സൗദി അറേബ്യയില്‍ ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില്‍ പലവ്യഞ്ജന കട (ബഖല)യില്‍ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.
വരാപ്പുഴ പീഡനക്കേസ് പ്രതിയെ മഹാരാഷ്ട്രയിൽ രണ്ടുപേർ ചേർന്ന് അടിച്ച് കൊന്ന് കിണറ്റിലിട്ടു. കണ്ണൂർ സ്വദേശി വിനോദ് കുമാറിന്‍റെ മൃതദേഹമാണ് കിണറ്റിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. വരാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതടക്കം കേസുകളിൽ 25 ലേറെ വാറന്‍റുകൾ നിലനിൽക്കെ ഒളിവിൽ പോയതാണ് വിനോദ് കുമാർ. റായ്‍ഗഡിലെ കാശിഥ് ഗ്രാമത്തിലുള്ള ഒരു റിസോർട്ടിൽ മസാജിംഗ് പാർലറിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. റിസോർട്ടിന് സമീപത്തെ ആദിവാസി കോളിനിയിലെത്തി വിനോദ് കുമാർ മദ്യപിക്കാറുണ്ടായിരുന്നെന്ന് റായ്‍ഗഡ് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ എട്ടാം തിയ്യതി മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും രണ്ടുപേർ ചേർന്ന് വിനോദിനെ അടിച്ച് കൊന്ന് കിണറ്റിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ആദിവാസി യുവാക്കളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം റായ്ഗഡിൽ തന്നെ സംസ്കരിച്ചു. വരാപ്പുഴ കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരേ തകർപ്പൻ ജയത്തോടെ കേരളം തുടങ്ങി. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. രണ്ടു ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം മാൻ ഓഫ് ദ മാച്ചായി. മേഘാലയയുടെ രണ്ടാം ഇന്നിംഗ്സ് 191 റണ്‍സിൽ അവസാനിച്ചു. ബേസിൽ തമ്പി നാലും ജലജ് സക്സേന മൂന്നും ഏദൻ രണ്ടു വിക്കറ്റുകൾ നേടി. ചിരാഗ് കുർന (75), ദുപ്പു സാഗ്മ (പുറത്താകാതെ 55) എ്ന്നിവർ മാത്രമാണ് മേഘാലയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ മേഘാലയ 148 റണ്‍സിന് പുറത്തായിരുന്നു.
പൊന്നൻ രാഹുൽ (147), രോഹൻ എസ്. കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറി കരുത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 505 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ജയിച്ചതോടെ കേരളത്തിന് ഏഴ് പോയിന്റുകൾ ലഭിച്ചു.
മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
രോഹിത് ശർമ നായകനാകുന്ന 18 അംഗ ടീമിൽ പരിക്ക് മാറി രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. ജസ്പ്രീത് ബുംറയെ ട്വന്റി-20, ടെസ്റ്റ് ടീമുകളുടെ ഉപനായകനായും നിയമിച്ചിട്ടുണ്ട്. ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക് വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹൽ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, ആവേഷ് ഖാൻ
പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു മരിച്ചതു കണ്ണൂരിലെ വ്യാപാരിയും ഹോട്ടൽ ഉടമയുടെ ഭാര്യയും. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. മൂകാംബിക ദർശനം കഴിഞ്ഞു കണ്ണൂരിലേക്കു തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. കണ്ണൂർ അലവിൽ സ്വദേശി കക്കിരിക്കൽ ഹൗസിൽ കൃഷ്ണൻ-സുഷമ ദന്പതികളുടെ മകനും കണ്ണൂർ എംഎ റോഡിലെ പ്രേമ കൂൾബാർ ഉടമയുമായ ഒ.കെ.പ്രജിൽ (34), ചിറക്കൽ പുതിയാപറന്പ് സ്വദേശിനിയും കണ്ണൂർ പുലരി ഹോട്ടൽ ഉടമ വിജിനിന്റെ ഭാര്യയുമായ പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രജിലിന്റെ ഭാര്യ നീതു (28), മകൾ ആഷ്മി (7), പൂർണിമയുടെ ഭർത്താവ് കെ.വിജിൻ (35), മക്കളായ അനുഖി, അയാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് രണ്ടു കുടുംബംഗങ്ങളും ചേർന്ന് മൂകാംബിക ദർശനത്തിനായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വിജിൻ ഉറങ്ങിപ്പോയതാകും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നു.
പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആർഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്.
ഇപ്പോള്‍ താൻ എച്ച്ആർഡിഎസിന്റെ ജോലിക്കാരിയാണെന്നു സ്വപ്ന കൂട്ടിച്ചേർത്തു. സ്വപ്ന പുതിയ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ അവരുടെ നിയമനം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.
സ്വപ്നയ്ക്കു ജോലി നൽകിയതു നിയമവിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആർഡിഎസിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വാക്കുകൾ;
ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ ലഭിച്ച സഹായമാണു ജോലി. ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാൻ പേടിയാണെന്നു പലരും പറഞ്ഞു. അനിൽ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആർഡിഎസിൽ ജോലിക്ക് അവസരം കിട്ടിയത്.
രണ്ടു റൗണ്ട് അഭിമുഖങ്ങൾക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളർത്തട്ടെ, ജീവിക്കാൻ അനുവദിക്കണം
ബാലുശേരി: പത്ത് ദിവസം മുന്‍പ് വിവാഹിതയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയാണ് (18) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തേജ അനക്കമില്ലാതെ കിടക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞതനുസരിച്ചാണ് വീട്ടുകാര്‍ മുറിയില്‍ എത്തിയത്. അവര്‍ നോക്കുമ്പോള്‍ തേജയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.
എന്നാല്‍ ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. കഴിഞ്ഞ 9ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്‌സിനു ചേര്‍ന്നിരുന്നു.
മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. പൊലീസ് പരിശോധന തുടങ്ങി. തഹസിന്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തിയത്.
സ്വരൂപിച്ച് കൂട്ടിയ നാണയങ്ങളുമായി സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്. ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങളുമായി ഷോറൂമിലെത്തിയാണ്
ഇരുചക്രവാഹനമെന്ന സ്വപ്‌നം ഈ യുവാവ് സാക്ഷാത്കരിച്ചിരിക്കുന്നത്.
ആസാമിലെ സ്‌റ്റേഷനറി ജീവനക്കാരനാണ് തന്റെ കുഞ്ഞു സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വന്തം വാഹനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. യൂട്യൂബര്‍ ഹിരക് ജി ദാസ് എന്നയാളാണ് സംഭവം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം മാതൃകയായി ഈ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങള്‍ അഞ്ച് കുട്ടകളിലായി നിറച്ചിരിക്കുകയാണ്. ഷോറൂമിലെ സ്റ്റാഫുകള്‍ നാണയങ്ങള്‍ എല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷം
കൃത്യം തുകയുണ്ടെന്ന് ബോധ്യമായി വാഹനം വാങ്ങുന്നതിനായുള്ള മറ്റ് നടപടികള്‍ കൈക്കൊണ്ടു. ഒടുവില്‍ യുവാവ് സ്‌ക്കൂട്ടറെന്ന സ്വപ്നം നേടി.
യുവാവിന്റെ ഏഴ്-എട്ട് മാസങ്ങളായുള്ള പരിശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ വൈറലായതോടെ യുവാവിന് പിന്തുണയും ഏറുകയാണ്.
പുത്തന്‍ സ്‌ക്കൂട്ടറുമായുള്ള യുവാവിന്റെ ചിത്രവും പുറത്തുവന്നു. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും സ്വപ്നങ്ങള്‍ തേടിയുള്ള പലരുടെയും യാത്രയില്‍ ഈ യുവാവ് മാതൃകയാകുന്നെന്നാണ് സോഷ്യല്‍ ലോകം അഭിപ്രായപ്പെടുന്നത്.
സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ശരിയായില്ലെന്നും, തീർത്തും രഹസ്യമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങൾ പരസ്യമായ സാഹചര്യത്തിൽ, ചടങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാക്‌സ്വെൽ തമിഴ് പെൺകൊടി വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്തുക. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതാണ് സോഷ്യൽമീഡിയയിൽ വ്യാപകമായത്.
‘ക്ഷണക്കത്ത് ചോർന്നത് ഒട്ടും ശരിയായില്ല. എന്തായാലും വിവാഹ ചടങ്ങിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബന്ധുക്കളിൽ ചിലർ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു’ മാക്‌സ്‌വെൽ പ്രതികരിച്ചു.
മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആൻസി കബീറിന്റെ ബന്ധുക്കള്‍. ഹോട്ടല്‍ ഉടമ റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നും ആൻസി കബീറിന്റെ ബന്ധു നസിമുദ്ദീൻ പറഞ്ഞതായി റിപ്പോർട്ട്.
മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആൻസിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ മരിച്ച, നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയ് വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന് ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുമ്പാണ് സംഭവിച്ചത്. എന്നാൽ ഈ സംഭവവും മോഡലുകളുടെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണയ്‌ക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ ഇന്ന് വിധി പറഞ്ഞത്. 56 പേർ കൊല്ലപ്പെട്ട കേസിൽ 3 മലയാളികള്‍ ഉള്‍പ്പെടെ 38 പേർക്കു വധശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.
നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരായ 78 പേരായിരുന്നു പ്രതികൾ.8 പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ.പട്ടേൽ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. അതേസമയം
അഹമ്മദാബാദിൽ സ്‌ഫോടനം നടത്താൻ കേരളത്തിൽനിന്ന് നാല് ബൈക്കുകൾ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഇതിൽ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടെതാണെന്നും എൻഐഎ പിന്നീട് സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിൽ ബൈക്ക് തകർന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ ലഭിച്ച ഷാസി നമ്പർ പിൻതുടർന്ന് മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് ഉടമയെ തേടി അന്വേഷണ ഉദ്യോഗസ്‌ഥർ 2012 ജൂണില്‍ കൊച്ചിയിലെത്തി . ഉടമയുടെ വിവരങ്ങൾ തേടിയെത്തിയ സംഘം മട്ടാഞ്ചേരി ആർടിഒ ഓഫീസ്, കൊച്ചി നഗരസഭാ മേഖലാ ഓഫീസ്, റേഷൻകട, സമീപത്തെ വീടുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തിയിരുന്നു.
വധശിക്ഷയ്‌ക്കു വിധിച്ച 38 പേരിൽ രണ്ടു പേർ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കൽ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നീ ഇരട്ടസഹോദരങ്ങളാണ് . സിമി വാഗമൺ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാമ്പിൽ ഷിബിലിയും ഷാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കണ്ടെത്തിയിരുന്നു . അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ഉൾപ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാമ്പിനെത്തിയവർക്ക് താമസസൗകര്യവും വാഹനവും ഏർപ്പെടുത്തിയത് ഷിബിലിയും ഷാദുലിയുമായിരുന്നു .