കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നാൽ രക്ഷിതാക്കളിൽ നിന്നു കടുത്ത പിഴ ഈടാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പൊതുസ്ഥലങ്ങളിൽ വിലക്ക് കടുപ്പിക്കുന്നത്. പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാൽ 2,000 രൂപ പിഴയടയ്‌ക്കണം.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ, ചികിത്സാ ആവശ്യങ്ങൾക്ക് വരുന്നതിനു തടസ്സമില്ല. ആളുകൾ കൂടുതൽ എത്താൻ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കലക്‌ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല നൽകിയിരുന്നു. പതിനാല് ജില്ലകളിലും കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കലക്‌ടർമാരെ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യം. എത്രയും വേഗം അതാതിടങ്ങളില്‍ ചുമതലയേല്‍ക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും സ്ഥിതി പരിശോധിച്ച് കര്‍ശന നടപടിക്ക് കലക്‌ടർമാക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.
ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബസ് സ്റ്റാൻഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥാൻ ജേക്കബ് തോമസ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായാകും മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തും. ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം.” ജേക്കബ് തോമസ് പറഞ്ഞു.
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന് പറഞ്ഞ ജേക്കബ് തോമസ് രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേയെന്നും ചോദിച്ചു. വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും കൂട്ടിച്ചേർത്തു.
നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് എന്റെ കാര്യം. വികസനകാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയത് സർവീസിലിരിക്കുമ്പോഴാണ്. ഇനി ജനങ്ങളുടെ സുഖദുഖങ്ങളിൽ ഭാഗമായി അവർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ന്യൂസിലൻഡ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. കോവിഡ്-19 മഹാമാരിയെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവയ്‌ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 71.7 ശരാശരിയോടെ 430 പോയിന്റ് ഇന്ത്യയ്‌ക്കുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ഈ പരമ്പരയുടെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. 4-0, 3-0, 3-1, 2-0, 2-1 എന്നീ നിലകളിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്. 70.0 ശരാശരിയിൽ 420 പോയിന്റാണ് ന്യൂസിലൻഡിനുള്ളത്. ഇവരുടെ എല്ലാ മത്സരങ്ങളും പൂർത്തിയായതിനാൽ നിലവിലെ അവസ്ഥയിൽ നിന്ന് പോയിന്റ് കുറയില്ല. അതുകൊണ്ടാണ് ഫൈനൽ ഉറപ്പിക്കാൻ കിവീസിന് സാധിച്ചത്.
അതേസമയം, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കണം. 4-0, 3-0, 3-1 എന്നീ നിലയിൽ ജയിക്കാൻ സാധിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 68.7 ശരാശരിയിൽ 412 പോയിന്റാണ് ഉള്ളത്.
അതേസമയം, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കണം. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയായാൽ ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ കിവീസിനെതിരെ കളിക്കാൻ സാധിക്കും. ഇന്ത്യ രണ്ട് മത്സരത്തിൽ കൂടുതൽ തോൽക്കുകയോ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളിൽ എങ്കിലും ജയിക്കാൻ സാധിക്കാതെയും വന്നാലും ഓസീസിന് സാധ്യതയുണ്ട്.
കര്‍ഷക സമരത്തെ പിന്തുണച്ച പോപ് സ്റ്റാര്‍ റിഹാനയ്‌ക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്റര്‍നെറ്റ് വിലക്കിന്റെ വാര്‍ത്ത പങ്കുവെച്ചാണ് റിഹാന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
എന്താണ് നമ്മള്‍ ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. അതേ കുറിച്ച് ആരും സംസാരിക്കാത്തത് കര്‍ഷകര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളായതു കൊണ്ടാണെന്നാണ് ട്വീറ്റിന് മറുപടി കൊടുത്തത്.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തിയാണ് റിഹാന. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ അത് ട്വിറ്ററില്‍ ട്രെന്റിങ് ആയിരുന്നു.
നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ബോളിവുഡ് താരം തപ്‌സി പന്നു റിഹാനയുടെ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ അസിസ്റ്റന്റ് ഫിലിം ഡയറക്ടർ ഋഷികേശ് പവാറിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ സംഘം കസ്റ്റഡിയിലെടുത്തു. സുശാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഋഷികേശ്.
ലഹരിമരുന്നു കേസിൽ നേരത്തേ അറസ്റ്റിലായവരിൽ നിന്നാണ് ഋഷികേശിനെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ജൂലൈ 14ന് സബർബൻ ബാന്ദ്രയിലെ വസതിയിൽ സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിറവത്ത് വനിതാ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എല്‍ദോ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. എല്‍ദോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിറവം തിരുമാറാടിയില്‍ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്.
അതിനിടെയാണ് സംഘാംഗമായ എല്‍ദോ വനിതാ എസ്‌ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരി കടന്നു കളയുകയും ചെയ്തത്.
തുടര്‍ന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എല്‍ദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് എല്‍ദോയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഉത്തർപ്രദേശിൽ ഒരു മാസം മുൻപു കാണാതായ മകളെത്തേടി അലയുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. ഗുഡിയ എന്നാണു സ്ത്രീയുടെ പേര്. മകളെ കണ്ടെത്തിത്തരാം എന്ന ഉറപ്പിൽ ചക്കേറി സ്റ്റേഷനിലെ പൊലീസുകാർ തന്നെക്കൊണ്ട് പൊലീസ് ജീപ്പിൽ ഇന്ധനം നിറപ്പിച്ചുവെന്നും സ്ത്രീ ആരോപിക്കുന്നു. ഒരു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത 15 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ കാണാതാകുന്നത്.
മകളെ ഒരാൾ തട്ടിയെടുത്തതാണെന്നാണ് അമ്മ ആരോപിക്കുന്നത്. സംശയമുള്ള വ്യക്തിയുടെ പേരും അവർ പൊലീസിനെ അറിയിച്ചിരുന്നു. പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തന്റെ മകളെ കണ്ടെത്താൻ പൊലീസ് ഇതുവരെ ശ്രമിച്ചില്ലെന്നാണ് അമ്മ പറയുന്നത്.
മകൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന അമ്മ അവസാന ആശ്രയം എന്ന നിലയിൽ കാൺപുർ എസ്പിയെ കണ്ടു പരാതി സമർപ്പിച്ചു. പൊലീസുകാർ ഇപ്പോൾ തന്റെ ചിലവിലാണ് ജീപ്പിൽ ഇന്ധനം നിറയ്ക്കുന്നതെന്നും അവർ ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മകളെ കണ്ടെത്താൻ പണം മുടക്കണമെന്നാണ് പൊലീസുകാർ പറയുന്നന്. ഇതുവരെ ഡീസലിനത്തിൽ മാത്രം 15,000 രൂപ തന്റെ കയ്യിൽ നിന്ന് ചിലവായെന്നാണ് അവർ പറയുന്നത്. ഇപ്പോൾ സ്റ്റേഷനിലേക്കു ചെല്ലുമ്പോൾ തന്നെ സ്ത്രീയെ ഉദ്യോഗസ്ഥർ വിരട്ടിയോടിക്കുകയാണത്രേ.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി എസ്പി ബ്രജേഷ് കുമാർ ശ്രീവാസ്തവ അറിയിച്ചു. സ്റ്റേഷനു മുന്നിൽ കരഞ്ഞുകൊണ്ടുനിന്ന യുവതിയുടെ ദയനീയാവസ്ഥ കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നതാണു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും തട്ടിയെടുക്കുന്നു. പരാതി നൽകിയാലും ഉദ്യോഗസ്ഥർ ഒരു താൽപര്യവും കാണിക്കുന്നില്ല. സമാന സംഭവങ്ങൾ നിരന്തരമായി ആവർത്തിച്ചിട്ടും പൊലീസ് സംവിധാനത്തിലെ അഴിമതി കുറയുന്നില്ല. അമ്മമാരുടെ കണ്ണീര് തോരുന്നുമില്ല. ഭിന്നശേഷിക്കാരിയായ അമ്മ കരച്ചിലോടെ തന്റെ അന്വേഷണം കാൺപൂർ വരെ എത്തിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ സംഭവം ശ്രദ്ധിക്കപ്പെട്ടതുതന്നെ. പൊതുവെ ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഗ്രാമങ്ങളിൽ തന്നെ ഒതുക്കപ്പെടുന്നു.
പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് സാനിറ്റൈസര്‍. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെ തുടര്‍ന്ന്, അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
’12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ വാക്‌സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്’ യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
മൂത്ത സഹോദരി അലേഖ്യയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വളരെ യുക്തിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയുമാണ് അലേഖ്യയെന്ന് മൃണാള്‍ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.
പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ചാണ് അധ്യാപകരായ മാതാപിതാക്കള്‍ ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കൊലപാതകവാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.
കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.
തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടം നേടിയിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തി.
എന്നാല്‍ പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്‌കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.
ബോബിയുടെ വാക്കുകള്‍:
”പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.
പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.”
തന്റെ ജീവിതം സിനിമയാക്കാന്‍ ഒരു പ്രവാസി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനിലെ ബിസിനസുകാരനാണ്. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്ക് ബോബി ഫാന്‍സ് ക്ലബിലൂടെ നല്‍കാനാണ് തീരുമാനം.
15-20 വര്‍ഷം മുന്‍പുള്ള ബോബി എങ്ങനെയാണ്, ആ ജീവിതം എങ്ങനെയായിരുന്നു, അതെല്ലാമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ആര് നായകനായി എത്തുമെന്ന് നിര്‍മാതാവും ഡയറക്ടറും തീരുമാനിക്കട്ടെയെന്നും ബോബി പറഞ്ഞു.