കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും മുഖ്യപ്രതി സ്വപ്‌ന സുരേഷിനും കൂട്ടുപ്രതി സരിത്തിനും ജാമ്യം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യു.എ.പി.എ ചുമത്തിയ കേസിലാണ് സ്വപ്‌നയ്ക്ക് ഒടുവില്‍ ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരുക്കുന്നത്. കസ്റ്റംസ് കേസില്‍ അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നതിനാല്‍ ഇനി സ്വപ്‌നയ്ക്ക് പുറത്തിറങ്ങാം.

സ്വപ്‌ന സുരേഷിനൊപ്പം കേസിലെ മുഖ്യപ്രതികളായ പി.എസ് സരിത്ത്, കെ.ടി റമീസ്, ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ വാദിച്ചുവെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്‌നയ്ക്കും സരിത്തിനും ഉപാധികള്‍ പാലിച്ചാല്‍ ഉടന്‍ ജയില്‍ മോചിതരാകാം. എന്നാല്‍ റമീസ്, ജലീല്‍ എന്നിവരുടെ കരുതല്‍ തടങ്കല്‍ ഈ മാസം അവസാനമായിരിക്കും അവസാനിക്കുക.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയെന്നതാണ് പ്രതികള്‍ക്കെതിരായ ആരോപണം. എന്‍.ഐ.എ രാജ്യത്ത് രജിസ്്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു ഇത്. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്.