ഒരുവര്‍ഷമായി രാജ്യത്ത് കോവിഡ് 19 വാക്സിനേഷന്‍ യജ്ഞം പുരോഗമിയ്ക്കുകയാണ്. അതിനിടെ മലയാളി ആരോഗ്യപ്രവര്‍ത്തകയെ തേടി ദേശീയ അംഗീകാരം എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയയെ തേടി മികച്ച വാക്‌സിനേറ്റര്‍ പുരസ്‌കാരം
എത്തിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധ വാക്സിനേഷന്‍ വിതരണം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ, മികച്ച വനിതാ വാക്സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം പ്രിയയെ തേടിയെത്തിയത്. ഗ്രേഡ് വണ്‍ നഴ്‌സിങ് ഓഫീസറായ പ്രിയ, 13 മാസം കൊണ്ട് 488 സെഷനുകളിലായി 1,33,161 ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. ഓരോ ദിവസവും വാക്സിനേഷനായെത്തുന്ന അവസാന ആള്‍ക്കും കുത്തിവയ്പു നല്‍കി, നിരീക്ഷണം പൂര്‍ത്തിയാക്കി അവര്‍ പോകുന്നതു വരെ പ്രിയ വാക്സിനേഷന്‍ കേന്ദ്രത്തിലുണ്ടാവും.

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് പ്രിയയ്ക്ക് ഡ്യൂട്ടി. നൂറ് മുതല്‍ ആയിരം വരെ കുത്തിവയ്പുകള്‍ നല്‍കിയ ദിവസങ്ങളുണ്ട്. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍, സെന്റ് ജോസഫ് സ്‌കൂളില്‍ തയ്യാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പ്രിയയെ രോഗം ബാധിച്ചില്ല.

‘വാക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഒരുപാട് ആളുകളെ കണ്ടു. വാക്സിന്‍ കിട്ടാത്തവര്‍ ശപിച്ചപ്പോള്‍, വാക്സിനായി ഒരുപാട് അലഞ്ഞെത്തിയവര്‍ കുത്തിവയ്‌പ്പെടുത്തുകഴിഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിച്ച നിമിഷങ്ങളുമുണ്ടായി. മനഃപൂര്‍വം വാക്സിന്‍ നല്‍കുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ തെറ്റിദ്ധരിച്ചതില്‍ മാത്രമാണ് വിഷമം തോന്നിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ എത്താതിരുന്നാല്‍ ബാക്കി വരുന്ന രണ്ടോ മൂന്നോ വാക്സിന്‍ വയലുകള്‍. ഇതിനായി മത്സരമാണ്. ആരും ഒഴിവാകില്ല. ഇവരില്‍നിന്ന് അര്‍ഹരായവരെ കണ്ടെത്തി നല്‍കുകയെന്നത് പ്രയാസകരമായിരുന്നു. കൂടെ ജോലി ചെയ്തവരുടെ സഹകരണവും വലുതായിരുന്നു’ – പ്രിയ പറഞ്ഞു.

2006ല്‍ ഡി.എം.ഒ. നിയമനമായാണ് ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2008-ല്‍ പി.എസ്.സി. നിയമനം ലഭിച്ചു. മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂക്ക് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്‌കാരം സ്വീകരിക്കും.