വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഇടനില ചര്‍ച്ച നടത്താന്‍ ദൂതനായി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണിനെ അയച്ച സംഭവവുമായിബന്ധപ്പെട്ടാണ് സര്‍ക്കാരിന്റെ അസാധാരണമായ നടപടി.

ഷാജ് കിരണുമായി അടുത്ത ബന്ധം വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് ഐ.ജി: എച്ച്.വെങ്കടേഷിന് ചുമതല നല്‍കി. ഇന്നലെ രാത്രി ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയ പ്രശ്‌നം സങ്കീര്‍ണമാക്കാനിടയാക്കിയത് അജിത്കുമാറിന്റെ ഇടപെടല്‍ മൂലമാണെന്നു സര്‍ക്കാര്‍ കണ്ടെത്തി.

ടെലഫോണില്‍ ഷാജ് കിരണുമായി സംസാരിച്ചതിന്റെ തെളിവുകളും സര്‍ക്കാര്‍ കണ്ടെത്തി. അതീവ ഗുരുതരമായ സംഭവമായിട്ടാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതലവഹിക്കുന്ന എ.ഡി.ജി.പി: എം.ആര്‍.അജിത്കുമാറിന്റെ നടപടിയെ നോക്കിക്കാണുന്നത്. അടുത്തിടെയാണ് വിജിലന്‍സ് ഡയറക്ടറായി എം.ആര്‍. അജിത്കുമാറിനെ നിയമിച്ചത്. കടുത്തനടപടിയായിരിക്കും അജിത്കുമാറിനെതിരെ ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഷാജ്കിരണുമായി അടുത്തബന്ധമാണ് അജിത്കുമാറിനുളളത്.