട്ടു ബന്ധപ്പെട്ടു കൊണ്ടിരുന്നത്. മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, ഫോണുകൾ വാങ്ങാനായി അഭിഭാഷകർ നേരിട്ട് മുംബൈയിലെത്തി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തുവെന്ന് ലാബ് ഉടമ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിൽ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദി നജീബ് മലപ്പുറം പൊന്മള സ്വദേശിയെന്ന് റിപ്പോർട്ട്. ജെഎൻയു യൂണിവേഴ്‌സിറ്റിയിൽ വെച്ച് കാണാതായ നജീബുമായി ഈ നജീബിന് ബന്ധമില്ലെന്നും തെളിഞ്ഞു. നേരത്തെ ജെഎൻയുവിൽ നിന്നും കാണാതായ നജീബാണ് കൊല്ലപ്പെട്ടയാൾ എന്ന് സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം ഉണ്ടായിരുന്നു.

അതേസമയം, യുഎഇയിൽ പഠിച്ചു വളർന്ന പൊന്മള സ്വദേശിയാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. വെല്ലൂർ കോളജിൽ എംടെക് വിദ്യാർത്ഥിയായിരുന്നു കാണാതാകുമ്പോൾ നജീബ്. അന്ന് 23 വയസ്സായിരുന്നുവെന്ന് പോലീസിൽ പരാതി നൽകിയ ഉമ്മ പറയുന്നു. 5 വർഷം മുൻപാണ് വിദ്യാർത്ഥിയെ കാണാതായത്.

യുഎയിൽ പഠിച്ചു വളർന്ന നജീബ് സുഹൃത്തുക്കളെ കാണാൻ എന്ന വ്യാജേനയാണ് ഇറാഖിലേക്ക് പോയത്. മകനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായി വീട്ടിലേക്ക് വിളിച്ച നജീബ്, താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്തിൽ എത്തിയെന്നും, സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്‌റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞിരുന്നു. പിന്നീട്, ടെലിഗ്രാം വഴിയായിരുന്നു നജീബ് കുടുംബവുമായി ബന്ധപ്പെട്ടത്.

താൻ അബൂ ബാസിർ എന്ന പുതിയ പേര് സ്വീകരിച്ചെന്ന് ടെലഗ്രാമിലൂടെ നജീബ് കുടുംബത്തെ അറിയിച്ചു. കൂടാതെ ഉമ്മയെയും വീട്ടുകാരെയും ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ഞങ്ങൾ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിച്ചാൽ മതിയെന്നായിരുന്നു നജീബിനോട് ഉമ്മ പറഞ്ഞത്.

വർക്കല തീപിടിത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു. അഭിരാമിയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. അഭിരാമിയുടെയും റയാന്റെയും മൃതദേഹങ്ങൾ ഒരു പെട്ടിയിലാക്കി അടക്കം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്. ദുഃഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തിൽ ആയിരുന്നു സംസ്ക്കാര ചടങ്ങുകൾ.

തീപിടുത്തം നടന്ന വീടിനോട് ചേർന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങൾ. അവിടെ നിന്നും അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടിൽ എത്തിച്ചു. പൊതുദൃശനത്തിന് ശേഷം പുത്തൻ ചന്തയിൽ എത്തിച്ച് മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങൾക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ മൂത്തമകൻ രാഹുലിന്റെ വീട്ടിൽ എത്തിച്ചത്. തീപിടിത്തം നടന്ന വീടിന് സമീപമാണ് രാഹുലിന്റെ വീട്.

varkala-five-death funnelയുഎഇയിൽ ആയിരുന്ന രാഹുൽ അപകടം നടക്കുന്ന അന്ന് രാത്രിയാണ് നാട്ടിലെത്തിയത്. മന്ത്രിമാർ,എംഎൽഎമാർ അടക്കം നിരവധി ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിപേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉത്തരവാദിത്തം ആലങ്കാരിക പദവിയെന്ന് വിചാരിച്ച് നടക്കുന്നവര്‍ക്ക് ഇനി സ്‌കോപ്പില്ല. ഏത് വലിയ നേതാവും പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. തോല്‍വിക്ക് പിന്നാലെ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പാര്‍ട്ടി തെറ്റ് തിരുത്തലുകളിലേക്ക് കടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം രക്ഷയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി തെറ്റുകള്‍ മനസിലാക്കി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആയിരുന്നെന്ന് സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. അച്ചടക്കം ഉറപ്പാക്കി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പാണ് സുരേന്ദ്രന്‍ നല്‍കുന്നത്.

ബൂത്ത് തലം മുതല്‍ ഇനി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ബൂത്തുകളുടെ പ്രവര്‍ത്തനം, ഹാജര്‍ എന്നിവ രേഖപ്പെടുത്തും. വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തില്‍ പാര്‍ട്ടി ജനപിന്തുണ ഇനിയും ആര്‍ജിക്കേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി ഇതിനായി പദ്ധതികള്‍ തയ്യാറാക്കാനാണ് തീരുമാനം.

കെ റെയില്‍ പോലുള്ള ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി ജനപിന്തുണ നേടാമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തും.

കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ ഇവരെ തിരുവന്തപുരം പൂന്തുറയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിപ്‌സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ തിരുവന്തപുരം ബീമാപ്പള്ളി പരിസരത്ത് നിന്നാണ് പൂന്തുറ പൊലീസ് സിപ്‌സിയെ പിടികൂടിയത്. കുഞ്ഞിന്റെ അച്ഛനായ സജീവനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് വില്‍പനയടക്കം മറ്റു പല ഇടപാടുകള്‍ക്കും സിപ്‌സി കുഞ്ഞിനെ മറയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസ് ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകള്‍ നോറ മരിയയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് സിപ്‌സിയും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്തത്.

കുഞ്ഞ് ബിനോയിയുടെയും തന്റെയുടെയും ആണെന്ന് അമ്മൂമ്മ തന്നെ ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് മൊഴി നല്‍കിയത്. നോറയുടെ കൊലപാതകത്തില്‍ ബിനോയിക്ക് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്നാണ് വിവരം. ബിനോയിയെ നിലവില്‍ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മുടി കൊഴിഞ്ഞു പോകുനന്തിന് പരിഹാരമായി ഹെയർട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപാലിലെ ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥൻ മനോരഞ്ജൻ പാസ്വാൻ (28) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇയാൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തത്.

മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി തലയുടെ മുൻഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുകയായിരുന്നു. മാർച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. അന്നേദിവസം രാത്രിയിൽ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും തുടർന്ന് മനോരഞ്ജനെ ഉടൻ ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിൽ തന്നെ എത്തിക്കുകയുമായിരുന്നു. നിലഗുരുതരമായതോടെ സ്‌കിൻ കെയർ സെന്റർ അദ്ദേഹത്തെ സമീപത്തെ റൂബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പട്നയിലെ ബോറിംഗ് റോഡിലുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗൺ പേയ്മെന്റായി മനോരഞ്ജൻ 11,767 രൂപ നൽകിയെന്നും പ്രതിമാസം 4000 രൂപ ഇഎംഐയായും നൽകാനായിരുന്നു വ്യവസ്ഥയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ എസ്‌കെ പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സ്‌കിൻ കെയർ സെന്റർ നടത്തിപ്പുകാർക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടു.

തലയ്ക്ക് മുകളില്‍ ചീറിപ്പായുന്ന വെടിയൊച്ചകളെയും റോക്കറ്റിനെയും അതിജീവിച്ച് കുഞ്ഞ് റഫായേല്‍ കേരളത്തിന്റെ കൊച്ചുമകനായെത്തി. അമ്മയുടെ നാടായ യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നാണ് രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് റഫായേലിനെയും കൂട്ടി അച്ഛന് റെനീഷ് നാട്ടിലേക്കെത്തിയത്.

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് വെള്ളിയാഴ്ച രാത്രിയാണ് ആലുവ സ്വദേശിനിയായ റെനീഷ് ജോസഫും യുക്രൈന്‍കാരിയായ ഭാര്യ വിക്ടോറിയയും കൊച്ചിയിലെത്തിയത്. സുമിയില്‍ നിന്നാണ് യുദ്ധത്തിന്റെ സംഘര്‍ഷങ്ങള്‍ അതിജീവിച്ച് നാടണഞ്ഞത്.

യുദ്ധഭൂമിയില്‍ രാവുകളും പകലുകളും നീണ്ട പ്രയാണം നടത്തിയതും ഒടുവില്‍ അച്ഛന്റെ നാടിന്റെ ആശ്വാസത്തണലില്‍ അണഞ്ഞതും അവന്‍ അറിഞ്ഞിട്ടില്ല.
റഫായേലിനെ കൊഞ്ചിച്ച് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ നനഞ്ഞ കണ്ണുകളോടെ നില്‍ക്കുമ്പോള്‍ റെനീഷ് പറഞ്ഞു, ”ദൈവത്തിനു നന്ദി. ഒടുവില്‍ ഇവനെയും കൂട്ടി നാടണയാനായല്ലോ.

സുമിയില്‍ നിന്നു ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചാണ് അയല്‍രാജ്യത്തെത്തിയത്. കൊടും തണുപ്പില്‍ കുഞ്ഞുമായുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ഭാഗ്യവും കൊണ്ടാണ് ഇവിടെ സുരക്ഷിതരായി വന്നിറങ്ങിയത്” -റെനീഷ് പറയുന്നു.

ഷെറിൻ പി യോഹന്നാൻ

1996 ഒക്ടോബർ 4. നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നാല് പേർ ഒരുമിക്കുന്നു. ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഇവർ കേരളം കണ്ട വേറിട്ട സമരരീതിയാണ് അന്ന് സ്വീകരിച്ചത്; പാലക്കാട് ജില്ലാ കളക്ടറെ ഓഫീസിനുള്ളിൽ ബന്ദിയാക്കുക! നാൽവർ സംഘത്തിന്റെ കയ്യില്‍ തോക്കും ബോംബും ഡൈനാമിറ്റുകളുമുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം.

25 വർഷം മുൻപ് നടന്ന ഈ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘പട’. ഭൂപടത്തിൽ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയാണ് ചിത്രം. 1975 ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമം 21 വർഷത്തോളം ആദിവാസികൾക്ക് പ്രയോജനമില്ലാതെ തുടർന്നു. പിന്നീട്, 1996-ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ ജീവിതം ഇന്നും ഒരു ചോദ്യചിഹ്നമാണ്. അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി സംസാരിക്കുകയാണ് സംവിധായകൻ.

ഒരു പൊളിറ്റിക്കൽ മൂവി ആയിരിക്കുമ്പോൾ തന്നെ, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും പിടിച്ചിരുത്താനും ‘പട:യ്ക്ക് സാധിക്കുന്നു. ഡോക്യുമെന്ററി ശൈലിയിലേക്ക് വഴുതി വീഴാതെ സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചുകൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുമില്ല.

പ്രകടനത്തിലും സാങ്കേതിക വശങ്ങളിലും ചിത്രം മികവ് പുലർത്തുന്നു. കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, സംഭാഷണം എന്നിവയും ചിത്രത്തെ എൻഗേജിങ്ങായി നിർത്തുന്നു. വിഷ്ണു വിജയിന്റെ സംഗീതം ആദിവാസികളുടെ ജൈവികമായ സംഗീത – താളങ്ങളെ ഓർമിപ്പിക്കുന്നു. ഒരു കത്തിമുനയോളം മൂർച്ചയേറിയ ചോദ്യങ്ങളാണ് അയ്യങ്കാളിപ്പട കളക്ടറോട് ചോദിക്കുന്നത്. അല്ല, ഭരണസംവിധാനത്തോടും കണ്ടിരിക്കുന്ന നമ്മളോടും ചോദിക്കുന്നത്.

മരിക്കാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നാല് പേരുടെയും മുഖത്തുണ്ടാവുന്ന ചിരി നിർഭയത്വത്തിന്റെ രൂപമാർജിക്കുന്നുണ്ട്. ഒരു അധികാരകേന്ദ്രത്തെ മുൾമുനയിൽ നിർത്തികൊണ്ടാണ് മർദിതർക്കുവേണ്ടി അവർ സംസാരിച്ചത്. ഇത്തരമൊരു സമരത്തിലൂടെ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനാണ് അയ്യങ്കാളിപ്പട ശ്രമിച്ചത്.

വലിയൊരു സ്റ്റോറിലൈൻ ഇല്ലെങ്കിലും ചരിത്രസംഭവങ്ങളെ ഗ്രിപ്പിങായി ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി പോരാട്ടത്തിന്റെ കഥ പറയുന്ന ‘പട’ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുന്നു. ‘പട’ സാമൂഹ്യ മാറ്റത്തിന് കാരണമാകുമോ എന്ന് ചോദിച്ചാൽ സംശയമാണ്. എന്നാൽ കേരളം മനസ്സിലാക്കേണ്ട യാഥാർഥ്യങ്ങൾ ‘പട’യ്ക്കുള്ളിലുണ്ട്.

Last Word – ഗൗരവമേറിയ വിഷയത്തെ, ഒരു ചരിത്ര സംഭവത്തിന്റെ പിൻബലത്തിൽ ഗ്രിപ്പിങ് ആയി അവതരിപ്പിച്ച ‘പട’ തിയേറ്റർ വാച്ച് അർഹിക്കുന്നു. മുത്തങ്ങയിലെ വെടിവെയ്പ്പും അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളും മധുവും ഇന്നിന്റെ സാമൂഹിക – രാഷ്ട്രീയ ചുറ്റുപാടിൽ പ്രസക്തമാകുന്നുണ്ട്. അതിനോട് ചേർത്തു വായിക്കാവുന്ന ചലച്ചിത്രമാണ് ‘പട’ – അനീതിക്കെതിരെയുള്ള പടപ്പുറപ്പാട്.

RECENT POSTS
Copyright © . All rights reserved