India

കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ മാർച്ചിൽ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി കൈമാറിയിരുന്നു. കേരളത്തെ പ്രളയം ദുരിതത്തിലാക്കിയ സമയത്തും സഹായ ഹസ്തവുമായി എംഎ യൂസഫലി രംഗത്തെത്തിയിരുന്നു.

മോഡിക്കെതിരെ വിമർശന പോസ്റ്റ് ഷെയർ ചെയ്ത കോൺഗ്രസ്സ് നേതാവ് അഡ്വ: അനിൽ ബോസ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് അനിൽ ബോസ് പറഞ്ഞു.

ബി.ജെ.പിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും അനിൽ ബോസ് പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട് എത്രകാലം മോഡിക്കും കൂട്ടർക്കും മുന്നോട്ടുപോകാൻ കഴിയും രാജ്യത്ത് ഉയർന്നുവരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റർ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്ന് അഡ്വ. അനിൽ ബോസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം മോദിയെ വിമർശിച്ചതിന്റെ പേരിൽ കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ മാത്രമല്ല ഒട്ടുമിക്ക വികസ്വര രാജ്യങ്ങളിലും കോവിഡ് രണ്ടാംതരംഗം പിടിമുറുക്കി. മിക്ക വികസ്വര രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങൾ കോവിഡ് രോഗികളുടെ ആധിക്യം കാരണം താറുമാറായി. തെക്ക് കിഴക്കൻ ഏഷ്യയിലെ ലാവോസ് മുതൽ തായ് ലൻഡ് വരെയുള്ള രാജ്യങ്ങളും ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗവ്യാപനം ഗണ്യമായ രീതിയിൽ ഉയരുന്നതിൻെറ വിവരങ്ങളാണ് പുറത്തുവരുന്നത്. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം രോഗം വേഗത്തിൽ പകരുന്നതിനും മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പല വികസ്വര രാജ്യങ്ങളിലും ഒരുമാസത്തിനിടെ കേസുകളുടെ എണ്ണം 200 ഇരട്ടിയിലധികം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പലയിടത്തും ഓക്സിജൻെറയും ആരോഗ്യ സംവിധാനങ്ങളുടെയും അഭാവം മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ആദ്യം കോവിഡ് പിടിമുറുക്കിയെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ചു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒന്നാം തരംഗത്തെ നേരിട്ടതിനുശേഷം തികച്ചും അലംഭാവം കാട്ടിയതായി രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ ശാസ്ത്രീയമായ വിശകലനത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മൂന്നാംലോക രാജ്യങ്ങളിൽ പലരും രാഷ്ട്രീയ നേതൃത്വത്തിൻെറ വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിൽ തന്നെ ആഘോഷങ്ങൾക്ക് അനുമതി നൽകിയതും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ മത റാലികൾ നടത്തിയതും കോവിഡിൻെറ രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ആർജ്ജിത പ്രതിരോധശേഷി നേടിയെന്ന പ്രചാരണം ജനങ്ങളെ ജാഗ്രത കൈവെടിയാൻ ധൈര്യം നൽകിയത് രോഗവ്യാപനം തീവ്രമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു.

നാണക്കേട് തോന്നുന്നു അതിനാൽ ആ താടിയെങ്കിലും ഒന്ന് ഷേവ് ചെയ്തുകൂടെ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നു.

കാണാൻ ശരിക്കും മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു. യഥാർത്ഥ ലോകത്തിലെ ബെഡ്‌ഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവും ഇല്ലാത്തതിൽ അത്ഭുതമില്ല. ഇങ്ങനത്തെ ഒരു രൂപത്തിലാണ് പ്രധാനമന്ത്രി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാർ. രാം ഗോപാൽ വർമ്മ

പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെയ് 20ന് വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം.

ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി ആയിരിക്കും നടത്തുന്നത്. 20ന് മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 20ാം തിയതി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുമെന്നും വിവരം.

ആകെയുള്ള 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതിൽ സ്വതന്ത്രർ ഉൾപ്പെടെ 67 പേർ സിപിഎമ്മിനുണ്ട്. അതേസമയം,17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ്ബാധ ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിലെന്നു കേന്ദ്ര മന്ത്രിതല സമിതി യോഗത്തിന്റെ വിലയിരുത്തല്‍. എറണാകുളം ഏഴാമതും കോഴിക്കോട് ഒന്‍പതാമതും. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളും പട്ടികയില്‍. പരിശോധന കൂട്ടി പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം.

സംസ്ഥാനത്ത് 41,971 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 64 കോവിഡ് മരണം സ്ഥിരീകരിച്ചു. 27,456 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 4,17,101. ആകെ രോഗമുക്തി നേടിയവര്‍ 14,43,633. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകള്‍ പരിശോധിച്ചു. 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.

അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസര്‍ഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍ഗോഡ് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം 2403, കൊല്ലം 1412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4052, തൃശൂര്‍ 1686, പാലക്കാട് 3487, മലപ്പുറം 3388, കോഴിക്കോട് 4991, വയനാട് 591, കണ്ണൂര്‍ 1856, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,17,101പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,43,633 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,81,007 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,50,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

മുൻപത്തെ കോൺഗ്രസ് സർക്കാരുകളും അന്നത്തെ പ്രധാനമന്ത്രിമാരും നടപ്പിലാക്കിയ കാര്യങ്ങൾ കൊണ്ടാണ് ഇന്ത്യ ഇപ്പോൾ പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന് ശിവസേന. മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചാണ് ശിവസേനയുടെ മുഖപത്രമായ സാംനയിലെ ലേഖനം.

ചെറിയ രാജ്യങ്ങൾ പോലും ഇന്ത്യയെ സഹായിക്കാൻ എത്തുമ്പോൾ സെൻട്രൽ വിസ്ത പദ്ധതിയിലാണ് കേന്ദ്രത്തിന്റെ ശ്രദ്ധയെന്ന് സേന വിമർശിക്കുന്നു. ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പിവി നരസിംഹറാവു, ഡോ മൻമോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറുകൾ കൊണ്ടുവന്ന വികസന പദ്ധതികളോടാണ് നന്ദി പറയേണ്ടതെന്നും ലേഖനത്തിൽ പറയുന്നു

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലൂടെയാണ് ഇന്ത്യ അതിജീവിക്കുന്നത്. ധാരാളം ദരിദ്രരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ, പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാഷ്ട്രങ്ങളാണ് മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നത്. ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ മൂലമാണ് രാജ്യം ഇപ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം അനുഭവിക്കുന്നത്. നരേന്ദ്രമോദി തന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുമായി മുമ്പോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.’ ശിവസേന പറയുന്നു.

ബംഗാളിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷന്‍ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം ബിജെപി ബഹിഷ്ക്കരിച്ചു. എന്നാല്‍ ബിജെപി നേതൃത്വം പരാജയം അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.

ബംഗാളിലെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശം ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി എച്ച് എസ് ദ്വിവേദി പാലിച്ചില്ലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുടെയും കൊല്‍ക്കത്ത കമ്മിഷണറുടെയും റിപ്പോര്‍ട്ടുകളും അഡീഷന്‍ ചീഫ്സെക്രട്ടറി കൈമാറിയില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട് സ്ഥിതി വഷളാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ചീഫ്സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം ബംഗാളിലെ സംഘര്‍ഷമേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് വനിത കമ്മിഷന്‍ വ്യക്തമാക്കി. പല സ്ത്രീകള്‍ക്കും ബലാല്‍സംഗ ഭീഷണി നിരന്തരം നേരിടേണ്ടിവരുന്നു. പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. ഇരകള്‍ക്ക് ഭയം മൂലം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ലെന്നും വനിത കമ്മിഷന്‍ വ്യക്തമാക്കി. പശ്ചിം മേദിനിപുരില്‍ ബലാല്‍സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ വനിത കമ്മിഷന്‍ അംഗങ്ങള്‍ കണ്ടു. ഇരകള്‍ക്ക് നീതി ഉറപ്പാക്കുംവരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചു.

കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ബിജെപി വനിത നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അതിനിടെ, നിയമസഭയില്‍ മമത ബാനര്‍ജി ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താന്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ബിെജപി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ടിഎംസി നേതാവ് ബിമന്‍ ബാനര്‍ജിയെ സ്പീക്കറായി തിരഞ്ഞെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2019 നവംബറിലാണ് ഡിലിൻ തൻെറ കുഞ്ഞുമകളെ അവസാനമായി കണ്ടത്. അഞ്ചുവയസ്സുകാരിയായ ജോഹന്ന ലോക്ക് ഡൗണിനും കർശന നിയന്ത്രണങ്ങൾക്കും തൊട്ടുമുൻപ് കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പുറപ്പെട്ടതാണ്. അതിർത്തികൾ എല്ലാം അടച്ചു ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്തതോടെ ജോഹന്ന കേരളത്തിൽ കുടുങ്ങിപ്പോയി. ഓസ്ട്രേലിയയിൽ നിന്നും എത്തി നാട്ടിൽ കുടുങ്ങിയ 173 കുട്ടികളിൽ ഒരാൾ ആണ് ജോഹന്ന. സിഡ്നിയിലേക്ക് തിരികെ കൊണ്ടുവരാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ശ്രമങ്ങൾ എല്ലാം വൃഥാവിലായി.

ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള ഫ്ലൈറ്റുകൾ മാനേജ് ചെയ്യുന്ന ഖന്തസ് ചെറിയ കുട്ടികളെ ഒറ്റയ്ക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. അതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ കൊണ്ടുവരാൻ ഒന്നുകിൽ ഒരു സ്വകാര്യ വിമാനം ചാർട്ടർ ചെയ്യുകയോ അല്ലെങ്കിൽ എയർഇന്ത്യയെ ആശ്രയിക്കുകയോ വേണം.

ദൃശ്യയും ഡിലിനും കുട്ടിയെ തിരികെ കൊണ്ടു പോകാനായി നാട്ടിലേക്ക് തിരിച്ചു വന്നാൽ, തീരെ കുറച്ചു ഫ്ലൈറ്റുകളെ ഓസ്ട്രേലിയയിലേക്ക് ഉള്ളൂ എന്നതിനാൽ തിരികെ പോകാൻ ആവില്ല. അങ്ങനെയെങ്കിൽ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന 9000 പേരിൽ തങ്ങളും ഉണ്ടാവുമെന്ന് കാര്യം ഇരുവർക്കും ഉറപ്പാണ്.

ഒടുവിൽ മാതാപിതാക്കൾ ഒപ്പം ഇല്ലാത്ത കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒരു പ്രൈവറ്റ് കമ്പനിയുടെ ചാർട്ടേഡ് വിമാനം ബാംഗ്ലൂരിൽ നിന്ന് സിഡ്‌നിയിലേക്ക് വരാൻ ഇരുന്നതിൽ ടിക്കറ്റ് എടുത്തിരുന്നു. ആറാം തീയതി സിഡ്ണിയിൽ എത്തേണ്ടിയിരുന്ന വിമാനം ആസ്ട്രേലിയൻ ഗവൺമെന്റ് ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഫ്ലൈറ്റുകളും നിരോധിച്ചതോടെ ക്യാൻസൽ ആയി. ഇരുവരുടേയും അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടു.

ജോഹന്നയെ പോലെ നിരവധി കുട്ടികളാണ് മാതാപിതാക്കൾ ഇല്ലാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. കുട്ടികൾക്ക് മാത്രമായി ഒരു ഫ്ലൈറ്റ് എന്നതിനെപ്പറ്റി ചിന്തിക്കാനാവില്ല എന്നാണ് സീനിയർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ട്രേഡ് ഉദ്യോഗസ്ഥൻ ലിനറ്റ് വുഡ് പറയുന്നത്.

മൂവരും മലേഷ്യയിലാണ് ജീവിച്ചിരുന്നത്, മൂവരും ഒരുമിച്ചാണ് ഇന്ത്യയിലെത്തിയതും, കുറച്ചുനാൾ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം സമയം ചെലവഴിക്കാൻ ജോഹന്നയെ കേരളത്തിൽ നിർത്തിയശേഷം മലേഷ്യയിൽ നിന്ന് സിഡ്ണിയിലേക്ക് താമസം മാറാനായി ഇരുവരും തിരിച്ചുപോയി. കുട്ടിയുടെ വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമായ ഒന്നരവർഷം ജോഹന്ന മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിച്ചു. ഒരമ്മയ്ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ വേർപാട്. മാതാപിതാക്കൾ എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടിയെ തിരികെ കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വേദന.

‘കുട്ടി ഇഷാനിയെ കൈയ്യില്‍ എടുത്തു നില്‍ക്കുന്ന, പിങ്ക് സാരി ഉടുത്ത ആന്റിയാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി.) ഇന്നവര്‍ കോവിഡിന് കീഴടങ്ങി. ഏപ്രില്‍ അവസാനത്തില്‍ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്ന ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ്‌ ബാധ ഉണ്ടായത്. ക്ഷണിക്കാന്‍ വന്ന ആള്‍ വീട്ടില്‍ വന്നതിനു രണ്ടു നാള്‍ കഴിഞ്ഞു കോവിഡ്‌ പോസിറ്റീവ് ആയി. അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങള്‍ കണ്ടു, ഒടുവില്‍ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ്‌ പോസിറ്റീവ് ആയി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ ആക്കിയ അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല, ഈ സാഹചര്യം – അമ്മൂമ്മ പോയി എന്നും,’ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗത്തില്‍ നടി അഹാന കുറിച്ച വാക്കുകള്‍ ആണിവ.

അഹാനയുടെ അമ്മ സിന്ധുവിന്റെ അമ്മയുടെ ഇളയ സഹോദരി മോളിയാണ് ഇന്ന് മരണപ്പെട്ടത്. കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍.

‘എന്റെ അമ്മയ്ക്ക് അവരുമായി ചേര്‍ന്ന ധാരാളം ഓര്‍മ്മകള്‍ ഉണ്ട്. വളരെ ആക്ടിവ് ആയ ഒരാള്‍. എനിക്കുറപ്പുണ്ട്, ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവുമ്പോഴും അമ്മൂമ്മ കരുതിയിട്ടുണ്ടാവില്ല അവര്‍ മരിക്കുമെന്ന്. 64 വയസായിരുന്നു, വാക്സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. ഞാനിതു വരെ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു… രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ കോവിഡ്‌ ബാധയുണ്ടായാല്‍ കൂടി അത് വളരെ മൈല്‍ഡ്‌ ആയിരിക്കും എന്നും. എനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്സിന്‍ ചിലര്‍ക്കെല്ലാം ഒരു ഷീല്‍ഡ് ആണ്, ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ ടെസ്റ്റ്‌ ചെയ്തിരുന്നെങ്കില്‍ എന്നും ഞാനിപ്പോള്‍ ആശിച്ചു പോകുന്നു. ടെസ്റ്റ്‌ ചെയ്യുന്നതില്‍ വന്ന താമസം വൈറസ്‌ ഉള്ളില്‍ പടരാന്‍ കാരണമായിരുന്നിരിക്കാം.

നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയൂ

കൃത്യമായി വാക്സിന്‍ എടുത്ത, ഏറെ പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടു. അത് കൊണ്ട്, വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക.
ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഉടനെ ടെസ്റ്റ്‌ ചെയ്യുക. കൃത്യവും സമയനിഷ്ഠവുമായ പ്രതികരണത്തിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ.
വീട്ടിലിരിക്കുക. മറ്റു വീടുകളില്‍ പോകാതിരിക്കുക. അത് അവര്‍ക്കും നിങ്ങള്‍ക്കും നല്ലതല്ല. എല്ലാം പിന്നീടാകാം. അത് കൊണ്ട് ദയവായി ശ്രദ്ധിക്കുക.
മോളി അമ്മൂമ്മേ, റസ്റ്റ്‌ ഇന്‍ പീസ്‌. അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്റെ ഫേസ്ബുക്കില്‍, ഞാന്‍ എന്ത് കുറിച്ചാലും ഇടുന്ന ഉഷാറായ കമന്റുകള്‍ ഞാന്‍ മിസ്സ്‌ ചെയ്യും. അമ്മൂമ്മയുടെ സഹോദരി, മക്കള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എല്ലാവരും അമ്മൂമ്മയെ മിസ്‌ ചെയ്യുകയും എല്ലാ ദിവസവും ഓര്‍ക്കുകയും ചെയ്യും. ‘അമ്മൂസേ’ എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം. ആ ശബ്ദം എന്റെ ഓര്‍മ്മയില്‍ നിന്നും മായാതിരിക്കട്ടെ. ജീവിതത്തിന്റെ മറുകരയില്‍ കാണാം,’ അഹാന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Copyright © . All rights reserved