India

ലഖ്‌നൗ: അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഗൂഡാലോചന കേസില്‍ എല്ലാവരെയും വെറുതേ വിട്ടു. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ബാബ്റി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും ഇങ്ങിനെ സ്ഥാപിക്കാന്‍ രീതിയില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. കേസിലെ 32 പ്രതികളെയും കോടതി വെറുതേ വിട്ടു. 2000 പേജുകള്‍ നീണ്ടതായിരുന്നു വിധി. സുരക്ഷയുടെ ഭാഗമായി കോടതിക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസില്‍ 350 ലധികം സാക്ഷികളെ വിസ്തരിക്കുകയും 600 ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നടത്തിയത്. കേസില്‍ രാഷ്ട്രീയമായി ഉള്‍പ്പെടുത്തി എന്നാണ് എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്.

കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി 2017 ഏപ്രില്‍ 19ന് പുനഃസ്ഥാപിച്ചിരുന്നു.

രണ്ടുവിഭാഗങ്ങള്‍തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച ഉണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. കേസിലെ 48 പ്രതികളില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്. 17 പേര്‍ വിചാരണ വേളയില്‍ മരണമടഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗായിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായിരുന്നതിനാല്‍ കല്യാണ്‍ സിങ്ങിന് വിചാരണ നേരിടുന്നതില്‍നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞ ശേഷം വിചാരണയ്ക്ക് വിധേയമാക്കി.

1992 ഡിസംബര്‍ 6 നായിരുന്നു മസ്ജിദ് കര്‍സേവകര്‍ പൊളിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിക്കൊടുക്കുകയുമായിരുന്നു.

ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ വിനയ് കത്യാറിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയെന്നും ഇതിനായി പണം സമാഹരിച്ചെന്നും പോലീസ് നിഷ്ക്രിയത്വം പാലിച്ചെന്നും ഭരണകൂടം തടയാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയില്ല എന്നുമെല്ലാമായിരുന്നു കമ്മീഷ​ന്റെ കണ്ടെത്തല്‍. ജഡ്ജി സുരേന്ദര്‍കുമാര്‍ യാദവ് ഇന്ന് വിരമിക്കെയാണ് വിധി പറഞ്ഞത്. കാലാവധി അവസാനിച്ചെങ്കിലും സുപ്രീംകോടതി നല്‍കി സമയപരിധിക്ക് ഉള്ളില്‍ വിധി പ്രസ്താവ്യം നടത്തുകയായിരുന്നു. കേസ് പരിഗണിച്ച് ഒരു മാസം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോദ്ധ്യയില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.

സുപ്രീം കോടതിയിലെ ജസ്റ്റീസായി എയ്മി കോണി ബാരറ്റിനെ നാമ നിര്‍ദേശം ചെയ്ത ചോദ്യത്തില്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ അവസാനിച്ച അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇന്ത്യ പരാമര്‍ശിക്കപ്പെട്ടത് ഒരു തവണ. കോവിഡ് 19 മഹാമാരി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയെ പരമര്‍ശിച്ചത്. “ഇന്ത്യയും റഷ്യയും ചൈനയും യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ല” എന്നാണ് ട്രംപിന്‍റെ വിമര്‍ശനം. ‘ചൈന പ്ലേഗ്’ എന്ന പ്രയോഗം ട്രംപ് ഡിബേറ്റിലും ആവര്‍ത്തിച്ചു.

കോവിഡ് 19 മാഹാമാരിയെ 2009ലെ സ്വൈന്‍ ഫ്ലൂവുമായി താരതമ്യം ചെയ്ത ട്രംപ് ഒബാമ ഭരണകൂടം രോഗത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണം ആവര്‍ത്തിച്ചു. വാക്സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ് മാസ്കിന്റെ ഫലപ്രാപ്തിയെ ട്രംപ് ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ സ്വൈന്‍ ഫ്ലൂ മൂലം മരിച്ചത് 14,000 പേര്‍ മാത്രമാണെന്നും കോവിഡ് ബാധിച്ച് 2 ലക്ഷത്തിലധികം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു എന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് കൊറോണ വൈറസിനെ വിശ്വസിക്കരുതായിരുന്നു. അഅണുനാശിനി കഴിച്ചു കൊറോണ വൈറസില്‍ നിന്നും അമേരിക്കകാര്‍ക്ക് രക്ഷപ്പെടാം എന്നു പ്രസിഡണ്ട് പറഞ്ഞിരുന്ന കാര്യം ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. മാസ്ക് കൃത്യമായി ധരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം പേരെയെങ്കിലും മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു എന്നും ബൈഡന്‍ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. അക്കാദമിയിൽ നൃത്തത്തിന് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്ന് സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ തന്നെ അറിയിച്ചതായും എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണെന്നും ആർഎൽവി രാമകൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

‘ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓൺലൈൻ നൃത്ത പരിപാടിക്കായി അപേക്ഷ സമർപ്പിച്ച എനിക്ക് കേൾക്കേണ്ടി വന്ന വാക്കുകൾ കർണ്ണ ഭേദമായിരുന്നു. ആ വാക്കുകൾ ഇങ്ങനെ “കേരള സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.’

‘എനിക്ക് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ എന്നെ അറിയിച്ചത്. “ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വർഷത്തിലധികമായി ഞാൻ ചിലങ്ക കെട്ടാൻ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാൻ കഴിവില്ലാത്തതിനാൽ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളിൽ ഞാൻ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതൽ കഷ്ട്ടപ്പെട്ട് നൃത്തത്തിൽ ഉന്നത ബിരുദങ്ങൾ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയിൽ ഉറച്ചുനിൽക്കണമെന്ന നിശ്ചയദാർഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണ്.’

‘അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാൻ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാൽ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സർക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡൽ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കൻ ന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്. സർക്കാർ എല്ലാം വിശ്വസിച്ചാണ് ഇവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്.’

‘ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സർക്കാർ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം നൃത്തം, നാടകം തുടങ്ങിയ കലകൾ വേദികളിൽ അവതരിപ്പിച്ച് , കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്. ഇത് എഴുതുമ്പോൾ വള്ളത്തോൾ 1940 ൽ ഷൊർണ്ണൂരിൽ പ്രസംഗിച്ച വരികൾ മാതൃഭൂമി പത്രത്തിൽ വന്നത് സൂക്ഷിച് വച്ചിട്ടുണ്ട്.’

‘അത് ഇപ്രകാരമാണ്. “നൃത്തം എന്നു പറയുമ്പോൾ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത് മറിച്ച് അവർ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേക്കായിരിക്കണം” ഈ മഹത് വചനം ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.’

ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 20കാരി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത്. എഎപിയും കോൺഗ്രസ്സും തലസ്ഥാനത്ത് ധർണ സംഘടിപ്പിച്ചു. സംഫ്ദർജംഗ് ആശുപത്രിക്കു മുന്നിൽ എഎപി, കോൺഗ്രസ്, ഭീം ആർമി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ കഴുത്തിനേറ്റ ആഘാതം മൂലം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു ആശുപത്രിയിലെത്തിക്കുമ്പോൾ. നാവ് മുറിഞ്ഞുപോയ നിലയിലായിരുന്നു. അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിൽ കിടക്കുമ്പോഴും പെൺകുട്ടി തന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു കൊണ്ടിരുന്നതായി അവളുടെ സഹോദരങ്ങൾ പറയുന്നു.

സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ‘നിങ്ങളാണ് ഇതിന് ഉത്തരം പറയേണ്ടതെ’ന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് പ്രിയങ്ക പറഞ്ഞു. പെൺകുട്ടി മരിച്ചപ്പോൾ ബന്ധുക്കളെപ്പോലും കാണിക്കാതെ മൃതദേഹം കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ ഉടൻ സംസ്കരിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്ന് ആരോപണമുയരുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധവുമായി ഭീം ആർമി രംഗത്തു വന്നിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ്. ബലാൽസംഗം ചെയ്ത നാലുപേരും ഉയർന്ന ജാതിയിൽ പെട്ടവരും. ഇക്കാരണത്താലാണ് പൊലീസ് തുടക്കത്തിൽ എഫ്ഐആറിടാൻ പോലും വിസമ്മതിച്ചതെന്ന് ഭീം ആർമി പറയുന്നു. അതെസമയം പൊലീസ് ഈ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണ ജാതിവാലോടു കൂടി മാത്രം പേരുകൾ പരാമർശിക്കുന്ന രീതി ഇംഗ്ലീഷ് മാധ്യമങ്ങൾ ഇത്തവണ പാലിച്ചിട്ടില്ല.

അതെസമയം നിരവധി ബോളിവുഡ് താരങ്ങൾ സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു റിച്ച ഛദ്ദയുടെ പ്രതികരണം.

കൊച്ചി: ലൈഫ് മിഷന്‍ സി.ഇ.ഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്യും. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ജോസിന് നിര്‍ദ്ദേശം നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനായി സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ ഓഫീസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകള്‍ നടത്തിയോ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത ലഭിക്കുന്നതിനാണ് രേഖകളുടെ പരിശോധനയിലൂടെയും തൃശൂര്‍ കോര്‍ഡിനേറ്ററെ ചോദ്യം ചെയ്യുന്നതിലൂടെയും സി.ബി.ഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സ്വപ്‌നയ്ക്ക് യൂണീടാക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. പണമിടപാട് രേഖപ്പെടുത്തിയ ഡയറിയും സി.ബി.ഐ പിടിച്ചെടുത്തു. സ്വപ്‌ന സുരേഷിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും 4.35 കോടി രൂപ കമ്മീഷന്‍ നല്‍കിയെന്നാണ് സി.ബി.ഐത്ക്ക് ലഭിച്ചിരിക്കുന്ന വിവരം. വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചുവെന്ന ചൂണ്ടിക്കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് ഓഫീസിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നല്‍കിയ 4.32 കോടി രൂപ കമ്മീഷനായി കണക്കാക്കാനാകില്ലെന്നും ഇതില്‍ മൂന്നര കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കടലൂര്‍ പുതിയോട്ടില്‍ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞവീണ അബ്ദുല്ലയെ ഹസ്മ രക്ഷിക്കാന്‍ എത്തിയതോടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടിയത്.

റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അബ്ദുല്ലക്ക് ക്ഷീണം അനുഭവപ്പെട്ടത്. ശരീരം തളര്‍ന്ന് അബ്ദുല്ല റെയില്‍ പാളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ. ഇതിനിടയിലാണ് പാളത്തിലൂടെ ട്രെയിന്‍ വരുന്നതായി കണ്ടത്.

അബ്ദുല്ലയെയും കൊണ്ട് അസ്മ പെട്ടെന്ന് പാളം കടക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കടന്നു വന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. തൊട്ടടുത്താണ് ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്. സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

യൂട്യൂബിലൂടെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ മർദ്ദിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈനെ ആക്ഷേപിച്ച് പിസി ജോർജ്ജ് എംഎൽഎ.

വനിത കമ്മീഷൻ അധ്യക്ഷയുടെ ചരിത്രമൊക്കെ തനിക്കറിയാമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും പിസി ജോർജ്ജ് കുറ്റപ്പെടുത്തി. ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞത്. മറ്റുള്ളവരെല്ലാം കോടതിയിൽ പോണം, സിപിഎമ്മുകാർ വൃത്തികെട്ട പണി ചെയ്താൽ പാർട്ടി കമ്മിറ്റി.

ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു. യൂട്യൂബറെ ആക്രമിച്ച സ്ത്രീകൾക്ക് ചേർന്ന അതേ സ്വഭാവമാണ് വനിത കമ്മിഷൻ അധ്യക്ഷയ്ക്കും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്മിയെ അവർ പിന്തുണച്ചത്. താൻ സ്ത്രീകളെ അപമാനിച്ച് വർത്തമാനം പറയാത്തതു കൊണ്ടും വ്യക്തിപരമായി ആക്രമിക്കാത്തതു കൊണ്ടും അവരെ ചരിത്രം പറയുന്നില്ല. വനിത കമ്മിഷൻ ചെയർപേഴ്‌സണെ തനിക്ക് നന്നായി അറിയാം. അവരെ ചരിത്രവും അറിയാം. കൂടുതലൊന്നും പറയുന്നില്ല. ഒരു ഹിന്റ് മാത്രം തന്നന്നേയുളളൂ പിസി ജോർജ്ജ് പറഞ്ഞു.

അതേസമയം, നേരത്തെ, വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയേയും മറ്റ് സ്ത്രീകളേയും പിന്തുണച്ച് എംസി ജോസഫൈൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞിരുന്നു. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്നും, ഇത് മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും എംസി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു.

ആറു വയസുകാരി മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച്‌ അമ്മ നല്‍കിയ പരാതിയില്‍ അച്ഛനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ന്യൂഡല്‍ഹിയിലെ സരിത വിഹാറില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയാണ് മകളെ നിരന്തരം പീഡിപ്പിച്ചത്. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുര്‍ന്ന് പ്രതിക്കെതിരേ പോലീസ് കഴിഞ്ഞ ജനുവരിയില്‍ തന്നെ കേസെടുത്തിരുന്നു, എന്നാല്‍ കേരളത്തിലേക്ക് മുങ്ങിയ ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. ഇതോടെ കോട്ടയം സ്വദേശിനിയായ ഭാര്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു.

ഡല്‍ഹിയില്‍ അതിഥി മന്ദിരവും ദക്ഷിണേന്ത്യന്‍ റസ്‌റ്റോറന്റും നടത്തുന്ന മലപ്പുറം സ്വദേശിയുമായി എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി പുലര്‍ച്ചെ സ്ഥിരമായി തന്നെ ചന്തയിലേക്ക് അയച്ച ശേഷമാണ് മകളോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.

ഒരു ദിവസം കുട്ടി വേദനിക്കുന്നതായി പറഞ്ഞപ്പോഴാണ് വിവരം തിരക്കിയത്. അച്ഛന്‍ സ്ഥിരമായി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാറുള്ളതും മറ്റും കുട്ടി വെളിപ്പെടുത്തി. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചു. ഭീഷണിപ്പെടുത്തി. ജനുവരി നാലിന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസും ഭര്‍ത്താവിനൊപ്പം നില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു. എന്നാല്‍ മകളെ വീണ്ടും പീഡിപ്പിച്ചതോടെ ജനുവരി 24ന്

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവെച്ചു.കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ,കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോൾ ,ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുണ്ടായിരുന്നത്.കേരളത്തിന് പുറമേ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്.

അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനാണ് നേരത്തെ കമ്മീഷന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറിമാരും സംസ്ഥാന തെര‍ഞ്ഞെടുപ്പ് ഓഫീസര്‍മാരും കമ്മീഷനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മലയാളത്തിന്റെ പ്രിയ നടി ലിസി ലക്ഷ്മി. ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്, മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തിൽ പറയാൻ കഴിയുമെന്ന് ലിസി.മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ് ആണിതെന്നും സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ലിസി പ്രതികരിച്ചു.

ലിസിയുടെ കുറിപ്പ്

മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്.

മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു.

വാൽക്കഷ്ണം- ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി.

RECENT POSTS
Copyright © . All rights reserved