ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുമെന്നതിനാല്‍ ലോക്ഡൗണുകളിൽ ഇളവുകൾ നൽകിത്തുടങ്ങാമെന്ന നിർദേശവും ചർച്ച ചെയ്യും.
കടുത്ത നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. മരണങ്ങളുടെ എണ്ണം കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും സര്‍ക്കാര്‍ തീരുമാനം
മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം.
പയ്യാവൂർ ചുണ്ടക്കാമ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവർ നിധിൻ രാജ് ഒ വി ( 40 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ബെന്നിയെന്നയാൾ ചികിത്സയിലാണ്.
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.
കോവിഡ് രോഗം ബാധിച്ചതോടെ മുമ്പ് കോവിഡിനെ നിസാരമാക്കി പുച്ഛിച്ചതൊക്കെ തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണയുടെ തുറന്ന് പറച്ചിൽ.
ജലദോഷപ്പനി പോലെയാണ് കോവിഡ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമാകുന്ന സമയത്ത് ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പറയുന്നു. കോവിഡിന്റെ കാര്യത്തിൽ രോഗമുക്തിയ്ക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നമ്മളെ തേടിവരികയെന്നും അങ്ങനെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും കങ്കണ വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് രോഗികൾക്ക് എതിരേയും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളേയും അവഹേളിക്കുന്ന തരത്തിൽ നിരവധി പ്രസ്താവനകൾ നടത്തിയ കങ്കണയുടെ തുറന്നുപറച്ചിലും ഇപ്പോൾ ചർച്ചയാവുകയാണ്.
‘കോവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിൽ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാൽ രോഗം ഭേദമാകുന്ന ഘട്ടത്തിൽ എനിക്കുണ്ടായ അനുഭവങ്ങൾ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു. ഏതെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാൽ അവയ്‌ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കും എന്നാൽ കൊറോണയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് നടക്കുക.’
രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണമെന്നും വൈറസ് ശരീരത്തെ തളർത്തുന്ന സമയമാണ് അതെന്നും കങ്കണ വീഡിയോയിൽ പറയുന്നു.
‘രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ ബോധത്തോടെ നമ്മൾ പ്രവർത്തിക്കുമ്പോൾ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. എനിക്ക് രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവർത്തിക്കുകയും ചെയ്തു.’-കങ്കണ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
കേരളം വീണ്ടും ഒന്നാമതായി കുതിപ്പ് തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനപരമായ മാറ്റത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലാണ് (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്.
70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ കേരളത്തിന് 862 പോയന്റായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയില്‍ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷകിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്എസ്‌കെ) വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ നേടാന്‍ കേരളത്തിന് തുണയായത്.
രാജ്യത്ത് പലയിടത്തും ഇന്ധനവില സെഞ്ച്വറി അടിച്ചിരുന്നുവെങ്കിലും കേരളം 100 തൊട്ടിരുന്നില്ല. ഇപ്പോള്‍ കേരളവും ഇന്ധനവിലയില്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇന്നും തുടര്‍ച്ചയ.ായി വില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.
വയനാട് ബത്തേരിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസല്‍ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. താമസിയാതെ സാധാരണ പെട്രോളും സെഞ്ച്വറി അടിക്കുമെന്നതില്‍ സംശയമില്ല.
ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മലയാളം വിലക്കിയത് വൻ വിവാദമായ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ച് ആശുപത്രി തടിയൂരിയത്. മലയാളം വിലക്കിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത് തങ്ങളുടെ അറിവോടെ അല്ലായിരുന്നെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. മലയാളം വിലക്ക് ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു.
ജോലി സമയത്ത് നഴ്സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നുമാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കുലറിൽ വിശദീകരണം.
ജിബി പന്ത് ആശുപത്രിയിലെ നഴ്സുമാരിൽ 60 ശതമാനവും മലയാളികളാണ്. മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് നടപടിയോട് മലയാളി നഴ്സുമാർ പ്രതികരിച്ചത്. നടപടി വൻ വിവാദമാകുകയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഹാഷ് ടാഗുകളുമായി നിരവധി പേർ പോസ്റ്റ് ഇടുകയും ആശുപത്രിയുടെ ഔദ്യോഗിക പേജിൽ കമന്റ് ഇടുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ മലയാളം വിലക്കിയ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളം, വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
‘ഫെമിനിസ്റ്റ്’ എന്ന ക്യാപ്ഷനോടെ നടി സുബി സുരേഷ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നെറ്റിയില്‍ വട്ട പൊട്ടും, വലിയ കണ്ണടയും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഫെമിനിസത്തെ ട്രോളി കൊണ്ടുള്ള പോസ്റ്റാണിത് എന്ന കമന്റുകള്‍ വന്നതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുബി സുരേഷ് ഇപ്പോള്‍.
”കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്.”
”ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്” എന്നാണ് സുബിയുടെ വിശദീകരണം.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടിയതോടെ കേരളത്തിലും സമാന തീരുമാനത്തിനു സാധ്യത. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടു ജൂണ്‍ 15 വരെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പക്ഷെ, ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയൊരു കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്‍റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്പാടും കോവിഡ് വൈറസിന്‍റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.
വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണ്.
സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഈ മാസത്തോടെ കര്‍ഷകരുടെ പക്കലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ കാലാവധി അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.
ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.