സൂറിക്: പ്രവാസി മലയാളികൾ ലോകത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്‌ഥാനം കൈവരിക്കുന്നത് അപൂർവ്വമല്ല. എന്നാൽ ഒരു സർക്കാരിൻെറ മുഖം മിനുക്കാനായി പ്രസ് സെക്രെട്ടറിയായി ഒരു മലയാളി നിയമിതനാവുന്നത് ആദ്യമായാണ്. ഓസ്ട്രിയൻ ചാൻസലറുടെ പ്രസ് സെക്രട്ടറിയായി ഷിൽട്ടൻ ജോസഫ് പാലത്തുങ്കൽ (29) നിയമിതനായി. ഓസ്ട്രിയൻ സർക്കാരിൻെറ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികളിൽ പ്രവർത്തിച്ചുവരവെയാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഷാലൻ ബെർഗിന്റെ വക്താവായും, മീഡിയ വിഭാഗം തലവനുമായും ഷിൽട്ടന്റെ നിയമനം.
അഴിമതി ആരോപണങ്ങളെ തുടർന്ന് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലറായിരുന്ന സെബാസ്റ്റിയൻ കുർസ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുഖം നഷ്‌ടമായ ചാൻസലർ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ ഉദ്ദേശിച്ചാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ കൊണ്ടുവരുന്നത്.
ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജനിച്ചതും വളർന്നതും വിയന്നയിലാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എഷ്യാനെറ്റിലെ വിനു വി ജോണും, ട്വന്റിഫോറും തമ്മിലുള്ള യുദ്ധം തത്കാലത്തേക്കൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു.വി ജോണ്‍ ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടു പോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്‍ ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.
നേരത്തെ എഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുടെ മകളുടെ ജന്മദിനം എന്ന പേരില്‍ പുറത്തു വന്ന ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യു, സഹിന്റെ കുഞ്ഞിന്റെ പിതൃത്വപരാമര്‍ശം നടത്തിയതോടെ ചര്‍ച്ച വിവാദമായി. ചര്‍ച്ചയില്‍ അവതാരകനായിരുന്ന വിനു വി ജോണ്‍ ഇടപെട്ട് അത് തിരുത്തിയെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പരക്കുകയായിരുന്നു.
ഇതിന് പിന്നാലെ പിറ്റേദിവസം രാവിലെ 24ന്യൂസിലെ ഗുഡ്‌മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയില്‍ സഹിന്‍ ആന്റണിയുടെ ഭാര്യയും ശ്രീകണ്ഠന്‍ നായരും വിനു വി ജോണിനെതിരെ നിയമനടപടിയുമായി പോകുമെന്നും പറഞ്ഞിരുന്നു. ചര്‍ച്ച നടന്ന ദിവസം രാത്രി തന്നെ സംഭവത്തില്‍ പരാതി നല്‍കിയതായി സഹിന്റെ ഭാര്യ ചാനലില്‍ പറഞ്ഞിരുന്നു. പിന്നീട് വിനുവിനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നാണ് വിവരം.
വിനു വി ജോണും ട്വന്റിഫോറും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് നാളുകളായി. മുട്ടില്‍ മരംമുറി കേസില്‍ 24ലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ദീപക് ധര്‍മ്മടത്തിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വിട്ടതോടെയാണ് ശ്രീകണ്ഠന്‍ നായരെ വെട്ടിലാക്കിയത്. പിന്നാലെ ശ്രീകണ്ഠന്‍നായര്‍ ലൈവില്‍ തന്നെ ഏഷ്യാനെറ്റിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് മോന്‍സന്‍ മാവുങ്കല്‍ വിഷയം പുറത്തു വന്നതോടെ കേസില്‍ 24റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ പേരും പുറത്തു വന്നു. മറ്റു മാധ്യമങ്ങള്‍ അധികമാരും ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കുമ്പോഴും വിനു വി ജോണ്‍ ഒന്നിലേറെ തവണ സംഭവം ചര്‍ച്ചയാക്കി.
പിന്നീട് ഇത് ചാനല്‍ യുദ്ധമായി വളരുകയായിരുന്നു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, ട്രൂകോപ്പി സിഒഒ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്നിവരും ഈ യുദ്ധത്തിന്റെ പങ്കാളികളായെങ്കിലും പിന്നീടവര്‍ പിന്‍വലിയുകയായിരുന്നു.പരാതിക്കാരില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത പണത്തില്‍ 2016 മുതല്‍ കൊച്ചി പ്രസ് ക്ലബില്‍ എത്ര ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. 2020ല്‍ സഹിന്‍ ആന്റണി വഴി വന്ന രണ്ടരലക്ഷം എങ്കിലും തിരിച്ചു കൊടുക്കണം എന്നായിരുന്നു ട്വീറ്റ്.
കൊച്ചി പ്രസ് ക്ലബില്‍ 2020ല്‍ നടന്ന കുടുംബ മേളയിലെ ഭക്ഷണത്തിന്റെ സ്പോണ്‍സര്‍ മോന്‍സണ്‍ മാവുങ്കല്‍ ആയിരുന്നു എന്നായിരുന്നു ട്വീറ്റിനൊപ്പം വിനു വി ജോണ്‍ പങ്കുവെച്ച വാട്സ് ആപ്പ് സന്ദേശത്തിലെ ഉള്ളടക്കം. റേറ്റിംഗ് കാലയളവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വലിയ മത്സരം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും, ട്വന്റി ഫോര്‍ ന്യൂസും വാര്‍ത്താഅവതാരകരുടെ ഭാഷയെയും സഭ്യതയെയും മുന്‍നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കുകയാണ്. ഈ യുദ്ധം ഇപ്പോഴൊന്നും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് വിനു വി ജോണ്‍.
ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.
17 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വര്‍ഷം, ഏഴ് വര്‍ഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.
നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന് വധശിക്ഷ നല്‍കണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യമെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. പ്രതി മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പിട്ടിട്ടില്ലെന്നതും കോടതി പരിഗണിച്ചു. കോടതിയില്‍ നിര്‍വികാരനായാണ് സൂരജ് കാണപ്പെട്ടത്.
ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് കേസില്‍ നടന്നത്.
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ പൊതിരെ തല്ലുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ മുട്ടുകാലില്‍നിര്‍ത്തിയും മര്‍ദ്ദിക്കുന്നുണ്ട്. ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. ഈ കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല. സ്‌കൂളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. അതിനാല്‍ കോവിഡ് ലോക്ഡൗണിന് മുമ്പ് നടന്ന സംഭവമാണോയെന്നും പരിശോധിച്ചു വരികയാണ്.
ഹെല്‍മറ്റും മാസ്‌ക്കുമില്ലാതെ വണ്ടിയോടിച്ചയാള്‍ പോലീസിന് നല്‍കിയ മറുപടി വൈറലാകുന്നു. പിഴ നല്‍കാന്‍ വേണ്ടി പിടികൂടിയ വ്യക്തിയോട് പോലീസ് പേര് ചോദിക്കുമ്പോള്‍ അയാള്‍ രാമന്‍ എന്ന് മറുപടി പറയുകയും, അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ ദശരഥന്‍ എന്നും സ്ഥലം അയോദ്ധ്യയെന്നും മറുപടി പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിരവധി രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിടികൂടിയ ആള്‍ തങ്ങളെ പരിഹസിക്കുകയാണെങ്കിലും എഴുതിയെടുക്കേണ്ടി വരുന്നതാണ് വീഡിയോയിലെ ഏറ്റവും രസകരമായ കാര്യം. വെറും 29 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
കോതമംഗലം ചേലാട് പെരിയാർ വാലി കനാൽ ബണ്ടിൽ സ്റ്റുഡിയോ ഉടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച എൽദോസ് പോളിന്റെ അയൽവാസി എൽദോസ് ജോയിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.എൽദോസിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാനായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ27) ഇയാളുടെ പിതാവ് ജോയി (58) മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ എൽദോസ് ആണ് കൊല്ലപ്പെട്ടത്. സ്റ്റുഡിയോ ഉടമയായ എൽദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.മൃതദേഹം സ്‌കൂട്ടറിലിരുത്തി കൊണ്ടുപോയി കനാൽ ബണ്ടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കത്തിച്ചുകളഞ്ഞതായാണ് പ്രതികൾ പറയുന്നത്. ആയുധത്തിന്റെയും നശിപ്പിക്കപ്പെട്ട മൊബൈൽ ഫോണിന്റെയും അവശിഷ്ടങ്ങൾ തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒരു കോൾ വന്നതിനെ തുടർന്ന് വീട്ടിൽനിന്ന് പോയ എൽദോസ് പോളിനെ പിറ്റേന്ന് രാവിലെയാണ് കനാൽബണ്ടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു തന്നെ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കിടന്നിരുന്നതിനാൽ അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് പിന്നിൽ സാരമായ പരിക്ക് കണ്ടെത്തിയിരുന്നു. കൂടാതെ എൽദോസിന്റെ മൊബൈൽ ഫോൺ കാണാതായതും ദുരൂഹതയ്ക്കിടയാക്കി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.
യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശം ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ യുകെ പിന്‍വലിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം . രാജ്യാന്തര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച ശേഷം യുകെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ക്വാറന്റീനും നെഗറ്റീവ് കോവിഡ് പരിശോധനയും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണം യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കൈവശം വയ്ക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രി ഉമ്മയോടൊപ്പം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങിയ ലിയാന ഫാത്തിമയും സഹോദരി ലുബാന ഫാത്തിമയും (ആറു മാസം) ചൊവ്വാഴ്ച വൈകീട്ട് ഉമ്മയെ തനിച്ചാക്കി ഖബറിലെ ആറടി മണ്ണിൽ എെന്നന്നേക്കുമായി അന്തിയുറങ്ങി. മാതാക്കുളം പുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ആ അന്ത്യനിദ്ര. പള്ളിക്കൽ മാതാകുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഒരുമിച്ച് ഒരു ഖബറിൽ ഖബറടക്കിയപ്പോൾ നാടിെൻറ നെഞ്ചകം തേങ്ങി. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലെ പോസ്റ്റ്മോർട്ട ശേഷം വൈകീട്ടോടെയാണ് ഖബറടക്കം നടന്നത്. മാതാവ് മാതാകുളം മുണ്ടോട്ടുപുറം ചോനാരി സുമയ്യയോടൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കവേയാണ് ഇരുവരെയും മരണം തട്ടിയെടുത്തത്.
വലിയ ശബ്ദം കേട്ട് സുമയ്യയുടെ സഹോദരി അയൽവാസികളെ വിവരമറിയിച്ചതിനെതുടർന്ന് മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അപകടസമയത്ത് സുമയ്യയുടെ പിതാവ് മുഹമ്മദ് കുട്ടി, മാതാവ് ഫാത്തിമ, ഇവരുടെ സഹോദരി ജമീല, മുഹമ്മദ് കുട്ടിയുടെ മറ്റൊരു മകള്‍ ഹഫ്സത്ത് എന്നിവരും വീട്ടിലുണ്ടായിരുന്നു. മണ്ണിടിച്ചിലിൽ വീടിെൻറ ഒരു മുറി മാത്രമാണ് തകർന്നത്. കുട്ടികളുടെ പിതാവ് അബൂബക്കര്‍ സിദ്ദീഖ് കാസർകോട്ട് ബേക്കറി ജീവനക്കാരനാണ്. തറവാട് വീടിന് തൊട്ടടുത്ത് പുതിയ വീടിെൻറ നിർമാണം നടക്കുന്നതിനാൽ കുറച്ച് കാലമായി സുമയ്യയും മക്കളും തറവാട് വീട്ടിലാണ് താമസം. മക്കളെയും കൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറണമെന്ന ആഗ്രഹത്തിനിടെയാണ് മാറോട് ചേർത്ത് വളർത്തിയ രണ്ട് മക്കളും മരണത്തിലേക്ക് വീണത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രസംഗിക്കാന്‍ എത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതിഷേധവുമായി യോഗം പ്രവര്‍ത്തകര്‍. പിസി ജോര്‍ജ് പ്രസംഗം അവസാനിപ്പിച്ച് തിരികെപ്പോയി. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ നടക്കുന്ന എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനാണ് ജോര്‍ജ് എത്തിയത്.
വെള്ളാപ്പള്ളി നടേശനെ അപമാനിക്കാനാണ് പിസി ജോര്‍ജ് എത്തിയത് എന്നാരോപിച്ചായിരുന്നു യോഗം പ്രവര്‍ത്തകരുടെ പ്രതിഷേധം.സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പിസി ജോര്‍ജ് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ യൂണിയന്‍ കൗണ്‍സിലര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തില്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചു.
‘ഇത് പൂഞ്ഞാറല്ല, എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലമാണ്. ഇവിടെയെത്തി ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചാല്‍ വിവരം അറിയുമെന്നും ചെരുപ്പേറുണ്ടാകുമെന്നും’ ഇവര്‍ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ പിസി ജോര്‍ജ് വേദി വിട്ടുപോവുകയായിരുന്നു. ശങ്കേഴ്‌സ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അവസാനമായി കത്തെഴുതി 16കാരന്‍ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ 16കാരനാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയ്ക്കും മധ്യപ്രദേശ് സര്‍ക്കാറിനും കത്തെഴുതിയ ശേഷമാണ് ട്രെയിനിന് മുന്‍പില്‍ ചാടിയത്.
തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന്‍ അരിജിത് സിംഗ് തന്നെ ഗാനം ആലപിക്കണമെന്നുമാണ് കത്തിലെ ആവശ്യം. തന്റെ അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ പറയുന്നുണ്ട്. അജിത് വന്‍ഷ്‌കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം.
എന്നാല്‍ അത് സാധിക്കാതെ വന്നതിന്റെ നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കള്‍ക്ക്. അതുകൊണ്ടു തന്നെ അവര്‍ തന്റെ ഹെയര്‍സ്‌റ്റൈല്‍ പോലും ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.
മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അരിജിത്ത് സിംഗ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ എന്റെ ആത്മാവിന് ശാന്തി കിട്ടൂ. എന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല- കത്തില്‍ പറയുന്നു.