India

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്‌ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേർന്നു. സ്‌നേഹം പങ്കുവെക്കലിന്റെ ആഘോഷംകൂടിയാണ് പെരുന്നാള്‍.

ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.

ചെമ്മീ‍ൻ കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കൽ റിപ്പോർട്ട്.

പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി.
ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. നികിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച്‌ പുറത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ എത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.

പൊലീസ് അന്വേഷിച്ച്‌ എത്താതിരിക്കാനായി പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെണ്‍കുട്ടി ബോധരഹിതയായി. ഇതിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാപിതാക്കള്‍ കിളിമാനൂർ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ റബ്ബർ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വിവാദങ്ങള്‍ക്കിടെ കേരള സ്റ്റോറി പളളികളില്‍ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ തലശ്ശേരി അതിരൂപത. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അതിരൂപത വ്യതമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിന് താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ അതിരൂപത സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപയുടേതല്ലെന്നും അറിയിച്ചു.

ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്.

തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്‌എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പചു.

‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത് സഭയുടെ മുന്‍നിലപാടുകളുടെ തുടര്‍ച്ചയെന്ന് വിലയിരുത്തല്‍. നര്‍ക്കോട്ടിക് ജിഹാദ് നിലവിലുണ്ടെന്ന് കഴിഞ്ഞവര്‍ഷം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിലപാടെടുത്തിരുന്നു. ലവ് ജിഹാദ് വഴി കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ഇടുക്കി മുന്‍ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 2015-ല്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് വാദം.

സിനിമ പ്രദര്‍ശിപ്പിച്ചതില്‍ അനൗചിത്യം ഉണ്ടാകാമെങ്കിലും അതില്‍ തെറ്റുണ്ടെന്നു പറയാനാകില്ലെന്ന് സഭയുടെ ഔദ്യോഗികപക്ഷത്തുള്ളവര്‍ പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. ഏതെങ്കിലും കക്ഷിക്ക് വോട്ടുചെയ്യാന്‍ മെത്രാന്മാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ വോട്ടുചെയ്യുന്ന കാലമൊക്കെ പോയി. മണിപ്പുര്‍ വിഷയമൊക്കെ വിശ്വാസികളുടെ മനസ്സിലുണ്ട് -മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.

അതേസമയം, സിനിമാപ്രദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിറോ മലബാര്‍സഭ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ട് രംഗത്തെത്തി. ഇന്ത്യയില്‍ ഇപ്പോഴെന്താണ് നടക്കുന്നതെന്നറിയാത്ത അപക്വമതികളുടെ അവിവേകവും ആത്മഹത്യാപരവുമായ നടപടിയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. സഭയ്ക്ക് നിര്‍ണായകസ്വാധീനമുള്ള മണ്ഡലമാണ് ഇടുക്കി. 2014-ല്‍ കോണ്‍ഗ്രസ് അവിടെ പരാജയപ്പെടാനുള്ള ഒരു കാരണവും അന്ന് എം.പി.യായിരുന്ന പി.ടി. തോമസ് രൂപതയ്ക്കെതിരേ സ്വീകരിച്ച നിലപാടുകളായിരുന്നു. സിനിമാ പ്രദര്‍ശനത്തെ അപലപിച്ച പ്രതിപക്ഷനേതാവിനെ കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു. പള്ളിപ്പറമ്പില്‍ക്കയറി സതീശന്‍ അഭിപ്രായം പറയേണ്ടെന്ന് അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും വേനല്‍മഴയെത്തും. ആറ് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പുള്ളത്.

നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും മഴ ലഭിക്കും. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.

അതേസമയം, സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട് രേഖപ്പെടുത്തി. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് ആണ് ഇന്നലെ പാലക്കാട്‌ ( 40.6 ഡിഗ്രി സെല്‍ഷ്യസ്) രേഖപെടുത്തിയത്. തുടർച്ചയായി അഞ്ചാം ദിവസമാണ് പാലക്കാട്‌ 40ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപെടുത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ഥികളാണുള്ളത്.

ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കോട്ടയത്താണ്, 14 പേര്‍. അഞ്ചുപേര്‍ മത്സരിക്കുന്ന ആലത്തൂരാണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികളുള്ളത്. കോട്ടയത്തിന് തൊട്ടുപിന്നിലായി 13 സ്ഥാനാര്‍ഥികളുമായി കോഴിക്കോടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ 12 പേര്‍ വീതവും മത്സര രംഗത്തുണ്ട്.

ആകെ 290 പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി 86 പേരുടെ പത്രിക തള്ളി. തുടര്‍ന്ന് 204 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് (തിങ്കളാഴ്ച) പത്തുപേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 194 ആയി. ഏപ്രില്‍ 26-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയും തയ്യാറായിട്ടുണ്ട്. 2.77 കോടി (2,77,49,159) വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളത്. ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6.49 ലക്ഷം (6,49,833) വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.

പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച്‌ കേടുപാടുണ്ടായ കാറിന്റെ ഉടമയായ ഡോക്ടറിന് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് ഈടാക്കി നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ കെന്നത്ത് ജോര്‍ജ് വിധിച്ചു.

2018 ഒക്ടോബര്‍ 20ന് അരയന്‍ കാവ് കാഞ്ഞിരമറ്റം റോഡില്‍ സെന്റ് ജോര്‍ജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തില്‍ മറ്റൊരു കാറിനെ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു.

45 ദിവസത്തിനകം തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നും കമ്പനി പിന്നീട് പിതാവില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് പി.രാജീവ് കോടതിയില്‍ ഹാജരായി.

ഡോൺബോസ്കോ ഐ.ഡി.യിൽനിന്ന് ആര്യയ്ക്ക് ആരാണ് മെയിൽ അയച്ചതെന്ന വിവരങ്ങൾ പോലീസിന് തിങ്കളാഴ്ച ലഭിക്കും. ഏത് സെർവറിൽനിന്നാണ് ഇവ വന്നതെന്ന വിവരം ഗൂഗിൾ കൈമാറും. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ ആരുടെ പ്രേരണയിലാണ് ഇവർ ഈ ജീവിതം തിരഞ്ഞെടുത്തതെന്ന്‌ മനസ്സിലാകുമെന്ന് പോലീസ് പറഞ്ഞു. നവീൻതന്നെയാണ് ഡോൺബോസ്കോ എന്ന വ്യാജ ഇ-മെയിൽ ഐ.ഡി. കൈകാര്യംചെയ്തിരുന്നതെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് സംഘം.

അതിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന നവീന്റെ കാറിൽനിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തി. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.

ലോകത്ത് വൻവെള്ളപ്പൊക്കമുണ്ടാകുമെന്നും എല്ലാവരും മരിക്കുമെന്നും സമുദ്രനിരപ്പിൽനിന്ന് ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്താൽ രക്ഷപ്പെട്ട് അന്യഗ്രഹത്തിലെത്താമെന്നും ഇവർ വിശ്വസിച്ചെന്നാണ് പോലീസ് നിഗമനം. ഇങ്ങനെയാവാം അരുണാചലിലെ സിറോ തിരഞ്ഞെടുത്തത്‌.

നവീനാണ് കടുത്ത അന്ധവിശ്വാസം പിന്തുടർന്നത്. പിന്നീട് ദേവിയും ആര്യയും ഇയാൾ പറയുന്നത് വിശ്വസിക്കുകയായിരുന്നു. മറ്റു ഗ്രഹങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യ. ഇതാകാം നവീന് തുണയായതെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരുടെ വീടുകൾ പോലീസ് പരിശോധിച്ചെന്നും മെയിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും ഡി.സി.പി. പി. നിധിൻരാജ് പറഞ്ഞു.

നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.

ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക് പോയ ഭര്‍ത്താവ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

ഒരുമാസം മുന്‍പാണ്, ഓണ്‍ലൈന്‍ പഠനത്തിനായി യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കോട്ടയം വെസ്റ്റ് പോലീസെത്തി, യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹപരിശോധനയ്ക്കുശേഷം ഇളംകാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

RECENT POSTS
Copyright © . All rights reserved