India

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞ ശേഷമാണ് ഇരുവരും വേങ്ങരയിലെത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയിലെ നേതാവിനെ വേങ്ങരയിലെ വീട്ടിലെത്തി കണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ 21 ന് അനൂപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സി.ഡി.ആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദീലീപ് ജയിലില്‍ കിടക്കുകയാണ്. ഒക്ടോബര്‍ 3 നാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്,’ ബാലചന്ദ്രകുമാര്‍ പറയുന്നു.

ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാന്‍ വീണ്ടും പോയെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘രാത്രിയാണ് പോയത്. കൈയില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയോടൊപ്പവും മക്കളോടൊപ്പവും ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സി.ഡി.ആര്‍ പരിശോധിക്കുക. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിന് പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോ,’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണസംഘം. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം.

പള്‍സര്‍ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് പുറത്തുവന്നത്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം.

”അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും, പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും, എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും”. എന്നുമാണ് പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശം.

2018 മെയ് മാസത്തില്‍ സുനി എഴുതിയ കത്താണിത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ കത്താണ് പുറത്തു വന്നിരിക്കുന്നത്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു.

”എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ. യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം.” കത്തില്‍ പറയുന്നു

നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടപടികള്‍ പുരോഗമിക്കെ നടന്‍ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തല്‍. ദിലീപിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് പുതിയ ആരോപണത്തിന് പിന്നില്‍. ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം. തനിക്ക് ജീവഭയമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സനീഷ് എന്നയാളുടെ മരണത്തെ കുറിച്ച് ബാലചന്ദ്രകുമാര്‍ ദുരൂഹത ഉന്നയിക്കുന്നത്.

ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ സെല്ലുലാര്‍ സെയില്‍ എന്ന മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്‍റെ ഉടമ സനീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഇയാളെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണ് എന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

അരുണ്‍ ഗോപിയുടെ ഈ ഐഫോണ്‍ ഐഫോണില്‍ നിന്നും ഫോണ്‍ കോള്‍ റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. ഇതിനുള്ള പണം നല്‍കിയത് ദിലീപിന്‍റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ്. എന്നിട്ടും ഫോണ്‍കോള്‍ തിരിച്ചെടുത്താന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. അത്തരത്തില്‍ റിട്രീവ് ചെയ്‌തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സനീഷ് ദിലീപിന്റെ അടുത്ത സഹായിയായി. പിന്നീട് ഒരുക്കല്‍ തന്നോട് സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം സനീഷ് റോഡപകടത്തില്‍ മരിച്ചെന്നാണ് അറിഞ്ഞത്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന തന്നോട് വെളിപ്പെടുത്തിയതിന് മൂന്നാം ദിവസം ആയിരുന്നു മരണം. ദിലീപ് ഐ ഫോണ്‍ കമ്പനിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്ന വ്യക്തിയാണ് സനീഷ് എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ദിലീപ് ശേഖരിച്ചത് എന്ന് സനീഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ തനിക്കും ജീവഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

സംശയം തോന്നുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ഐടി വിദഗ്ദ്ധരെ ഉപയോഗിച്ച് ദിലീപ് വാട്സ്ആപ്പ് ഹാക്ക് ചെയ്യാറുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ദിലീപിന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പോലുമുണ്ടെന്ന സംശയമാണ് ബാലചന്ദ്രകുമാര്‍ ഉന്നയിക്കുന്നത്.

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരേ സമ്മര്‍ദതന്ത്രവുമൊരുക്കി ക്രൈംബ്രാഞ്ച്‌. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ വിവരങ്ങള്‍ തേടി കുടുംബാംഗങ്ങളില്‍ രണ്ടുപേരെ കൂടി ചോദ്യം ചെയ്യുമെന്നാണു ക്രൈംബ്രാഞ്ച്‌ ദിലീപിനെ അറിയിച്ചത്‌. ഇവരുടെ ഫോണുകളും പരിശോധനയ്‌ക്കയയ്‌ക്കും.

കേസില്‍ ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം രണ്ടിനു മാറ്റിയിരിക്കേ അതിനുള്ളില്‍ കൊലപാതക ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനുളള അന്വേഷണത്തിലാണു ക്രൈംബ്രാഞ്ച്‌. മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിലും ദിലീപ്‌ പല വിവരങ്ങളും മറയ്‌ക്കുന്നുവെന്നു വ്യക്‌തമായതോടെയാണു ചില കാര്യങ്ങളില്‍ വ്യക്‌തതവരാന്‍ അടുത്ത ബന്ധുക്കളില്‍ ചിലരെ വിളിച്ചുവരുത്തേണ്ടിവരുമെന്ന്‌ അന്വേഷണ സംഘം ദിലീപിനെ അറിയിച്ചത്‌.

ഇതിനി​ടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്ര കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ചിനു കൊടുത്ത മറുപടിക്കത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.

കൊലപാതക ഗൂഢാലോചന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കാതെ ദിലീപിന്‌ അനുകൂലമായി സാക്ഷിമൊഴി മാറ്റിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. ഇവരുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും.

സിനിമാരംഗത്തുനിന്ന്‌ അരുണ്‍ ഗോപി, റാഫി, വ്യാസന്‍ എടവനക്കാട്‌ എന്നിവരുടെ മൊഴിയെടുക്കുകയും വധഭീഷണി സ്വരത്തിലുള്ള റെക്കോഡ്‌ ചെയ്‌ത ശബ്‌ദ ഭാഗങ്ങള്‍ ദിലീപ്‌ പറഞ്ഞതു തന്നെയെന്നു സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സജിത്തിന്റെ മൊഴിയും എടുത്തു. ഇദ്ദേഹം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് നടപടി. ദിലീപിനു ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് അഭിഭാഷകന്റെ മൊഴി. താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും അഭിഭാഷകന്‍ കൈമാറി. ദിലീപടക്കം പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴിയെടുത്തത്.

നടന്‍ ദിലീപിനെ പിന്തുണച്ച് വീണ്ടും ധര്‍മജന്‍ ബോള്‍ഗാട്ടി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ തനിക്കൊന്നും പറയാനില്ല എന്നും പറയാനുള്ളത് കോടതി പറയട്ടെ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ ധര്‍മജന്‍ പറഞ്ഞത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒന്നും നോക്കാറില്ലെന്നും അവയിലൊന്നും വിശ്വാസമില്ലെന്നും ധര്‍മജന്‍ മറുപടി നല്‍കി.

‘കുറെ വാര്‍ത്തകള്‍ കണ്ടിട്ടൊന്നും കാര്യമില്ല. ചില മാദ്ധ്യമങ്ങളിലെ വാര്‍ത്തകളിലൊന്നും കാര്യമില്ല. ചിലപ്പോള്‍ നാളെ നിങ്ങള്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു എന്നൊരു വാര്‍ത്ത ഞാന്‍ കേള്‍ക്കേണ്ടി വരും. സത്യം അതായിരിക്കില്ല. ഞാന്‍ അങ്ങനത്തെ വാര്‍ത്തയൊന്നും നോക്കാറില്ല. ഇവിടെ കോടതിയുണ്ട്, നിയമങ്ങളുണ്ട്. ആന്വേഷിക്കുന്നുണ്ട്, പോലീസുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ.- ധര്‍മ്മജന്‍ വ്യക്തമാക്കി.

നേരത്തെ, ദിലീപിനെ കുറിച്ച് സംവിധായകന്‍ ജോണി ആന്റണിയും വെളിപ്പെടുത്തിയിരുന്നു. താന്‍ ഒന്നും ആകാതിരുന്ന കാലത്ത് തന്റെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം തന്നത് ദിലീപ് ആണെന്ന് അദ്ദേഹം പറയുന്നു. അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലെ പോലുള്ള കമ്മിറ്റ്മെന്റ് ദിലീപുമായി ഉണ്ടെന്നും ജോണി ആന്റണി പറഞ്ഞു.

അമേരിക്കയിലേക്ക്  കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ഞില്‍ തണുത്ത് മരിച്ച നാലുപേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.

മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തി.

ഇവരെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റീവ് ഷാന്‍ഡ് എന്ന യുഎസ് പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന് യുഎസിലെത്തിയത്.

മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ ഓരോ വർഷവും നിരവധി പേരാണ് മരിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ആളുകളെ വലയിലാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളും സജീവമാണ്.

ഓണ്‍ലൈന്‍ പണമിടപാടിനെ തുടര്‍ന്ന് പൂനെയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. 22 വയസായിരുന്നു.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം വായ്പ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും അനുഗ്രഹ് 8000 രൂപ വായ്പ എടുത്തിരുന്നു. പിന്നീട് ഈ വായ്പയുടെ വിവരം ഓണ്‍ലൈന്‍ ആപ്പ് അനുഗ്രഹിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം അയച്ചു.

ഇതിന് പുറമെ ഈ ആപ്പ് യുവാവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവ് കടുത്ത് മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ പൊലീസ് അനുഗ്രഹിന്റെ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഒമൈക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമൈക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.

വെന്റിലേറ്ററിന്റെ ഉപയോഗത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത അടുത്ത മൂന്നാഴ്ച്ച നിര്‍ണ്ണായകമാണ്. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തനമാരംഭിച്ചു. മോണിറ്ററിംഗ് സെല്‍ നമ്പര്‍ 0471-2518584

സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിലെ മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി നാല് കുട്ടികളെ കൂടി കണ്ടെത്താനുണ്ട്.

ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പെണ്‍കുട്ടികളും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കാണാതായവരില്‍ ആദ്യത്തെ കുട്ടിയെ ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ബെഗളൂരുവില്‍ എത്തിയത് എന്ന് പൊലീസ് പറയുന്നു. മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു.

സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ ഇന്നലെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബാക്കി അഞ്ച് പേര്‍ ഓടിരക്ഷപെട്ടു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി നാലുപേരും അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ല. അവരെയും ഉടനെ കണ്ടെത്താനാകും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ബോളിവുഡ് നടിയായ ശ്വേത തിവാരി (Shweta Tiwari) വിവാദത്തില്‍. പുതിയ വെബ് സീരീസ് (Web series) റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ അവരെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപ്പാലില്‍ ശ്വേത തിവാരി വാര്‍ത്താസമ്മേളനത്തിനിടെ വിവാദ പ്രസ്താവന നടത്തിയത്.

രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍. ഫാഷന്‍ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നദ് ദൈവമാണ്) എന്ന് ശ്വേത പറയുന്ന വീഡിയോയാണ് വൈറലായത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിച്ചതാണ് നടി. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.

Copyright © . All rights reserved