India

ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12 വയസുകാരൻ ഉൾപ്പടെ നാലു പേർക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ വെച്ചാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പരുത്തിക്കുഴി സ്വദേശി ഷൈജു(34), ബന്ധു അഭിരാഗ്(25), ആനാട് സ്വദേശി സുധീഷ് ലാൽ(37), മകൻ അമ്പാടി(12) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുധീഷിന്റെ ഭാര്യ ഷൈനിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൈനിയെ വിദേശത്തേക്ക് യാത്രയയക്കാനാണ് ഇവർ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്. മകന്റെയും ഭർത്താവിന്റെയും ഉറ്റവരുടെയും വിയോഗം അറിയാതെ മരണത്തോട് മല്ലടിക്കുകയാണ് ഷൈനി.

യാത്ര വലിയ ദുരന്തത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് ദാരുണമായി മരിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പെട്ട വാഹനങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് വിവരം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

തഞ്ചാവൂരില്‍ രഥ ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. കാളിമേട് ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി നടന്ന ഘോഷയാത്രയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

രഥം വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വളവ് തിരിയാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ റിവേഴ്‌സ് എടുക്കുകയും ഈ സമയം ലൈനില്‍ തട്ടുകയുമായിരുന്നു. ഘോഷയാത്ര പ്രമാണിച്ച് ലോ ടെന്‍ഷന്‍ ലൈനുകളെല്ലാം ഓഫ് ആക്കി ഇട്ടിരുന്നു. ഹൈ ടെന്‍ഷന്‍ ലൈനില്‍ രഥം തട്ടിയതാണ് അപകടമുണ്ടാക്കിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂ. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഷോക്കിന്റെ ആഘാതത്തില്‍ രഥത്തിലുണ്ടായിരുന്നവര്‍ ദൂരേക്ക് തെറിച്ച് വീണതായാണ് ദൃക്‌സാക്ഷികള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ ആറോളം പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് പരാതിക്കാരിയായ നടി. വിജയ് ബാബുവിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് എടുത്തത് ഇവരുടെ പരാതിയിന്മേല്‍ ആയിരുന്നു. കേസെടുത്തത് വാര്‍ത്തയായതിനു പിന്നാലെ ഇന്നലെ രാത്രി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു എഫ് ബി ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് പൊലീസ് മറ്റൊരു കേസ് കൂടി ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യും. അതേസമയം വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ഉയര്‍ത്തിയിരിക്കുന്നത്. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ കുറിപ്പ് എത്തിയിരിക്കുന്നത്.

നടിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം. N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.

നേരിടാന്‍ തയ്യാറെന്നും നടന്‍ വിജയ് ബാബു

എന്നാൽ നടി നല്‍കിയ പരാതിയില്‍ വെളിപ്പെടുപത്തലുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു രംഗത്ത്. താന്‍ തെറ്റ് ചെയ്തിട്ടില്ല, തെറ്റ് ചെയ്‌തെങ്കില്‍ മാത്രം ഭയപ്പെട്ടാല്‍ മതി, ഇവിടെ ഇര ഞാന്‍ മാത്രമാണ് എന്നും ഇരയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി വിജയ് ഫേസ്ബുക്ക് ലൈവില്‍ എത്തുകയായിരുന്നു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇരയുടെ ഒപ്പമുളള അട്ടകളാണ്. ഒരാള്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ താഴ്ത്തിക്കെട്ടാന്‍ ഈ അട്ടകള്‍ വരും. 2018 മുതല്‍ പരാതിനല്‍കിയ പെണ്‍കുട്ടിയെ അറിയാം. തന്റെ ചിത്രത്തില്‍ നായികയായി അഭിനയിച്ച കുട്ടിയാണ്. പ്രോപ്പറായി ഓഡീഷന്‍ ചെയ്ത് വരാന്‍ പറഞ്ഞ് ഓഡീഷന്‍ ചെയ്ത് വന്ന കുട്ടിയാണ്. ചിത്രം വിജയിച്ചപ്പോള്‍ അതിന്റെ സെലബ്രേഷന് വരാന്‍ പറഞ്ഞശേഷം വന്നില്ല.

ഒന്നര വര്‍ഷത്തോളം താന്‍ കുട്ടിയ്ക്ക് ഒരു മെസേജും അയച്ചിട്ടില്ല. അതിനിടെ കാണണം എന്നാവശ്യപ്പെട്ട് നിരവധി മെസേജുകള്‍ പെണ്‍കുട്ടി തനിക്ക് അയച്ചു. ഇത്തരം 400ഓളം സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഡിപ്രഷന്‍ ആണെന്നുപറഞ്ഞ് കാണാന്‍ വന്നു. അതിന് ശേഷമുളള കാര്യങ്ങള്‍ താന്‍ കോടതിയില്‍ ബോദ്ധ്യപ്പെടുത്തും. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്ക് എതിരായി മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും പെണ്‍കുട്ടിയും കുടുംബവും ഇതിന് പിന്നില്‍ നിന്നവരും കേസ് നേരിടണമെന്നും വിജയ്ബാബു പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നേഴ്സ് ശ്രീമതി ഷീല റാണി.കേരളത്തിൽ നിന്ന് ഈ വലിയ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി .അർഹതയ്ക്കുള്ള അംഗീകാരം കഴിഞ്ഞ 12 വർഷത്തോളമായി പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്യുന്ന കോട്ടയം കിടങ്ങൂർ സ്വദേശിനിയായ വൈക്കത്തുശ്ശേരിൽ ഷീലാ റാണിക്ക് രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ 2021ലെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിച്ചിരിക്കുന്നു. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ഈയൊരു അവാർഡിലേക്ക് പരിഗണിക്കുന്നത്‌.

കേരളത്തിൽ നിന്ന് ഈ വലിയ അംഗീകാരം ലഭിച്ച ഏക വ്യക്തിയാണ് കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി .  കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കൂടല്ലൂർ PHC യിൽ ജോലി ചെയ്യുന്നു. കൂടാതെ കിടങ്ങൂർ PKV വനിതാ ലൈബ്രറിയുടെ സെക്രട്ടറിയുമാണ് , പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന PKV ലൈബ്രറിയുടെ സ്നേഹ സ്വാന്തനം പരിപാടിയ്ക്ക് ചുക്കാൻ പിടിക്കുന്നതും ഷീലാ റാണിയാണ് . തന്റെ കർമ്മനിരതമായ പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റേതടക്കം നിരവധി പുരസ്കാരങ്ങളും , ആദരവുകളും , അനുമോദനങ്ങളും തേടിയെത്തിയിട്ടുണ്ട് ഒപ്പം പരിസ്ഥിതി സാമൂഹ്യ പ്രവർത്തനവും കൂടെയുണ്ട്.

ഭർത്താവ് പ്രശസ്ത ജ്യോതിഷ – വാസ്തു വിദഗ്ധൻ ജയചന്ദ്രർ വൈക്കത്തുശ്ശേരിൽ , മക്കൾ അർച്ചന – അക്ഷയ് & ജഗന്നാഥൻ – അടുത്തമാസം ബഹുമാനപ്പെട്ട ഭാരതത്തിന്റെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാർഡ് സമ്മാനിക്കും

ഇടുക്കി വണ്ടൻമേട് പുറ്റടി ഇലവനാതൊടിയിൽ രവീന്ദ്രൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അതേസമയം, രവീന്ദ്രന്റെ ഈ ചെയ്തിക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ല, കുടുംബ പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്നാണ് സൂചന.

പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകൾ ശ്രീധന്യക്ക് പുറമേ രവീന്ദ്രനും ഭാര്യ ഉഷക്കും മറ്റൊരു മകൾ കൂടിയുണ്ട്. മൂത്തമകൾ ശ്രുതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം ചെയ്തത്. ഇതിന് ശേഷം രവീന്ദ്രൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ബന്ധുക്കൾ മകളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രവീന്ദ്രൻ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ശേഷമാണ് അയൽവാസികൾ രവീന്ദ്രന്റെ വീട്ടിൽനിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോൾ മകൾ ശ്രീധന്യ പൊള്ളിയടർന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോൾ ഓടിക്കൂടിയ നാട്ടുകാർ വെള്ളം നൽകുകയും തുടർന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.

ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുറ്റടി നെഹ്‌റു സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഹ്യുമാനിറ്റീസ് ബാച്ചിൽ പഠിക്കുന്ന ശ്രീധന്യയ്ക്ക് ചൊവ്വാഴ്ച ഇക്കണോമിക്‌സ് പരീക്ഷ ബാക്കിയുണ്ടായിരുന്നു.

രവീന്ദ്രനും ഭാര്യ ഉഷയും കിടന്നിരുന്ന കട്ടിൽ പൂർണമായി കത്തി നശിച്ച നിലയിലാണ്. കിടക്കയുടെ ഭാഗത്ത് ശേഷിക്കുന്ന സ്പോഞ്ചിന്റെ ഭാഗങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്നാണ് പോലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും വിലയിരുത്തൽ. ഇതേ മുറിയുടെ മറ്റൊരു വശത്തെ കട്ടിലിലാണ് ശ്രീധന്യ കിടന്നിരുന്നതെന്നാണ് കരുതുന്നത്. ഈ കട്ടിലിന്റെ ഭാഗത്തേക്ക് തീ പടർന്നിട്ടില്ല. ഈ വീട്ടിൽ സിമന്റ് ഇഷ്ടിക കൊണ്ട് നിർമിച്ച അടച്ചുറപ്പുള്ള ഏക മുറിയിലാണ് ഇവർ കിടന്നിരുന്നത്.

ആത്മഹത്യയാണെന്നു സൂചിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പ് കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മയിലും സുഹൃത്തിനും രവീന്ദ്രൻ അയച്ചിരുന്നതായി പോലീസ് പറയുന്നു. അണക്കര സ്വദേശിയായ സുഹൃത്ത് മുഖേന രവീന്ദ്രൻ മറ്റൊരാളിൽ നിന്ന് അരലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. അത് പൂർണമായി തിരികെ കൊടുത്തിരുന്നില്ല. അതിനുള്ള കുറച്ച് പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നും അത് തികയില്ലെന്ന് അറിയാമെന്നും ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞാണ് സുഹൃത്തിനുള്ള കുറിപ്പ്. താൻ ഒരു തവണയെങ്കിലും ജയിച്ചോട്ടെയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് കുടുംബ ഗ്രൂപ്പിൽ ഇട്ടിട്ടുള്ളതെന്നാണ് വിവരം. അണക്കരയിൽ ജ്യോതി സ്റ്റോഴ്സ് എന്ന പേരിൽ സോപ്പ് പൊടിയും മറ്റും വിൽക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു രവീന്ദ്രൻ.

കൊയിലാണ്ടി ചേലിയയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഓൺലൈൻ റമ്മി കളിയിലുണ്ടായ സാമ്പത്തിക നഷ്ടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലയിൽ സ്വദേശി മലയിൽ ബിജിഷ മരിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.

2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവർക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് ബിജിഷ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചിരുന്ന ബിജിഷ പിന്നീടഓൺലൈൻ റമ്മി ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി കൂടുതൽ പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.

തുടർച്ചയായ ഗെയിമുകളിൽ പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവെച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.

വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം, വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയുമായിരുന്നില്ല. ബിജിഷയുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന 35 പവൻ സ്വർണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിരുന്നു.

ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ പങ്കാളിയായിരുന്നു. ഇവരിൽനിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് നയൻ‌താര. മലയാള സിനിമയിലൂടെയാണ് നയൻതാരയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും താരം അരങ്ങേറിയതോടെ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് നയൻ‌താര.

ഡയാന എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയാണ് ഡയാന എന്ന നയന്‍താര സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് ആണ് താരത്തിന് നയൻ‌താര എന്ന പേര് നിർദ്ദേശിക്കുന്നത്.

ഇപ്പോള്‍ നയന്‍താരയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് ഓര്‍ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമയിൽ ക്ഷേണവുമായി ചെന്നപ്പോൾ സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നാണ് നയൻ‌താര പറഞ്ഞത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

നയന്താര ചെയ്ത ഒരു പരസ്യത്തിന്റെ ഫോട്ടോ കണ്ടാണ് അഭിനയിക്കാന്‍ വിളിച്ചത്.എന്നാല്‍ അഭിനയിക്കാന്‍ താല്പര്യമില്ല എന്നാണ് ആദ്യം തന്നോട് പറഞ്ഞത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

ബന്ധുക്കൾക്കൊന്നും താന്‍ സിനിമയിൽ അഭിനയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല എന്നും തന്റെയും മാതാപിതാക്കളുടെയും ഇഷ്ടപ്രകാരം മാത്രമാണ് അഭിനയിക്കാന്‍ എത്തിയതെന്നും നയൻ‌താര പറഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു..

നയൻതാരയെ ഞാൻ ആദ്യം കാണുന്നത് ഒരു മാഗസിൻ കവറിലാണ്.അത് കണ്ടപ്പോൾ ആത്മവിശ്വാസമുള്ള ഒരു പെണ്‍കുട്ടി എന്ന ഫീൽ എനിക്ക് തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. തുടര്‍ന്ന് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഡയാനയെ വിളിച്ച് കാണാന് പറ്റുമോ എന്ന് ചോദിച്ചു.

തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നയൻ‌താര എന്നെ കാണാൻ എത്തുന്നത്. ഡയനയെ കണ്ടപ്പോൾ തന്നെ മനസിലായി

സിനിമയിൽ അഭിനയിക്കണം എന്ന മോഹം കൊണ്ട് വരുന്ന കുട്ടി ഒന്നുമല്ല എന്ന്.പക്ഷെ അഭിനയിക്കാൻ ഇഷ്ടമാണ് എന്നും തോന്നി. അന്ന് തന്നെ ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്താര തിരിച്ച് പോയി.

പിന്നീട് നയൻതാരയെ നായികയായി തിരഞ്ഞെടുത്ത കാര്യം പറഞ്ഞപ്പോൾ ‘ഇല്ല സർ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു അവരുടെ മറുപടി എന്നും സത്യൻ അന്തിക്കാട് പറയുന്നു.

ബന്ധുക്കള്‌ക്കൊന്നും സിനിമയിൽ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ല. അപ്പോൾ ഞാൻ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ എന്ന് ഇല്ല എന്നായിരുന്നു മറുപടി. എന്നാല് ഇങ്ങോട്ട് പോരു എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ‘മനസ്സിനക്കരെ’ ചിത്രത്തിൽ നയന്‍ താര എത്തുന്നത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

തുടർന്ന് പേര് മാറ്റുകയായിരുന്നു.ഞാൻ കുറച്ച് പേരുകൾ അവര്‍ക്ക് എഴുതി കൊടുത്തിരുന്നു. അതില് നിന്നാണ് നയന്താര എന്ന പേര് അവര്‍ തെരഞ്ഞെടുക്കുന്നത് എന്നും സത്യൻ അന്തിക്കാട് പറയുന്നു.

ഇപ്പോഴും ഞാനാണ് സിനിമയിൽ കൊണ്ടു വന്നത് എന്ന സ്‌നേഹം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് നയന്താര. ഇടയ്ക്ക് വിളിക്കാറുണ്ട്. അവർ വളർന്നു വന്നത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്.താൻ അവസരം കൊടുത്തില്ലെങ്കിലും നയൻ‌താര സിനിമയിൽ വരുമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്‌തെന്ന് വിവരങ്ങൾ പുറത്തുവരികയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത് .നടിയാണ് പരാതിക്കാരി. അതും ചില സിനിമകളിൽ നായികയായ യുവ നടി. പീഡനം തന്നെയാണ് വിജയ് ബാബുവിനെതിരെ ഉയരുന്നതും.

ഇതു സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും പൊലീസിന് കിട്ടി കഴിഞ്ഞു. ഇതിൽ ചില സംശയങ്ങളുണ്ട്. വിജയ് ബാബുവിൽ നിന്ന് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഏതായാലും മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ വിജയ് ബാബു അറസ്റ്റിലാകും. അഴിക്കുള്ളിൽ പോകേണ്ടിയും വരും. എന്നാൽ ആരോപണമെല്ലാം വിജയ് ബാബു നിഷേധിക്കുകയാണ്.

ഭീഷണിയും പീഡനവുമാണ് പരാതിക്ക് പിന്നിലുള്ളത്. സിനിമാക്കാരിൽ പ്രമുഖരെ ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയിലെ ഏക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. എന്നാൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ നടി അമ്മയിൽ അംഗവുമല്ല. നടിയും വിജയ് ബാബുവും തമ്മിലെ വാട്‌സാപ്പ് ചാറ്റും മറ്റും പൊലീസ് പരിശോധിച്ചു കഴിഞ്ഞു.

എഫ് ഐ ആർ ഇട്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെ വന്നാൽ നടൻ ദിലീപിന്റെ അറസ്റ്റിന് ശേഷം മലയാള സിനിമയെ ഞെട്ടിക്കുന്ന മറ്റൊരു കേസായി ഇതു മാറും. ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ നടി ഉയർത്തുന്നത്. വിരിലിൽ എണ്ണാവുന്ന സിനിമയിൽ മാത്രമാണ് അവർ അഭിനയിച്ചിട്ടുള്ളത്. അതിൽ ഒരു സിനിമയിൽ നായികയുമായിരുന്നു.

എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിന്റെ വിശദാംശങ്ങളൊന്നും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പൊലീസ് എല്ലാം വിശദാംശങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ്. കേസിനെ കുറിച്ച് കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചിരുന്നു.

വിശദാംശങ്ങൾക്കായി അന്വേഷണം നടത്തുകയാണെന്നും വിജയ് ബാബു അറിയിച്ചു. പൊലീസ് ഉടൻ നടിയുടെ വിശദ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. അങ്ങനെ വന്നാൽ താര സംഘടനയ്ക്ക് അടക്കം വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടി വരും.

 

കൊച്ചി നഗരത്തില്‍ നാലു വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ ജെ.ജെ. കോളനിയില്‍ മിന്റു വിശ്വാസ് (47), ഹിജായപ്പുര്‍, സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്. ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വര്‍ണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതി.

21-നാണ് നെടുമ്പാശ്ശേരിയില്‍ മൂന്നംഗ സംഘം വിമാനമിറങ്ങിയത്. നഗരത്തില്‍ പൂട്ടിക്കിടക്കുന്ന വലിയ വീടുകളാണ് ഇവരുടെ ലക്ഷ്യം. വന്നിറങ്ങിയ ദിവസംതന്നെ ഇവര്‍ കടവന്ത്ര ജവഹര്‍ നഗറിലുള്ള വീട്ടില്‍ കയറി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. അടുത്തദിവസം എളമക്കര കീര്‍ത്തിനഗറിലെ വീട്ടില്‍നിന്ന് മൂന്നുപവന്‍ സ്വര്‍ണവും 8,500 രൂപയും കവര്‍ന്നു. അടുത്ത മോഷണത്തിന് പദ്ധയിടുന്നതിനിടെയാണ് പോലീസ് ഇവരെ കുടുക്കിയത്.

നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് മോഷണങ്ങള്‍ നടന്നതോടെ പോലീസ് പരിശോധന വ്യാപകമാക്കി. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു കവര്‍ച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യമായി. തുടര്‍ന്ന്, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ കടവന്ത്ര, എളമക്കര, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.

സി.സി.ടി.വി.യില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലെയും പോലീസുകാരെ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയായിരുന്നു. തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പര്‍ എന്നിവയും പരിശോധിച്ച് പ്രതികളാണെന്ന് ഉറപ്പിച്ചു. അടിയ്ക്കടി താമസസ്ഥലം മാറുന്നവരായിരുന്നു ഇവര്‍.

രണ്ടിടത്തെ മോഷണത്തിനുശേഷം പോലിസ് സംഘം കൊച്ചിയില്‍മുഴുവന്‍ പരിശോധന നടത്തുന്നതിനിടെ, എളമക്കര മണിമല ക്രോസ്‌റോഡിലെ വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടില്‍നിന്ന് 35,000 രൂപയും കവര്‍ന്നിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ പിടിയിലായത്.

നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. ദിലീപിതിരെ ഭാഗ്യലക്ഷ്മി ഒരു ചാനൽ ചർച്ചയിൽ നടത്തിയ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ദിലീപ് കാവ്യ ബന്ധത്തെ കുറിച്ചും അത് മഞ്ജു അറിഞ്ഞതിനെ കുറിച്ചെല്ലാമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നു. ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി വെളിപ്പെടുത്തിയിരുന്നു.

ദീലിപിന്റെ വീട്ടിൽ പതിനാല് വർഷക്കാലം മഞ്ജുവാര്യർ കഴിഞ്ഞത് വീട്ടുതടങ്കലിന് സമാനമായാണെന്ന് ലിബർട്ടി ബഷീർ. ദിലീപുമായുള്ള കല്യാണം കഴിഞ്ഞതു മുതൽ അവർ ഒട്ടേറെ സഹിക്കേണ്ടി വന്നു. എന്നാൽ മഞ്ജുവിന്റെ തറവാടിത്തം കൊണ്ടു മാത്രമാണ് ഇതൊന്നും പുറത്തറിയാതിരുന്നതെന്ന് ലിബർട്ടി വെളിപ്പെടുത്തിയിരിക്കുന്നു.

ദിലീപിന്റെ അമ്മ വളരെ ക്രൂരമായാണ് മഞ്ജുവിനോട് പെരുമാറിയത്. മഞ്ജുവിനുള്ള ഫോൺ വന്നാൽ പോലും അത് ആരാണെന്ന് പരിശോധിച്ച് മാത്രമേ അവൾക്ക് നൽകാറുള്ളൂ. വീട്ടിൽ കരഞ്ഞു കഴിയേണ്ട അവസ്ഥയായിരുന്നു ദിലീപിനോടൊപ്പമുള്ള കാലം. സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച അവസ്ഥയായിരുന്നു. ദിലീപിന്റെ അനുജൻ അനൂപും അയാളുടെ ഭാര്യയും മാത്രമാണ് മഞ്ജുവിനോട് അല്പമെങ്കിലും നല്ല നിലയിൽ പെരുമാറിയത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിനെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച അനൂപിന്റെ മൊഴിയിൽ മഞ്ജു മദ്യപാനിയാണെന്ന് അറിയില്ലെന്ന് മറുപടി പറഞ്ഞിരുന്നു. പലവട്ടം മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും വീട്ടിൽ എല്ലാവർക്കും അത് അറിയാമെന്നും മൊഴി നൽകാൻ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മൊഴി. ഇത് തന്നെ മഞ്ജുവിന്റെ സ്വഭാവ മഹിമക്ക് ഉദാഹരണമാണ്.

ദീലീപിനോട് എനിക്ക് വൈരാഗ്യമുണ്ടെന്നത് സത്യം തന്നെയാണെന്ന് മുൻ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ടും നിലവിൽ ഉപദേശക സമിതി അംഗവുമായ ബഷീർ പറയുന്നു. താൻ പ്രസിഡണ്ടായിരുന്ന സംഘടന പൊളിച്ചത് ദിലീപാണ്. പ്രൊഡ്യൂസർമാരും വിതരണക്കാരും ചേമ്പറും ദിലീപിനെതിരെ തിരിഞ്ഞപ്പോൾ സഹായിച്ചത് താൻ മാത്രമായിരുന്നു. ദിലീപിനെ ഉൾപ്പെടുത്തി സിനിമ എടുക്കരുതെന്ന് വിലക്കുണ്ടായപ്പോൾ താൻ അയാളെ ചേർത്ത് ഫിലിം എടുത്ത ഒരേ ഒരാൾ താനായിരുന്നു.

എന്നാൽ ദിലീപ് പിന്നീട് ചെയ്തത് പുതിയ സംഘടനയുണ്ടാക്കി തന്നെ വഞ്ചിക്കുകയായിരുന്നു. ആറ് മാസം വരെ തന്റെ തീയ്യേറ്ററുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയും വന്നു. എന്നാൽ എല്ലാറ്റിനും ദൈവം ദിലീപിന് ശിക്ഷ കൊടുത്തുകൊണ്ടിരിക്കയാണ്. ദിലീപ് വിശ്വസിച്ച ആൾ തന്നെ ഇപ്പോൾ പൊലീസിന് എല്ലാ വിവരവും തെളിവുകളും നൽകുന്നു. രഹസ്യങ്ങൾ സൂക്ഷിക്കാൻ ദിലീപ് നിയോഗിച്ച ആൾ തന്നെയാണ് ശിക്ഷ നേടിക്കൊടുക്കാൻ ഇറങ്ങിയിട്ടുള്ളത്.

കേസിന്റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയോട് താൻ പറഞ്ഞിരുന്നു. മമ്മൂട്ടി ഇടപെട്ടാൽ കേസ് തേഞ്ഞുമാഞ്ഞു പോകും. അതോടെ മുഖ്യമന്ത്രിക്ക് തന്നോട് നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും അന്നത്തെ ഡി.ജി.പി. അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇപ്പോൾ മുഖ്യമന്ത്രിയും ഡി.ജി.പി.യും ക്രൈംബ്രാഞ്ചുമെല്ലാം ഒറ്റക്കെട്ടായി കേസ് സജീവമാക്കുകയാണ്. കുറ്റവാളി ആരായാലും ശിക്ഷ നേടിക്കൊടുക്കമെന്ന കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ബഷീർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടോടെ അന്വേഷണം പൂർവ്വാധികം ശക്തി പ്രാപിക്കുന്നുണ്ട്. അന്വേഷണം മറ്റു ചിലരിലേക്കും എത്തുമെന്നും സൂചനയുണ്ട്. ചലച്ചിത്ര മേഖലയിലെ നിരവധി പേരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സമീപനമാണ് ദിലീപ് സ്വീകരിച്ചതെന്നും അതിന് അദ്ദേഹത്തിന് ദൈവം വലിയ ശിക്ഷ നൽകുമെന്നും ബഷീർ ആവർത്തിച്ചു.

Copyright © . All rights reserved