ബാലതാരം മീനാക്ഷി നടന്‍ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റിന് കീഴില്‍ വിദ്വേഷ പരാമര്‍ശം നടത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് എന്നാരോപിച്ച് സര്‍ക്കാര്‍ പേജുകളില്‍ പ്രതിഷേധം. ‘ശ്യാമള എസ്’ ആരോഗ്യ വകുപ്പിലെ ഉദ്യോസ്ഥയാണെന്ന് ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ക്യാംപെയ്ന്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും വകുപ്പിന്റെ പേജിലും പ്രതിഷേധക്കാര്‍ പ്രതികരണങ്ങളുമായെത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാണ് കമന്റുകളില്‍.

പ്രതികരണങ്ങളില്‍ ഒന്ന്

“ബഹുമാനപ്പെട്ട ടീച്ചറമ്മയോട്ബാലതാരം മീനാക്ഷി പ്രിത്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു ഇട്ട പോസ്റ്റിൽ ഒരു സ്ത്രീ വളരെ മോശമായ രീതിയിൽ കമന്റ് ചെയ്തിട്ടുണ്ട്അവരുടെ പ്രൊഫൈലിൽ പറഞ്ഞത് ശരിയാണെങ്കിൽ അവർ ആരോഗ്യ വകുപ്പിൽ ആണ് ജോലി ചെയ്യുന്നത്..ഇത്രയും ദുഷിച്ച മനസ്സുള്ള ആ സ്ത്രീയെ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട മന്ത്രി നടപടിയെടുക്കണംകമന്റിന്റെ സ്ക്രീൻ ഷോട്ട് ഇൻബോക്സിൽ അയച്ചിട്ടുണ്ട്”

‘ശ്യാമള എസ്’ എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപകരവും ലൈംഗീകചുവയുള്ളതുമായ വിദ്വേഷ പരാമര്‍ശമുണ്ടായത്. നാദിര്‍ ഷാ ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലെ സ്റ്റില്ലിനൊപ്പം ‘ഹാപ്പി ബര്‍ത്ത്ഡേ രാജുവങ്കിള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ബാലതാരത്തിന്റെ പോസ്റ്റ്.

ഇതിന് താഴെയാണ് മധ്യവയസ്‌കയുടെ പ്രൊഫൈല്‍ ചിത്രമുള്ള അക്കൗണ്ടില്‍ നിന്ന് അധിക്ഷേപമുണ്ടായത്. കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിവരേയും ‘ശ്യാമള എസ്’ വര്‍ഗീയച്ചുവയോടെ തെറിവിളിച്ചു. വ്യാപക പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ‘ശ്യാമള എസ്’ എന്ന പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അക്കൗണ്ട് വ്യജമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.