India

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയ സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തി. നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റു. സ്ത്രീക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇവര്‍ക്ക് ചുണ്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, യുവാവിന്റെ കൈവിരലും ഒടിഞ്ഞു.

തയ്യല്‍കട നടത്തുകയായിരുന്ന കുന്നന്താനം സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴിയില്‍ ജയകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിനെ മറികടന്നു. ഇതില്‍ പ്രകോപിതനായ ജയകൃഷ്ണന്‍ പിന്നാലെയെത്തി മല്‍സരഓട്ടത്തിന് ക്ഷണിച്ചു. വേഗം നിയന്ത്രിച്ച് ഓടിച്ച സ്ത്രീയെ തോളില്‍ പിടിച്ച് തള്ളി.

ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ജയകൃഷ്ണന്‍ റോഡില്‍ വീണു. ബൈക്ക് നിരങ്ങിച്ചെന്ന് ഇടിച്ച് സ്‌കൂട്ടറും മറിഞ്ഞു. സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം പ്രേംചന്ദിൽ മിടിച്ചുതുടങ്ങി. കണ്ണൂർ സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രേംചന്ദ്. അദ്ദേഹത്തിന് മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാൻ തുടങ്ങിയെന്നും രോഗി പൂർണമായും ബോധവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹമടക്കം ഏഴ് പേർക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്.

എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിൻറെ ഹൃദയം 59കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. രോഗി വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ടാണ് നേവിസിന്റെ ഹൃദയവും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട്ടെത്തിയത്.

എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.

ഹൃദയം കൂടാതെ നേവിസിന്റെ കരളും കിഡ്‌നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തെ ആശുപത്രിയിൽവച്ച് മസ്തിഷ്‌ക മരണം സംഭവിച്ചു. കേരളത്തിൽ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

തന്റെ ഭര്‍ത്താവ് ഐ.എസിലെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കേരളത്തിലോ പുറത്തോ എവിടെയെങ്കിലും മറ്റാരെയെങ്കിലും വിവാഹം ചെയ്ത് കഴിയുകയായിരിക്കുമെന്നാണ് കരുതിയതെന്നും ബാലുശ്ശേരി സ്വദേശി പ്രജുവിന്റെ ഭാര്യ. പ്രജു ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞാണ് കേട്ടതെന്നും സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും യുവതി പറയുന്നു.

കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് പ്രജു എട്ടു വര്‍ഷം മുമ്പ് നാടുവിട്ടതെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറയുന്നു. മതം മാറിയ പ്രജു എന്ന മുഹമ്മദ് അമീനുമായി 2008ലാണ് യുവതിയുടെ വിവാഹം നടന്നത്. 2013 മുതല്‍ ഇയാളെ കാണാതായി.

മുജാഹിദ് ആശയത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. സലഫി മതപ്രചാരണ സംഘമായ തബ്ലീഗ് ജമാഅത്തിലേക്ക് വരാന്‍ തന്നെ ഭര്‍ത്താവ് ക്ഷണിച്ചിരുന്നുവെന്നും പക്ഷെ സുന്നി വിശ്വാസിയായതിനാല്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും യുവതി വ്യക്തമാക്കി.

യുവതിയുടെ വാക്കുകള്‍

‘വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പ്രജു മതം മാറിയിരുന്നു. പക്ഷെ പ്രജുവിന്റെ വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. നല്ല മാന്യമയാണ് പെരുമാറിയിരുന്നത്. അതുകൊണ്ടാണ് വിവാഹം കഴിക്കാന് തയ്യാറായത്. മുജാഹിദ് വിഭാഗത്തിന്റെ ആശയവുമായി നല്ല ബന്ധമായിരുന്നു. മുജാഹിദ് ബാലുശ്ശേരയുടെ പ്രഭാഷണങ്ങളാണ് സ്ഥിരം കേട്ടിരുന്നത്. സുന്നി പണ്ഡിതന്മാരുമായുള്ള സംവാദങ്ങള്‍ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ഇടക്ക് തബ്ലീഗ് ജമാഅത്തില്‍ ആകൃഷ്ടനായി.

തന്നോടും മകനോടും തബ്ലീഗില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ സുന്നികളാണ്. അതുവിട്ട് ഒരിടത്തേക്കുമില്ലെന്ന് പറഞ്ഞു’- പ്രജുവിന്റെ ഭാര്യ പറയുന്നു. ഐ.എസ് ആശയങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നില്ല. ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും യുവതി വ്യക്തമാക്കി.

കേസ് നടത്തിപ്പിനായി യുവതിയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തുകയും സ്വര്‍ണ്ണം വില്‍ക്കുകയും ചെയ്തു. ഇയാള്‍ മറ്റ് പല വിവാഹങ്ങളും കഴിച്ചിരുന്നതായി പിന്നീട് മനസ്സിലായയതായും യുവതി വ്യക്തമാക്കി. പിതാവ് ഐ.എസിലാണെന്ന വാര്ത്ത വന്ന സാഹചര്യത്തില്‍ ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്കയിലാണെന്നും യുവതി പറയുന്നു.

2013ല്‍ തന്റെ ഇരുചക്രവാഹനവുമായി വീട്ടില്‍ നിന്നിറങ്ങിയതാണ് പ്രജു. പിന്നീട് വന്നിട്ടില്ല. ഇതോടെ തന്റെ വാഹനവും നഷ്ടപ്പെട്ടു. ഈ വാഹനത്തിന്റെ വായ്പയും തന്റെ ബാധ്യതയായി മാറി. ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി പറഞ്ഞു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും.

സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.

എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമായത്. വൈകീട്ട് ആറിന് വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പുതിയ ഇളവുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നിബന്ധനകളോടെയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുമുള്ള അനുമതി നല്‍കുക. പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം. എ.സി പ്രവര്‍ത്തിക്കാനും പാടില്ലെന്നും നിര്‍ദേശമുണ്ട്.

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

പതിമൂന്നു വയസ്സുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡാണ് മരിച്ചത്. ഏതെങ്കിലും മൊബൈല്‍ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്ന് പൊലീസ് സംശയിക്കുന്നു.

ബന്ധുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ജെറോള്‍ഡ്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ശേഷം 3.45 ഓടെ ടെറസില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു.

കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയം മറ്റ് കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു.

വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കാലുകള്‍ ബന്ധിച്ചതായി ശ്രദ്ധയില്‍പെട്ടത്. സമീപത്ത് കസേരയും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. കാല്‍ കെട്ടിയിരുന്ന കയര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കും.

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ബൈഡന്റെ പങ്ക് നിര്‍ണായകമാണെന്നും മോഡി പറഞ്ഞു.

രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് കഴിയുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.”നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാന്‍ വൈസ് പ്രസിഡന്റായിരുന്ന 2006ല്‍ തന്നെ 2020ഓടെ ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായി മാറുമെന്ന് പറഞ്ഞിരുന്നു.” ബൈഡന്‍ അറിയിച്ചു.

ഇന്‍ഡോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, അഫ്ഗാനിലെ താലിബാന്‍ ഭരണം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി അമേരിക്കയിലെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി വൈറ്റ് ഹൗസിലെത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധത്തിന്റെ ദുരൂഹത നീക്കുന്ന രേഖകളുമായി. ഗൗരവമേറിയ ചര്‍ച്ചയ്ക്കു വേണ്ടിയുള്ള കൂടിക്കാഴ്ചയിലാണ്, ഇന്ത്യയിൽ ബൈഡന്റെ പൂര്‍വികരെക്കുറിച്ചു ഇരുനേതാക്കളും തമ്മില്‍ രസകരമായ ആശയവിനിമയം നടന്നത്.

‘ഇന്ത്യയിലെ ബൈഡന്‍ നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം’ – ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന്‍ പൊട്ടിച്ചിരിച്ചു.

ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന്‍ ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന്‍ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.

തന്റെ അഞ്ചാം തലമുറ മുത്തച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്ന് ബൈഡന്‍ മുൻപു പറഞ്ഞിരുന്നു. നിലവില്‍ അഞ്ച് ബൈഡന്മാര്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആരാണ് ഇന്ത്യയിലെ ബൈഡന്മാര്‍?

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാന്‍ ബൈഡന്‍, സഹോദരി സോണിയ ഫ്രാന്‍സിസ് നീ ബൈഡന്‍, അമ്മ ആഞ്ജലീന ബൈഡന്‍, ഇയാന്റെ ഫസ്റ്റ് കസിന്‍ റൊവേന ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1972ല്‍ തനിക്ക് കത്തയച്ചുവെന്ന ബൈഡന്‍ പറഞ്ഞയാള്‍ ഇയാന്‍ ബൈഡന്റെ മുത്തച്ഛനായ ലെസ്‌ലി ബൈഡന്‍ ആണ്. ഇവര്‍ നാഗ്പുരിലാണു കഴിയുന്നത്. കത്തയച്ചത് മുംബൈയില്‍നിന്നായതിനാലാണ് ഇവര്‍ മുംബൈയിലാണെന്ന് ബൈഡന്‍ കരുതിയത്. മറുപടിക്കത്ത് ബൈഡന്‍ നാഗ്പുര്‍ വിലാസത്തിലാണ് അയച്ചത്.

മുംബൈയില്‍നിന്നുള്ള കത്ത്

1972ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍മാരിലൊരാളായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബൈയില്‍നിന്നാണ്. ആശംസ അറിയിച്ച് കത്തയച്ചയാളുടെ അവസാന പേരും ബൈഡന്‍ എന്നായിരുന്നു. അന്ന് 29കാരനായ ബൈഡന്‍ ഈ കത്തിന്റെ പിന്നാലെ പോകാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മൂലം സാധിച്ചില്ല. പിന്നീട് ബൈഡന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്പോള്‍ ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം സംസാരിക്കാറുണ്ടായിരുന്നു.

യുഎസ് വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ 2013 ജൂലൈ 24ന് മുംബൈയില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്യവെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ച് ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം അദ്ദേഹം പ്രതിപാദിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളാകാം താനും മുംബൈയില്‍നിന്നുള്ള ബൈഡനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടന്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂര്‍വികര്‍ ഒന്നാണെന്ന് ബൈഡന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 21ന് യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ ‘പൂര്‍വ പിതാമഹന്‍ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിലെ ബ്രിട്ടിഷ് ക്യാപ്റ്റനായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ താമസിച്ചു’ എന്നും പറഞ്ഞിട്ടുണ്ട്. 5 ബൈഡന്‍മാര്‍ മുംബൈയിലുണ്ടെന്ന് തന്റെ മുംബൈയിലെ പ്രസംഗത്തിനുശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബന്ധം ഈസ്റ്റ് ഇന്ത്യ കമ്പനി വഴി

ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റനും 19 വര്‍ഷം മദ്രാസിന്റെ മാസ്റ്റര്‍ അറ്റന്‍ഡന്റുമായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛനാണെന്നാണു ചരിത്രകാരന്‍മാര്‍ പറയുന്നത്. ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ 68–ാം വയസ്സില്‍ 1858 ഫെബ്രുവരി 25ന് ചെന്നൈയിലാണു മരിച്ചത്.

അദ്ദേഹത്തെ അടക്കിയ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആ പേരു കൊത്തിയ ശിലാഫലകം ഇന്നുമുണ്ട്. ഇംഗ്ലിഷ്, ഐറിഷ്, ഫ്രഞ്ച് വംശാവലിയാണു ബൈഡന്‍ കുടുംബചരിത്രത്തിലുള്ളത്.

 

ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം ഒരു നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഏരുവേശ്ശി മുയിപ്ര ഞെക്ലിയിലാണ് ദാരുണ സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയായിരുന്ന സതീഷ് കുറച്ചുദിവസമായി മരുന്ന് കഴിക്കാറില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ഗള്‍ഫില്‍ ഷെഫായി ജോലിചെയ്തിരുന്ന സതീഷ് നാലുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ സതീഷിന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റംകണ്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പോകാനായി സഹോദരന്‍ സനോജ് വീട്ടില്‍ എത്തിയിരുന്നു.

അപ്പോഴാണ് സംഭവം. രാവിലെ അമ്മയെ മുറിക്ക് പുറത്താക്കി കിടപ്പുമുറിക്കുള്ളില്‍ കയറി കതകടച്ച സതീഷ് ഭാര്യയെയും കുഞ്ഞിനെയും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് സ്വയം കഴുത്തറുക്കുകയും ചെയ്തു. നിലവിളിശബ്ദംകേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും സമീപവാസികളും ചേര്‍ന്ന് മുറിയുടെ പുറത്തെ ജനല്‍വഴി നോക്കിയപ്പോഴാണ് ചോരയില്‍ മുങ്ങിയ മൂവരെയും കണ്ടത്. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് ഇവരെ പുറത്തെത്തിച്ചത്.

കുട്ടി മുറിക്കകത്തെ കസേരയ്ക്ക് സമീപവും സതീഷും അഞ്ജുവും നിലത്തുമാണ് വീണുകിടന്നിരുന്നതെന്ന് ആദ്യം ഓടിയെത്തിയ സമീപവാസി മാത്യു കൊട്ടാരത്തില്‍ പറഞ്ഞു. ഉടനെ അഞ്ജുവിനെയും കുഞ്ഞിനെയും സഹോദരന്‍ സനോജും സമീപവാസികളും ചേര്‍ന്ന് ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

സതീഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇയാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. തലയ്ക്ക് പിന്നിലാണ് മകന്‍ ധ്യാന്‍ദേവിന് കുത്തേറ്റത്. ഭാര്യ അഞ്ജുവിന് കഴുത്തിനാണ് കുത്തേറ്റത്. ചികിത്സയില്‍ കഴിയുന്ന അഞ്ജുവിന്റെ നില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം ഈ മാര്‍ച്ചിലാണ് സതീഷിനും അഞ്ജുവിനും കുഞ്ഞ് ജനിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സതീഷ് ഇടയ്ക്ക് ചില പരിപാടികള്‍ക്ക് പാചകം ചെയ്യാന്‍ പോകുന്നതല്ലാതെ കാര്യമായ ജോലിയൊന്നും ചെയ്തിരുന്നില്ല. സതീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി സമീപവാസികള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു ഇക്കാര്യം അറിയുന്നത്.

പ്രൈവറ്റ് സെക്രട്ടറിയെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപുറിലാണ് സംഭവം. ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയശേഷം പത്താം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടാണ് 19കാരിയെ കൊലപ്പെടുത്തിയത്. അപകടമരണമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

കേസിലെ പ്രതി കാൻപുറിലെ ഒരു ഡയറി ഫാം ഉടമയാണ് . തന്റെ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയോട് ഇയാൾ ജോലി സംബന്ധിച്ച ചില പേപ്പറുകൾ നോക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാളുടെ ഫ്ളാറ്റിൽ എത്തിച്ചു. തുടർന്ന് തനിക്ക് വഴങ്ങണമെന്നും പണം നൽകാമെന്നും പറഞ്ഞെങ്കിലും യുവതി അതിന് തയ്യാറായില്ല. ഇതോടെ പ്രതി യുവതിയെ ഫ്ളാറ്റിനുള്ളിൽ വെച്ച് ബലാത്സംഗത്തിന് ഇരയാക്കി.

തനിക്ക് നേരിടേണ്ടി വന്ന അപമാനം മറ്റുള്ളവരെ അറിയിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും യുവതി പറഞ്ഞതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. മർദ്ദിച്ച് അവശയാക്കിയ ശേഷം ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് തൊഴിലുടമ യുവതിയെ താഴേക്ക് തള്ളിയിടുകയായിരുന്നു.

വായ്പ ലഭിക്കാന്‍ സാധ്യതയില്ലാതീയതോടെ മനംമടുത്ത യുവാവ് സ്വയംതൊഴില്‍ സംരംഭം തുടങ്ങനായി നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ കേളകം പഞ്ചായത്തില്‍ നിസാര്‍ കവല സ്വദേശി അഭിനന്ദ് നാഥ്(23) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ അഭിനന്ദിനെ കണ്ടെത്തിയത്.

ബാങ്ക് വായ്പ ലഭിക്കാന്‍ സാധ്യതയില്ലെന്നും പ്രതീക്ഷകള്‍ നശിച്ചതായും വീട്ടുകാകരോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചതിന് പിന്നാലെയാണ് അഭിനന്ദ് ആത്മഹത്യ ചെയ്തത്. കമ്പിവേലി നിര്‍മാണ യൂണീറ്റ് തുടങ്ങാനായിരുന്ന അഭനന്ദിന്റെ പദ്ധതി.

മുന്‍പ് വിദേശത്ത് പോകാന്‍ ശ്രമിച്ചെങ്കിലും ഏജന്റിന്റെ വഞ്ചനയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി സംരംഭം തുടങ്ങാന്‍ അഭിനന്ദ് ആരംഭിക്കാന്‍ പദ്ധതിയിട്ടത്.

കൈവശമുള്ള പണവും വായ്പ തുകയും ചേര്‍ത്ത് സംരംഭം തുടങ്ങനായിരുന്നു ശ്രമം. വായ്പ ലഭിക്കുന്ന പ്രതീക്ഷയില്‍ ആയിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞത്. ഇതോടെ അഭിനന്ദ് നിരാശനായിരുന്നു. മൂന്നു മാസം മുന്‍പാണ് അഭിനന്ദ് വിവാഹം കഴിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056

RECENT POSTS
Copyright © . All rights reserved