മാർത്തോമാ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് കോതമംഗലത്ത് മത മൈത്രി സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ബുധനാഴ്ച പള്ളി മുറ്റത്ത് വിശ്വാസികൾ ആരംഭിച്ച സമരം തുടരുകയാണ്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ സമയം നീട്ടികിട്ടണമെന്ന് ആവശ്യപെട്ട് സർക്കാർ കോടതിയെ സമീപിച്ചേക്കും.

പള്ളി വിട്ടുനൽകി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ആവർത്തിക്കുകയാണ് യാക്കോബായ സഭ. ഈ സാഹചര്യത്തിലാണ് കോതമംഗലത്ത് മതമൈത്രി സംരക്ഷണസമിതി ഹർത്താൽ പ്രഖ്യാപിച്ചതും. കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കൂടുതൽ വിശ്വാസികളെ എത്തിച്ച് പ്രതിരോധവലയം തീർക്കുമെന്നും ജീവൻ കൊടുത്തും പള്ളി നിലനിർത്തുമെന്നും വിശ്വാസികൾ പ്രഖ്യാപിച്ചു.

പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നതിനിടെ യാക്കോബായ സഭ വിശ്വാസികൾ പ്രാർഥനയും പ്രതിഷേധവും തുടരുകയാണ്. നിലവിൽ പ്രദേശത്ത് സ്ഥിതി ശാന്തമാണ്.