രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ഹൈദരാബാദിൽ യുവാവിനെ ഭാര്യയുടെ വീട്ടുകാർ കൊലപ്പെടുത്തി. 28കാരനായ ഹേമന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹേമന്ദിന്റെ ഭാര്യ അവന്തി റെഡ്ഡിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 24 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ജൂൺ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് വീട്ടുകാർ അറിയാതെ ഹൈദരാബാദിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഹൈദരാബാദിൽ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരേയും കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു.
വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽ വച്ച് കാറ് മാറുന്നതിനിടയിൽ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. എന്നാൽ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അവന്തി റെഡ്ഡിയുടെ പിതാവ് ഡി. ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന ഉൾപ്പെടെ പതിനാല് പേരെയാണ് അറസ്റ്റ് ചെയ്തത്.
യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് രമേശ് ചെന്നിത്തല പാരിതോഷികം വാങ്ങിയെന്നും അതുവഴി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട മാനദണ്ഡം ചെന്നിത്തലയ്ക്കും ബാധകമാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ചെന്നിത്തലയുടെ കാര്യത്തില്‍ ശരിയായെന്നും കോടിയേരി പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റില്‍ പോയതില്‍ ഏത് പ്രോട്ടോക്കോളാണ് ലംഘിച്ചതെന്ന് ചെന്നിത്തല. പ്രോട്ടോക്കോള്‍ എന്തെന്ന് കോടിയേരിക്ക് അറിയില്ല. കളളക്കടത്തുകാരന്റെ കൂപ്പറില്‍ താന്‍ കയറിയിട്ടില്ല. കൊടുത്താല്‍ കൊല്ലത്ത് കിട്ടാന്‍ പോകുന്നതേയുളളൂ. സന്തോഷ് ഈപ്പന്റെ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
തനിക്ക് തന്നുവെന്ന് പറയുന്ന ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കണമെന്നും ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ കണ്ടെത്തണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വേഗത്തിലുള്ള രോഗശാന്തി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.
‘പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ സുഹൃത്തിന് ആശംസ നേരുന്നു’ ട്രംപിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് മോഡി ട്വിറ്ററിൽ കുറിച്ചു.
Wishing my friend @POTUS @realDonaldTrump and @FLOTUS a quick recovery and good health. https://t.co/f3AOOHLpaQ
— Narendra Modi (@narendramodi) October 2, 2020
ട്രംപിനും ഭാര്യക്കും വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെ പങ്കുവെക്കുകയും ചെയ്തു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും പരിശോധനക്ക് വിധേയമാകുകയായിരുന്നു.
വ്യാഴാഴ്ചയാണ് ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മൂന്നുപേരും ക്വാറന്റൈനിൽ പ്രവേശിച്ചു. ഭാര്യയും താനും ഒരുമിച്ചാണെന്നും ക്വാറന്റൈനിൽ തുടരുകയാണെന്നും ഇതിനെ ഒരുമിച്ച് മറികടക്കുമെന്നും ട്രംപ് പറഞ്ഞു.
സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ കമന്റ് ചെയ്തതിന്റെ പേരിൽ മുൻകോഴിക്കോട് കളക്ടറായ എൻ പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന ആക്ഷേപവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദളിതർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഈ പോസ്റ്റ് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു പറഞ്ഞ് താനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്നും പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്തതായി മനസിലാക്കുന്നെന്നും സന്ദീപ് വാര്യർ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സിവിൽ സർവന്റായ ഒരാൾ കലാപത്തെ പ്രോത്സാഹിപ്പിക്കാമോ എന്നു തുടങ്ങുന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് പ്രശാന്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രശാന്ത് ഐഎഎസ് എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കുന്നു . പ്രശാന്തിന്റെ പോസ്റ്റിനു കീഴെ എന്റെ പ്രൊഫൈലിൽ നിന്ന് ഞാനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്ന് പലരും പറഞ്ഞപ്പോൾ പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ബ്ലോക്ക് കിട്ടിയത് മനസ്സിലായത്. പ്രശാന്തിനോട് പറയാനുള്ളത് സ്വന്തം പേജിൽ തന്നെ വൃത്തിയായി പറയാം.
രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവിൽ സർവൻറ് ആയ താങ്കൾക്ക് അറിയില്ലേ ? രാജ്യത്ത് കലാപം ഉണ്ടാകുമ്പോൾ അത് തടയാൻ ബാധ്യതയുള്ള താങ്കൾ കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന നിയമവിരുദ്ധമായ പ്രവർത്തിയല്ലേ ചെയ്തിരിക്കുന്നത് ? താങ്കളുടെ പോസ്റ്റിനു കീഴിൽ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ അങ്ങ് തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട
.
താങ്കൾ ഇതിനു മുമ്പ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണ് ?
സർക്കാർ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാർ താങ്കൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ?
കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല.
ആരോപണങ്ങൾ വരുമ്പോൾ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈൽ തന്നെ പൂട്ടി ആശുപത്രിയിൽ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബർ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്.
ബംഗളൂരുവിലെ വൈദ്യുത നിലയത്തില്‍ വന്‍ പൊട്ടിത്തെറി. യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വൈദ്യുത നിലയത്തിലാണ് അപകടമുണ്ടയത്. സംഭവത്തില്‍ 15 എഞ്ചിനീയര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. പരുക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ മലയാളികള്‍ക്ക് ഇഷ്ടമാണ് ആ പാട്ടുപാടി അഭിനയിച്ച അരിസ്റ്റോ സുരേഷ് എന്ന നടനെയും. സിനിമയിലെ വേഷവും ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ അരിസ്റ്റോ സുരേഷിനെ തേടി നിരവധി സിനിമകളാണ് എത്തിയത്.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രണയം മുന്‍പും പലരോടും തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്ക് ഇല്ല എന്ന് തോന്നിയതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും ഇപ്പോഴാണ് യഥാര്‍ത്ഥ ആളെ കണ്ടെത്തിയതെന്നും സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും താരം പങ്കുവെച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിനിയാണ് യുവതിയെന്നും 36 വയസ്സുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പേരുവിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നിത്യാ മേനോനെ നായികയാക്കി രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അരിസ്റ്റോ സുരേഷ്.
പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.
കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.
തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.
രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി യുപിയിൽ നിന്നും പുറത്തെത്തുന്നത് വിചിത്ര വാർത്ത. ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച് യുപിിൽ ധർണ. സവർണ സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തിയത്.
കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ധർണയിൽ പങ്കെടുത്തവരിലൊരാൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭാഗ്‌ന ഗ്രാമത്തിലാണ് പ്രതികൾക്ക് വേണ്ടി ധർണ നടന്നത്. ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ ഭൂൽഗാഡി ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോ മീറ്റർ മാത്രം അകലെയാണ് ധർണ നടന്ന സ്ഥലം.
പെൺകുട്ടിയുടെ കൊലപാതകത്തെ ചില രാഷ്ട്രീയപാർട്ടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും, പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും ധർണയുടെ സംഘാടകരിലൊരാൾ പറഞ്ഞു. അതേസമയം, ദളിത് പെൺകുട്ടിയുടെ ക്രൂര കൊലപാതകത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. ഡൽഹിയിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
നടന്‍ ബൈജു സന്തോഷും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് പരാതി. ബൈജു അഭിനയിച്ച മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്. നടന്മാരായ ജോജു, ടോവിനോ തുടങ്ങിയവർ പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഇത്.തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്നാണ് ബൈജുവിന്റെ നിലപാടെന്നാണ് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. അതേസമയം ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളതെന്നു പറയുന്ന നിർമ്മാതാവ് സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പടെ നല്‍കിയെന്നാണ് വിവരം.
അതേസമയം വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്‌ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. എന്നാൽ പ്രതിഫലം കുറച്ചുവെന്ന വാർത്തകൾ തള്ളി നടൻ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.പ്രതിഫലം വാങ്ങാതെയാകും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ സമ്മതിച്ചിരിക്കുന്നത്. അതേസമയം ജോജു ജോര്‍ജ് 20 ലക്ഷമാണ് പ്രതിഫലം കുറച്ചത്. കൊവിഡിന് മുന്‍പ് 75 ലക്ഷം വാങ്ങിയിരുന്ന ടൊവിനോ ഒരു കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. 45 ലക്ഷം വാങ്ങിയിരുന്ന ജോജു 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതോടെ രണ്ടു താരങ്ങളുടെയും സിനിമയുടെ ചിത്രീകരണാനുമതി പുനപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാല്‍ മാത്രമെ ചിത്രീകരണാനുമതി നല്‍കു എന്നായിരുന്നു സംഘടനയുടെ നിലപാട്. ഇതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്.
തിരുവനന്തപുരം∙ വാഷിങ്ടനിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി ഡോക്ടർ മരിച്ചതായി തൈക്കാടുളള ഭർത്താവിന് അടിയന്തര ഫോൺ സന്ദേശം. ‘മരണവീടി’ന്റെ കരച്ചിലിലേക്കു മണിക്കൂറുകൾക്കകം അടുത്ത ഫോൺ വിളിയെത്തി. താൻ സസുഖം വാഷിങ്ടനിൽ എത്തിയതായി ‘പരേത’ ഫോണിൽ ഭർത്താവ് ഡോ.കെ.എം.വിനായക്കിനെ അറിയിച്ചു. തൈക്കാട് നിത്യ വൈശാഖ് വസതിയിൽ അതോടെ ആശ്വാസ നിശ്വാസം.
നാലു പതിറ്റാണ്ടായി വാഷിങ്ടൻ ഡിസിയിൽ പ്രാക്ടീസ് ചെയ്യുകയാണു ഡോക്ടർ ദമ്പതികൾ. തിരുവനന്തപുരം– ഡൽഹി– വാഷിങ്ടൻ വിമാനത്തിലാണു വിനായക്കിന്റെ ഭാര്യ ചൊവ്വാഴ്ച ഇവിടെ നിന്നു പുറപ്പെട്ടത്. ഡൽഹിയിൽ നിന്നു വിമാനത്തിൽ കയറിയ വിവരവും അവർ ഭർത്താവിനെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഡൽഹിയിലെ എയർ ഇന്ത്യ ഓഫിസിൽ നിന്നു വിളിച്ചു ഭാര്യയുടെ മരണവിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ ഡോക്ടറോട്, പേരും വിലാസവുമെല്ലാം വീണ്ടും ചോദിച്ചുറപ്പിച്ചു മരണവാർത്ത സ്ഥിരീകരിച്ചു.
തകർന്നു പോയ ഡോക്ടർ തിരുവനന്തപുരത്തുള്ള സഹോദരനെ വിളിച്ചു ദുരന്തവാർത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും. അതിനിടെ, വാഷിങ്ടനിൽ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏർപ്പാടുകളും ചെയ്യേണ്ടതുണ്ട്. അവിടത്തെ കെയർടേക്കർ ഗ്ലോറിയെ ഇതിനായി ബന്ധപ്പെട്ടപ്പോൾ ‘താങ്കൾ എന്താണു പറയുന്നത്. ഞാൻ മാഡത്തിനെ എയർപോർട്ടിൽ നിന്നു വിളിക്കാൻ പോവുകയാണ്. ഇപ്പോൾ സംസാരിച്ചതേയുള്ളൂ’’വെന്ന് ഗ്ലോറി. അമ്പരന്നു പോയ വിനായക്കിനെ അതിനിടെ ഭാര്യ തന്നെ വിളിച്ചു താൻ എത്തിയ വിവരം അറിയിച്ചു.
എയർ ഇന്ത്യയിലേക്കു രോഷാകുലനായി വിളിച്ച ഡോക്ടറോട് അവർ ആവർത്തിച്ചു: മരിച്ചുവെന്നതു തീർച്ചയാണ്. പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു’’. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോ.എം.വി.പിള്ളയാണു പിന്നീട് ഈ നാടകീയ സംഭവത്തിന്റെ ചുരുളഴിച്ചത്. ഡൽഹിയിൽ നിന്നു കയറുമ്പോൾ, ബിസിനസ് ക്ലാസിൽ വനിതാ ഡോക്ടർക്ക് അനുവദിച്ച സീറ്റിൽ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആ സീറ്റിൽ ഇരിക്കേണ്ടെന്നു കരുതി ഡോക്ടർ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടർക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്.