India

ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിർത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.

തുടർന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.

അതേസമയം, പിഴ അടപ്പിക്കേണ്ട കാര്യത്തിന് പോലീസുകാർ കൊടുംകുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതു പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം വാർത്തയായതോടെ പ്രൊബേഷണൽ എസ്‌ഐ ഷജീമിനെ ഇടുക്കി, കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റി. കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകും എന്നാണ് ഇതുമായി കൊല്ലം റൂറൽ എസ് പി പ്രതികരിച്ചിരിക്കുന്നത്.

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന, 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.

സിരുതാവൂർ, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്.

ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷൻ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.

മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത്.

മറ്റ് ആരോഗ്യ പ്രശ് നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുമായി ഇടപെട്ടവരോട് നിരീക്ഷണത്തിലേക്ക് മാറാൻ ഓഫീസ് ആവശ്യപ്പെട്ടു. രാവിലെ ഓൺലൈനിലൂടെ മന്ത്രി കാബിനറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.

മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചമ്രം പടിഞ്ഞിരുന്ന് രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ ഇരിക്കുന്നതാണ് ചിത്രം.

ചിത്രം പങ്കുവെച്ചതോടെ ഇതാരാണെന്നുള്ള ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു.പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രവും കുട്ടികളും ഇതിനോടകം ഒട്ടനവധി സമൂഹമാധ്യമ പേജുകളിൽ ഇടം നേടിക്കഴിഞ്ഞു

https://www.facebook.com/PAMuhammadRiyas/posts/1584095635126372

 

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊച്ചി ∙ അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടാൻ തന്നെ സമയമെടുക്കും. മനസ് പഴയതുപോലെ ആകാൻ ഏതാനും കൗൺസിലിങ്ങുകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.

അവസരം നിഷേധിക്കപ്പെട്ടപ്പോൾ മുൻപിൽ എല്ലാം അവസാനിച്ചതു പോലെ തോന്നി. മാനസികമായി തകർന്നു പോയതാണ് ആത്മഹത്യ എന്ന ചിന്തയിലേയ്ക്ക് നയിച്ചത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറ‍ഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. ആരോടും ചേച്ചി സ്വന്തം വായകൊണ്ട് തന്റെ മുൻപിൽ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.

സംസാരിച്ചിട്ടില്ലെന്നും അപേക്ഷ നൽകിയിട്ടില്ലെന്നും ലളിതച്ചേച്ചിയുടെ പേരിൽ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ചേച്ചി എന്നോടു പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം. വളരെ പ്രതീക്ഷയോടെയാണ് അക്കാദമയിൽ ചെന്നത്. ലിംഗ, ജാതി വിവേചനത്തോടാണ് ശക്തമായി പ്രതിഷേധിച്ചു നിന്നത്.

കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി ഉൾപ്പടെ സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്. മണിച്ചേട്ടന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഇത്രയും വളർന്നു വന്നത്. കലാമണ്ഡലത്തിൽ ലക്ചറർ, അധ്യാപക തസ്തികകളിലേയ്ക്കുള്ള എസ്‌സി–എസ്ടി പോസ്റ്റുകളിൽ ഇതുവരെയും നിയമനം നടത്തിയിട്ടില്ല.

മൂന്ന് സവർണ പോസ്റ്റുകളിൽ നിയമനം നടത്തി. പട്ടികവിഭാഗക്കാരെ നിയമിക്കേണ്ട നാലാമത്തെ പോസ്റ്റ് ഇപ്പോഴും ഒഴി‍ഞ്ഞു കിടക്കുകയാണ്. കലാമണ്ഡലത്തിലും തൃപ്പൂണിത്തുറ ആർഎൽവി കോളജിലായാലും കാലടി സർവകലാശാലയിലായാലും സംഗീത, നൃത്ത വിഭാഗങ്ങളിൽ എത്ര എസ്‍സി പോസ്റ്റുകളിൽ നിയമനം നടത്തി എന്ന് നോക്കിയാൽ ഈ വിവേചനം വ്യക്തമാകും.

സ്ത്രീകൾക്ക് മാത്രമാണ് മോഹനിയാട്ടം എന്ന് ആരും പറഞ്ഞു വച്ചിട്ടില്ല. വിഷ്ണു രൂപം മാറിയ മോഹിനിയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പുരുഷൻ സ്ത്രീവേഷത്തിൽ അവതരിപ്പിക്കുന്നതാകണം. എന്നാൽ പണ്ട് ഉണ്ടായിരുന്നതു പോലെ ലൈംഗിക ആകർഷണത്തിനായുള്ള ആട്ടമല്ല മോഹിനിയാട്ടം. ആ ചിന്താഗതി തെറ്റാണ്. ഇപ്പോൾ പഴയ മോഹിനിയാട്ടത്തിന്റെ എല്ലാ ഘടനകളും വള്ളത്തോൾ മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു നൃത്തം വേണ്ട എന്നു പറഞ്ഞ് തിരുവിതാംകൂർ ഭരണകാലത്ത് സേതുലക്ഷ്മിഭായ് ഈ നൃത്തത്തെ നിരോധിച്ചിരുന്നു. പിന്നീട് വള്ളത്തോളാണ് ഈ രീതി മാറ്റിയത്.

ഈ നൃത്തത്തിന് ‘കൈരളി നൃത്തം’ എന്ന ഒരു പേരു പോലും നിർദേശിക്കപ്പെട്ടിരുന്നു. വള്ളത്തോളിന്റെ കാലത്തിനു ശേഷം ഒരു നൃത്തരൂപമെന്ന നിലയിൽ പഴയ മോഹിനിയാട്ടമേ അല്ല അവതരിപ്പിച്ചു വന്നത്. പിന്നീടാണ് മോഹിനിയാട്ടം ഇന്നത്തെ രീതിയിലേയ്ക്ക് ഉയർന്നു വന്നത്. ഇന്നത് ലിംഗവിവേചനം ഇല്ലാതെ അവതരിപ്പിക്കാവുന്ന ശാസ്ത്രീയ നൃത്തമായി വളർന്നു വന്നു. അതുകൊണ്ടു തന്നെയാണ് മോഹിനിയാട്ടത്തിന്റെ പുരുഷ രംഗാവതരണം എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളത്. ഇതിനുമുമ്പ് നിരവധി നൃത്തപരിപാടികൾ സർക്കാർ തലത്തിൽ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂര്യ കൃഷ്ണമൂത്തി ചെയർമാനായിരിക്കെ മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തിരുന്നു. കഴിഞ്ഞ നിശാഗന്ധി നൃത്തോൽസവത്തിലും ഓണം ടൂറിസം ഫെസ്റ്റിവലിലും മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തു. അവിടെയൊന്നും ഇല്ലാത്ത ലിംഗവിവേചനം അക്കാദമി സെക്രട്ടറിക്ക് ഇപ്പോൾ എവിടെയാണ് തോന്നിയത്. തനിക്ക് അവസരം തരാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി എന്നിവർക്കെതിരായ സസ്പെൻഷനാണ് പിൻവലിച്ചത്. ഡിഎംഒ ഡോ. എ.റംലാ ബീവിയുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.

സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും നഴ്സുമാരും സമരം ആരംഭിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുമായി സംയുക്ത സമരി സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

നടപടിക്ക് വിധേയരായവർ ത്യാഗപൂർണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകൾ ഉണ്ടാകുന്നത് യാഥാർഥ്യമാണെന്നും കെ.കെ.ശൈലജ പറ‍ഞ്ഞിരുന്നു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യംചെയ്യല്‍ ആറ് മണിക്കൂറിലധികം നീണ്ടു. കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബെംഗളൂരു ശാന്തിനഗറിലുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ രാവിലെ 10.45നാണ് ബിനീഷ് ഹാജരായത്.

ഹോട്ടൽ തുടങ്ങാൻ അനൂപിന് പണം നൽകിയിട്ടുണ്ടെന്നും, ലഹരി ഇടപാടുകളിൽ അറിവില്ലെന്നുമുള്ള മൊഴി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിലും ബിനീഷ് ആവർത്തിച്ചു. ഹോട്ടൽ തുടങ്ങാനായി അനൂപിന് നൽകിയ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങളുമാണ്.

ബിജെപി അനുകൂല സംഘ്പരിവാര്‍ ചാനല്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസാമിക്കെതിരെ ഇന്ത്യാ ടുഡെ കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുടെ രൂക്ഷ വിമര്‍ശനം. രാത്രി ഒമ്പത് മണിക്കുള്ള ചര്‍ച്ചയ്ക്കിടയാണ് രാജ് ദീപിന്റെ രൂക്ഷവിമാര്‍ശനം. രാജ്ദീപ് സര്‍ദേശായി അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംങ് രാജ്പുത്തിന്റെ സുഹൃത്ത് റിയ ചക്രവര്‍ത്തിയുടെ അഭിമുഖം എടുത്തതിന് ശേഷം അദ്ദേഹത്തിനെതിരെ നിശിത വിമര്‍ശനമാണ് അര്‍ണബ് ഗോസാമി നടത്തിയത്. വ്യക്തിപരമായ അധിക്ഷേപമായിരുന്നു അര്‍ണബ് ഗോസാമിയുടെത്.

ഇതിനായിരുന്നു രാജ് ദീപ് സര്‍ദേശായി തിങ്കളാഴ്ച മറുപടി പറഞ്ഞത്.

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മറുപടി പറയുകയാണ്. അര്‍ണബ് ഗോസാമി നിങ്ങള്‍ ഒരു ബനാന റിപ്പബ്ലിക്ക ചാനല്‍ നടത്തുകയാണ്. നിങ്ങള്‍ നിങ്ങളുടെതായ താല്‍പര്യത്തിന് വേണ്ടി ബോധപൂര്‍വം മാധ്യമ വിചാരണ നടത്തുകയാണ്. നിങ്ങളുടെ നിലവാരത്തിലേക്ക് ജേണലിസത്തെ കൊണ്ടുവരരുത്. ആ ഒരു ഉപദേശം മാത്രമാണ് എനിക്ക് തരാനുള്ളത്. ഇതല്ല ജേണലിസമല്ല. ഞാന്‍ ഇന്ന് നിങ്ങളെ പരസ്യമായി പേരെടുത്ത് പറഞ്ഞ് തന്നെ വിമര്‍ശിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിന് കാരണം കഴിഞ്ഞ രണ്ടര മാസമായി നിങ്ങള്‍ എനിക്കെതിരെ നടത്തിയ അസംബന്ധങ്ങള്‍ ഞാന്‍ കേള്‍ക്കുകയായിരുന്നു. നിങ്ങള്‍ക്ക് ടിആര്‍പി മാത്രമായിരുന്നു ലക്ഷ്യം. ടിആര്‍പിയെക്കാള്‍ പ്രധാനമായ ചിലതുണ്ട്. ടെലിവിഷന്‍ റസ്‌പെക്ട് പോയിന്റ് ‘ രാജ്ദീപ് സര്‍ദേശായി പറഞ്ഞു.

സുശാന്ത് സിംങ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപബ്ലിക്ക് ടിവി ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ മാധ്യമ വിചാരണ നടത്തുകയാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. റിയ ചക്രവര്‍ത്തിയുടെ അഭിമുഖം രാജ്ദീപ് സര്‍ദേശായി നടത്തിയതൊടെ അദ്ദേഹത്തിനെതിരെയും വിമര്‍ശനം ഉണ്ടായി. രാജ്ദീപിനെയും അദ്ദേഹത്തിന്റെ പരിപാടിയേയും നിശിതമായി അര്‍ണബ് ഗോസാമി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

 

വീട്ടിലെ മൃഗങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് കുട്ടികള്‍ തന്നെയായിരിക്കും. അവര്‍ക്ക് കൂട്ടുകാരിയോ കൂട്ടുകാരനോ എല്ലാമായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ വേര്‍പാട് കുട്ടികളില്‍ വലിയ വേദനയും ഉണ്ടാക്കും. അത്തരത്തില്‍ ചത്തുപോയ കോഴിയുടെ അടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘കോഴ്യേ…കോഴ്യേ…എനിക്ക് ഇഷ്ടപ്പെട്ടതാ നിന്നെ…നന്നായി നിന്നെ ശ്രദ്ധിച്ചില്ല്യല്ലോ..അതുകൊണ്ടല്ലേ നീ ചത്തുപോയത്…’ കുഞ്ഞ് സങ്കടം പറഞ്ഞ് കരയുന്നതിങ്ങനെ. ഇടയ്ക്കിടയ്ക്ക് സങ്കടം പറയുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്ന കുഞ്ഞിനെ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ഞിന് കോഴിയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് മറ്റൊരു കോഴിയെ കൊടുക്കാം എന്നും പറയുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved