ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.
കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.
ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി ഭര്‍ത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത് സംശയത്തെ തുടര്‍ന്നുള്ള വിരോധത്തിൽ. സംഭവത്തിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങള്‍ വിൽക്കുന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും ഇയാൾ ആക്രമണത്തിൽ നിന്നും പിന്തിരിയാൻ തയ്യാറായില്ല. നിലത്തു വീണ യുവതിയെ പ്രതി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇതിനിടയിൽ ആളുകള്‍ ബഹളം കേട്ട് എത്തിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
അക്രമത്തെ തുടർന്ന് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതിയെ കൊടകര പൊലീസും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിന് കരട് തയാറാക്കി അഭിപ്രായം തേടണമെന്നും കോടതി പറഞ്ഞു.
മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണം. രണ്‍ബീര്‍ അലബാദിയ കേസിലാണ് കോടതിയുടെ നിര്‍ദേശം. മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ച് രണ്‍ബീര്‍ അലബാദിയക്ക് തന്റെ പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.
ബിയര്‍ ബൈസപ്സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശത്തില്‍ കേന്ദ്രം കടുത്ത നടപടിയുമായി രംഗത്തെത്തിയിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് യുട്യൂബ് നീക്കം ചെയ്തിരുന്നു.
പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ അലബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍.
ലൈംഗിക പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ രണ്‍വീര്‍ അലബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികര്‍ത്താക്കള്‍ക്കെതിരെ അസം പൊലീസ് കേസെടുത്തു. മുംബൈ പൊലീസും ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരുന്നു.
പ്രായപൂർത്തിയാകാത്ത 14 കാരിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ച് പ്രതികൾക്ക് ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപരന്ത്യം തടവിനും 40 വർഷത്തെ തടവിനും പെരുമ്പാവൂർ സ്പെഷ്യൽ (പോക്സോ) കോടതി ശിക്ഷിച്ചു.
പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2020 കോവിഡ് കാലത്താണ് ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിക്ക് സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പ്രതികൾ പെൺകുട്ടിയെ തനിച്ചും സംഘം ചേർന്നും പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്.
ഹാരൂൺഖാൻ എന്ന പ്രതിയ്ക്ക് ഒരു കേസിൽ 40 വർഷത്തെ കഠിന തടവിനും 50,000രൂപ പിഴയും വിധിച്ചു. ഫർഹദ് ഖാന് ഒരു കേസിൽ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വർഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.
ഷാഹിദ് ഖാന് ഒരു കേസിൽ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആഷുവിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവും 50,000രൂപ പിഴയും വിധിച്ചു. ഫയീമ്ന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും, 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.
അഞ്ച് കുറ്റപത്രങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് പ്രതികളെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനു കോടതി ഉത്തരവിട്ടു. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ദിനേശ് എം പിള്ളയാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സിന്ധു ഹാജരായി. ഏലൂർ പൊലീസ് സ്റ്റേഷനിലെ എസ് സിപിഒ അരുൺകുമാർ നടപടിക്രമങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അണക്കരയില്‍നിന്ന് വീടുവിട്ടുപോയ ഏഴു പെണ്‍കുട്ടികളെ വണ്ടന്‍മേട് പോലീസിന്റെ ഇടപെടലില്‍ തിരിച്ചെത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ തേനിയില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനാണ് പെൺകുട്ടികൾ വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അണക്കരക്ക് സമീപം ഇവരുടെ വീടുകളില്‍നിന്ന് പോയത്. വൈകുന്നേരത്തോടെ വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കടയില്‍ പോകുന്നു എന്നുപറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ വണ്ടന്‍മേട് സ്റ്റേഷനില്‍ എത്തിച്ചു. ഏഴു കുട്ടികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഈ പെണ്‍കുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയല്‍വാസികളുമായ മറ്റ് ആറ് കുട്ടികള്‍ കൂട്ടുപോകുകയായിരുന്നു. കുട്ടികളുടെ കുടുംബങ്ങളില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വണ്ടന്‍മേട് എസ്.എച്ച്.ഒ. എ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ബിനോയ് എബ്രഹാം, എ.എസ്.ഐ. കെ.ടി. റെജിമോന്‍, എസ്.സി.പി.ഒ. മാരായ ജയ്മോന്‍ മാത്യു, പ്രശാന്ത് മാത്യു, സി.പി.ഒ.മാരായ സാന്‍ജോ മോന്‍ കുര്യന്‍, പി.ആര്‍. ജിഷ, എ. രേവതി എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
ഏറ്റുമാനൂരിൽ ട്രെയിനിടിച്ചു മരിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും സംസ്കാരം ഇന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടക്കും.
ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബിയുടെ ഭാര്യ ഷൈനി കുര്യാക്കോസ് (43) , മക്കളായ അലീന (11), ഇവാന (10 ) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാവിലെ ഷൈനിയുടെ വീടായ കാരിത്താസ് വടകര വീട്ടിൽ കൊണ്ടുവരും .
തുടർന്ന് ഉച്ചയ്ക്ക് 12 ന് കോലാനി ചുങ്കം ചേരിയിൽ വലിയപറമ്പിൽ വീട്ടിൽ എത്തിക്കും. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ചുങ്കം പള്ളിയിൽ സംസ്കരിക്കും.
വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമാനൂർ മനയ്ക്കപ്പാടം അതിരമ്പുഴ റെയിൽവേ ഗേറ്റിനു സമീപം ഷൈനിയും മക്കളും ട്രെയിനിടിച്ച് മരിച്ചത്.
ഏഴായിരത്തോളം ഹാന്‍സ് പാക്കറ്റുകളുമായി നാലുപേരെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് ചാക്കുകളിലായി കൊണ്ടുവന്ന നാലുലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കൈനൂര്‍ സ്വദേശി ശ്രീനിവാസന്‍ (48), മരത്താക്കര സ്വദേശി ഷാജന്‍ (40), ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീന്‍ (33), റിയാസ് (32) എന്നിവരെയാണ് പിടികൂടിയത്. ശ്രീനിവാസന്റെ വീട്ടില്‍ നിന്നും 5000 ത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകള്‍ ഒല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാജനാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചതെന്ന് മനസിലാക്കിയത്.
ഒല്ലൂര്‍ ഭാഗത്തെ ചെറുകിട വില്പനക്കാരനാണ് ഷാജന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഒല്ലൂര്‍ പോലീസ് ഉടന്‍ തന്നെ ഷാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നും ഒറ്റപ്പാലം സ്വദേശിയായ റഷീദിന്റെയും കൂട്ടാളികളുടെയും കൈയില്‍ നിന്നാണ് ഷാജന്‍ സ്ഥിരമായി ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുള്ളതെന്ന് മനസിലാക്കി.
തുടര്‍ന്ന് നടത്തിയ വിദഗ്ധമായ നീക്കത്തിലൂടെയാണ് തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ചെറുകിട വില്‍പ്പനക്കാരിലേക്കും തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളിലേക്കും വില്‍പ്പനയ്ക്കായി എത്തിച്ച ഏഴായിരത്തോളം ഹാന്‍സ് പാക്കറ്റുകളും ആയി അസറുദ്ദീന്‍, റിയാസ് എന്നിവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളേയും റിമാന്‍ഡ് ചെയ്തു.
സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഒല്ലൂര്‍ എ.സി.പി. എസ്.പി. സുധീരന്റെ നിര്‍ദ്ദേശാനുസരണം ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തില്‍ ലഹരി വേട്ട നടത്തിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിനെ കൂടാതെ എസ്. ഐമാരായ കെ.എം. ഷാജി, വി.എന്‍. മുരളി, എ.എസ്.ഐ. സരിത, സി.പി.ഒമാരായ സജിത്ത്, ശ്യാം ചെമ്പകം, അജിത്ത്, വിഷ്ണുദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
കലഞ്ഞൂര്‍ പാടത്ത് ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും യുവാവ് വെട്ടിക്കൊന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കവെ മലയാളി യുവാവ് ജോര്‍ദാന്‍
സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്.
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇസ്രയേല്‍ ജയിലിലെന്നാണ് വിവരം. വെടിയേറ്റ മറ്റൊരാള്‍ തിരികെ നാട്ടിലെത്തിയിരുന്നു. മേനംകുളം സ്വദേശി എഡിസണ്‍ ആണ് നാട്ടിലെത്തിയത്. ഇയാളാണ് ഗബ്രിയേല്‍ മരിച്ച വിവരം അറിയിച്ചത്.
ഗബ്രിയേലിന്റെ മരണം എംബസി സ്ഥിരീകരിച്ചു. ഗബ്രിയേലിന്റെ കുടുംബത്തെ എംബസി വിളിച്ച് വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജോര്‍ദാനിലേക്ക് വിസിറ്റിങ് വിസയില്‍ പോയതായിരുന്നു ഗബ്രിയല്‍.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.