ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയുമാണ് പട്ടികയിലെ മലയാളികളിൽ മുമ്പിലുള്ളത്. 13ാം തവണയും അതിസമ്പന്ന പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. 8870 കോടി ഡോളറാണ്(6.56 ലക്ഷം കോടി) മുകേഷ് അംബാനിയുടെ ആസ്തി.
480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എംജി ജോർജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എംഎ യൂസഫ് അലി 29ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളിൽ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരിൽ ഉൾപ്പെട്ടത്. മറ്റുള്ളവരുടെ സ്റ്റോക്ക് മാർക്കറ്റിലെ ഓഹരികൾ കൂടി കണക്കാക്കിയാണ് ഫോബ്‌സ് പട്ടികയിൽപ്പെടുത്തിയത്.
22,570 കോടിയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ 46ാം സ്ഥാനത്തും 19,240 കോടിയുടെ സമ്പാദ്യവുമായി ക്രിസ് ഗോപാലകൃഷ്ണൻ 56ാം സ്ഥാനത്തുമുണ്ട്. 13,700 കോടി ആസ്തിയുമായി 76ാം സ്ഥാനത്തുള്ള സണ്ണി വർക്കി, 11,550 കോടി സമ്പാദ്യവുമായി 89ാം സ്ഥാനത്തുള്ള എസ്ഡി ഷിബുലാൽ എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.
താൻ കൈക്കൊണ്ട പുതിയ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം വേട്ടയാടപ്പെടുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. അതിന്റെ തുടർച്ചയായിട്ടുള്ളതാണ് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെന്ന് സംശയിക്കേണ്ടതുണ്ടെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയോട് ഒന്നിച്ചുള്ള നിലപാട് എടുത്തത് കൊണ്ടുമാത്രം അപകടം സംഭവിച്ചപ്പോൾ പോലും ആരും സഹായത്തിന് വന്നിട്ടില്ല. അപകടം വരുത്തിവെച്ച ഡ്രൈവറുടെ ഉറങ്ങിപ്പോയി എന്ന വാദം വിശ്വസിക്കാനാവുന്നതല്ല. തൊട്ടടുത്ത് നിന്നാണ് വാഹനം വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അപകടമുണ്ടാക്കിയിട്ടും ഡ്രൈവർക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തനിക്കെതിരെ നിരന്തരം ഭീഷണി ഫോൺ വിളികൾ വരുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി വാർത്താസമ്മേളനത്തിൽ ഫോൺ വിളികളുടെ വിവരങ്ങളും പുറത്ത് വിട്ടു. ദേശീയ മുസ്ലീം എന്നത് അന്തസ്സോടെ പറയും.
തനിക്കെതിരേ നടക്കുന്ന സോഷ്യൽമീഡിയാ അക്രമങ്ങളെ പോലീസടക്കമുള്ളവരും സാമുദായിക നേതാക്കളും ഗൗരവമായി കാണണം. സൈബർ ഗുണ്ടകളെ നിയന്ത്രിക്കാൻ പോലീസ് തയ്യാറാവണമെന്നും ഇന്നലത്തെ സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി.ടി.തോമസ് എം.എല്‍.എ. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടില്‍ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര്‍ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ കാറില്‍ കയറി ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്‍ എന്നായാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.’ പി.ടി.തോമസ് പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, റസിഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങി പതിനഞ്ചോളം ആളുകള്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ തന്നോടൊപ്പമുണ്ടായിരുന്നു. 80 ലക്ഷത്തിനാണ് കരാര്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്തത് 50 ലക്ഷമാണെന്ന് വാര്‍ത്ത കാണുന്നത്. കള്ളപ്പണ ഇടപാടിന് എം.എല്‍.എ. കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്ന്. തികച്ചും അസംബന്ധമാണിത്. ലോകത്താരെങ്കിലും കള്ളപ്പണത്തിന് കരാറുണ്ടാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
തര്‍ക്കഭൂമി സംബന്ധിച്ച കരാറും താന്‍ മധ്യസ്ഥ വഹിച്ചതിന്റെ തെളിവുകളും കൈയിലുണ്ടെന്നും പി.ടി. തോമസ് വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചു. ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
ഇടപ്പള്ളിയില്‍ മൂന്നു സെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്പനയ്ക്കു വെച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയാണ് വില്പന നടത്താന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്. പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
ന്യൂഡല്‍ഹി/റാഞ്ചി∙ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ 2018 ജനുവരിയില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ സാമൂഹികപ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ 20 മിനിട്ട് തങ്ങിയതിനു ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ഭീമ കൊറേഗാവ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സ്വാമി നിഷേധിച്ചിരുന്നു. മലയാളിയായ സ്വാമി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്.
സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ പോരാടിയ വ്യക്തിയാണ് സ്റ്റാന്‍ സ്വാമിയെന്ന് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. അതുകൊണ്ടാണ് അത്തരക്കാരെ നിശബ്ദരാക്കാനും അടിച്ചമര്‍ത്താനും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ ജീവിതത്തെക്കാള്‍ മൈനിങ് കമ്പനികള്‍ക്കു ലാഭം ഉറപ്പാക്കുന്നതിലാണ് ഈ ഭരണകൂടത്തിന്റെ താല്‍പര്യമെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി.
നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗവും സജീവ പ്രവര്‍ത്തകനുമാണു സ്വാമിയെന്നാണ് എന്‍ഐഎ പറയുന്നത്. ഇതിനായി അദ്ദേഹത്തിനു ഫണ്ട് ലഭിക്കുന്നുവെണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. സ്വാമിയുടെ വീട്ടില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായും കേസിലെ പല പ്രതികളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു.
അതേസമയം എന്‍ഐഎ തനിക്കു പിന്നാലെയുണ്ടെന്നും മുംബൈയ്ക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും സ്വാമി പറഞ്ഞിരുന്നു. ‘എന്നെ 15 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്‍ഐഎയുടെ മുംബൈ ഓഫിസിലേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. ഞാന്‍ നിരസിച്ചു. 83 വയസുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. കോവിഡ് ബാധിതനാകാനും ആഗ്രഹിക്കുന്നില്ല. ഭീമ കൊറേഗാവില്‍ ഉണ്ടായിരുന്നില്ല താനും.’- ഒക്‌ടോബര്‍ ആറിന് പുറത്തുവിട്ട വിഡിയോയില്‍ സ്വാമി പറഞ്ഞു. എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യണമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി സാമൂഹികപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ അടച്ചിരുന്നു. ഇവര്‍ വിചാരണ കാത്തു കഴിയുകയാണ്. കേസില്‍ കസ്റ്റഡിയിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണു സ്റ്റാന്‍ സ്വാമി. മുമ്പ് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവുമായ റാംവിലാസ് പസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്നു കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു.
പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടു മുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നും. മകൻ ചിരാഗ് പസ്വാൻ ആണ് മരണവിവരം പുറത്തുവിട്ടത്.
സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിഎസി ലളിത. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. തന്റേതായി പുറത്തു വന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍ല്‍എവി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നും ഈ വിഷയത്തില്‍ ഇനി ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത പറയുന്നു.
നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചി(കെപിഎസി ലളിത)യുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് രാമകൃഷ്ണന്റെ വാദം ശരിയാണെന്ന് വ്യക്തമാക്കി കെപിഎസി ലളിതയും രംഗത്തെത്തിയത്.
സംഭവത്തിന് പിന്നാലെ ആത്മഹത്യാ ശ്രമത്തിനായി ഗുളികകഴിച്ച് ഗുരുതരാവസ്ഥയില്‍ ആയ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് ഇദ്ദേഹം അപേക്ഷിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
അപ്രതീക്ഷിതമായി വിട്ടുപോയ സഹപ്രവര്‍ത്തകയ്ക്ക് വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡോ. അഭിഷേക് ശ്രീകുമാര്‍. നഴ്സ് ഐശ്വര്യയുടെ മരണത്തിലാണ് ഡോ. അഭിഷേക് ഫേസ്ബുക്കിലൂടെ ദുഃഖം പങ്കുവെച്ചത്. എയോര്‍ട്ടിക് ഡൈസക്ഷന്‍ എന്ന മാരകമായ രോഗാവസ്ഥയോട് പൊരുതിയാണ് ഐശ്വര്യ വിടവാങ്ങിയത്.
ദി മലയാളി ക്ലബ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് ഡോ. അഭിഷേക് ആദരമര്‍പ്പിച്ച് കുറിപ്പ് പങ്കുവച്ചത്. മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നഴ്സായിരുന്നു ഐശ്വര്യ. ഒരു വര്‍ഷമായി തുടരുന്ന തലവേദന കാരണം ഐശ്വര്യക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഡോ. അഭിഷേക് പറയുന്നു.
മൈഗ്രേയ്ന്‍ എന്ന് നിസാരമായി കരുതിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയിരുന്നു. അവസാന നിമിഷം വരെ ജീവനു വേണ്ടി പൊരുതിയ ഐശ്വര്യ ഒടുവില്‍ ഈ ലോകത്തു നിന്ന് യാത്രയായെന്നും അഭിഷേക് കുറിക്കുന്നു.
രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് എയോര്‍ട്ടിക്ക് ഡൈസെക്ഷന്‍. എയോര്‍ട്ട എന്ന നാഡി രണ്ടായി പിളരുന്ന അവസ്ഥയാണിത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കൊണ്ടാണ് ഇതു സംഭവിക്കുന്നത്.
ഹഥ്‌റാസ് കേസിലെ പ്രതി പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആരോപണങ്ങളുമായി രംഗത്ത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി സംഭവത്തിൽ കുറ്റങ്ങൾ നിഷേധിച്ച മുഖ്യപ്രതി സന്ദീപ് ഠാക്കൂർ, കേസിൽ താനടക്കമുള്ള നാല് പേരും നിരപരാധികളാണെന്നും കുടുംബാംഗങ്ങൾ തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും വാദിച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി മറ്റ് മൂന്ന് പ്രതികൾ കൂടി ഒപ്പുവെച്ച കത്ത് ഇയാൾ ഹഥ്‌റാസ് പോലീസിന് കൈമാറി. മാതാവും സഹോദരനും പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് സന്ദീപ് ഠാക്കൂർ പറയുന്നത്.
താനും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. പരസ്പരം കാണുന്നതിന് പുറമേ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ താനുമായുള്ള സൗഹൃദം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവദിവസം അവളെ കാണാനായി വയലിലേക്ക് പോയിരുന്നു. അവളുടെ മാതാവും സഹോദരനും അവിടെയുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ട ശേഷം താൻ വീട്ടിലേക്ക് മടങ്ങി. പിന്നീടാണ് മാതാവും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദിച്ചെന്ന വിവരമറിഞ്ഞത്. താൻ ഒരിക്കലും അവളെ മർദിച്ചിട്ടില്ല. തെറ്റായി ഒന്നും ചെയ്തിട്ടുമില്ല. അവളുടെ മാതാവും സഹോദരങ്ങളും താനടക്കമുള്ള നാല് പേരെയും കേസിൽ കുടുക്കിയതാണ്. തങ്ങളെല്ലാം നിരപരാധികളാണെന്നും കേസിൽ ശരിയായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നുമൊക്കെയാണ് സന്ദീപിന്റെ കത്തിൽ പറയുന്നത്.
അലിഗഢിലെ ജയിലിൽ കഴിയുന്ന സന്ദീപ് ഠാക്കൂർ ഹഥ്‌റാസ് പോലീസിന് ഇങ്ങനെയൊരു കത്തയച്ചതായി ജയിൽ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കത്ത് അയച്ചതെന്നും കത്ത് ഹാഥ്‌റസ് പോലീസ് സൂപ്രണ്ടിന് കൈമാറിയെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, സന്ദീപ് ഠാക്കൂറിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം. ‘എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. ഇപ്പോൾ ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. പക്ഷേ, ഞങ്ങൾക്ക് ഭയമില്ല. അവരുടെ ആരോപണങ്ങളെല്ലാം തീർത്തും തെറ്റാണ്. നഷ്ടപരിഹാരമോ പണമോ അല്ല, നീതിയാണ് ഞങ്ങൾക്ക് ആവശ്യം’-പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
മറിയപ്പള്ളിക്കു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു 4 മാസം മുൻപു കണ്ടെത്തിയ മൃതദേഹം വൈക്കം കുടവെച്ചൂർ സ്വാമികല്ല് വെളുത്തേടത്ത് ചിറയിൽ ജിഷ്ണുവിന്റേതാണെന്നു (23) ഡിഎൻഎ പരിശോധനാഫലം. തിരുവനന്തപുരത്തെ ഫൊറൻസിക് പരിശോധനാ ലാബിലെ ഫലം ചൊവ്വാഴ്ച ലഭിച്ചു.
ജിഷ്ണുവിന്റെ അച്ഛൻ ഹരിദാസിൽനിന്നു ശേഖരിച്ച സാംപിളും മൃതദേഹ അവശിഷ്ടത്തിൽ നിന്നുള്ള സാംപിളുമാണു പരിശോധനയ്ക്കു വിധേയമാക്കിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്കു കൈമാറുമെന്നു ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ.ജോഫി പറഞ്ഞു.
ജിഷ്ണു തൂങ്ങി മരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പരിശോധന നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലും ഇതുതന്നെയാണ്. തിരുവനന്തപുരത്തു നിന്നുള്ള ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചതിനു ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫ് പറഞ്ഞു.
പരിശോധനാഫലം ലഭിച്ച വിവരം രാത്രിയോടെ ഫോണിൽ വിളിച്ചു പറയുക മാത്രമാണു പൊലീസ് ചെയ്തതെന്നും തുടർനടപടികളെപ്പറ്റി അറിയിച്ചിട്ടില്ലെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ. ജിഷ്ണു ജീവനൊടുക്കിയതാണെന്നു വരുത്തിത്തീർക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ വൈക്കം താലൂക്കിലെ 35 സ്ഥലങ്ങളിൽ നാളെ പ്രതിഷേധം തീർക്കുമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ജൂൺ 3നു രാവിലെ വീട്ടിൽനിന്നു ജോലി സ്ഥലത്തേക്കു പോയ ജിഷ്ണുവിനെ കാണാതാകുകയായിരുന്നു. 26നാണു മറിയപ്പള്ളിയിൽ നിന്നു 3 ആഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തുന്നത്. സമീപത്തുണ്ടായിരുന്ന ഷർട്ടിന്റെ അവശിഷ്ടങ്ങൾ, ജീൻസ്, അടിവസ്ത്രം, ബെൽറ്റ്, ചെരിപ്പ്, മൊബൈൽ ഫോണുകൾ എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ശാസ്ത്രീയ സ്ഥിരീകരണം ലഭിക്കാത്തതിനാൽ മൃതദേഹം വിട്ടു നൽകിയില്ല.
ബന്ധുക്കളുടെ ആരോപണം:
.മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നു 2 ഫോണുകൾ കണ്ടെത്തി എന്നാണ് ആദ്യം പറഞ്ഞത്. ഇതിൽ ഒരു ഫോണിനെക്കുറിച്ചു പിന്നീടു വിവരമില്ല.
∙ ജിഷ്ണു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറ ജിഷ്ണുവിനെ കാണാതായ ദിവസം മാത്രം പ്രവർത്തിച്ചില്ല.
∙ ജിഷ്ണു ധരിച്ചിരുന്ന സ്വർണ മാലയും ബാഗും കണ്ടെത്താനായിട്ടില്ല.
∙ 60 കിലോയ്ക്കു മുകളിൽ ഭാരമുള്ള ജിഷ്ണു ധരിച്ചിരുന്ന ഷർട്ടിന്റെ കയ്യിൽ തൂങ്ങി മരിച്ചു എന്നതു വിശ്വസിക്കാൻ കഴിയില്ല.
കേസ് നാൾവഴി ഇങ്ങനെ:
പതിവു പോലെ രാവിലെ 8 കഴിഞ്ഞപ്പോൾ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങി. 8.15നു ശാസ്തക്കുളത്ത്. അവിടെ നിന്നു ബസിൽ കയറി ജിഷ്ണു ജോലി ചെയ്യുന്ന ബാറിന്റെ മുന്നിൽ ഇറങ്ങിയതും മറ്റൊരു ബസിൽ കോട്ടയം ഭാഗത്തേക്കു പോയതും ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടു.
ജിഷ്ണു ബാറിൽ എത്താത്തത് അന്വേഷിക്കാൻ ബാർ ജീവനക്കാരായ സുഹൃത്തുക്കൾ രാത്രി 7.30നു വീട്ടിൽ എത്തുന്നു. ജിഷ്ണുവിനെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത് അപ്പോൾ. ഉടൻ വൈക്കം പൊലീസിൽ പരാതി നൽകി.
ജൂൺ 26
മറിയപ്പള്ളിയിൽ നിന്നു അസ്ഥികൂടം ലഭിച്ചതായും ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചു.
ജൂൺ 27
ബന്ധുക്കൾ ജിഷ്ണുവിന്റെ ഷർട്ടും പാന്റ്സും ഫോണും തിരിച്ചറിഞ്ഞു.
ജൂലൈ 1
മൃതദേഹത്തിനു സമീപം കണ്ട ജീൻസ് ജിഷ്ണുവിന്റേതല്ലെന്നും ഇത്തരം ജീൻസ് ജിഷ്ണു ധരിക്കാറില്ലെന്നും അമ്മ ശോഭന.
ലാവലിന്‍ കേസ് 16 ലേക്ക് മാറ്റി. രണ്ടു കോടതികളും 3 പ്രതികളെ വെറുതെവിട്ടതാണെന്ന് സുപ്രീംകോടതി. അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി. ഇക്കാര്യത്തില്‍ ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നൽകി. തുടർന്ന് കേസ് 16ലേക്ക് മാറ്റി.
കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാർജിപരിഗണിച്ചത്.
രണ്ട് തരം ഹര്‍ജികളാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളാണ് രണ്ടാമത്തേത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.
ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഇതുവരെ കാര്യമായ താല്‍പര്യം സി.ബി.ഐ കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസിന്‍റെ പ്രധാന്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചത് നിയമ–രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അടുത്തവര്‍ഷം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐയുടെ താല്‍പര്യമാറ്റമെന്നാണ് വിലയിരുത്തല്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.