അമിതവേഗത്തിൽ വന്ന മിനി ടാങ്കർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും തൽക്ഷണം മരിച്ചു. നൂറനാട് ഇടപ്പോൺ പാറ്റൂർ ഇഞ്ചക്കലോടിൽ ഇ.കെ.തോമസ് (ജോയിക്കുട്ടി 57), മകൾ ഡി. ഫാം വിദ്യാർഥിനി ജോസി തോമസ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോൺ റോഡിൽ പടനിലം ആൽമാവ് മുക്കിലായിരുന്നു അപകടം.
ജോയിക്കുട്ടിയും മകൾ ജോസിയും പടനിലത്തേക്ക് വരുമ്പോൾ ഇടപ്പോൺ ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മൈൽക്കുറ്റിയിൽ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയിൽ തലയിടിച്ചാണ് ജോസി മരിച്ചത്. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി– ബേക്കറി വ്യാപാരം നടത്തിവരികയാണ് ജോയിക്കുട്ടി.
ബിഎസ്‌സി ഫിസിക്സ് ബിരുദം പൂർത്തിയാക്കിയ ജോസി കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി.ഫാം വിദ്യാർഥിനിയായി ചേർന്നത് കഴിഞ്ഞദിവസമാണ്. കോളജിലെ ആവശ്യത്തിനായി വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവർ പന്തളം കുളനട പ്രവീൺ ഭവനത്തിൽ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാൽ നൂറ്റാണ്ടു കാലം പാറ്റൂർ ജംക്‌ഷനെ സ്നേഹിച്ച ജോയിക്കുട്ടി അച്ചായൻ ഇനി ഓർമയിൽ. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി മകളുമായി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞത് പ്രദേശവാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം ഒരു കുടക്കീഴിൽ എന്നു പറയുന്നതുപോലെ ‘അച്ചായന്റെ കട’യിൽ ചെന്നാൽ എല്ലാം വാങ്ങാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു .
ഒരു പെട്ടിഓട്ടോയുമായി പാറ്റൂരിൽ എത്തിയ ജോയിക്കുട്ടി പിന്നീട് ഓട്ടോറിക്ഷ വാങ്ങി. ഇതിനുശേഷമാണ് ചെറിയ രീതിയിൽ സ്റ്റേഷനറി കട തുടങ്ങിയത് . പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങൾ അങ്ങനെ എല്ലാം കടയിൽ ലഭിച്ചുതുടങ്ങിയപ്പോൾ പാറ്റൂർ നിവാസികൾക്ക് ജോയിയുടെ കട ‘അച്ചായന്റെ കട’യായി മാറി. ഭാര്യ ശാന്തമ്മയുമായി രാവിലെ കടയിൽ എത്തിയാൽ രാത്രി ഒൻപതു മണിക്കാണ് മടങ്ങിപ്പോകുന്നത്. കൂട്ടായ്മ എന്ന അർഥമുള്ള ഫെലോഷിപ് എന്നാണ് കടയുടെ പേര്.ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകൻ: ജോസൻ തോമസ്.
ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടൻ മാരക ലഹരി മരുന്നുമായി പിടിയിലായി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നോർത്തിലുള്ള പരമാര റോഡിൽനിന്നു മാരക ലഹരിമരുന്നുമായി പിടികൂടുകയായിരുന്നു.
2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയൻ കത്തി എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാൾക്കെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.
ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് ഇയാൾ വില്ലൻ വേഷം അവതരിപ്പിച്ചത്. റെയ്ഡിൽ സിഐ അൻവർ സാദത്ത്, പ്രീവന്റീവ് ഓഫിസർ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാർഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.
കൊച്ചി തൃക്കാക്കരയിൽ നിന്ന് കാണാതായ സനു മോഹൻ കൊല്ലൂര്‍ മൂകാംബികയിലെത്തിയതായി അന്വേഷണ സംഘം. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് രക്ഷപെട്ടു. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കൊല്ലൂര്‍ മൂകാംബികയിലെത്തി.
പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കാണാതായ പിതാവ് സനു മോഹനു വേണ്ടിയുളള തിരച്ചിൽ ഫലം കാണുന്നുവെന്നതിന്റെ സൂചനകളാണ് പൊലീസ് നൽകുന്നത്. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹൻ ഉണ്ടായിരുന്നത്. ലോഡ്ജിലെ ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബിൽ തുക പോലും നൽകാതെ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർണാടക പോലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു.
സിസിടിവി പരിശോധിച്ചതിൽ നിന്ന് സനു മോഹനാണെന്ന് സ്ഥിരീകരിക്കാനായി. കർണാട പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകി. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വൈഗയുടെ മൃതദേഹം കിട്ടിയ മാർച്ച് 22 ന് സനു മോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഒരു മാസത്തോളമായിട്ടും കേസിൽ അന്വേഷണ പുരോഗതിയില്ലാതിരുന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലുണ്ടായ നിർണായക വഴിത്തിരിവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ഷുവ്രോ ബിശ്വാസിന്റെ (31) മൃതദേഹം ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ നിന്ന് കണ്ടെത്തി. സ്വയംതൊഴിലിലേർപ്പിട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്റ്റോ കറൻസി സുരക്ഷാ പ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം.
ഷുവ്രോവിന്റെ സഹോദരൻ ബിപ്രോജിത് ബിശ്വാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
‘മരണവാർത്തയറിഞ്ഞ് ഞങ്ങൾ തകർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് സഹോദരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നത്. പ്രൊഫണൽ സഹായം തേടണമെന്ന് ഞങ്ങൾ ഉപദേശിച്ചിരുന്നു. എന്നാൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടാൻ സഹോദരൻ വിസമ്മതിച്ചു.’- ബ്രിപോജിത്ത് പറയുന്നു.
ബുദ്ധിമുട്ടുകൾ ആരോടും തുറന്നുപറയാത്ത വ്യക്തിയായിരുന്നു ഷുവ്രോ. ഒരു ന്യൂറോളജിസ്റ്റിനെ കാണാൻ ഷുവ്രോ പോയിരുന്നു എന്നാൽ അതെന്തിനാണെന്ന് വീട്ടുകാർക്ക് അറിയില്ല.ഷുവ്രോ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഒഴിയണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ്, ഇയാൾക്കെതിരെ മാൻഹാട്ടനിലെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു.കെട്ടിടത്തിനുളളിൽ കിടക്കയ്ക്ക് തീയിടുക, കത്തിചുഴറ്റി ഭീഷണിപ്പെടുത്തുക, എലിവേറ്ററിനുളളിൽ രക്തം പുരട്ടുക തുടങ്ങി വിചിത്രമായ പ്രവൃത്തികളെ തുടർന്നാണ് കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ മാനേജ്മെന്റ് കേസ് ഫയൽ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാന്‍ അനുമതിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനത്തിന് അനുമതി നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാകുക. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുസരിച്ച് ജോലി ചെയ്യാം. ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങള്‍ വഴിയോ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ ഇത് തുടരും.
എന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ളവര്‍ പതിവായി ഓഫീസില്‍ വരണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്ക് ഓഫീസില്‍ വരുന്നതിലുള്ള ഇളവ് തുടരും. പതിവായി ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ഭരണതലത്തില്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന് കണ്ടാല്‍ വകുപ്പ് തലവന്മാര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.
45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആള്‍ക്കൂട്ടം കുറയ്ക്കാന്‍ സമയക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്. വിവിധ ഷിഫ്റ്റുകള്‍ എന്ന തരത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഒരേ സമയം ഓഫീസില്‍ നിരവധി ജീവനക്കാര്‍ വരുന്നത് ഒഴിവാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
മദ്യപിക്കാനായി പണം നല്‍കാത്തതിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം ചൂരക്കുഴി സ്വദേശി ഷാജിയാണ് ഭാര്യ മീനയെ കൊലപ്പെടുത്തിയശേഷം പൊലീസില്‍ കീഴടങ്ങിയത്.
ഭാര്യയ്ക്ക് വായ്പയായി ലഭിച്ച തുകയില്‍ നിന്ന് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.പണം കിട്ടാതെ പ്രകോപിതനായി ഷാജി ഭാര്യയുടെ മുഖത്തും കഴുത്തിനും വെട്ടുകയായിരുന്നു. .
ഭാര്യയെ വെട്ടിയശേഷം പ്രതി ഷാജി പാറശാല പൊലീസ് സ്റ്റേഷനില്‍ കീഴടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മീനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.
വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.
സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തൽ. ഏത് സാഹചര്യത്തിലും 80 സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ നിഗമനം. ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.
സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായി. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.
യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്നും എന്നാല്‍ ഇത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.
തന്റെ മണ്ഡലത്തില്‍ 47ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ലൗ ജിഹാദ് വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പിസി ജോര്‍ജിന്റെ വാക്കുകള്‍;
ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണ്. ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല.
ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണ്. സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്.
അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിക്കുന്നു. യൂസഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൊച്ചിയില്‍ നടന് ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം, അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്. ഏപ്രില്‍ 13-ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.