India

നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ അരുണാണ് മരിച്ചത്. 35 വയസ്സായിരുന്നു.

സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് വാക്സിൻ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയിൽ ആയിരുന്നു അരുൺ. ഈ അടുത്താണ് മുംബൈയിലേക്ക് ഇദ്ദേഹം തിരികെയെത്തിയത്. മുൻപ് ഇസ്രായേലിലും അരുൺ ജോലി ചെയ്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.

ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവർ നാട്ടിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുമായി സംസാരിച്ച് സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ച് മലയാളി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. തൃശൂര്‍ കീഴൂര്‍ സ്വദേശി സതീഷ് (55)ആണ് മരിച്ചത്.

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഷാര്‍ജയില്‍ താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച അഷ്‌റഫ് താമരശ്ശേരിയെ ഫോണ്‍ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യര്‍ഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു.ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും.

ഞാന്‍ സന്തോഷിനോട് ചോദിച്ചു,അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്‌റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്.

ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്പനിയുടെ PRO യോട് ചോദിച്ചു. രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍,ഞാന്‍ വീണ്ടും ചോദിച്ചു.

നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്‌റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്തോഷ് തന്നെയാണ്. സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്‌നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്‌നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..
വളരെയധികം വേദനയോടെ

അഷ്‌റഫ് താമരശ്ശേരി

രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ പുന:സംഘടനയില്‍ 43 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. മോഡി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ്. പുനസംഘടന കഴിയുന്നതോടെ മോഡി മന്ത്രിസഭയില്‍ 78 അംഗങ്ങളാണുണ്ടാവുക. 43 പുതിയ മന്ത്രിമാരില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. 15 പേര്‍ക്കാണ് കാബിനറ്റ് പദവി. 11 വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുനസംഘടന. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോഡി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയായി. കിരണ്‍ റിജ്ജുവിനും ഹര്‍ദീപ് സിങ് പുരിക്കും പുറമേ അനുരാഗ് ഠാക്കൂറിനും ആര്‍കെസിങ്ങിനും ജി കിഷന്‍ റെഡ്ഡിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുപ്രിയ പട്ടേലും ശോഭ കരന്തലജെയും മീനാക്ഷി ലേഖിയും കേന്ദ്രസഹമന്ത്രിമാരായി. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രസഹമന്ത്രിയായി സ്ഥാനമേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ നാരായണസ്വാമിയും കേന്ദ്രസഹമന്ത്രിയായി. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പുതിയ മന്ത്രിസഭ. കേന്ദ്ര ടെലികോംമന്ത്രി രവിശങ്കര്‍ പ്രസാദും കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചു. ഡിവി സദാനന്ദ ഗൗഡ, ഡോ. ഹര്‍ഷ് വര്‍ധന്‍, സന്തോഷ് ഗാങ്വാര്‍, രമേശ് പൊഖ്രിയാല്‍, ബാബുല്‍ സുപ്രിയോ, അശ്വിനികുമാര്‍ ചൗബേ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ പ്രതാപ് ചന്ദ്ര സാരംഗി, രത്തന്‍ലാല്‍ കഠാരിയ, റാവു സാഹിബ് പാട്ടീല്‍ എന്നിവരും സ്ഥാനമൊഴിഞ്ഞു.

പുനഃസംഘടനയിലെ 43 പേര്‍:

1.നാരായണ്‍ റാണെ 2.സര്‍ബാനന്ദ സോനോവാള്‍ 3.ഡോ.വീരേന്ദ്രകുമാര്‍ 4.ജ്യോതിരാദിത്യ സിന്ധ്യ 5.രാമചന്ദ്ര പ്രസാദ് സിംഗ് 6.അശ്വിനി വൈഷ്ണവ് 7.പശുപതി കുമാര്‍ പരസ് 8.കിരണ്‍ റിജിജു 9.രാജ്കുമാര്‍ സിംഗ് 10.ഹര്‍ദിപ് സിംഗ്പുരി 11.മന്‍സുക് മാണ്ഡവ്യ 12.ഭൂപേന്ദ്ര യാദവ് 13.പര്‍ഷോത്തം റുപാല 14.ജി കിഷന്‍ റെഡ്ഡി 15.അനുരാഗ് സിംഗ് ഠാക്കൂര്‍ 16.പങ്കജ് ചൗധരി 17.അനുപ്രിയ സിംഗ് പട്ടേല്‍ 18.ഡോ.സത്യപാല്‍സിംഗ് ഭാഗല്‍ 19.രാജീവ് ചന്ദ്രശേഖര്‍ 20.ശോഭ കരന്തലജേ 21.ഭാനുപ്രതാപ് സിംഗ് വര്‍മ 22.ദര്‍ശന വിക്രംജര്‍ദോഷ് 23.മീനാക്ഷി ലേഖി 24.അന്നപൂര്‍ണ ദേവി 25.എ നാരാണയസ്വാമി 26.അജയ്ഭട്ട് 27.കൗശല്‍ കിഷോര്‍ 28.അജയ്കുമാര്‍ 29.ബിഎല്‍ വര്‍മ 30.ചൗഹാന്‍ ദേല്‍സിംഗ് 31.ഭഗ്വത് ഖുഭ 32.കപില്‍ മൊറേഷ്വസ് പട്ടീല്‍ 33.പ്രതിമ ഭൗമിക് 34.ശുഭസ് സര്‍ക്കാര്‍ 35.ഭഗ്വത് കിഷന്‍ റാവു കരദ് 36.രാജ്കുമാര്‍ രഞ്ജന്‍ സിംഗ് 37.ഭാരതി പ്രവീണ്‍ പവാര്‍ 38ബിശ്വേശ്വര്‍ തുഡു 39.ശന്തനു ശങ്കര്‍ 40.മഹേന്ദ്രഭായി 41.ജോണ്‍ ബര്‍ല 42.ഡോ.എല്‍ മുരുകന്‍ 43.നിശിത് പ്രമാണിക്.

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ മരണത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ബിജെപി ഹരിയാന ഘടകം. ഹരിയാന ബിജെപി ഐടി ആന്റ് സോഷ്യല്‍ മീഡിയാ മേധാവി അരുണ്‍യാദവാണ് ദിലീപ് കുമാറിനെതിരെ വിദ്വേഷ പരാമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ഹിന്ദു പേരില്‍ ധാരാളം സാമ്പത്തിക നേട്ടം കൈവരിച്ചുവെന്നാണ് ഹരിയാന ബിജെപി നേതാവ് അരുണ്‍യാദവ് പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ ശിവസേന നേതാവും ബോളിവുഡ് താരവുമായ ഊര്‍മ്മിള മഡോത്ക്കര്‍ ശക്തമായാണ് പ്രതികരിച്ചത്. ‘ഷെയിം ഓണ്‍ യു’ എന്ന് പെരുവിരല്‍ താഴേക്ക് കൊടുത്ത ഒരു ഇമോജിയും ചേര്‍ത്താണ് ഊര്‍മ്മിള മറുപടി നല്കിയത്.

ദിലീപ് കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ചെയ്ത പോസ്റ്റിലാണ് വിദ്വേഷകരമായ വാക്കുകള്‍ ഹരിയാന ബിജെപി ഉപയോഗിച്ചത്. മുഹമ്മദ് യൂസഫ് ഖാന്‍ ഹിന്ദു പേരില്‍ ധാരാളം പണം സമ്പാദിച്ചുവെന്ന് എഴുതിയ വാചകത്തില്‍ ബ്രാക്കറ്റിലാണ് ദിലീപ് കുമാറെന്ന് ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാലോകത്തിന് തീരാനഷ്ടമാണെന്നും അനുശോചനം ദു:ഖാര്‍ത്തരായ ബന്ധുക്കളെ അറിയിക്കുന്നുവെന്നുമാണ് പിന്നീട് നല്കിയിരിക്കുന്നത്. തുടര്‍ന്ന് ആത്മശാന്തിയും അന്തരിച്ച നടന് ഹരിയാന ബിജെപി ഘടകം നേരുന്നുണ്ട്. ഊര്‍മ്മിള മഡോത്ക്കര്‍ ബിജെപിയുടെ വിദ്വേഷകരമായ പോസ്റ്റിനെതിരെ ശക്തമായി രംഗത്ത് എത്തിയതോടെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

 

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ ഭയാനകം ആണ് ‘ലാംഡ’ വകഭേദം. 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത്​ ഏറ്റവും ഉയർന്ന്​ കോവിഡ്​ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​.

യു.കെയിൽ ഇതുവരെ ആറ്​ ലാംഡ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെൽറ്റ വകഭേദ​ത്തേക്കാൾ വിനാശകാരിയാണെന്ന്​ ഗവേഷകർ കണ്ടെത്തിയതായി ‘ദ സ്റ്റാർ’ റിപ്പോർട്ട്​ ചെയ്​തു. പാൻ അമേരിക്കൻ ഹെൽത്ത്​ ഓർഗനൈസേഷൻ റിപ്പോർട്ട്​ പ്രകാരം മേയ്​, ജൂൺ മാസങ്ങളിൽ പെറുവിൽ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്ന്​ യൂറോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

ജൂൺ 30നകം എട്ട്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട്​ ചെയ്​തതായി പി.എ.എച്ച്​.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ്​ വ്യക്തമാക്കി. എന്നാൽ ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന്​ മെൻഡസ്​ പറഞ്ഞു.

ഡെൽറ്റ വകഭേദത്തിനെതിരായ പോരാട്ടം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ്​ ലാംഡ യൂറോപ്പിലേക്കെത്തുന്നത്​. ഇന്ത്യയിലായിരുന്നു ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്​. ലാംഡ വകഭേദത്തിന്‍റെ വ്യാപനശേഷി സംബന്ധിച്ച കൂടുതല്‍ ഗവേഷണ റിപ്പോര്‍​ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. ഡെൽറ്റ വകഭേദത്തിന്‍റെ ഭീഷണി തുടരുന്നതിനിടെയാണ് ​ലാംഡ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിക്കുന്നത്.

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘ജിബൂട്ടി’ ആറ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജോബി പി. സാം ആണ് നിര്‍മ്മിക്കുന്നത്. ചിത്രം ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത.

ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും.

മുമ്പ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോംഗും ശ്രദ്ധ നേടിയിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററില്‍ അനാവരണം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ടി.ഡി ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. ഓഡിയോ റൈറ്റ്സ്: ബ്ലൂഹില്‍ മ്യൂസിക്സിക്സ്. ചിത്രസംയോജനം: സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: തോമസ് പി.മാത്യു, ആര്‍ട്ട്: സാബു മോഹന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ്: വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ്: സനൂപ് ഇ.സി, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.

കാസർകോട്: ആശുപത്രിയിൽ പനി ബാധിച്ച് കിടത്തി ചികിത്സയിലായിരുന്നയാളുടെ കണ്ണിന്റെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയിൽ കുത്തിവച്ചിരുന്ന സൂചി വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി.ബിനോയ്(42)യുടെ ഇടതു കണ്ണിലേക്കാണ് കട്ടിലിനോടു ചേർത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയിൽ നിന്നു സൂചി വീണത്. ഇതോടെ കണ്ണിന്റെ കാഴ്ച ശക്തി നഷപ്പെട്ടതായി ബിനോയ് പറഞ്ഞു.

കഴിഞ്ഞ ജൂൺ 11 നായിരുന്നു ബിനോയിയെ ആശുപത്രിയിൽ പ്രവേശിച്ചത്. സൂചി കണ്ണിൽ വീണതിനെത്തുടർന്ന് ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു. അടുത്ത ദിവസങ്ങളിൽ ഡെങ്കിപ്പനി മൂർച്ഛിച്ചതോടെ പരിയാരം മെഡിക്കൽ കോളജിൽ 4 ദിവസത്തോളം ചികിത്സിച്ചു. പനി ഭേദമായി വീട്ടിൽ എത്തിയപ്പോഴാണ് കണ്ണിന്റെ വേദന കൂടുതലായത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കണ്ണ് പരിശോധിച്ചപ്പോൾ കണ്ണിനു തിമിരം വന്ന് നിറഞ്ഞതിനാൽ‌ ഓപ്പറേഷൻ ചെയ്ത് ലെൻസ് മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു.

ഉപ്പുതറ/കുമളി: മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശം ഉള്‍പ്പെടെ ഹൈറേഞ്ച്‌ മേഖലയില്‍ ഭൂചലനം. അന്‍പത്‌ സെക്കന്‍ഡോളം നീണ്ടു നിന്ന ഭൂചലനം ജനങ്ങളില്‍ ഭീതി പടര്‍ത്തി. ഇന്നലെ രാത്രി 8.50 ഓടെയാണ്‌ ഭൂചലനം ഉണ്ടായത്‌.

ഇന്നലെ വൈകിട്ട്‌ ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തോണിത്തടി റെയ്‌ന്‍ ഗെയ്‌ഗ്‌ സ്‌റ്റേഷനിലെ റിക്‌ടര്‍ സ്‌കെയിലെ അളവ്‌ നിജപ്പെടുത്തിയിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത്‌ അറിയാനാകു.

കുമളിയിലും ശക്‌തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്‌. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലുകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്‌.

മുൻ കേന്ദ്രമന്ത്രി പി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെ (68) ചൊവ്വാഴ്ച രാത്രി തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ അലക്കുകാരനും രണ്ട് കൂട്ടാളികളും ചേർന്നാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ പ്രതികളിലൊരാളായ വീടിനടുത്ത് ജോലി ചെയ്തിരുന്ന രാജു ലഖൻ (24) അറസ്റ്റിലായി. ഇയാളുടെ കൂട്ടാളികൾക്കും വേണ്ടി അന്വേഷണത്തെ തുടരുകയാണ്

കൊല്ലപ്പെട്ട കിറ്റിയുടെ വീട്ടുജോലിക്കാരിയായ മഞ്ജുവിൽ നിന്നും രാത്രി 11 മണിയോടെ പൊലീസിന് കോൾ ലഭിച്ചു. രാത്രി ഒൻപത് മണിയോടെ രാജു വീട്ടിലെത്തിയതായും അയാൾക്ക്‌ വേണ്ടി അവൾവാതിൽ തുറന്നുകൊടുക്കുകയും എന്നാൽ പ്രവേശിച്ച ഉടനെ അയാൾ അവളെ കീഴടക്കി മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു എന്ന് മഞ്ജു പറഞ്ഞു. രാജുവിന്റെ രണ്ട് കൂട്ടാളികളും വീട്ടിലേക്ക് കടക്കുകയും അവർ കിറ്റിയെ കീഴടക്കി എന്നും പരാതിക്കാരനായ മഞ്ജു ആരോപിച്ചു. ശബ്ദമുയർത്തിയപ്പോൾ അവർ കിറ്റിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി എന്നും മഞ്ജു പറഞ്ഞു.

തുടർന്ന് കുറച്ച് പണവും ആഭരണങ്ങളും കൈക്കലാക്കി അവർ കടന്നുകളഞ്ഞു. വീട്ടുജോലിക്കാരി തന്റെ കൈകളിലെ കെട്ടുകൾ അഴിച്ച് . സഹായത്തിനായി അയൽവാസികളെ വിളിച്ചു. സംഭവത്തെക്കുറിച്ച് അവർ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി മഞ്ജുവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വീട് കൊള്ളയടിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടർന്ന് ബെംഗളൂരുവിലുള്ള കുട്ടിയുടെ മകനെ വിവരം അറിയിച്ചു. അന്വേഷണത്തിന് നിരവധി സംഘം രൂപീകരിക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

പി. രംഗരാജൻ കുമാരമംഗലം 1991 ജൂലൈയിൽ സേലം കുമരനമംഗലത്തുനിന്നും കോൺഗ്രസ് എംപിയാവുകയും തുടർന്ന് നിയമ, നീതി, കമ്പനി കാര്യ സഹമന്ത്രിയാകുകയും ചെയ്തു. പിന്നീട് ബിജെപിയിൽ ചേർന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യത്തെ ബി.ജെ.പി എംപിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അടൽ ബിഹാരി വാജ്‌പേയിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കാബിനറ്റുകളിലും അദ്ദേഹം കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു.

കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്.

ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ക്രിസ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നേരത്തെയും അമൃതാനന്ദമയി ആശ്രമ ഇത്തരം സംഭവങ്ങളില്‍ ആരോപണ വിധേയമായിരുന്നു. 2012ല്‍ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved