നേപ്പാളിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതിനെ തുടർന്ന് വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ഏഴു അതിർത്തി ജില്ലകളിൽ നിരീക്ഷണം, പട്രോളിങ്, അധിക പൊലീസ് വിന്യാസം തുടങ്ങിയ നടപടികൾ ശക്തമാക്കി. അതിർത്തി അടച്ചിട്ടില്ലെങ്കിലും എല്ലാ മേഖലകളിലും 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്.
പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ നിരവധി ജയിലുകളിൽ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി 3000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജുമുക ജയിലിൽ മാത്രം 1500-ലധികം തടവുകാർ രക്ഷപ്പെട്ടുവെന്നാണ് വിവരം. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
പ്രക്ഷോഭങ്ങൾക്കെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിച്ചുവെങ്കിലും മരണസംഖ്യ ഇരുപത് കവിയുകയും 600 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇൻഡിഗോ ഉൾപ്പെടെ ചില എയർലൈൻസുകൾ കാഠ്മണ്ഡുവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ സൈന്യം തെരുവുകളിൽ കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഗ്രേസ് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടിൽ ആണ് വിവാഹ വാർത്ത പങ്കുവെച്ചത് . “ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’’ എന്ന സന്ദേശത്തോടെയാണ് അവർ വിവാഹ ചിത്രം പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗും താലിയുടെ ചിത്രവും നൽകിയിട്ടുണ്ട്. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് .
വിവാഹ ചടങ്ങ് തുതിയൂർ പള്ളിയിൽ വെച്ച് ലളിതമായി ആണ് നടത്തിയത് . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സീരിയൽ, സിനിമ ലോകത്തിലെ നിരവധി സുഹൃത്തുക്കളും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തി. കൊച്ചി മുളന്തുരുത്തി ആണ് ഗ്രേസ് ആന്റണിയുടെ സ്വദേശം . പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. ഇപ്പോൾ ഇരുവരും കൊച്ചിയിലാണ് സ്ഥിരതാമസം.
കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ, സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016ൽ റിലീസ് ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016ൽ പുറത്തിറങ്ങിയ ‘പാവാട’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു (ഗാനങ്ങൾ) അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫിസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട് എന്ന് ആരോപിക്കുന്ന കേസിൽ, ഹർജിക്കാരന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി. ബിജെപി പ്രവർത്തകൻ വിഘ്നേഷ് ശിശിറാണ് രാഹുലിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്.
രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അർഹതയില്ലെന്നും തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നാണ് ശിശിർ ഹർജിയിൽ പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും രേഖകളും ഹാജരാക്കാൻ ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ശിശിർക്ക് കേന്ദ്രസർക്കാർ 24 മണിക്കൂറും സുരക്ഷ നൽകണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു.
ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി. സദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. പ്രതിപക്ഷ കക്ഷികളിൽ നിന്നും ചിലരുടെ വോട്ടുകളും രാധാകൃഷ്ണന് ലഭിച്ചതായി സൂചനകളുണ്ട്. 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
2003 മുതൽ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി.പി. രാധാകൃഷ്ണൻ, മുൻപ് കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭാംഗമായിരുന്നു. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായും തുടർന്ന് തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിലെ വസുധ ഹാളിൽ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, രാഹുൽ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
പാലക്കാട്: കോൺഗ്രസ് അനുഭാവിയും ട്രാൻസ്‌ജെൻഡർ പ്രവർത്തകയുമായ രാഗ രഞ്ജിനി ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് ഡോ. പി. സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ മാനനഷ്ടക്കേസുമായി രംഗത്തെത്തി. കഴിഞ്ഞ സെപ്റ്റംബർ 6-നു തന്നെ വക്കീൽ മുഖേന മാനനഷ്ട നോട്ടിസ് അയച്ചതായി സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി അത് നേരിടാനാണ് തീരുമാനം എന്നും അവര്‍ വ്യക്തമാക്കി.
രാഗ രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരോപണങ്ങൾക്ക് തുടക്കമായത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് സാധാരണ മലയാളിക്ക് മനസ്സിലാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. “ഒരു പൊതു പ്രവർത്തകനെതിരെ ആരോപണങ്ങൾ വരാം, പക്ഷേ അവൻ അതിനെ നേരിടുന്ന രീതി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്,” എന്നും അവര്‍ കുറിച്ചു.
“തെളിവുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെങ്കിലും ഞങ്ങൾ പേടിക്കില്ല. ഫേക്ക് ആണെങ്കിൽ അത് നിയമപരമായി തെളിയിക്കും,” എന്ന് സൗമ്യ വ്യക്തമാക്കി. ഭർത്താവിനോടുള്ള വിശ്വാസവും പരസ്പര പിന്തുണയുമാണ് ശക്തിയെന്ന് അവര്‍ കൂട്ടിച്ചേർത്തു. സരിനെതിരായ ആരോപണങ്ങൾ കുടുംബം ആത്മവിശ്വാസത്തോടെ നേരിടുമെന്നും അവർ വ്യക്തമാക്കി.
കോഴിക്കോട് മടവൂരിൽ നടന്ന ഹണിട്രാപ്പ് കേസിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. സൗഹൃദം നടിച്ച് യുവാവിനെ വലയിലാക്കി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം തട്ടിയെടുത്തതായാണ് കേസ്. അറസ്റ്റിലായവരിൽ മാവേലിക്കര സ്വദേശിനി ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണുള്ളത്.
പോലീസ് പറയുന്ന പ്രകാരം ഗൗരിനന്ദ യുവാവിനെ മടവൂരിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു . തുടർന്ന് അഫീഫും അന്‍സിനയും ചേർന്ന് യുവാവിനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി. തുടർന്ന് മൊബൈൽ ഫോണും പിടിച്ചെടുത്ത പ്രതികൾ ഗൂഗിൾ പേ വഴിയാണ് 1.35 ലക്ഷം രൂപയും, യുവാവിന്റെ സുഹൃത്തിൽ നിന്ന് 10,000 രൂപയും തട്ടിയെടുത്തത്.
നഗ്ന ദൃശ്യങ്ങൾ വീട്ടുകാർക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികളെ കോഴിക്കോട് മാനഞ്ചിറയിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കേസിൽ നാലാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
കോട്ടയം സ്വദേശിയും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പ്രിൻസ് ലൂക്കോസ് (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുലർച്ചെ തെങ്കാശിയിൽ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രിൻസ് ലൂക്കോസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ അദ്ദേഹം, പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു വരുകയായിരുന്നു.
മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കേസിൽ പോലീസ് 790 പേജുള്ള കുറ്റപത്രം സോഹ്റ കോടതിയിൽ സമർപ്പിച്ചു. കേസിൽ രാജായുടെ ഭാര്യ സോനം രഘുവംശി , കാമുകൻ രാജ് കുശ്വാഹ , വാടകക്കൊലയാളികളായ വിശാൽ സിങ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവർ അടക്കം അഞ്ച് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.
വിവാഹശേഷവും സോനം തന്റെ കാമുകനുമായുള്ള ബന്ധം തുടർന്നിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു . ഭർത്താവിനെ ഇല്ലാതാക്കാൻ ഇരുവരും ഗൂഢാലോചന നടത്തി. മേയ് 20ന് ദമ്പതികൾ ഷില്ലോങ്ങിലേക്കും പിന്നീട് സോഹ്റയിലേക്കും യാത്ര തിരിച്ചു. മൂന്നു തവണ കൊലപതാക ശ്രമം പരാജയപ്പെട്ടപ്പോൾ, മേയ് 23ന് വെയ് സോഡോങ് വെള്ളച്ചാട്ടത്തിനടുത്ത് രാജയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു . മൃതദേഹം പിന്നീട് കൊക്കയിൽ എറിഞ്ഞു.ജൂൺ 2നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും നടത്തിയ അന്വേഷണത്തിലൂടെ അന്വേഷണ സംഘം പ്രതികളെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടി.
തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപെട്ടപ്പോൾ പൊലീസ് പറഞ്ഞത് വിചിത്രമായ വാദമാണ് . പോക്സോ കേസിലെ ഇര സ്റ്റേഷനിൽ ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന പൊലീസിന്റെ വാദം കളവായിരുന്നു . മർദ്ദനത്തിന് പിന്നാലെ സുജിത്ത് പരാതി നൽകി, മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും തെളിവായി സമർപ്പിച്ചു.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് RTI അപേക്ഷ നൽകിയെങ്കിലും പൊലീസ് വിസമ്മതിച്ചു. അന്വേഷണം നീണ്ടപ്പോൾ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുകയും ഒടുവിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമാണ് എത്തിയത്. സുജിത്തിന് പിന്തുണയായി കോൺഗ്രസ് നേതാക്കൾ നിയമ പോരാട്ടം ഏറ്റെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകേണ്ടതാണെന്ന് ഡിജിപി നേരത്തെ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിൽ 39 കോടി രൂപ ചെലവിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ തെളിവായി ഉപയോഗിക്കാമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നും മുന്നറിയിപ്പ് ഡിജിപി നേരെത്തെ നൽകിയിരുന്നു. ഇത് അവഗണിച്ചതാണ് പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിന് കാരണമായത്.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. അതിക്രൂരമായ മർദനത്തിൻറെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടും ഇൻക്രിമെൻറ് റദ്ദാക്കുന്നതിൽ മാത്രമായി നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പിനെ നിർബന്ധിതരാക്കിയത്.
കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടർന്ന് തൃശർ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് തേടി. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.