India

ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. തൃശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മൈസൂരുവിൽ മരണപ്പെട്ടിരിക്കുന്നത്. സബീനയുടെ ശരീരത്തിൽ ആകെ മുറിപ്പാടുകൾ ഉണ്ട്.

കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെ യുവാവ് കൊലപ്പെടുത്തിയതാകാമെന്നാണ്‌ പൊലീസ് സംശയിക്കുന്നത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സുഹൃത്തിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.

ഭാര്യയുടെ മറ്റൊരു ബന്ധത്തെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ നിരൂപകയും ആയ ഡോ. അനുജ ജോസഫ്. ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട് അനുജ പറയുന്നു.

ഡോ. അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട്. മരണം കൊണ്ടു പരിഹരിക്കാൻ കഴിയുമോ എല്ലാ വേദനയും എന്ന ചോദ്യത്തിന് No എന്നാണ് ഇന്നുമെന്റെ മറുപടി. അങ്ങനെ ആണേൽ ഇന്നു പലരും ഈ ലോകത്തിൽ നിന്നു മൺമറഞ്ഞു പോയേനെ. വിവാഹബന്ധത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ എന്തിനു ഇതു പോലെ ഒരാളുടെ ജീവനെടുക്കാൻ വരെ കാത്തു നിൽക്കുന്നു.

ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം,എല്ലാം കൂടെ ഒരുമിച്ചു കൊണ്ടു പോകാമെന്ന ഒരുത്തിയുടെ വ്യാമോഹത്തിൽ പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം. പ്രിയ സഹോദരാ, നിങ്ങളുടെ കണ്ണുനീർ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും. എന്നിട്ടും നിങ്ങളെ മനസിലാക്കാതെ പോയവൾക്ക് കാലം ചിലത് കരുതിയിട്ടുണ്ട്.

നിങ്ങളുടെ കുഞ്ഞിനെ ഓർത്തു വേദന മാത്രം. അവൾക്കു ഒരു നല്ല അപ്പന്റെ സ്നേഹം നിങ്ങൾ നഷ്‌ടപ്പെടുത്തിയതോർത്തു. ആത്മഹത്യ ഒന്നിന്റെയും അവസാന വാക്കല്ല. ജീവിതത്തിൽ നിന്നു ഓടി ഒളിക്കുമ്പോഴും നിങ്ങൾക്ക് എന്തു സമാധാനം ലഭിക്കും. നിങ്ങളെ ചതിച്ചവർ ഈ ലോകത്തിൽ ജീവിതനാടകം തകർത്താടുമ്പോൾ!

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.ഇതോടെ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്.

ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് നയിച്ച സൂറത്ത് കോടതി വിധിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വായടപ്പിയ്ക്കാന്‍ കേസുകളിലൂടെ വലവിരിച്ച് ബി.ജെ.പി. ഇന്ത്യയൊട്ടാകെ നിലവില്‍ 16 കേസുകളാണ് വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ഉള്‍പ്പെടെയാണിത്.

ആര്‍.എസ്.എസിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാത്രം രാഹുലിനെതിരേ മൂന്നുകേസുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം അസമിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.മഹാരാഷ്ട്രയിലെ താനെയില്‍ 2014-ല്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെ ആര്‍.എസ്.എസാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്ന് രാഹുല്‍ പ്രസംഗിച്ചു. ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ കൊന്നു. ഇപ്പോഴവര്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തു’, രാഹുല്‍ പറഞ്ഞതിങ്ങനെ. ഇതിനെതിരേ ഭീവണ്ടിയിലെ ആര്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി രാജേഷ് മഹാദേവ് കുന്ദെ, ഭീവണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ നടക്കാനിരിക്കുകയാണ്.

2016-ല്‍ രാഹുലിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍, അസമില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ തന്നെ ആര്‍.എസ്.എസ്സുകാര്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചതിനാണിത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണ അന്തിമഘട്ടത്തിലാണ്.

2018-ല്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരേ നടത്തിയ പരാമര്‍ശത്തിലും മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ മറ്റൊരു കേസുണ്ട്. രണ്ട് കക്ഷികളും ഹാജരാകാത്തതിനാല്‍ ഇത് മാറ്റിവെച്ചിരിക്കുകയാണ്.

2018 ജൂണില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും വാദം തുടങ്ങാനിരിക്കുകയാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത്, അമിത് ഷായെ കൊലപാതകക്കേസിലെ ആരോപണവിധേയനായ ആള്‍ എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ കൃഷ്ണവദന്‍ സോമനാഥ് ബ്രഹ്‌മഭട്ട് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും നടപടി തുടരുന്നു.

കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്…? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും…’ എന്നായിരുന്നു 2019 ഏപ്രിൽ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമർശം. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എൽ.എ. പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സി.ഡി.യും പെൻഡ്രൈവും പരിശോധിച്ച കോടതി രാഹുൽഗാന്ധിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എച്ച്.എച്ച്. വർമയാണ് വിധി പ്രസ്താവിച്ചത്.

വാക്കാലോ രേഖാമൂലമോ ഉള്ള അപകീർത്തിപ്പെടുത്തൽ ക്രിമിനൽക്കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കുകയും 10,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.

മോദി എന്നപേരിൽ സമുദായമില്ലെന്നും പ്രസംഗത്തിൽ വിമർശിച്ചത് നരേന്ദ്രമോദിയെ ആയതിനാൽ അദ്ദേഹത്തിനേ പരാതിനൽകാൻ കഴുയൂവെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ മുഖ്യവാദം. പൂർണേഷ് മോദിയുടെ ആദ്യ ജാതിപ്പേര് ‘ഭൂട്ട്വാല’ എന്നാണെന്നും ചൂണ്ടിക്കാട്ടി. മോദിസർക്കാരിന്റെ അഴിമതികളെയാണ് പരാമർശിച്ചതെന്നും പ്രസംഗം മൊത്തത്തിൽ വിലയിരുത്തുകയാണ്‌ വേണ്ടതെന്നും ഇവർ പറഞ്ഞു.

എന്നാൽ, ‘മോധ്വാനിക് ഘഞ്ചി’ എന്ന സമുദായത്തിന്റെ വിളിപ്പേരാണ് ‘മോദി’യെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോലാർ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉൾപ്പെടെയുള്ളവർ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന പൂർണേഷ് മോദി ഇക്കുറിയും അതേ മണ്ഡലത്തിൽ വിജയിച്ചു.

പൂർണേഷിന്റെ അഭ്യർഥനയെത്തുടർന്ന് 2022 മാർച്ചിൽ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സി.ഡി.യുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാൽ, ലഭ്യമായ തെളിവുകളിൽ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സ്റ്റേ നീക്കി. കഴിഞ്ഞമാസം വിചാരണ പുനരാരംഭിച്ചു. മാർച്ച് 18-നാണ് വാദം പൂർത്തീകരിച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴും 2021 ഒക്ടോബറിൽ മൊഴിനൽകാനും രാഹുൽഗാന്ധി നേരിട്ടെത്തിയിരുന്നു.

ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എഞ്ചിനീയര്‍ മരിച്ചു. എറണാകുളം ചളിക്കവട്ടത്ത് ഗുഡ് എര്‍ത്ത് ലെയിനില്‍ പുല്ലാട്ട് വീട്ടില്‍ താമസിക്കുന്ന എസ്. സുരേഷ് (59) ആണ് മരിച്ചത്. പാലാ സ്വദേശിയാണ്.

കോട്ടയ്ക്കലില്‍ സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തികൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ബിടെക് സിവില്‍ എഞ്ചിനീയറിംഗില്‍ റാങ്ക് ജേതാവായിരുന്നു. സംസ്ഥാനത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെയും പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാന്‍ സുരേഷിന് സാധിച്ചു.

അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എഞ്ചിനീയേഴ്‌സ് മുന്‍ അധ്യക്ഷന്‍, ഹാം റേഡിയോ ഗില്‍ഡ് ഡയറക്ടര്‍, ഭാരതീയ വിദ്യാഭവന്‍ കൊച്ചികേന്ദ്രം ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലാ പുലിയന്നൂര്‍ പുല്ലാട്ട് വീട്ടില്‍ എ ശങ്കരന്‍ നായരുടെയും, കെ ലീലാവതി അമ്മയുടെയും മകനാണ്. ഭാര്യ: സുശീല. മക്കള്‍: ഹരിശങ്കര്‍, ശ്രീലക്ഷ്മി. മരുമക്കള്‍: ഉമ, ഹേമന്ത്. സംസ്‌കാരം നാളെ രാവിലെ 11ന് പുലിയന്നൂര്‍ പുല്ലാട്ട് വീട്ടുവളപ്പില്‍.

മണിമല പഴയിടത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോടതി. പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുൺ ശശി. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്‌കരൻ നായർ (71) എന്നിവരെയാണ് കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.

പ്രതിക്ക് മേൽ ചുമത്തിയ ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ നാസർ നിരീക്ഷിച്ചു. അതേസമയം, ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുൺ മറുപടി പറഞ്ഞില്ല. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് അപേക്ഷിക്കുകയായിരുന്നു പ്രതി. തന്റെ ഏകസഹോദരിയുടെ ഭർത്താവ് അർബുദബാധിതനാണ്. അരുൺമാത്രമേ അവർക്ക് ആശ്രയമായുള്ളൂ. മനഃപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാൽ, പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ദമ്പതിമാരെ ക്രൂരമായി കൊന്ന അരുൺ പല കേസുകളിലെ പ്രതിയാണെന്നും, പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതി ആ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിച്ചത്

പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരൻ നായരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് കരുതിയ പ്രതി അത് കവരാനായാണ് കൊല നടത്തിയത്. തന്റെ കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തിരുന്നു. എന്നാൽ അത് വാങ്ങിക്കാൻ പണം തികഞ്ഞിരുന്നില്ല. ഇതിനായി പണം കണ്ടെത്താൻ ഭാസ്‌കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.

തുടർന്നാണ് സെപ്റ്റംബർ 28-ന് അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ ഭാസ്‌കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തിരുന്നു.

ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.

എന്നാൽ കവർച്ച നടത്തിയ തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ വീണ്ടും മോഷണത്തിനായി പ്രതി ഇറങ്ങിത്തിരിച്ചതാണ് കേസ് തെളിയാൻ തന്നെ കാരണമായത്.

കൊലപാതക കേസ് അന്വേഷണിച്ച അന്വേഷണ സംഘം അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയിരുന്നില്ല. ഇതിനിടെ കേസിലെ പ്രതിയെ പിടികൂടാൻ ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.

പിന്നീട് ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിൽ ഏൽപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. വിശദമായി ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ നടത്തിയതാണെന്ന് മൊഴി നൽകി. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ബന്ധുക്കളെ കൊലപ്പെടുത്തിയ പഴയിടം കൊലപാതകവും സമ്മതിച്ചത്.

സൗദിയിലെ തബൂക്കിനു സമീപം ദുബയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാളിപ്പാടി ഓതിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ ജോസഫാണു (30) മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് പടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക്-യാമ്പു റോഡിൽ ദുബ എന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് ആസ്ട്ര കമ്പനിയിൽ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ട് കുടുംബാംഗമാണ്.

ഭാര്യ: ഡോണ (നഴ്‌സ്, ഇഎംഎസ് സഹകരണ ആശുപത്രി, മുംബൈ). സഹോദരങ്ങൾ: ഷിനി, ഷിന്റോ. ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.

ഫ്ലോറിഡയിലെ മയാമിയിലുള്ള ശ്രീ കോട്ടൂർ ജയ്ക്കിന്റെയും ശ്രീമതി സാലിയുടെയും മകനായ ശ്രീ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ ശ്രീമതി മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ്) മയാമിയിൽ നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.

പൊതുദർശനം : മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.

സംസ്കാരം : മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്കും കുടുംബങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ ആദരഞ്ജലികൾ

നടനെക്കുടാതെ അവതാരകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് രമേഷ് പിഷാരടി ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

രമേഷ് പിഷാരടിയുടെ വാക്കുകള്‍

‘കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയിലേയ്ക്ക് താന്‍ പോയിരുന്നു. അന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ എന്റെ മുഖവും പാസ്പോര്‍ട്ടിലെ മുഖവും കണ്ടതോടെ അവര്‍ക്ക് സംശയമായി. പാസ്പോര്‍ട്ടിലുള്ള ഫോട്ടോയില്‍ താടിയില്ല. ഇപ്പോള്‍ താടിയും മുടി സ്ട്രെയ്റ്റന്‍ ചെയ്തിട്ടുമുണ്ട്. ബയോമെട്രിക്കല്‍ സംവിധാനം ഉണ്ടായിരുന്നുമില്ല.

സംശയം തോന്നിയതോടെ എന്നെ പിടിച്ചു നിര്‍ത്തി. ‘നിങ്ങള്‍ ഒന്നു ഗൂഗിള്‍ ചെയ്യൂ. എന്റെ ഡീറ്റെയ്ല്‍സ് കിട്ടുമെന്ന് ഞാനവരോടു പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ വന്നത് പഴയ ടിവി പരിപാടികള്‍.

പലതും പല കോലത്തില്‍. ഒടുവില്‍ അറിയാവുന്ന ഭാഷയില്‍ ഞാനൊരു നടനാണെന്ന് പറഞ്ഞൊപ്പിച്ചു. അതോടെയാണ് അവര്‍ പൊയ്ക്കോളാന്‍ പറഞ്ഞതെന്ന്’, പിഷാരടി വ്യക്തമാക്കുന്നു.

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വേണ്ടത് അവരുടെ ജീവിനും സ്വത്തിനും സംരക്ഷണമാണെന്നും അത് നല്‍കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെടി ജലീല്‍ എംഎല്‍എ.ബിജെപിനല്‍കുന്ന ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാങ്ങാന്‍ അവരുടെ ഉടലില്‍ തലയുണ്ടായാലല്ലേ കഴിയൂ. നിര്‍ഭയം ജീവിക്കാനുള്ള അവകാശമാണ് മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്. ഓരോ ദിവസം ഉറക്കമുണരുമ്പോഴും തല തപ്പിനോക്കി അത് സ്ഥാനത്തുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട സ്ഥിതി ഒരു നാട്ടിലും ഉണ്ടാകാന്‍ പാടില്ല.

റബ്ബറിന് കിലോക്ക് 300 രൂപയാക്കിയത് കൊണ്ടോ നെല്ല് കിലോക്ക് 50 രൂപ നല്‍കിയത് കൊണ്ടോ മറ്റു കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മോഹിപ്പിക്കുന്ന വില വാഗ്ദാനം ചെയ്തത് കൊണ്ടോ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വര്‍ത്തമാന പ്രതിസന്ധിക്ക് പരിഹാരമാവില്ല. എഴുപതോളം ക്രൈസ്തവ സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ റാലിയില്‍ ഉയര്‍ത്തിയ ആവശ്യം സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്. അല്ലാതെ എല്ലാ കാര്‍ഷിക വിളകള്‍ക്കും മോഹ വില ഉറപ്പുവരുത്തണം എന്നല്ല.

ഗുജറാത്ത് കലാപം മുതല്‍ നസീം ഖുറേഷി വരെ വര്‍ഗ്ഗീയ ചേരിതിരിവില്‍ ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ പട്ടിക ഏറെ നീണ്ടതാണ്. ആസ്‌ട്രേലിയക്കാരായ ക്രൈസ്തവ പുരോഹിതന്‍ ഗ്രഹാം സ്റ്റെയിന്‍സും എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിന്റെ രണ്ട് മക്കളും ചുട്ടെരിക്കപ്പെട്ടത് ഇന്നും ഭീതിപ്പെടുത്തുന്ന ഓര്‍മ്മയാണ്. ബാബരി മസ്ജിദ് ഉള്‍പ്പടെ നിരവധി ചര്‍ച്ചുകളും പള്ളികളും തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാലേ ചിത്രം പൂര്‍ണ്ണമാകൂ.

ഒരു മൃഗത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന നാട് ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ? കൊല്ലും കൊലയും തുടരുന്നെടത്തോളം അതേകുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. അതൊരു പൗരന്റെ ധര്‍മ്മമാണ്. ഏതു സമയത്തും വേട്ടയാടപ്പെടുമെന്ന മാനസികാവസ്ഥയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് മുക്തി നല്‍കാനാണ് സുരേന്ദ്രന്റെ പാര്‍ട്ടി ശ്രമിക്കേണ്ടത്. ഇക്കാര്യം സൂചിപ്പിച്ചതിനാണ് ഞാന്‍ ക്രൈസ്തവ പുരോഹിതനെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന മട്ടില്‍ അദ്ദേഹം പെരും നുണ എഴുന്നള്ളിച്ചത്.

ഉത്തരേന്ത്യയില്‍ ഇത്തരം കള്ളപ്രചരണങ്ങളാണ് സംഘ് പരിവാര്‍ സാധാരണ അഴിച്ചു വിടാറുള്ളത്. അസത്യം വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ നടത്തുന്ന ഹിന്ദി ബെല്‍റ്റിലെ വര്‍ഗീയ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ല. അതുകൊണ്ടൊന്നും ക്രൈസ്തവ സമുദായത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്ന് സുരേന്ദ്രന്‍ വ്യാമോഹിക്കേണ്ടന്നും ജലീല്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ പല നാടുകളിലും കേരളത്തിന് ഏറെ സമാനമായ കാലാവസ്ഥയാണ്. അതിനുള്ള പ്രധാന ഉദാഹരണമാണ് ക്വീന്‍സ്ലന്‍ഡ്. മലയാളികള്‍ കൂടുതലും താമസിക്കുന്ന സ്ഥലമാണിത്. ഇപ്പോഴിതാ ക്വീന്‍സ്ലന്‍ഡില്‍ ഒരുക്കിയ കൃഷിയിടത്തിലെ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി ചൂരവേലില്‍ ടോണിയാണ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ എന്ന ഗ്രാമത്തില്‍ കൃഷിയിടത്തെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. കപ്പവാഴക്കൃഷിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ഓസ്‌ട്രേലിയന്‍ മല്ലു എന്ന ചാനലിലൂടെയാണ് ടോണി ഈ കാര്യം പങ്കുവെച്ചത്. വാഴയും കപ്പയും മാത്രമല്ല, മഞ്ഞള്‍, ഇഞ്ചി, മറ്റു കിഴങ്ങിനങ്ങള്‍ എന്നിവയെല്ലാം ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്. രണ്ടിനം കപ്പയ്‌ക്കൊപ്പം നേന്ത്രന്‍, പൂവന്‍ വാഴകളും അതുപോലെ ഓസ്‌ട്രേലിയന്‍ ഇനങ്ങളായ റോബസ്റ്റ,മങ്കി ബനാന, ലേഡി ഫിംഗര്‍ എന്നിവയാണുള്ളത്.

പ്രധാനമായും ജൈവവളംതന്നെയാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കോഴിവഴം തുടങ്ങിയവ പ്രധാനമായും നല്‍കുന്നു. അതുപോലെ വിളവെടുത്തശേഷം വാഴത്തടകള്‍ വെട്ടിയരിഞ്ഞ് ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതായും ടോണി വിഡിയോയില്‍ പറയുന്നുണ്ട്.

ഇതിന്റെയെല്ലാം വിപണനം ഓസ്‌ട്രേലിയയിലെ മലയാളി സര്‍ക്കിളില്‍ത്തന്നെയാണ്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ട്. അധികമുള്ള കപ്പയും വാഴയുമൊക്കെ ഓസ്ട്രലിയയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാറാണ് പതിവ്. അതേസമയം, കൃഷിയിടത്തിന്റെ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിഞ്ഞില്ലെന്ന് ടോണി പറയുന്നു.

RECENT POSTS
Copyright © . All rights reserved