സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി പിരിക്കുന്നതിനെതിരെ കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ദാരിദ്ര്യവ്രതം ജീവിതചര്യയായി സ്വീകരിച്ചിരിക്കുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളം കൈപ്പറ്റുന്നത് അവരുടെ രൂപതകളോ ഭദ്രാസനങ്ങളോ ആണ്. ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെന്ന് മുഖ്യ പരാതിക്കാരായ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് അപ്പീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നതെന്നും ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
പള്ളിയോ, ഭദ്രാസനമോ, രൂപതയോ ആണ് പണം ചിലവാക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. നിയമം എല്ലാവര്‍ക്കും തുല്യമാണ്. ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ പറഞ്ഞു.
ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നല്‍കുന്നത് ശമ്പള ഇനമായിട്ടാണ് കണക്കില്‍ രേഖപ്പെടുത്തുന്നത്. വ്യക്തിക്ക് നല്‍കുന്ന ശമ്പളം മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞ് നികുതി ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം 1940 മുതല്‍ നികുതി പിരിക്കാറില്ല എന്നത് കോടതി അംഗീകരിച്ചില്ല. കൃത്യമായ നിയമമില്ലാതെ നികുതി പിരിവില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
എഡിഎംകെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പ്രസ്താവിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കഴിഞ്ഞ തവണ വാദത്തിനിടെ പ്രതിഭാഗം കോടതിയില്‍ സമ്മതിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ വാദിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ ഒടുവില്‍ പാര്‍ട്ടി നടപടി. എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ തീരുമാനിച്ച സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് അവരെ തരംതാഴ്ത്തി.
സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നല്‍കും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ദിവ്യ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്.
അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതി ചേര്‍ത്തതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടി നടപടിയിലേക്ക് തല്‍കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇതില്‍ വലിയ സമ്മര്‍ദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. ദിവ്യയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.
പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നൽകാത്തതിന് വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി.കെ. സുമേഷിന്റെ പരാതിയിൽ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നൽകാൻ ഉത്തരവായത്.
രജിസ്‌ട്രേഷൻ ഫീസായി 4900 രൂപ വാങ്ങി രണ്ടുമാസംകൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. 2024 ജനുവരി 14-ന് പണം നൽകി 10 മാസം കഴിഞ്ഞിട്ടും മറുപടി നൽകുകയോ വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോൺ വിളിച്ചപ്പോൾ ലഭിച്ചത്.
കണ്ണൂർ കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും നൽകണം. പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ. രമേഷ് ഹാജരായി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡയില്‍ നിരോധനം.
ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് ‘ഓസ്ട്രേലിയ ടുഡേ’ എന്ന ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
‘ഓസ്ട്രേലിയ ടുഡേ’യുടെ സാമൂഹിക മാധ്യമ പേജുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയശങ്കര്‍ ഓസ്ട്രേലിയയില്‍ എത്തിയത്. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്ഥാന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയശങ്കറും അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
വാര്‍ത്താ സമ്മേളനത്തിന്റെ വിശദാംശങ്ങളും ജയശങ്കറിന്റെ അഭിമുഖവും റിപ്പോര്‍ട്ട് ചെയ്തതോടെ കാനഡയില്‍ ‘ഓസ്ട്രേലിയ ടുഡേ’ നിരോധിക്കപ്പെട്ടതായി രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പതിവ് വിശകലനത്തിലായിരുന്നു രണ്‍ധീറിന്റെ പരാമര്‍ശം.
മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നു കടറ്റമാണിത് എന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം കാനഡയിലെ സിഖ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന കാനഡയുടെ ആരോപണം ഇന്ത്യ നിക്ഷേധിച്ചു.
പാലക്കാട്ടെ പാതിരാ റെയ്ഡിൽ വീണ്ടും നീക്കങ്ങളുമായി സിപിഎം. കോൺഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ, ട്രോളി ബാഗിൽ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു. ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ കാണാം.
രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാദം.
നേരത്തെ, സിപിഎമ്മിനും ബിജെപിക്കുമെതിരെ ഷാഫി പറമ്പിൽ എംപി വിമർശനമുന്നയിച്ചിരുന്നു. സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യതയാണെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു.
വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങൾക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത്.
ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ അവർ ഇപ്പോൾ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകൾ ആണ് സിപിഎം നടത്തുന്നത്. നിലവാര തകർച്ചയാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്.
പ്രണയം നടിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാര്‍ (21), ഹുസൈന്‍ (21) എന്നിവരാണ് പിടിയിലായത്.
നിലമ്പൂര്‍ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടയില്‍ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയില്‍ ഹുസൈനുമായും യുവതി പരിചയത്തിലായി. തുടര്‍ന്ന് ഹുസൈനും യുവതിയോട് മൊബൈല്‍ഫോണ്‍ വഴി പ്രണയാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയില്‍ വീഡിയോ കോള്‍ വഴി നഗ്‌നചിത്രം പകര്‍ത്തുകയും തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും വീഡിയോ അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി ബന്ധത്തില്‍നിന്ന് പിന്‍മാറി. ഇതിന്റെ വിരോധത്തിലാണ് നഗ്‌നദൃശ്യം പ്രചരിപ്പിച്ചത്.
ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എ.എസ്.ഐ. ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബിറലി, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു
ഒറ്റക്കൊമ്പനെന്ന തന്റെ 250-ാമത്തെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ഗോപി. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ താടി വടിച്ച ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ജി 250 ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
കേന്ദ്രമന്ത്രി ആയതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് മുൻപ് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ സുരേഷ് ഗോപി തന്നെ രംഗത്തെത്തിയത് ആരാധകരെയും ആവേശത്തിലാഴ്ത്തി.
‘ഊഹാപോഹങ്ങൾക്ക് ഇടമില്ല, 2025’ എന്നാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിലെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്.
വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം വട്ടക്കരിക്കകം മന്‍സിലില്‍ ഷെറിന് (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ജോര്‍ജിയയില്‍ എംബിബിഎസ് വിദ്യാർത്ഥിയായ പ്രതി മയ്യനാട് സ്വദേശിനിയായ യുവതിക്ക് ഇയാള്‍ പഠിക്കുന്ന കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണകളായി പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി എയര്‍പോര്‍ട്ടിലൂടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞ് ഇരവിപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയിലെത്തി പിടികൂടുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പരിശോധന നടത്തിയിട്ട് പൊലീസ് രണ്ട് ചാക്ക് കള്ളപ്പണം കൊണ്ടുപോയോ എന്നും കെ. സുധാകരന്‍ ചോദിച്ചു. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥന്മാര്‍ കോണ്‍ഗ്രസുകാരല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും പിണറായി വിജയനും, പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണ്. പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
തോന്നിയ പോലെ ചെയ്യാന്‍ പൊലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. ഈ ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കാന്‍ പോകുകയാണ്. സമരമുഖത്ത് തങ്ങള്‍ കാണും. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി കോടതിയെ സമീപിക്കും. ഈ പൊലീസുകാരെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിക്കാനെത്തിയ പൊലീസുകാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് അവര്‍ക്ക് സാധിച്ചില്ല. ഏത്രയോ കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന രണ്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാ നേരത്തു പരിശോധിക്കുന്നതില്‍ പൊലീസിന് എന്തു ന്യായീകരണമാണുള്ളതെന്ന് കെ. സുധാകരന്‍ ചോദിച്ചു.
പതിറ്റാണ്ടുകളായി സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ നേതാക്കളെ അപമാനിക്കുന്നതിന് പരിധിയില്ലേയെന്നും അദേഹം ചോദിച്ചു. പരാതി കിട്ടിയിട്ട് അന്വേഷിക്കാന്‍ വന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞു സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്. എന്നാല്‍ ഇതിന് ഒരു അര്‍ത്ഥവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
അന്തസില്ലാത്ത, അഭിമാനബോധമില്ലാത്ത, ആണത്തമില്ലാത്ത പൊലീസ് തെമ്മാടിത്തമാണ് കാണിച്ചത്. പൊലീസിന്റെ നടപടി ആസൂത്രിതമാണ്. പരിശോധന നടക്കുന്നതിനിടെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പുറത്തു വന്ന് മുദ്രാവാക്യം വിളിച്ചത് ഇവര്‍ക്ക് മുന്‍കൂട്ടി അറിവു ലഭിച്ചു എന്നതിന് തെളിവാണെന്നും അദേഹം പറഞ്ഞു. അവര്‍ പ്രശ്നമുണ്ടാക്കിയതെല്ലാം ആസൂത്രിതമായിട്ടാണ്. മറ്റ് പാര്‍ട്ടിക്കാരുടെ മുറിയിലൊന്നും പോയിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
അനധികൃത ഇടപാടില്ലെങ്കില്‍ എന്തിനാണ് പൊലീസ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയെ കെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. അയാളുടെ മുറിയില്‍ കയറുമ്പോള്‍ അറിയാം. സാമാന്യബുദ്ധിയും വിവരവും വിവേകവും വേണം നേതാക്കന്മാര്‍ക്ക്. അതില്ലാത്ത മരമണ്ടന്മാര്‍ക്ക് വായില്‍ തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയം. ഇതോര്‍ത്ത് സംസാരിക്കണമെന്ന് ടി.പി രാമകൃഷ്ണന് മുന്നറിയിപ്പ് നല്‍കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
അധികാരം ഉപയോഗിച്ച് കോടാനുകോടികളാണ് പിണറായി വിജയന്‍ ഉണ്ടാക്കുന്നത്. നാടു നന്നാക്കലല്ല, കുടുംബത്തെ നന്നാക്കലാണ് പിണറായിയുടെ ലക്ഷ്യം. പാലക്കാട്ടേക്ക് പോകുകയാണെന്നും നേതാക്കന്മാരുമായി സംസാരിച്ച് തുടര്‍നടപടി എടുക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.