കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവില്‍ നിന്നും ഗുരുതര മര്‍ദനമേറ്റ യുവതിയെ ഭര്‍ത്താവ് രാഹുല്‍ തന്നെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തുടര്‍ന്ന് തന്റെ അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ മുങ്ങി.
യുവതിയെ വീട്ടില്‍ വെച്ച് ഭര്‍ത്താവ് ഗുരുതരമായി മര്‍ദിക്കുക ആയിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോന്നു. എന്നാല്‍ ആംബുലന്‍സിലിട്ടും രാഹുല്‍ മര്‍ദനം തുടര്‍ന്നു. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലന്‍സില്‍വെച്ചും മര്‍ദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയില്‍ യുവതി നല്കിയ മൊഴി.
സംഭവമറിഞ്ഞ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ രാഹുലിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ കോഴിക്കോട്ടേക്കുപുറപ്പെട്ടിട്ടുണ്ട്.
എന്നാല്‍, തനിക്ക് പരാതിയില്ലെന്നാണ് യുവതി ആശുപത്രിയില്‍ അറിയിച്ചത്. തന്റെ അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവര്‍ എഴുതി നല്കി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ പോലീസ് സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.