പലസ്തീൻ പ്രദേശങ്ങളുടെ അധികാരം ഏറ്റെടുക്കുമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിധിക്ക് എതിരെ നിലപാട് സ്വീകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേൽ. എന്നാൽ ഈ ആവശ്യത്തോട് പ്രതികരിക്കാൻ വിമുഖത കാണിക്കുകയാണ് ഇന്ത്യ.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശബ്ദമുയർത്തണമെന്നും ഐസിസിക്ക് വ്യക്തമായ സന്ദേശം അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചിട്ടു​ള്ളത്. ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് രണ്ട് ദിവസത്തിനകമാണ് നെതന്യാഹു മോദിക്ക് കത്തയച്ചത്. കത്തിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.

ഐസിസിയുടെ സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇക്കാര്യം നയതന്ത്ര ഉദ്യോഗസ്ഥർ വഴി ഇന്ത്യ അറിയിച്ചിട്ടുണ്ട്.

റോം സ്റ്റാറ്റിയൂട്ടില്‍ ഇസ്രായേലും അംഗമല്ല. എന്നാൽ ഇസ്രയേൽ ഐസിസി വിധിയെ പ്രകോപനപരമാണെന്ന് അപലപിക്കുകയും തീരുമാനം കോടതിയെ “ഒരു രാഷ്ട്രീയ സംഘടന” ആക്കി മാറ്റിയെന്ന് വിമർശിക്കുകയും ചെയ്തു. കോടതിയുടെ അധികാരപരിധി ഇസ്രായേൽ അംഗീകരിക്കുന്നില്ലെന്നും പലസ്തീൻ അതോറിറ്റി ഒരു പരമാധികാര രാജ്യമല്ലെന്നും ഐസിസിക്ക് “അത്തരമൊരു തീരുമാനം എടുക്കാൻ അധികാരമില്ല” എന്നും ഇസ്രായേൽ പറഞ്ഞു. നെതന്യാഹു ഈ വിധിയെ “ആന്റിസെമിറ്റിസം” (യഹൂദവിരോധം) എന്ന് വിളിച്ചു.

കിഴക്കന്‍ ജെറുസലേം, ഗാസാ മുനമ്പ്, എന്നിവയുള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പ്രദേശങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐസിസി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സുഡ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ വിധിയും വരുന്നത്.

ഇന്ത്യയെ “സമാന ചിന്താഗതിക്കാരായ” രാജ്യമായി കാണുന്ന ഇസ്രായേൽ, ഇന്ത്യയിൽ നിന്ന് അനുകൂല പ്രതികരണമാണ് പ്രതീക്ഷിച്ചത്. പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ടതിന് സമാനമായ നീക്കങ്ങള്‍ കശ്മീരില്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ടെന്ന നിരീക്ഷണങ്ങളുമുണ്ട്.

അതേസമയം, വിഷയത്തില്‍ ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തിൽ “വിള്ളലോ പ്രശ്‌നമോ അല്ല”, എന്നിരുന്നാലും ഇന്ത്യയിൽ നിന്നുള്ള അനുകൂല പ്രതികരണം “പ്രധാനം” ആകുമായിരുന്നുവെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.

അടുത്തിടെ മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു പലസ്തീന്‍ വിഷയത്തില്‍ മോദിയുടെ സഹായം തേടി കത്തയക്കുന്നത്.