ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗറും ആൽബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥൻ താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫ് ആർഡിഒക്ക് അപേക്ഷ നൽകി. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.

ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചത്. ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കുടുംബത്തിന്റെ പരാതി.

നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനുള്ളിൽ കബറടക്കാനും കുടുംബത്തിനുമേൽ സമ്മർദമുണ്ടായിരുന്നതായി പിതാവ് റാഷിദ് പറഞ്ഞു. മെഹ്നാസിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുഹൃത്തിൽ നിന്നും മൊഴി എടുത്തെങ്കിലും മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. റിഫയുടെ ഫോൺ ഇതുവരെ കുടുംബത്തിനു ലഭിച്ചിട്ടില്ല.